സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മണൽക്കല്ലിൽ വെയിലെഴുതിയ കവിത

ബിനോയ് വി

ദൈനംദിനചര്യകളെ മാറ്റി നിർത്തുമ്പോൾ മനസ്സിൽ കാറ്റോട്ടങ്ങൾക്കിടം കിട്ടുമെന്ന ഒരു സെൻദർശനം എവിടെയോ വായിച്ചിട്ടുണ്ട് .ആ അർത്ഥത്തിൽ യാത്രകൾ സ്വാതന്ത്രത്തിന്റെ സ്ഥാനാന്തര ഗതിവേഗമാണ്, ഉയിരിന്റെ പടർപ്പാണ് , വെളിച്ചമാണ്. അനേക സാധ്യതകളാണ്, കൂടുതൽ സ്നേഹമയമായ ഒരു തിരിച്ചെത്തൽ കൂടിയാണ്. വർഷങ്ങളായി യാത്രശീലമാക്കിയ ഒരു സംഘത്തിനൊപ്പമാണ് . ഭൂകമ്പത്തിൽ നേപ്പാൾ തകർന്നടിയുന്നതിനും, ബ്രഹ്മപുത്രയുടെ വന്യമായ ജലസാനിധ്യവും, ഹിമാലയത്തിലെ മഞ്ഞുവീഴ്ചയും, നനഞ്ഞൊട്ടിയ ചിറാപുഞ്ചിയുമെല്ലാം ഈ സംഘം താണ്ടിയെത്തിയ ദൂരങ്ങളാണ്. ഇക്കുറി ഞങ്ങൾ രാജസ്ഥാനിലെത്തി രാജസ്ഥാൻ ഒരു അസന്നിഗ്ദതയാണ്. കാഴ്ചയുടെ ഒറ്റ തീർപ്പുകളിൽ രാജാസ്ഥാനിലെ ആകാശം ചിറകു പൂട്ടുകയില്ല. മരുക്കാറ്റേറ്റ് വരണ്ടുപോയ ഗ്രാമീണർ, കണ്ണുചിമ്മാതെ കാവൽ നിൽക്കുന്ന ഇടയജീവിതങ്ങൾ, ദാരിദ്ര്യത്തിലും ഊഷരതയിലും ഉടയാടകൾ മാത്രം നിറഭേദങ്ങളാൽ സമ്പന്നമാക്കുന്ന രാജസ്ഥാൻ വൈരുദ്ധ്യം. ആരവല്ലിയുടെ നെടുനീളൻ പടർച്ചയ്ക്കു കീഴിലാണെല്ലാം . ചിത്തോർഗഡ് മുതൽ ജയ്സാൽമീർ വരെ നീളുന്ന കൊട്ടാര സമുദ്ധിയുടെ കുലീന വിളംബരം , ചോരമണമുള്ള പടയോട്ടങ്ങളുടെ സ്മൃതി വഴികളിൽ, വാൾ തലപ്പുകളിൽ തളിർത്തതും തളർന്നതുമായ അധികാര കാമനകൾ. മരുമേളയ്ക്ക് ഒരുങ്ങി നില്ക്കുന്ന പുഷ്കറിലെ പൊടിയടിഞ്ഞ കണ്ണുകളിലെ ദൈന്യം കൊണ്ട് ജാലവിദ്യകാണിക്കുന്ന കുട്ടി മാന്ത്രികർ, സാം മരുവോരത്തെ നർത്തകികൾ, പത്ത് തികയാത്ത ഒട്ടകമോട്ടക്കാർ, മരുഭൂമിയിലെ അസ്തമനം, മരുഭൂമിയിലെ പൗർണ്ണമി അങ്ങനെ പലതും.


പിടിതരാത്ത ചരിത്രത്തിന്റെ ഒരു കുതറലാണ് രാജസ്ഥാന്റെ ഭൂമിക.ഓരോ രാജസ്ഥാൻ നിർമ്മിതിയും സ്മാരകങ്ങളും ചരിത്ര സ്പന്ദനങ്ങളിലേക്കുള്ള വഴിയടയാളങ്ങളാണ്. ലൂണിനദിയുടെയും ഗഗ്ഗാറിന്റെയും ജലസമുദ്ധിയിലും ആരവല്ലികുന്നുകളുടെ കനിവിലും സംരക്ഷണതയിലും താമ്രയുഗത്തിലേ അനക്കം വെച്ചു തുടങ്ങിയ അതിജീവനത്തിന്റെ വികാസപരിണിതികളാണ് ഓരോ യാത്രികനും വേണ്ടി രാജസ്ഥാൻ കാത്തുവെച്ചിരിക്കുന്ന വിഭവം. അജ്മീറും ചിറ്റോറും മേവറും ബിൽവാലയും ജയ്പൂരും കലിബംഗനും ഉദയ്പൂരുമെല്ലാം പ്രാചീനതയിൽ തൊട്ടുനിവർന്ന പ്രതാപങ്ങളാണ്. കണ്ടതിലേറെ അറിയണമെന്നുണ്ട് അറിഞ്ഞതിൽ പാതിയെങ്കിലും

