സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഏകൻ

ഷഹീർ പുളിക്കൽ



 വർഷം രണ്ടായിരത്തിപ്പത്ത്.ശാന്തമായ ആകാശം പൊടുന്നനേ ഇരുൾമൂടി.നീലക്കടൽ പെട്ടെന്ന് ചുവന്നുതുടുത്തു. സമാധാനത്തിന്റെ വായു പരന്നിരുന്ന ധരണിയിൽ നിമിഷനേരംകൊണ്ട് മാറ്റങ്ങൾ സംഭവിച്ചു. വിശാലമായ മൈതാനത്തിൽ മേഞ്ഞിരുന്ന ആടുകളും പശുക്കളും അലറിക്കരയാൻ തുടങ്ങി. പെട്ടെന്ന് കാതങ്ങൾ അകലെയുള്ള പർവ്വതങ്ങൾക്ക് മുകളിലൂടെ തിരമാലകൾ കുതിച്ചു.അവയുടെ പ്രഹരമേറ്റ് മരങ്ങളും മനുഷ്യരുമെല്ലാം ഒന്നന്ധാളിച്ചു.തിരകളുടെ ശക്തിയിൽ കിതച്ച ഭൂമി ഒന്നു ഞെട്ടി.


സുനാമി കണക്കില്ലാത്ത നാശനഷ്ടങ്ങൾക്ക്‌ ജന്മം നൽകി.ഭൂമിയിൽ ഒരാളെയല്ലാത്ത സകലരേയും അതു വിഴുങ്ങി.ശ്രീലങ്കയിലെ ഉയരംകൂടിയ മലയിൽ ഒരു രണ്ടു വയസ്സുകാരൻ മാത്രം അവശേഷിച്ചു;അവൻ മാത്രം…ആഫ്രിക്കയും അമേരിക്കയും ശൂന്യമായി.കടലുകളിൽ പുതിയ തുരുത്തുകൾ രൂപം കൊണ്ടു.ശാന്ത മഹാസമുദ്രം ഓർമയായി മാറി.അന്റാർട്ടിക്കിലെ  മഞ്ഞുകട്ടകൾ  ധൂപങ്ങളായി ആകാശത്തേക്കുയർന്നു.
ഈ നൂറ്റാണ്ടിൽ ഇനിയുള്ള ഏക പ്രതിനിയെ നമുക്ക് ഏകൻ എന്നു വിളിക്കാം.അവനെ അങ്ങനെ അഭിസംബോധന ചെയ്യാൻ ആരുമില്ല.അതുകൊണ്ട് തന്നെ തന്റെ പേര് ഏകൻ ആണെന്ന് അവനറിയുകയുമില്ല.അവനതറിയണ്ട, അല്ലെങ്കിൽ തന്നെ ആരെങ്കിലും അവനവനെ അറിയുന്നുണ്ടോ!.
സുനാമി വിതച്ച  ജീവിനല്ലാത്ത ശരീരങ്ങൾ മണ്ണിൽ അലിഞ്ഞുചേർന്നു.അപ്പോൾ അവന് പ്രായം നാല് വയസ്സ്. പർവ്വതത്തിന്റെ തെക്കേ തുറവിലെ ഒരു മരച്ചുവട്ടിലായിരുന്നു അവൻ ജീവിച്ചിരുന്നത്.


ഒരു ദിവസം രാവിലെ അവനൊരു കാര്യം ഓർത്തെടുക്കാൻ ശ്രമിച്ചു.
“എന്റെ ദൈവമേ”
താൻ  കണ്ണടച്ചു കിടക്കുമ്പോൾ അമ്മ പറഞ്ഞ അവസാനത്തെ വാക്കുകൾ അവൻ ഓർത്തുപറഞ്ഞു.അതുകഴിഞ്ഞ് നോക്കുമ്പോൾ അവന് അമ്മയെ കാണാനായില്ല.അമ്മയെ മാത്രമല്ല ആരെയും അവനു കാണാൻ കഴിഞ്ഞില്ല.ഭൂമിയുടെ ചരമഗീതം അവസാനിക്കുമ്പോൾ  ഭൂമുഖത്ത് മനുഷ്യനായും മൃഖമായും അവനേ ബാക്കിയുണ്ടായിരുന്നുള്ളൂ.


