സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

S. രാജീവ്

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്.

വളരെ ആഴത്തിൽ അതും തന്മയത്വമായി ഒരു വിഷയത്തെ പഠിച്ച് അവതരിപ്പിക്കുക എന്നുള്ളത് ഗവേഷണ ബുദ്ധിയുള്ള മനസ്സുകൾക്ക് മാത്രം സാധ്യമാകുന്ന ഒരു കാര്യമാണ്. പറഞ്ഞു പഴകിയ കഥകൾക്കപ്പുറം കടന്ന്, കേട്ടു തഴമ്പിച്ച വാക്കുകൾ താണ്ടി, പുതുമയാർന്ന മികച്ച അവതരണം കൊണ്ട് ശ്രദ്ധേയമാണ് ഈ നോവലിലെ ഓരോ സന്ദർഭങ്ങളും.

പോസ്റ്റുമാൻ ആയ അച്ഛൻറെ അനാരോഗ്യവും മരണവുമൊക്കെ
അദ്ദേഹത്തിൻറെ ഭാര്യയേയും മകനെയും വല്ലാത്ത ദുഃഖത്തിൽ ആഴ്ത്തുന്നു. തുടർന്ന് പോസ്റ്റുമാൻ ആയിട്ട് തന്നെ ആ മകൻ, അച്ഛൻ ജോലിയെടുത്ത ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തുന്നു.
പാലക്കാടിന്റെ പകിട്ടുകൾ വിളിച്ചോതുന്ന ‘ദേവാർച്ചാ’ എന്ന ഒരു കൊച്ചു ഗ്രാമം!
ഇവിടെ പാലക്കാട്ടുകാരി കൂടിയായ കഥാകൃത്ത് ആ നാടിനെയും അതിൻറെ സംസ്കാരത്തെയും അവിടുത്തെ ജീവിതങ്ങളെയും പച്ചയായി ഒപ്പിയെടുത്ത്, ഭംഗിയായി ഒരു ദൃശ്യ കാമറാ കണ്ണിലൂടെ ചലനചിത്രത്തിലെന്നപോലത്തെ മിഴിവാർന്ന പശ്ചാത്തലവിരുന്നൊരുക്കിയും വരികളോടൊപ്പം അനുവാചകരെ ഉൾക്കാഴ്ച്ചയേകിയും ആസ്വദിപ്പിക്കുന്നുണ്ട്.

ദേവാർച്ചാ എന്ന കൊച്ചു ഗ്രാമത്തിലെ അഗ്രഹാരങ്ങളെ ചുറ്റിപ്പറ്റിയാണ് ഇവിടെ നോവൽ പുരോഗമിക്കുന്നത്.
മാല പോലെ കോർത്തിരിക്കുന്ന തരത്തിൽ നിർമ്മിക്കപ്പെട്ട വീടുകളുടെ അറ്റത്ത്ൽ ഒരു ലോക്കറ്റ് ഘടിപ്പിച്ചാലെന്നപോലെ ഒരു ക്ഷേത്രവും..അതാണ് ഒരു അഗ്രഹാരത്തിന്റെ ഘടന. വളരെ മനോഹരമായി ഇതൊക്കെ വിവരിച്ചിട്ടുമുണ്ട് നോവലിൽ. ഒപ്പം ജീവിതം വരച്ചിട്ട ഏതാനും നല്ല വരകളും ചേർത്തിട്ടുണ്ട്. പിന്നെ അഗ്രഹാരത്തിലെ അന്തേവാസികൾക്കിടയിലെ തമിഴ് കലർന്ന മലയാള സംഭാഷണ ശകലങ്ങളും ! അത്,
“വായിച്ചെടുക്കാൻ ‘ശ്ശി’ ബുധിമുട്ടി, പക്ഷേ വായിച്ചെടുത്തപ്പോൾ ‘ശ്ശി’ പിടിത്തവും കിട്ടി”!

എന്തായാലും പ്രമേയാവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ ഒന്നാണ് ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ. അവയാവട്ടെ, പ്രതികരിക്കുന്നത് സാമൂഹ്യ പ്രസക്തങ്ങളായ വൈവിദ്ധ്യമാർന്ന വിഷയങ്ങളോടും.

വൈരുദ്ധ്യമെന്നു തോന്നിക്കുന്ന വ്യക്തിത്ത്വങ്ങൾക്കുടമകളായ എട്ട് സ്ത്രീ
കഥാപാത്രങ്ങളെക്കൊണ്ട് യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സാമൂഹ്യഘടനയെത്തന്നെ തുറന്ന ചിന്തയ്ക്ക് വിധേയമാക്കി അവരെ പുറംലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ചില പ്രായോഗിക ദർശനങ്ങളാണ് ഈ നോവലിൻ്റെ ഉള്ളടക്കത്തിലെ കഥാതന്തുവായി വർത്തിക്കുന്നത് എന്നു വേണം കരുതാൻ!

