സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

നവീന വിജയൻ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന് വൈവിധ്യങ്ങളിലൂടെ സിനിമ പ്രയാണം നടത്തുന്നു.ഇത് അത്ഭുതകരമായ പരിവർത്തനങ്ങൾ ആണ് സിനിമയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് സിനിമയുടെ രൂപകൽപ്പനയിൽ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ തന്നെ തനത് ഭാവുകത്വം നിലനിർത്തിക്കൊണ്ട് തന്നെയാണ് പലപ്പോഴും മലയാള സിനിമകൾ നില നിന്ന് പോരുന്നത് എന്ന് തോന്നാറുണ്ട്. എന്നാൽ മറ്റൊരു രസകരമല്ലാത്ത പ്രവണത സിനിമാ നിർമ്മിതിയുടെ കാര്യത്തിൽ ഇന്നും സംഭവിക്കുന്നു എന്നത് ഖേദകരമായ കാര്യമാണ്. എന്നും എല്ലായിടത്തും വരേണ്യ സംസ്കാരത്തേയും സവർണ്ണ സൗന്ദര്യബോധത്തേയും ഇത്തരം സിനിമകൾ മുറുകെ പിടിക്കുന്നു എന്നുള്ളതാണ്‌. സമൂഹം നിറത്തിനും വർഗ്ഗത്തിനും എതിരെ അന്തിച്ചർച്ചകൾ നടത്തിത്തളരുമ്പോഴും പകൽ പോലെ സത്യമായി വിവേചനം ഇവിടെ നിലകൊള്ളുന്നു.സമൂഹം ഇത്തരം വിഷയങ്ങളെക്കുറിച്ച് നിരന്തരം ശബ്ദിക്കുമ്പോഴും ചില സാമൂഹിക വ്യവസ്ഥിതികൾക്ക് പ്രതിരോധം സൃഷ്ടിക്കാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി നമുക്ക് നേരിടേണ്ടതുണ്ട്.

ചലച്ചിത്രകലയുടെ സൈദ്ധാന്തികവശങ്ങളും സാങ്കേതികതയും കാഴ്ചയുടെ സൂക്ഷ്മതലത്തെ അനുഭവവേദ്യമാക്കാൻ പാകപ്പെടുമ്പോൾ ഒരു സിനിമ വിജയം കാണുന്നു. ലോകത്തിൻ്റെ വിവിധ കോണുകളിലെ ജീവിതങ്ങൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞ് വരുമ്പോൾ അകമേ നടക്കുന്ന സാംസ്കാരിക സംഘട്ടനങ്ങളിൽ നാം ലോകത്തെ കണ്ട് തുടങ്ങുന്നു.പഠിച്ച് തുടങ്ങുന്നു. തിരശ്ശീലയിൽ ജിവിതാ വിഷ്കാരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അതിനേക്കാൾ ആഴത്തിലുള്ള ജീവിതം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൺമുൻപിൽ വന്നു നിറയുന്നു.

ബെന്യാമിൻ്റെ ആട് ജീവിതം സിനിമയാകുമ്പോൾ നോവലിലൂടെ പ്രയാണം ചെയ്ത ഒരുവായനക്കാരന് പുസ്തത്തിലെ നജീബിനെ മാത്രമാണ് കൂടുതൽ ഇഷ്ടപ്പെടുക. കാരണം പുസ്തകത്തിലെ നജീബിൻ്റെ ആട് മണം ആ താളുകൾക്കനുഭവപ്പെടുന്നു. എന്നതിനാലാണത്. അത് പൃഥ്വിരാജ് എന്ന നായകനിലൂടെ കാണുമ്പോൾ ഏവറേജ് ഒരു സിനിമയായി മാത്രം നോക്കിക്കാണാനേ കഴിയുന്നുള്ളു. ശരിക്കും ഉള്ള നജീബിനെ പുറത്ത് കാണുമ്പോൾ ജീവിതത്തിൻ്റെ മരുപ്പച്ചകൾ നേടിപ്പോയ സോയാ,,, സോയാ,, എന്ന് നിലവിളിക്കുന്ന നജീബുമാർ എത്ര പേർ നരക വേദനയോടെ കൺമുൻപിൽ. എന്നാൽ അതിനും മുന്നോടിയായി മറ്റൊരു ചിത്രം നമ്മെ നൊമ്പരപ്പെടുത്തി കടന്ന് പോയിരിക്കുന്നു. ‘ഗദ്ദാമ’.