‘ദൈവം’  എന്താണെന്ന് അറിയാൻ അവൻ തീർച്ചയാക്കി.മുന്നിൽ വീണുകിടന്നിരുന്ന മഹാശാഖിയെ ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ അവനൊന്നു മറിഞ്ഞുവീണു.കൂർത്ത കല്ലിൽ തട്ടി അവന്റെ മുട്ട് മുറിഞ്ഞു.അതിൽ നിന്ന് ഒലിച്ചുതുടങ്ങിയ ചുവന്ന രക്തം  കണ്ടപ്പോൾ അവനെന്തോ തോന്നി.ഒരു തരം മരവിപ്പ് അവനെ പൊതിഞ്ഞു.


എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവനു വല്ലാത്ത വേദന തോന്നി.
“എന്റെ ദൈവമേ”
അവൻ തനിക്ക് ആകെ അറിയാമായിരുന്ന  വചനം ഉറക്കെ പറഞ്ഞു.അതിന്റെ അർത്ഥം അറിഞ്ഞേ അടങ്ങൂ എന്ന  വാശിയിൽ അവൻ നടന്നു.


കൊടുങ്കാടിൽ കടപുഴകിവീണിരുന്ന  മരങ്ങളെ അവൻ ശ്രദ്ധാപൂർവ്വം  ഒഴിവാക്കി.അരുവികളിൽ വെള്ളം കുടിച്ചും ചെറിയ കായകൾ കഴിച്ചും അവൻ മുന്നോട്ടു നടന്നു.
ഒരു വലിയ നദിക്കരയിൽ എത്തിയപ്പോൾ അവൻ  ശങ്കിച്ചു നിന്നു.നദി അവനെ ഭയപ്പെടുത്തി.ഗത്യന്തരമില്ലാതെ അവൻ  തന്റെ  ദൗത്യം  പിന്നേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു.
ഒന്നു മാത്രം അവൻ പറഞ്ഞുകൊണ്ടിരുന്നു.
“എന്റെ ദൈവമേ”


വർഷങ്ങൾ കടന്നുപോയി.അവന്റെ തലമുടി  ഇടയാനില്ലാത്ത ആട്ടിൻകൂട്ടത്തെപ്പോലെ വളഞ്ഞുപുളഞ്ഞു നടന്നു.അവന്റെ  മനസ്സ്  ഒരുപാട് മാറിയിരുന്നു.ഭാഷയൊന്നും അറിയില്ലെങ്കിലും അവൻ പ്രത്യേകം  ശബ്ദങ്ങളുണ്ടാക്കികൊണ്ടിരുന്നു.അനന്തമായ ആകാശം അവനെനോക്കി സഹതപിക്കുമ്പോൾ അവനതിൽ  വളരെയധികം ആഹ്ലാദിച്ചു.ഒരിക്കൽ  നദിയിലിറങ്ങിയപ്പോൾ  അവനതിനോടുള്ള ഭയം പൂർണമായും ഇല്ലാതായി.
അങ്ങനെ പോകവേ പെട്ടെന്നൊരു ദിവസം അകാരണമായി അവനതോർത്തു.
“എന്റെ ദൈവമേ”