പോസ്റ്റുമാൻ ഭാസ്കരനും അയാളുടെ താമസസ്ഥലത്തെ ജോലിക്കാരിയായ അഴകിയും, ഭാസ്കരന്റെ മകൻ പോസ്റ്റുമാൻ ആയി വന്ന ഇന്ദു ഗോപനും.
അവർക്കിടയിൽ ഇന്ദുഗോപൻ്റെ അച്ഛൻ കാലങ്ങളായി കൊടുക്കാതെ വച്ച ഒരുപിടി എഴുത്തുകൾ വർഷങ്ങൾക്ക് ശേഷം ദേവാർച്ചയിലെ ഓരോ അഗ്രഹാരങ്ങളിലും ഇന്ദുഗോപൻ എത്തിക്കുന്നു.
ഈ കത്തുകൾ നീണ്ട ഇടവേളകൾക്കപ്പുറം അഗ്രഹാരങ്ങളിലെ മനസ്സുകളിൽ സൃഷ്ടിക്കുന്ന വികാരങ്ങളും പ്രതികരണങ്ങളും എന്തൊക്കെ എന്നറിയാൻ ഇന്ദുഗോപന്റെ മനവും തുടിക്കുന്നു!

കത്തുകൾ വായിക്കുന്ന അഗ്രഹാരത്തിലെ അന്തേവാസികൾ കത്തുകളിലൂടെ അവരുടെ ഭൂതകാലത്തിലേക്ക് ഊളയിട്ടിറങ്ങുന്നു! ശേഷം വർത്തമാനത്തിൽ കഴിഞ്ഞുപോയ കാലത്തിലെ മുറിവുകൾ തുന്നിച്ചേർത്ത് ഒന്നാവുമ്പോഴത്തെ ഒരു സംതൃപ്തി.. അത്, അവർക്കൊപ്പം വായനക്കാരൻ്റെ അന്തരംഗത്തിലും കളിയാടുന്നു.
എഴുത്തിൻ്റെ ഭാഷയും ഘടനയും അതിനെ സാക്ഷാത്ക്കരിക്കുംവിധം
അത്രമേൽ കേമതന്നെ..

അറ്റപോയ ബന്ധങ്ങളെ കൂട്ടിവിളക്കി സൂര്യഗായത്രിയും സൂര്യ ബ്രഹ്മിയും തങ്ങളുടെ അസ്ഥിത്വത്തിലേക്ക് മടങ്ങുമ്പോഴും, മുടിയിഴകൾ നവങ്ങളായി മണിമേഖലയുടെ മുണ്ഡനം ചെയ്ത ശിരസ്സിൽ കിളിർക്കുമ്പൊഴും,
പഴയ ആ കത്തിൻ്റെ സ്വാധീനം സിദ്ധിദാത്രിയിലെ എയർഹോസ്റ്റസിന് മുന്നിൽ ഹോസ്റ്റായിട്ട്, കാലം രാമസ്വാമി അയ്യരെ മാറ്റിയെടുക്കുമ്പൊഴും, വേദാത്മികയ്ക്കും Dr.മനോഹറിനും ഇടയിൽ ഇടങ്കോലിട്ട ബ്രാഹ്മണ്യത്തിൻ്റെ ദ്രവിച്ചനൂലിനപ്പുറവും മാനവികതയുടെ വലിയൊരു ലോകമുണ്ടെന്ന് പ്രായം കടന്നുപോയെങ്കിലും, ചിന്തിപ്പിക്കാൻ പട്ടാഭി അയ്യരെ പ്രാപ്തമാക്കിയും, ത്രിപുരസുന്ദരിക്കും ഗോവർദ്ധന അയ്യർക്കും ഇടയിൽ ദേവനായകി സൃഷ്ടിച്ച ശൂന്യത ഹിമാലയത്തോളമെത്തിയതും, നിലാവിനും സന്തൂരിക്കും മധ്യത്തിൽ ഉണ്ടായിരുന്ന നിറവ്യത്യാസം ഇല്ലാതാക്കിയതും, രാഗിണിയുടെ പ്രാണനെടുത്ത പത്മനയനയുടെ പകർന്നാട്ടം മീനാക്ഷിയമ്മയുടെ നയനങ്ങളിൽ രുധിരധാരസൃഷ്ടിച്ചതും,
കാതിലുടനീളം ‘ദേവി – എൻ്റെ ദേവി’ എന്ന തൻ്റെ അച്ഛൻ്റെ മുഴങ്ങുന്ന നീട്ടിവിളിയുടെ പൊരുളറിയാനുള്ള ഔത്സുക്യത്തോടൊപ്പം, താളംപോയ ആ മനസ്സിൻ്റെ താളം തേടി ദേവാർച്ചയിലേക്ക് പ്രക്ഷുബ്ധ ചിത്തവുമായുള്ള ഇന്ദുഗോപൻ്റെ ആ യാത്രയും..
ഇപ്രകാരം വായനയുടെ നവ്യമായ, എന്നാൽ വ്യതിരിക്തമായ ഒരു തലത്തിലേക്കാണ് നോവലിസ്റ്റ് ഇവിടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നത്.