പറയണമെന്നുണ്ട്. പക്ഷെ ഓരോ അടരുകളിലും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും സൂഷ്മാവസ്ഥകളെ ഒളിപ്പിച്ച് രാജസ്ഥാൻ ഓരോ യാത്രികനെയും സംഭ്രമിപ്പിച്ചുകളയും. പത്തുനാൾ ജയ്പൂരിൽ നിന്നു തുടങ്ങി കോട്ടയിൽ തിരിച്ചെത്തുമ്പോൾ മരുക്കാറ്റേറ്റ് തൊലിപ്പുറം പൊള്ളിയെങ്കിലും കാഴ്ചയുടെ വൈവിധ്യത്തിലും നിറങ്ങളിലും ഉള്ളാകെ കുതിർന്നിരുന്നു.
ആഗ്രയിൽനിന്നും ആറുമണിക്കൂർ നീണ്ട ബസ്സ് യാത്രയ്ക്കൊടുവിൽ പുലർച്ചയോടെ ജയ്പ്പൂരിലെത്തി. പ്രൗഢമായ ജയ്പൂർ,പിങ്ക് വർണ്ണം തൂവി സഞ്ചാരികളെ കാത്തിരിക്കുന്നു . തെരുവുകളിലും ഹവേലികളിലും ആസൂത്രണമികവിന്റെ വിളംബരം. പട്ടണ പാതകളും പീടികമുറികളും എല്ലാത്തിലും ഒരേ വാസ്തുസമാനത, ഹിന്ദു – ഇസ്ലാമിക ജൈന രജപുത്ര വാസ്തു ചിന്തകളുടെ കലർപ്പിന്റെ ആവിഷ്ക്കാരമാണ്. അലങ്കരിച്ച ഹവേലികളും വിസ്തൃതമായ ശിൽപ്പവേലനിറഞ്ഞ ക്ഷേത്രസമുച്ചയങ്ങളും കോട്ട കൊട്ടാരങ്ങളുടെ ഉജ്ജ്വലതയും മരു ഗുജ്റവാസ്തു ചരിത്രത്തിന്റെ പ്രകാശമാനമായ എടുപ്പുകളാണ്. ചൗരാരാസ്ത കടന്ന് ട്രിപ്പോളിയ ബസാറിലേക്ക് വഴിതിരിഞ്ഞ് നാൽക്കവല കടന്ന് ഹവാമഹലിലേക്ക്. സഞ്ചാരികൾക്ക് ഇന്ത്യൻ പുരാവസ്തുവകുപ്പ് താൽക്കാലികമായി പ്രവേശനം നിഷേധിച്ചിരിക്കുകയാ
ണെങ്കിലും ജയ്പൂരിയൻ വിസ്മയത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ അകത്ത് ഗാഗറയണിഞ്ഞ അന്തപ്പുരസ്ത്രീകൾ ചരിത്രത്തിൽനിന്നും ഇറങ്ങിവന്ന് കിളിവാതിലുകൾ തുറന്ന് അങ്ങാടി ചന്തകളിലേക്ക് കണ്ണുകൂർപ്പിക്കുന്നത് മനസ്സിൽ കാണാനാകും. തളയൊച്ചകളും വളകിലുക്കങ്ങളും അടക്കം പറച്ചിലുകളും കാതിൽ പതിയും. ചിലപ്പോൾ കുലസ്ത്രീകൾക്ക് നിഷേധി ക്കപ്പെട്ട ജീവിതത്തെയോർത്തുള്ള വീർപ്പുമുട്ടലുകൾ ഹവാമഹലിലെ കാറ്റിലലിഞ്ഞിട്ടുണ്ടാവും.1799 ൽ മഹാരാജ സവായ് പ്രതാപ് സിങാണ് ഈ മനോഹര കൊട്ടാരം പണികഴിപ്പിച്ചത്. പുറത്തുനിന്നുള്ള കാഴ്ചയിലൊരു തേനീച്ച കൂടിൻ്റെ പോലെ തോന്നിക്കുന്ന ഹവാമഹൽ 953 ചെറിയ ജനാലകളുള്ള അഞ്ചുനില കൊട്ടാരമാണ്. ജയ്പൂർ ഭരണാധികാരികളായിരുന്ന കച്ചാവഹ രാജപുത്രരുടെ സിറ്റി പാലസ്സ് എന്നറിയപ്പെടുന്ന കൊട്ടാരത്തിന്റെ അന്തപ്പുരഭാഗമായിരുന്നു ഹവാമഹൽ. മരുവോരമായ ജയ്പൂർ കടുത്ത വേനലിൽ പൊള്ളുമ്പോഴും ഹവാമഹലിന്റെ വാതാനുകൂലനശേഷി ഒരു വാസ്തു വിസ്മയമാണ്. അഴിച്ചുമരുകളും അലംകൃതമായമട്ടുപ്പാവും പടവുകിണറുകളും നിലാമുറ്റവുമെല്ലാം മണൽക്കാറ്റിൽ തീർത്ത വാസ്തുചാരുതയാണ്.ലാൽ ചന്ദ് ഉസ്താദ് എന്ന ശില്പിയെയും വിയർപ്പൊഴുക്കിയ തൊഴിലാളികളെയും പ്രണമിക്കാതെ അവിടെ നിന്നൊരു പിന്മടക്കും സാധ്യമല്ല.ഹവാമഹൽ വഴിതിരിഞ്ഞെത്തുന്നത് ജന്തർമന്ദിറിലേക്കാണ്.

ഇന്ത്യയിൽ പൂർണരൂപത്തിലുള്ളതും ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്ന
തുമായ ടോളമിക് പാരമ്പര്യത്തിലെ ഏക വാനനിരീക്ഷണാലയമാണ് ജയ്പൂരിലെ ജന്തർമന്ദിർ. ജയ്പ്പൂരിന്റെ സ്ഥാപകനായ മഹാരാജ സവായ് ജയ് സിങ് രണ്ടാമന്റെ കാലത്തുപണി കഴിപ്പിച്ച. ഈ ജ്യോതി ശാസ്ത്ര പഠനകേന്ദ്രം പത്തൊമ്പ
തോളം ജ്യോതിശാസ്ത്ര യന്ത്രങ്ങളുടെ ശേഖരമാണ്. ലോകപൈതൃക സ്മാരക പട്ടികയിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാരകമാണ്. ബഹിരാകാശപേടകങ്ങൾക്കും ദൂരദർശിനികൾക്കുമൊക്കെ മുമ്പേ ഗഖോള വസ്തുക്കളായ ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ,താരാപഥങ്ങൾ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായ ധാരണ നമുക്കുണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. ഇരുപതോളം ജ്യോതി ശാസ്ത്രജ്ഞർ പങ്കെടുത്തിരുന്ന സ്ഥിരം പണ്ഡിതസദസ്സുകൾക്ക് സവായ് ജയ് സിങ്, വേദിയൊരുക്കിയിരുന്നതിവിടെ
യാണ്. ഒരേ സമയം ജ്യോതിശാസ്ത്ര വസ്തുതകളെയും ജ്യോതിഷപ്രവചന
ങ്ങളെയും കൂട്ടിയിണക്കികൊണ്ടുള്ള ഒരു പ്രാപഞ്ചിക ദർശനത്തിന്റെ സാധ്യതകളാണ് ജന്തർമന്ദിർ തുറന്നിടുന്നത്. പേർഷ്യൻ-ഇസ്ലാമിക് ഹിന്ദു ജ്ഞാന സമ്പ്രദായങ്ങളുടെ ശാസ്ത്രീയമായ ചേരുവയാണിത്. ലോകത്തെതന്നെ ഏറ്റവും വലിയ സൂര്യ ഘടികാരമായ സാമ്രാട്ട് യന്ത്രയുടെ ദിശാസൂചകങ്ങൾക്കുമുൻപിൽ നിഴലും വെളിച്ചവും നോക്കി സമയം നിർണ്ണയം നടത്തുമ്പോൾ കയ്യിലെ മെക്കാനിക്കൽ റിസ്റ്റ് വാച്ചിൽ സമയം പന്ത്രണ്ടര. സൂര്യഘടികാരത്തിൽ പന്ത്രണ്ടുനാല്പത്തിരണ്ട്.പന്ത്രണ്ടുമിനിട്ട് കൂട്ടിഗണിച്ച് സമയകൃത്യത വരുത്തണം. സൗരകേന്ദ്രീകൃത്യമായ സമയമാപനത്തിന്റെ അതിശയ നിർമ്മിതികൾ കണ്ടിറങ്ങുമ്പോൾ ജയ്പൂർ തിളയ്ക്കുകയാണ്. വഴിയരികിൽ ‘നിംപുകാ പാനി’ വിൽക്കുന്ന തെരുവുകച്ചവടക്കാരൻ, പുതിനയും നാരങ്ങയും മസാലയും ചേർത്ത് ഒരു നാരങ്ങാവെള്ളമങ്ങുകാച്ചി, വെയിൽ ശമനത്തിന്റെ രാജസ്ഥാൻ രുചിയറിഞ്ഞു അടുത്ത കാഴ്ചയിലേക്ക് …