അർത്ഥമറിയത്തെ അവനാ വാക്കുകൾ ഒരിക്കൽക്കൂടി മൊഴിഞ്ഞു. കുറച്ചുനേരം  അവനത്   നിരന്തരമായി  പറഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ അവൻ മറന്നുപോയ ഉദ്യമം അവനെ തട്ടിവിളിച്ചു.ഒരു  ദീർഘയാത്രക്ക് വേണ്ട ഒരുക്കങ്ങളോടെ ഏകൻ യാത്ര തുടങ്ങി.ഇലകൾ  കൊണ്ട് അവൻ തന്റെ നഗ്നത മറച്ചു.മധുരമുള്ള ഒരുതരം കായ അവൻ കുറേ കൈയിൽ കരുതി.
നദി കടന്ന് നടക്കവേ അവന് പൊട്ടിപ്പിളർന്നതും തകർന്നുതരിപ്പണമായതുമായ  കുറെയേറെ വീടുകൾ കാണാൻ കഴിഞ്ഞു.അതു വീടുകളാണെന്നോ അവ മനുഷ്യൻ താമസിക്കാൻ ഉപയോഗിച്ചിരുന്നതായിന്നെന്നോ മനസ്സിലാകാതെ അവനതിനു   ചുറ്റും നടന്നു.


മരപ്പാളികൾ മറിച്ച് അതിനകത്തേക്ക് കണ്ണൂന്നി നിന്നപ്പോൾ   വ്യത്യസ്ത നിറത്തിലുള്ള ചില വസ്തുക്കൾ അവൻ കണ്ടു.
ഏകൻ  അതെല്ലാം  പുറത്തേക്കെടുത്തു.വെള്ള നിരത്തിലുണ്ടായിരുന്ന  ഒരുതരം പൊടിയെടുത്ത്  വായിലേക്ക്  വച്ചപ്പോൾ അവൻ ശരവേഗത്തിലത്  തുപ്പി.
ബാക്കിയുള്ള ഓരോ വസ്തുക്കളും അവൻ രുചിച്ചുനോക്കി.അവയൊന്നും അവനിഷ്ടപ്പെട്ടില്ല.


ഏകൻ നടത്തം  തുടരാൻ തുടങ്ങി.കണ്ണിനു മീതെ പൊങ്ങിയ  പുൽമേട്ടിലൂടെ അവൻ നടന്നു.ചെങ്കുത്തായ കുന്നുകളും  ഒഴുക്കുള്ള അരുവികളും കടന്ന് അവൻ നടത്തം തുടർന്നു.
ഒടുവിൽ  അവനൊരിത്തെത്തി.ഇടിഞ്ഞുപൊളിഞ്ഞ ഒരു ആരാധനാലയത്തിന് മുന്നിലായിരുന്നു അവൻ എത്തിച്ചേർന്നത്.അവൻ ഉറക്കെ പറഞ്ഞു.
“എന്റെ ദൈവമേ”

അവനൊരു മറുപടിയും ലഭിച്ചില്ല.തകിടംമറിഞ്ഞ  താഴികക്കുടങ്ങളിലേക്ക് അവൻ അർത്ഥമറിയാതെ കുറേ നേരം നോക്കി നിന്നു.


അന്ന് രാത്രിയിൽ  ഏകൻ അതിനു സമീപം കഴിച്ചുകൂട്ടാൻ തീരുമാനിച്ചു.രാത്രിയിൽ എവിടെ നിന്നെങ്കിലും ഒരുത്തരം ലഭിക്കുമെന്ന പ്രത്യാശയിൽ  അവൻ കണ്ണുകളടച്ച് നിദ്രയെ പുൽകി.
പച്ചപ്പുൽമൈതാനം അതിനു നടുവിൽ  ഒരാൾക്കൂട്ടം.
“നീ ഏതാ?  ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?”
ഏകൻ   അത്ഭുതപ്പെട്ടു.


“എന്റെ ദൈവമേ”


ഏകനു ചുറ്റും കൂടിയവർ തമ്മിൽ തമ്മിൽ നോക്കി.
“ദൈവത്തെ വിളിക്കാതെ കാര്യം പറയടാ!.”
ഏകൻ അവർ ഓരോരുത്തരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.അവനൊന്നും മനസ്സിലായില്ല.അവൻ ഒന്നും ഉരിയാടാതെ കുറച്ചുനേരം അക്ഷമനായി നിലകൊണ്ടു.
കുറേ നേരം കഴിഞ്ഞപ്പോൾ അവരുടെ ചോദ്യങ്ങളെല്ലാം അവസാനിച്ചു.’ടപ്പേ’
പെട്ടെന്ന് ഏകന്റെ   കവിളിൽ ഒരു കൈ പതിഞ്ഞു.