2011 ഫെബ്രുവരി നാലിന് കമൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മലയാളചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമയ്ക്ക് പറയാനുള്ളത്. വേലക്കാരി എന്നതിന്റെ അറബി പദമാണ് “ഖാദിമ”. അത് പിന്നീട് ഗദ്ദാമ എന്ന പദമായി മാറി. പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദമാക്കി കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

പട്ടാമ്പിയിലെ ദരിദ്ര കുടുംബത്തിലെ ആശാതി എന്ന സുന്ദരിയായ പെൺകുട്ടിയുടെ വേഷത്തിൽ കാവ്യാ മാധവൻ അഭിനയിച്ച ചിത്രമാണിത്. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിൻ്റെ സമ്പത്തിനായി അവൾ ഒരു അച്ചാർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് ജെസിബി ഓപ്പറേറ്ററായ രാധാകൃഷ്ണനെ അശ്വതി വിവാഹം കഴിച്ചു. പണ്ട് ഭർത്താവിൻ്റെ സ്വഭാവം അത്ര നല്ലതല്ലായിരുന്നെങ്കിലും വിവാഹത്തോടെ അയാൾക്ക് മാറ്റം വന്നു. പക്ഷേ, അവർ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. വിധി അശ്വതിയുടെ ജീവിതത്തിൽ കളിച്ചു, മാസത്തിൽ എണ്ണൂറ് റിയാലിന് ജോലിക്കാരിയായി സൗദി അറേബ്യയിലേക്ക് പോകാൻ അവൾ നിർബന്ധിതയായി. അശ്വതിക്ക് അവളുടെ പുതിയ ജോലിയിൽ വളരെയധികം തടസ്സങ്ങളും പ്രക്ഷുബ്ധതയും നേരിടേണ്ടി വരുന്നു. നാട്ടിലെ പ്രമാണിമാരുടെ വീടുകളിൽ അടിമകളെപ്പോലെ രാവും പകലും ജോലി ചെയ്യേണ്ടിവരുന്നു. അവൾ മാനസികമായി പീഡിപ്പിക്കപ്പെടുകയും ശാരീരികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. പാസ്‌പോർട്ടോ പണമോ സെക്യൂരിറ്റിയോ ഇല്ലാതെ രാത്രി അവിടെ നിന്ന് രക്ഷപ്പെട്ടുവെന്ന തീരുമാനത്തിലേക്ക് അശ്വതിയെ നയിക്കുന്ന സാഹചര്യം.

പുറത്ത് അവളെ കാത്തിരിക്കുന്നത് പകൽ ചൂടുപിടിക്കുകയും രാത്രിയിൽ തണുത്തുറയുകയും ചെയ്യുന്ന ചൂടുള്ള ഭൂമിയാണ്. അവളുടെ യാത്രയ്ക്കിടയിൽ അവൾ നിരവധി ആളുകളെ കണ്ടുമുട്ടുന്നു, ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് പോരാടുന്നു.15 വർഷത്തെ ട്രക്ക് ഡ്രൈവർ ജോലിക്ക് ശേഷവും നല്ല ജീവിതം ആഗ്രഹിക്കുന്ന ഭരതനും അവിടെയുണ്ട്. അശ്വതിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന സാമൂഹിക പ്രവർത്തകനായ റസാഖിൻ്റെ രംഗപ്രവേശത്തോടെ അശ്വതിയുടെ ജീവിതം മാറിമറിയുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് പോകാൻ പദ്ധതിയിട്ടിരിക്കുന്ന ഓരോ സ്ത്രീകളെയും ‘ നേരിടുന്ന പ്രശ്നങ്ങൾ ചിത്രം എടുത്ത് കാണിക്കുന്നു. വലിയ ഒരു സന്ദേശം കാഴ്ചക്കാരന് നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ തൻ്റെ സിനിമാ മേഖലയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായ് ആടുജീവിതത്തിലെ നായക വേഷത്തെ കാണുന്നു. നജീബിനെ ആധികാരികതയോടെ അവതരിപ്പിച്ചുകൊണ്ട് ബ്ലെസി സിനിമയുടെ പോരായ്മകൾക്ക് ഒരളവിൽ അറുതി വരുത്തിയിട്ടുണ്ട് എന്ന് കൂടി വിമർശനാത്മകമായി പറഞ്ഞു വെക്കേണ്ടതുണ്ട്.