ജന്തർ മന്ദിറിൽ നിന്നും ജലേബ്
ചൗക്കിലേക്ക് നൂറുവാരയകലെ സിറ്റിപാലസ്സിലേക്കുള്ള പ്രവേശനകവാടമാണ്. ഉദയ്പൂർ, വീരേന്ദ്രപോൾ സിറ്റിപാലസ്സിലേക്ക് മൂന്നു പ്രവേശനകവാടമുണ്ട്. ട്രിപ്പോളിയപോളിലൂടെ ചന്ദ്രമഹലിലേക്ക്, രാജകുടുംബങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.സിറ്റി പാലസ്സിന്റെ ഈ ഭാഗമിപ്പോഴും ജയ്പൂർ രാജവംശത്തിന്റെ വാസസ്ഥലമാണ്. ചന്ദ്രമഹാലിനുമുന്നിൽ പലവർണ്ണത്തിലുള്ള ഒരു കൊടി പാറിക്കളിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയപതാകയല്ല പഴയ ഒരു പ്രൗഢപ്രതാപത്തിന്റെ തിരുശേഷിപ്പുവിളി ച്ചോതുന്ന കൊടിക്കൂറയാണ്. നിലവിലെ രാജാവിന്റെ സാന്നിധ്യം വിളംബരം ചെയ്യുന്ന അടയാളപതാക. രാജാവ് ജയ്പൂരിന്റെ അതിർത്തി കടക്കുമ്പോൾ മാത്രമേ ആ കൊടിക്കൂറ താഴ്ത്തിക്കെട്ടാറുള്ളു. മറ്റുരണ്ടു കവാടങ്ങളിലൂടെയും സന്ദർശകർക്ക് പ്രവേശനമുണ്ട്. മഹാരാജ സവായ് മാൻസിങ് രണ്ടാമന്റെ പേരിലറിയ
പ്പെടുന്ന മ്യൂസിയമാണിവിടം. കൊട്ടാരകവാടങ്ങൾ ചിത്രവേലകളാലും കൊത്തുപണികളാലും സമൃദ്ധമാണ്. വിശാലമായ കവാടങ്ങളുടെ കനത്ത കതകുകൾ, വലിയതൂണുകൾ അതിശയം തന്നെ. കവാടങ്ങൾക്കരികിൽ പഴയ അമചിത്രകഥകളിലെ ചിത്രങ്ങളെ ഓർമിപ്പിക്കുന്നതരത്തിൽ രണ്ടു കാവൽ ഭടന്മാർ ചുവന്ന കാലുറയും മേലങ്കിയും ചുവന്നു തലപ്പാവും കയ്യിൽ വെള്ളിപൂശിയലങ്കരിച്ച ദണ്ഡുമായി കൊട്ടാരവാതിലിൽ കാവൽ നിൽക്കുന്നു. കൗതുകമുണർത്തുന്ന സവിശേഷവേഷം വീരേന്ദ്രപോളിലൂടെ അകത്തു കടന്നു. നേരെ മുബാറഖ് മഹലിലേക്ക്, ധന്യതയാർന്ന ഒരു സ്വീകരണമുറിയാണ്. ഇസ്ലാമിക രജപുത്ര യൂറോപ്പ്യൻ വാസ്തു മാന്ത്രികതയുടെ പ്രത്യക്ഷ സാക്ഷാത്ക്കാരം. അതിഥിമര്യാദയുടെ കുലീനവിളംബരം, പഴയ രാജപ്രൗഢിയുടെയും കരകൗശലസമൃദ്ധിയുടെയും വസ്ത്രലങ്കാര വൈവിധ്യത്തിന്റെയും ശേഖരങ്ങളുള്ള മ്യൂസിയമാണിന്നത്. രാജസ്ഥാൻ നെയ്തശീലങ്ങളുടെ പുരാഭംഗിവിളിച്ചോതുന്ന സങ്കനേരിവസ്ത്രകലയുടെയും അലംകൃതമായ അങ്കവസ് ത്രങ്ങളുടെയും കാശ്മീരി പശ്മിനകളുടെയും അതിബൃഹത്തായ കൗതുകശേഖരം.
സ്മരണാർഹമായ മറ്റൊരു കാഴ്ച സവായ് മധോസിങിന്റെ മനോഹരമായ വസ്ത്രങ്ങൾക്കായി ഒരുമുറി.