“എന്റെ ദൈവമേ”
അവൻ ഞെട്ടി എണീറ്റു.ചുറ്റും ആരുമില്ല ഇരുട്ട് മാത്രം. ഏകാന്തതയേക്കാൾ മനോഹരമായി തന്നെ ഉന്മാദിയാക്കാൻ ഇരുട്ടിന്  കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട്  അവനതിനെ ഇഷ്ടപ്പെട്ടു.


പിറ്റേന്ന് നേരത്തേ എണീറ്റ് ഏകൻ നടത്തം തുടങ്ങി.അനന്തമായ ചക്രവാളങ്ങൾക്കിടയിൽ അവന്റെ പാത നീണ്ടുകൊണ്ടിരുന്നു.
പ്രഭാതങ്ങൾ  സൂര്യനെ സ്വാഗതം ചെയ്തു.പകലുകൾ വെളിച്ചത്തിന്റെ പ്രഭയിൽ  സ്വയം  മഞ്ഞളിച്ചു.അസ്തമയങ്ങൾ കാണാൻ ആരുമില്ലാതെ സൂര്യൻ കടലിൽ അലിയാൻ തുടങ്ങി.
നടന്നുനടന്ന് അവൻ തകർന്നടിഞ്ഞ ഒരു ആരാധനാലയത്തിനരികിലെത്തി.അവൻ അതിനു ചുറ്റും നടന്നു.ഓർമകളുടെ ഭാരം  മുറിഞ്ഞുകിടന്ന ശിലകളിൽ പ്രതിഫലിച്ചു.സ്തൂപങ്ങൾ   മുരിഞ്ഞുമുറിഞ്ഞ് പല കഷ്ണങ്ങളായിരുന്നു.


അന്ന് രാത്രിയിൽ  അവനൊരു വലിയ ശിലാപ്രതിമയ്ക്ക് മുകളിൽ ഉറങ്ങാൻ കിടന്നു.
നിദ്രയുടെ അഗാധ ഗർത്തത്തിലേക്ക് വഴുതി വീഴുന്നതു വരെ “എന്റെ ദൈവമേ” യെന്ന് അവൻ ആവർത്തിച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് പ്രഭാതം ഉദിച്ചപ്പോൾ സൂര്യൻ മെലിഞ്ഞൊട്ടിയിരുന്നു.അതുകണ്ട്  അവൻ ഞെട്ടി.
“എന്റെ ദൈവമേ”
അന്നേരം ഏകൻ  ഉറക്കെ വിളിച്ചുപറഞ്ഞു.സുനാമിയിൽ തകർന്നടിഞ്ഞ  ദൈവങ്ങളെല്ലാം അവൻ  തങ്ങളെ  പരിഹസിക്കുകയാണോയെന്ന്  സംശയിച്ചു.ഒരു ചെറു കാറ്റ് വീശി.
ഏകന്  ആശ്വാസം തോന്നി.അവൻ കണ്ണുകളടച്ചു.പെട്ടെന്ന് ലോകം അവന്റെ മുന്നിൽ മാറിവന്നു.മായാജാലങ്ങൾ സംഭവിച്ച ആ ലോകത്തെ അവൻ ആശ്ചര്യപൂർവ്വം നോക്കി.തന്നെപ്പോലെ കോടിക്കണക്കിനു മനുഷ്യരും മൃഖങ്ങളുമുള്ള  ഒരു ലോകം അവനു സങ്കല്പിക്കാനായില്ല.അവൻ  ബോധംനശിച്ച് തലയടിച്ചുവീണു.രക്തം ശിലയിൽ ചിതറി, ജീവൻ ആകാശത്തിൽ   വിതറി…

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…