എന്നിട്ടും ഇന്ദുഗോപന്റെ ഉള്ളിൽ പിന്നെയും ബാക്കിയാവുന്നു ചില കത്തുകളും ഒരുപിടി സംശയങ്ങളും.

ഒടുവിൽ താൻ തേടിയത് എന്താണോ അതിനുത്തരം കണ്ടെത്താൻ ഇന്ദു ഗോപന്റെ കൈയ്യിൽ ആ കത്ത് കിട്ടുന്നു.

ഇന്ദ്രനാഥൻ
ഡോർ നമ്പർ 9
ദേവനിള അഗ്രഹാരം
ദേവാർച്ച പാലക്കാട്
എന്ന വിലാസത്തിൽ.

ഈ നോവലിൻറെ മർമ്മം എന്ന് എനിക്ക് മനസ്സിലായ ഭാഗം ! ഇന്ദ്രനാഥനിൽ നിന്നും ഐന്ദ്രികയിലേക്കുള്ള ഒരു “പരകായപ്രവേശനം”!

ഭാസ്കരനിൽ നിന്നും മോഹിനിയിലേക്കു ണ്ടാവുന്ന പരിവർത്തനത്തിൻ്റെ ആ സാംഗത്യത്തെ – കീഴ്ക്കാവിലെ ചുവന്ന പട്ടിൽ പൊതിഞ്ഞുവച്ച കാദരമാം ജീവൻ്റെ കദനകഥ.. വൈധവ്യം സ്വയംവരിച്ച് ഒരു രാത്രിമാത്രം ‘അറവാണി’യുടെ വധുക്കളാവാൻവന്ന് ശേഷം അലമുറയിട്ട് ആത്മനൊമ്പരം അകതാരിലൊളിപ്പിച്ച് ആത്മബലിയിയുമിട്ട് അന്യരായിത്തീരുവാൻ മാത്രം വിധിക്കപ്പെടുന്ന മൂന്നാംലിംഗക്കാരുടെ ചങ്കിലെ ചുടുചോരയിൽ മുക്കിയതാണീ ദേവിയായ ജീവവിഗ്രഹത്തിലെയും ചെമ്പട്ടുചേലയെന്ന്, ചില വ്യവസ്ഥിതിയെ ചൂണ്ടി പരിചയപ്പെടുത്തുന്ന പുതുമയാർന്ന ചിന്ത! ജീവത്തായ ആഖ്യാനമാണ് ഈ അദ്ധ്യായം.

ഈ നോവൽ സൂക്ഷ്മമായ വായനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്.

വേണമെങ്കിൽ ഒരു Epistolary (കത്ത് രൂപത്തിലുള്ള കഥ /കവിത) എന്നും പറയാം എന്നു തോന്നുന്നു ഈ നോവലിൻ്റെ അവതരണരീതിയെ ! വായിച്ചപ്പോൾ അങ്ങനെയും ഒരു തോന്നലുണ്ടായി.
ശ്രീകൃഷ്ണനോട് കത്തെഴുത്തിൻ്റെ രൂപത്തിൽ വാനപ്രസ്ഥ കാലത്ത് കാൽവഴുതി ഹിമാലയഗിരിനിരയുടെ അഗാധതയിൽ വീണുപോയ പാഞ്ചാലി തൻ്റെ ജീവിതം പറയുന്ന ‘യജ്ഞസേനി’ എന്ന പ്രതിഭാ റായിയുടെ നോവലാണ് ഓർമയിൽ തെളിഞ്ഞത്.

‘ഐന്ദ്രിക’ത്തിൻ്റെ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ . ഒപ്പം എല്ലാ ഭാവുകങ്ങളും.

aindrikam

ഐന്ദ്രികം

Kairali Books

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…