ഇരുനൂറ്റമ്പത് കിലോഗ്രാം ഭാരമുള്ള ആറാടിയിലധികം നീളമുള്ള നൂറ്റെട്ടു ഭാര്യമാരുടെ സമുദ്ധിയിൽ ജീവിച്ചിരുന്ന മധോസിംങ് രാജാവിന്റെ ചരിത്രം അതിശയോക്തി കലർന്ന കെട്ടുകഥയായാണ് തോന്നിയത്. അദ്ദേഹത്തിന്റെ വസ്ത്രശേഖരം ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്

മുബാറക് മഹലിൽനിന്നും ദിവാൻ എ ആലത്തിലേക്ക് പ്രവേശിക്കുമ്പോൾ കാവൽ നിർത്തിയതുപോലെ കണ്ണാടിക്കൂട്ടിൽ രണ്ടുവെള്ളികുംഭങ്ങൾ. നാലായിരത്തിലേറെ ലിറ്റർ ജലം സംഭരിക്കാനാവും ഓരോ വെള്ളിക്കുടത്തിലും. ഇവയിൽ ഗംഗാജലം നിറച്ചിരിക്കയാണ്. ഹിന്ദുധർമ്മാചരണങ്ങളുടെ പുണ്യശീലങ്ങളിൽ അതീവ ശ്രദ്ധാലു വായിരുന്ന സവായി മധോസിങ് രണ്ടാമൻ 1901 എഡ്വേർഡ് ഏഴാമന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കുടിക്കാൻ കരുതിയ ഗംഗാജല സംഭരണിയാണിത്. ഗംഗാജലി, വെള്ളക്കാരന്റെ വെള്ളം കുടിച്ചു പുണ്യവൃതങ്ങൾ തെറ്റരുതെന്ന നിഷ്കർഷയുണ്ടായിരുന്നുപോലും ഇതിനുപിന്നിൽ.തെല്ലൊരു ചിരിയോടെ പുരാരേഖകളുടെ ശേഖരമായ ദിവാൻ എ ഖാസിമിലേക്ക്, സ്വകാര്യ സദസ്യർ രാജാവിനെ മുഖം കാണിച്ചിരുന്നതിവിടെ
യാണ്. വശീകരിക്കുന്ന മേൽക്കൂരയിലെ ചിത്രപ്പണികൾ കണ്ടുനടന്നുനീങ്ങിയാൽ ഹിന്ദുപുരാണങ്ങളുടെ അത്യപൂർവ്വ ശേഖരങ്ങളിലെത്താം. ഭഗവത്ഗീതയുടെ തീരെ കുഞ്ഞായ പ്രതിയടക്കം ഇവിടെ സൂക്ഷിച്ചിരിക്കുന്നു.രാജവനിതകളുടെ അന്തപ്പുരമിന്ന് ആയുധശേഖരത്തിന്റെ കൗതുകാലയമാണ്. ആയുധമാണെങ്കിലും കാഴ്ചയിലവ രാകിമിനുക്കിയ വാൾത്തലപ്പുകളല്ല. ചിത്രപ്പണികളും രത്നകല്ലുകളും പതിപ്പിച്ച അതിന്റെ അലങ്കാരവേലകളാണ് സന്ദർശകരെ വിസ്മയപ്പെടുത്തുക. ചന്ദ്രമഹൽ രാജ കുടുംബാംഗങ്ങളുടെ വാസസ്ഥലമാണെന്നു പറഞ്ഞുവല്ലോ ചന്ദ്രമഹാലിലേക്കു കടക്കും വഴി വിസ്തൃതമായൊരു നടുത്തളമുണ്ട് പ്രീതംനിവാസ് ചൗഖ്. നാലു കവാടങ്ങളുണ്ടവിടെ ഓരോ കവാടങ്ങൾക്കും ഋതുഭേതങ്ങളുടെ പേരാണ്. ശിശിരവും വസന്തവും വേനലും ശരത്തുമെല്ലാം ഋതുഭംഗികളോടെ ധ്വന്യാത്മകമായി ആലേഖനം ചെയ്തിരിക്കുന്നു ഓരോ കവാടങ്ങളിലും. ശിശിരകവാടം ഒരു പൂന്തോപ്പിന്റെ പടർച്ചയാണ്. പൂക്കളും വള്ളികളും ഇലകളും ചേർന്നൊരു ചെമ്പനീർ തോട്ടം. വസന്തകവാടം പീലിനീർത്തിയാടുന്ന മയിൽപ്പേടകളാണ് .വേനൽ ഒരു താമരക്കാടാണ്. ലെഹരിയായെന്നു പേരുള്ള ശരത്കവാടം ഹരിതതരംഗങ്ങളുടെ തിരയിളക്കമാണ്. മനസ്സിൽ ഋതുഭേദങ്ങളുടെ ഈ ശില്പകവിത ആഴത്തിൽ കൊത്തിവെച്ച് ഭാഗീഖാനെയും ഗോവിന്ദ് ദേവ് ജി ക്ഷേത്രവും ചുറ്റി പുറത്തേക്കിറങ്ങുമ്പോൾ കൊട്ടരത്തിന്റെ പുറംമുറ്റത്ത് ദോലാക് വാദനവും ഹരികഥാകഥനമോർമിപ്പിക്കുന്ന രാജസ്ഥാനി വായ്പ്പാട്ടും ഹാർമോണിയത്തിന്റെ അനുവാദനവും ചുറ്റുമൊരു ചെറിയ ആൾക്കൂട്ടവും പതിയെ ആൾക്കൂട്ടത്തിൽ ആണ്ട് മുന്നിലെ പടികളിലിരുന്നു. പാവകളിയാണ്. ജയ്പൂരിയൻ പാവ നൃത്തം കൊട്ടുവാദനക്കാർ ആവേശത്തിലാണ്. ഒന്നര മീറ്റർ നീളത്തിലും രണ്ടടിപൊക്കത്തിലും കെട്ടിയുണ്ടാക്കിയ ഒരു രംഗപീഠം. പാവകൾ കളിയൊരുക്കത്തിലാണ്. ഗായകർ ആളുകളെ വിളിച്ചുകൂട്ടുക
യാണ് ‘വരൂ ….. സന്ദർശകരെ വരൂ … ജയ്പൂരിന്റെ ചരിത്രം … രാജ അമർസിങ് റാത്തോഡിന്റെ കഥ … മൈക്കൾ ജാക്സൺ മുതൽ ഷാരൂഖാൻ വരെ …. വരൂ … പാവകളികണ്ടുപോകാം. ആവോ ഭയ്യാ ദേക്കർ. ജാവോ … യെ തോ രാജ അമർസിങ് റാത്തോഡ് ക ഖേൽഹെ’ ഈറകീറിയ സുഷിരവാദനമൂതി അവർ ബോലി തുടങ്ങിയിരിക്കുന്നു. ഹാർമോണിയവും ദോലക്കും ചപ്ലങ്കട്ടയും ചേർന്ന് ആകെയൊരു അരങ്ങ്.നാഗൂർ രാജാവായ രാജാ അമർസിങ് റാത്തോഡിന്റെ വീരാപദനങ്ങളാണ് കഥനപാഠം. കൽപ്പിത കഥയാണ്. കയ്യിൽ വാളും ചുറ്റിലും അനുചരന്മാരുമായാണ് രാജാവിന്റെ എഴുന്നള്ളത്ത്. സംഭാഷണവും പാരായണവും ഇടകലർന്നുവരുന്നുണ്ട്.വഴിതടയാൻ വന്നവനെ രാജാവ് ഒറ്റവെട്ടിനു കാലപുരിക്കയയ്ക്കുന്നു.നൂലിൽ കെട്ടിയ പാവകൾ പാട്ടിനും സംഭാഷണത്തിനും അനുസൃതമായി ചലിക്കുന്നുണ്ട്. അണിയറയിലെ നാലു മാന്ത്രിക കയ്യുകളാണ് പാവകളെ ചലിപ്പിക്കുന്നത്. കാര്യങ്ങൾ മുറുകുന്നുണ്ട് പാട്ട് ഉച്ചസ്ഥായിലേക്കും. സംഭാഷണങ്ങൾ അതിവൈകാരികതയിലേക്കും കടന്നുകഴിഞ്ഞിരിക്കുന്നു.എല്ലാവരും നല്ല ഹരത്തിലാണ്.കാണികളുടെ എണ്ണം കൂടിവരുന്നുണ്ട്. മുറുക്കത്തിൽ പാട്ടും കളിയും നിർത്തിയവർ കാശ്പിരിക്കാൻ തുടങ്ങി.പത്തും ഇരുപതും നൽകി ചെറിയ മുറുമുറുപ്പോടെ കാണികൾ അവരുടെ കാഴ്ചകളിലേക്കുമടങ്ങി
പ്പോയി. ഞങ്ങളിൽച്ചിലർ അൻപതിന്റെയും നൂറിന്റെയും നോട്ടുകൾ കാണിച്ചു കളി തുടങ്ങാൻ ആവശ്യപ്പെട്ടു. ആളുകൾ കൂടട്ടെ ഭയ്യാ അല്ലെങ്കിൽ ആടുന്നതും പാടുന്നതും നഷ്ടമാണ്. അടുത്ത സഞ്ചാരിക്കൂട്ടങ്ങൾ വരുന്ന വരെയുള്ള ഇടവേളയിൽ ഞങ്ങൾ അവരുടെ ജീവിതം ചോദിച്ചറിഞ്ഞു. മിത്തുകളും, പുരാവൃത്തങ്ങളും സമൂഹത്തിന്റെ ഓരംപറ്റി കഴിഞ്ഞ നാടോടികളായ ഭാട്ടുകളുടെ ദൈനംദിനചര്യകളുടെയും, ഭയാശങ്കകളുടെയും ആവിഷ്കാര
മാണിത്.ഗ്രാമീണരുടെ വിശേഷാവസരങ്ങളുടെയും ആഘോഷങ്ങളുടെയും ഉത്സവരാവുകളെ കൊഴുപ്പിച്ചിരുന്നത് കത്പുത്തലി എന്ന ഈ പാവനാടകമാണ്.ആയിരം വർഷം പഴക്കമുണ്ടത്രേ ഈ കലാരൂപത്തിന് ബാട്ടുകളുടെ ഉൽപ്പത്തിയേയോ തുർച്ചയെയോ കുറിച്ച് ചരിത്രാ ഖ്യാനങ്ങളൊന്നും തന്നെയില്ല. വാമൊഴിയായിപ്പകർന്ന ഓർമകളാണ് പാട്ടായും പാരയണമായും അവതരിപ്പിക്കപ്പെട്ടത്. നൂലിൽ കെട്ടിയാടുന്ന ഈ മരപ്പാവകൾ ബാട്ടുകൾക്ക് ദൈവസമാനമാണ്. വ്രതനിഷ്ഠമായ ചര്യകളിലൂടെയാണ് പാവകളുടെ നിർമ്മാണവും പരിപാലനവും.