ജോർഡൻ മരുഭൂമിയിൽ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും നജീബിന്റെ ആടുജീവിതത്തിനായി ധാരാളം സമയം ചിലവഴിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം.

ജീവിതം മരുഭൂമിയിൽ അകപ്പെട്ടുപോയ നജീബ് ആണ് കേന്ദ്രകഥാപാത്രം. പുറത്തു കടക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കപ്പെട്ടിരുന്നു. ശരീരം തളർന്ന് മുന്നോട്ടുള്ള ജീവിതത്തെ പോലും സ്വപ്നം കാണാൻ കഴിയാതെ നിസ്സഹായനായ യുവാവിൻ്റെ വേദന നിറഞ്ഞ ജീവിത കഥയാണ് സംവിധായകൻ അവതരിപ്പിച്ചത്. ‘ആടുജീവിതത്തിൽ’ നിന്ന് പുറത്തുവന്ന നജീബിന്റെ കഥയാണിത്.

പൊടിക്കാറ്റും ചൂടും ഉയർന്നുനിൽക്കുന്ന മരുഭൂമിയിൽ ആടുകളെ മേയ്ച്ച് ഒരു മനുഷ്യൻ വർഷങ്ങളോളം ജീവിക്കുക. അവന്റെ കഷ്ടപ്പാടാണ് അവനെ ഈ മരുഭൂമിയിൽ എത്തിക്കുന്നത്. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ പണിയെടുത്ത് ആടുകളോടൊപ്പം ജീവിച്ച്, ഒടുവിൽ അവരിൽ ഒരാളായി നജീബ് മാറുന്ന ഒരു അവസ്ഥയുണ്ട്. വായനക്കാരനെയും കാഴ്ചക്കാരനെയും ഒരുപോലെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന നജീബിന്റെ ജീവിതം ” പ്രേക്ഷകരുടെയും കണ്ണ് നിറയിക്കും. മസറയിലെ ആടുകളുടെ വാട മണം അറപ്പുളവാക്കുന്ന അനുഭവമായി മാറുന്നു.
അതിഭീകരമായ ജീവിതം നയിക്കുന്ന നജീബിനെ ചിത്രത്തിൽ കാണാം. ‘നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന് സിനിമയിലും പുസ്തകത്തിലും ആവർത്തിച്ച് പറയുമ്പോൾ സിനിമയുടെ അവസാനം അത് ശരിക്കും പ്രേക്ഷകരുമായി സംവദിക്കപ്പെടുന്നുണ്ട് എന്നതാണ് വ്യക്തമായ കാര്യം.
നജീബിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും, മാനസിക ശാരീരിക അവസ്ഥകളും ചിത്രീകരിക്കാൻ സിനിമ ശ്രമം നടത്തിയിട്ടുണ്ട്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മനസിൻ്റെ വിങ്ങലായി ഹക്കീം മാറുന്നുണ്ട്. മരുഭൂമിയിലെ ചൂടും ദാഹവും സഹിച്ച് പണിയെടുത്ത് അവസാന പ്രതീക്ഷയും കൈവിടാതെ നടന്ന് ഒടുവിൽ ശരീരം അതിന് അനുവദിക്കാതെ പിടഞ്ഞ് പിടഞ്ഞ് അയാൾ പോകുന്നു.

ഇങ്ങനെ പ്രവാസ ജീവിതങ്ങളിലൂടെ കടന്ന് പോയ എത്ര മനുഷ്യർ. അവരുടെ ജീവിതം കഥയും സിനിമയും നിരൂപണവുമൊക്കെയായി മാറുന്നു.സിനിമ ജീവിതവുമായ് ചേർന്ന് നിന്ന് കൊണ്ട് നിരന്തര സമരങ്ങൾ തുടരുന്നു. വർണ്ണം വർഗ്ഗം സ്വാതന്ത്ര്യം സംവിധാനം എന്നിവയ്ക്കെല്ലാം വേണ്ടി ശബ്ദിച്ച് കൊണ്ടിരിക്കുന്നു. ചർച്ചകൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…