ആദ്യകാലങ്ങളിൽ മൃഗബലികഴിഞ്ഞ് ചോരകൊണ്ടാണ് പാവകൾക്ക് തിലകം ചാർത്തിയിരുന്നത്. ഇന്നത് വിരൽ മുറിച്ച രക്തതിലകമാണ്. അവതരണത്തിന് തയ്യാറാക്കുന്ന പാവകൾ ബാട്ടുകൾക്ക് തറവാടികളാണ്. വിശേഷമരങ്ങൾ കൊണ്ടും പട്ടുതുണികൾ കൊണ്ടുമാണിവ നിർമ്മിക്കുന്നത്. ‘കാന്താനി’യെന്ന് തന്നെയാണ് അവരതിനെ പേരുവിളിക്കുന്നത്. ചരിത്രത്തിന്റെ അതോ ഘട്ടത്തിൽ കച്ചാവഹയിലെ രാജാക്കന്മാർ ഈ പാവനാടകത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുത്താനയിച്ചു . രാജാക്കന്മാരുടെ വീരാപദാനങ്ങൾ പാവകളിയുടെ വിഷയമായി. ജനപഥങ്ങളിലും ഗ്രാമ വീഥികളിലും രാജാക്കന്മാരുടെ വീരത്വവും മാഹാത്മ്യവും ദിഗ് വിജയങ്ങളുമെല്ലാം വാഴ്ത്തി ബാട്ടുകൾ നൂൽപ്പാവകൂത്താടി. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ പാവക്കൂത്തിനു കൊണ്ടുപോയ ബാട്ടുകളുണ്ടത്രേ. കാലം മാറി മരപ്പാവകളുടെ മുഖച്ഛായ മാറി സിനിമാ താരങ്ങൾക്കും രാഷ്ട്രീയതാരങ്ങൾക്കും വേണ്ടി അവർ പാവകൂത്താടി. ബാട്ടുകൾ പുറമ്പോക്കിലായി. അവർ ടൂറിസ്റ്റുകൾക്ക് പാവകളുണ്ടാക്കി വിറ്റു. തെരുവിലും കൊട്ടാരത്തിന്റെ പുറംമുറ്റങ്ങളിലും പാവകളിച്ച് ഉപജീവനം നടത്തുന്നു. പഴയ പ്രതാപങ്ങളെ ഒരു ദീർഘനിശ്വാസത്തിൽച്ചുരുക്കി അയാൾ പിന്നെയും ആളുകളെ വിളിച്ചുകൂട്ടുകയാണ്. ‘ആവൊ ഭയ്യാ യെതോ രാജാ അമർസിങ് റത്തൂർ ക ഖേൽ ഹെ. ‘കൂത്തുമാടത്തിൽ മധ്യാഹ്ന സൂര്യന്റെ നിഴൽ ക്ലിപ്തത. പാവകൾ നൂലിൽ കെട്ടിയാടി കഥതുടരുന്നു. ബാട്ടുകളുടെ ജീവിതമൊരു നീറ്റലായോ? യാത്രകളിങ്ങനെയാണ്. കുടഞ്ഞുകളയാനാകാത്തവിധമൊരു ആധി നിറയ്ക്കും. കൊട്ടാരത്തിന്റെ പടവുകളിറങ്ങി പുറത്തുകടന്നപ്പോൾ നിറയെ പാവകൾ വിൽക്കാൻ വെച്ചിരിക്കുന്നു. ഓർമകളിൽ സൂക്ഷിക്കാൻ രണ്ട് കത്ത്പുത്തലി കാന്താനികളെ പൊതിഞ്ഞു വാങ്ങി.

ജയ്പൂരിൽ നിന്നും അംബറിലേ
ക്കുള്ള വഴിപാതിതാണ്ടിയപ്പോൾ വണ്ടി വിശാലമായ രാജപാതയ്ക്കരികിലെ മനോഹരമായ ഒരു തടാകക്കരയിലേക്ക് ഒതുക്കി നിർത്തി. ജൽമഹൽ,
മൻസാഗറെന്ന കൃത്രിമതടാകത്തിനു നടുവിൽ താനെ ഉയർന്നു വന്നപോലെ മനോഹരമായ കൊട്ടാരം.1596 ലെ കടുത്തവരൾച്ചയ്ക്കുശേഷം ഭർദാവതി നദികെട്ടിയ അണക്കെട്ടിന്റെ ഫലമായി രൂപംകൊണ്ട് ഈ തടാകം, അംബർ ഭരണാധികാരിയായിരുന്ന രാജാ മൻസിങ് ഒന്നാമനാണ് പരിപാലിച്ചുപോന്നത്. തടാകത്തിനു നടുവിൽ ജൽമഹൽ നിർമ്മിച്ചത് സവായ് മൻസിങ് രണ്ടാമനാണ്.അഞ്ചുനിലകളുള്ള ജൽമഹൽ മൻസാഗർ തടാകത്തിലെ വെള്ളം നിറയുമ്പോൾ ഇതിലെ നാലുനിലകളും വെള്ളത്തിനടിയിലാകും. വേട്ടക്കിടയിൽ വിശ്രമത്തിനുവേണ്ടി നിർമിച്ചതാണെന്നും റാണിമാരൊത്തുള്ള വിശ്രമവേളകൾ രാജപുത്രർ ഇവിടെയാണു ചിലവഴിച്ചതെന്നും , വനിതാ തടവുകാരെ പുറം ലോകമറിയാതെ പാർപ്പിച്ചതിവിടെ യാണെന്നുമൊക്കെയുള്ള നിരവധി കഥകൾ ജൽമഹലിനെ ചൂഴുനിൽപ്പുണ്ട്. നിഗൂഡമായൊരു ഭൂതകാലത്തിലുറഞ്ഞ് ഈ കൊട്ടാരത്തിന്ന് ജലസമാധിയിലാണ്. തടാകക്കരയിൽ കാറ്റേറ്റല്പനേരമിരുന്നു. മനസ്സുനിറയെ രാജപുത്രരെക്കുറിച്ചുള്ള അവിശ്വസനീയ ചിന്തകളുമായി വണ്ടികേറി നേരെ അംബറിലേക്ക്.

ജയ്പൂരിൽ നിന്നും അംബറിലേക്കുള്ള യാത്ര ചരിത്രത്തിലെ ഒരു പിന്നോട്ടുനടപ്പാണ്. കച്ചവഹയിലെ ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു ജയ്പൂരിനുമുൻപ് അംബർ. ജയ്പൂരിൽ നിന്നും പന്ത്രണ്ടുകിലോമീറ്റർ ദൂരം വഴിയിലാകെ ഗണേശോത്സവത്തിന്റെ തിരക്കാണ്. മോത്ത തടാകത്തിൽ നിമഞ്ജനം ചെയ്യാനായി ജയ്പൂരിന്റെ ദിക്കിൽ നിന്നും ഗണേശവിഗ്രഹങ്ങളുടെ എഴുന്നള്ളിപ്പ്, ചിലർ വാഹനത്തിലാണ് ചിലർ കയ്യിലേന്തിയാണ്.തെരുവിൽ എല്ലാവരും ഹർഷോന്മാദത്തിലാണ്. വണ്ടിയിൽ ഘടിപ്പിച്ച റിക്കോഡുകളിൽ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും മാറി മാറി വരുന്നുണ്ട്. ജീപ്പ് ഉരുണ്ടുരുണ്ടാണ് നീങ്ങുന്നത്. ജീപ്പിലിരുന്നു തന്നെ കച്ചവഹയിലെ വലിയ കോട്ടമതിലുകൾ കാണാം. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഏറ്റവും വലിയ കോട്ടമതിലാണത്രെ. ആരവല്ലിയുടെ ഉച്ചിയിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന മതിൽ പ്രതിരോധജാഗ്രതയുടെ മധ്യകാല ചിഹ്നങ്ങളാണ്. പുരാതന ഭാരതത്തിലെ കെട്ടിട നിർമാണശാസ്ത്രമായ ശില്പശാസ്ത്രത്തിൽ ആറുതരം കോട്ടനിർമാണ രീതികളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.അതിൽ ഗിരിദുർഗ് ( Hill fort ) എന്ന രീതിയുപയോഗിച്ച് പണികഴിപ്പിച്ചതാണ് ജയഗഡും,അംബർ കോട്ടയും. ഒൻപതാം നൂറ്റാണ്ടിനു മുൻപേ മീനാഗോത്രത്തിന്റെ പൂർവ്വകാല സ്ഥാനമായിരുന്നു കോങ്ഗോങ് എന്നറിയപ്പെട്ട ഈ പ്രദേശം. മത്സ്യവംശത്തിൽപ്പെട്ട രാജ മൻസിങ് ആണ് അംബറിന്റെ പ്രതിഷ്ഠാപകൻ. പിന്നീടത് കച്ചവഹയിലെ ഭരണാധികാരികളുടെ കയ്യിലായി.

ഒളിയുദ്ധങ്ങളുടെയും രജപുത്ര അധികാരകാമനകളുടെയും ചോരകലിച്ചചരിത്രമുണ്ട് അംബറിന്റെ നാൾവഴികൾക്ക്. ദീപാവലിയോട് അനുബന്ധിച്ച് പിതൃതർപ്പണനാളിൽ നിരായുധരായി നിന്ന മിന വംശജരെ ഒന്നടങ്കം കൊന്നുതള്ളി ജലസംഭരണി നിറച്ച രജപുത്രരുടെ ചെയ്തി രാജ സ്ഥാൻ ചരിത്രത്തിലെ ഏറ്റവും കുടിലവും നിഷ്ഠൂരവുമായ ഏടാണെന്ന് ജെയിംസ് ടോഡ് എന്ന സ്കോട്ടിഷ് ചരിത്രകാരൻ അനൽസ് ആൻഡ് ആന്റിക്സ് ഓഫ് രാജസ്ഥാൻ എന്ന പുസ്തകത്തിൽ പറയുന്നു.കൊട്ടാരശേഷിപ്പുകൾക്കുമീതെരാജ മൻസിങ്, സവായ് ജയ് സിങ് തുടങ്ങിയവർ പലകാലങ്ങളിലായി പൂർത്തിയാക്കിയതാണ് ഇതിന്റെ നിർമ്മാണം.ജയ്പൂരിനുമുൻപ് കച്ചാവഹയിലെ ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു ഇതെന്നാണ് പൊതുചരിത്രഭാഷ്യം. പതിനൊന്നാം നൂറ്റാണ്ടിൽ മാത്രം തുടങ്ങിയ ചരിത്രം. പിൽക്കാലം വിസ്മൃതം. മൗത്തതടാകത്തിന്റെ കരയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.ദിവാൻ ഇ ആം, ഗ്രീഷ് മഹൽ,ഗണേഷ് പോൾ, സുഖ്നിവാസ്, ജസ്മന്ദിർ,
ദിലാറാം ബാഗ്, മേഹബാരി തുടങ്ങി വിവിധദ്യേശ്യ കെട്ടിടങ്ങളാണ് കോട്ടയ്ക്കുള്ളിൽ ഉള്ളത്.കോട്ടയുടെ ഉള്ളിലായി അംബാദേവിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്. രാജമാൻസിംഗിന്റെ കൊട്ടാരത്തിലെ മന്ത്രികപുഷ്പമെന്ന മാർബിൾ ചുമർ ആലേഖനം ഓരോ യാത്രികന്റെയും മനസ്സിൽ രാജസ്ഥാന്റെ ചിരകാല നിലീനമുദ്രയായിക്കിടക്കും.

അംബറിന്റെ അമ്പരപ്പിക്കുന്ന ഭംഗികണ്ടു സൂരജ്പോളിലൂടെ പുറത്തിറങ്ങുമ്പോൾ ആകാശമേറച്ചുവ
ന്നിരുന്നു. മണൽക്കല്ലിന്റെ മഞ്ഞപടവുകളിറങ്ങുമ്പോൾ ചുവന്ന തലപ്പാവും വെള്ള കുപ്പായവും ധരിച്ച ഒരു നാടോടിയുവാവ് കവാടത്തിനരികിലിരുന്ന് മുളംകമ്പിന്റെ ലോലമായാകമ്പികൾ മീട്ടി കാതരമായ എന്തോസംഗീതമുതിർ
ക്കുന്നു . ആത്മാവിന്റെ ഉള്ളറകളിലേക്കുന്മുഖമാവുന്ന സംഗീതസാന്ത്വനം. മനസ്സിനെ ആർദ്രമാക്കുന്ന നാദാനുഭവം. എന്റെ ഹൃദയം തുറന്നുകൊടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവനെ ഞാൻ കുടിയിരുത്തുമെന്നുതോന്നി. ജന്മാന്തരങ്ങളായിതേടിനടന്ന ഏതോ അജ്ഞാത സംഗീതം പൊഴിക്കുന്ന മാന്ത്രികനുമുൻപിൽ ബാധയേറ്റവനെപ്പോലെ നിലംപരിശായി. ജീവിതത്തിന്റെ തരിശ്ശുകളെ ഉർവ്വരമാക്കുന്നയിത്തരം സംഭവിക്ക
ലുകളാണ് യാത്രകളെ പ്രശാന്തമാക്കുന്നത്. അവനോടൊപ്പം ചേർന്ന്, പാടിത്തീരുന്നതുവരെ ആ മഞ്ഞക്കൽപ്പടവുകളിൽ അവിടെ യിരുന്നു . സീമാതീതമായ അനുഭൂതിയെ പാടിയിറക്കികൊണ്ട് അയാൾ ശാന്തമായി തിരയടങ്ങുകയാണ്.

കയ്യിലെ വാദ്യോപകരണം മാറ്റി തലപ്പാവഴിച്ചു. അയാളുടെ മുഖമാകെ കരവാളിച്ചിരുന്നു. കയ്യിൽ വീണ മീട്ടിയ ശ്രുതിത്തഴമ്പുകൾ. ശാന്തം നിഷ്കളങ്കം. പതിയെ പരിചയപ്പെട്ടടുത്തുകൂടി. കയ്യിലെ ഉപകരണത്തെകുറിച്ചാണാദ്യം കൗതുകപ്പെട്ടത്. ഭാഷയുടെ ഏതോ രാജസ്ഥാനി വഴക്കങ്ങളും ഹിന്ദിയും ചേർത്തുവെച്ച് കറപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് അയാൾ വാചാലനായി. ഇത് രാവണഹത്ത. മുളങ്കമ്പിൽ നേർതാഥ ഗായകരാണ് നയിക്ക ആറോ കമ്പികൾ ചിരട്ടയിലേക്കു വലിച്ചു മുറുക്കിയിരിക്കുന്നു. കുതിരുവാലുകൊണ്ടുള്ള ബോ. പിച്ചളമണികളുടെ ഒരു കൂട്ടം ഇതിൽ ഞാത്തിയിരിക്കുന്നു.തന്ത്രികൾ മുറുക്കി മീട്ടുന്നതിനൊപ്പം താളത്തിൽ പിച്ചളമണികളുടെ അനുവാദനം ഒറ്റകമ്പലെ ജുഗൽബന്ദി കാതരമാക്കുന്ന ഒരു ശ്രാവ്യാനുഭവമാണ്. രാവൺഹത്ത ഒതുക്കിവെച്ചു അയാൾ ജീവിതത്തിന്റെ മരുവോരങ്ങളിലേക്കു കഥകളെ പറത്തിവിട്ടു.മരുഭൂമിയിലെ നാടോടി ഗായകരാണ് നയിക്കർ ബപ്പ എന്ന വിഭാഗത്തിൽപ്പെട്ട അവരുടെ പൂർവ്വീകർ. അറുതിയുടെയും വറുതിയുടെയും ബാധയേറ്റു ഗ്രാമങ്ങൾ പൊള്ളുമ്പോൾ പാട്ടിന്റെ ശമനൗഷധം കൊണ്ട് ബപ്പകൾ ആധിയകറ്റും.ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അവരുടെയൊരു ആവാഹന സഞ്ചാരമുണ്ട്. ആരാധനാമൂർത്തികൾ അവരുടെ മുഷിഞ്ഞ തോൾസഞ്ചിയിലെ പ്രാചീനമായ ഒരു കരുതലാണ്. തുണിച്ചുരുളുകളിൽ ആലേഖനം ചെയ്ത ശക്തി സ്വരൂപങ്ങളായ ആരാധനാമൂർത്തികളെ ഗ്രാമമുറ്റങ്ങളിൽ കൊടിനാട്ടി ചുരുൾ
നിവർത്തി അവർ പാടിത്തുടങ്ങും. പാട്ടിനു മുമ്പേ അവർ കാവൊരുക്കും. കൊച്ചുവിഗ്രഹങ്ങളും ആചാരസാമഗ്രി
കളും അവരുടെആകൊച്ചുസഞ്ചിയിലു
ണ്ടാകും.ആധിക്കും വ്യാധിക്കും അനുസരിച്ചുള്ള പാട്ടുവിധികൾ അവരുടെ പാരമ്പര്യഅനുഭവസഞ്ചയ
മാണ്.നാടോടികളായക്ഷേത്രവാഹകരാണവർ സൂര്യാസ്തമനത്തോടു തുടങ്ങി ഉദയംവരെ അവർ ഗ്രാമമുറ്റങ്ങളിൽ പാട്ടിന്റെ നിലാവെട്ടം തീർക്കും. ജാഗരൺ എന്നുവിളിക്കുന്ന ഒരു പ്രാചീനജാഗ്രത. ഗോത്രാകുലതകളുടെ കാവലാണവർ. പാടിയകറ്റിയ ദീനങ്ങൾക്കും മാരികൾക്കും കണക്കില്ല. ഗ്രാമീണർ അവരുടെ തുച്ഛമായനീക്കിയിരിപ്പിന്റെ
യൊരു പങ്ക് സമ്മാനമായി നൽകും. അതേറ്റുവാങ്ങി സന്തോഷത്തോടെ ബൊപ്പകൾ അടുത്ത ഗ്രാമവഴികൾ തേടും. പാട്ടുകെട്ടിപ്പാടി രാവൺഹത്തമീട്ടി ഗ്രാമായിശ്വര്യങ്ങൾക്ക് വേണ്ടി പാടിയിരുന്നവർ രാജകൊട്ടാരങ്ങളിലേക്ക് ആനയിക്കപ്പെട്ടു. കൊട്ടാരാഭിചാരങ്ങൾക്കായി പാട്ടൊരുക്കി സ്തുതിപാഠകരായി. പള്ളിയുറക്കത്തിനും തിരുപ്പിറവികൾക്കും ഇവർ സ്തുതി പാടി. പട്ടും വളയും മേടിച്ച് പട്ടം കെട്ടിയ ബൊപ്പകളുണ്ട്.രാജഭരണം ജനാധിപത്യത്തിന് വഴിമാറിയപ്പോൾ സാമൂഹികശ്രേണിയുടെ വലുപ്പച്ചെറുപ്പങ്ങൾ മനസ്സിലാക്കാത്ത അവരുടെ നിഷ്കളങ്കത അവരെ വീണ്ടും തെരുവുഗായകരാക്കി. കൊട്ടാരങ്ങൾക്കുമുൻപിൽ സഞ്ചാരികളെ കാത്ത് പാട്ടുപാടിയിരിക്കുന്നു.രാജസ്ഥാന്റെയി ആത്മീയസംഗീതം.
കഥകൾ ഒതുക്കി,ദീനംവീർത്ത കൺപോളകൾ തിരുമ്മി അയാൾ മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. അയാൾക്കൊപ്പം പടവുകൾ ഇറങ്ങി. മണൽപ്പടവുകളിൽ പോക്കുവെയിൽ നിറച്ച മൗനത്തിന്റെ കൂടയിൽ രാവൺഹത്തയുടെ ശോകസാന്ദ്രമായ കമ്പനം മാത്രം.

ഈ പകലറുതിയിൽ നിറയെ ഓർമകളാണ്. ജയ്പൂരിന്റെ പിങ്കുവർണത്തിനുമുകളിൽ സാന്ധ്യാകാശത്തിന്റെ മറ്റൊരു നിറപ്പകർച്ച കടകളിലും തെരുവുകളിലും രാജസ്ഥാനി തലപ്പാവുകളും മരത്തിലും കളിമണ്ണിലും തീർത്തഅലങ്കാരതോ
ങ്ങലുകളും വച്ചിരിക്കുന്നു. ഒരു വർണപ്പാത്രം തട്ടിതൂവിയതുപോലെ
തെരുവിലാകെ ഒരു വർണ്ണവിന്യാസം. ജയ്പൂർ ഏതോ ചിത്രകാരന്റെ ക്യാൻവാസിലെ പിങ്കലാധിക്യമുള്ള വിസ്മയാവഹമായ രചനയാവുന്നു. യാത്രതുടരുകയാണ് … അമീറും പുഷ്കറും ജയ്സാൽമീറും താർമരുഭൂമിയും അവിടുത്തെ ജീവിതങ്ങളും പറഞ്ഞുവെക്കണ
മെന്നുണ്ട്.ഇനിയെല്ലാം മറ്റൊരു വസരത്തിലാവട്ടെ.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…