
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഒരു ശരാശരി പുകവലിക്കാരൻ്റെ ഓർമ പിഴിഞ്ഞെടുത്താൽ , അതിൽ ഇത്തിപ്പോലം ചെഗുവേര കാണും. കുറച്ചു വി.കെ.എന്നും കുറച്ചു ബഷീറും എം.ടി.യും കാണും. എന്നാൽ പുക വലിച്ചതുകൊണ്ടു മാത്രം ആരും അവരാകില്ല.
ആയതിനാൽ പുകവലി ആരോഗ്യത്തിനു ഹാനികരം.
ഒരാളെ വിളിക്കാതെയും
അയാൾ വീട്ടിലുണ്ടെന്നറിയും കാലം
എപ്പോഴെങ്കിലും
അയാളെ തേട
വീട്ടിൽ ചെല്ലാമായിരുന്ന കാലം
അയാൾ പറമ്പിലുണ്ടെന്ന്
വീട്ടമ്മ നേരുകാട്ടണ കാലം
വെള്ളിലം പാലയോടും
കാട്ടു തെറ്റിയോടും ചോദിച്ചു പറഞ്ഞ്
അയാളിലെത്തുന്ന നേരം
തയ്യിനു തടമെടുത്തോ
കാച്ചിലു കമ്പിൽ പടർത്തിയോ
അയാൾ നിന്ന് വളരുന്ന നേരം
മാവിൻ്റെ വേരിലിരുന്ന്
ബീഡി വലിച്ച്
രണ്ടാളും വർത്തമാനമാകുന്ന നേരം
ഒക്കെയും
സിനിമാപ്പാട്ടു പോലെ ഗൃഹാതുരത്വമായി
മതം മാറിയ ഇക്കാലം
നമ്മൾ കണ്ടു പിടിച്ച വിമാനവും
അന്തർവാഹിനിയും
ആറ്റംബോംബുമെല്ലാം
സായ്പ് രണ്ടാമതും കണ്ടുപിടിക്കും മുമ്പുള്ള
ഇടവേളകൾ
മറവിഭൂതങ്ങൾ
അന്വേഷണത്വരകൾ
മേൽ മുണ്ടിനടിയിലും
ളോഹയ്ക്കുള്ളിലും
വേരിക്കോസ് വെയിനായി
താക്കോൽ ചരടുകൾ
ഫയലുകളുടെ മാറത്തു ചുറ്റിയ
ചുവന്ന റിബ്ബണുകൾ
ചിലർ പേരിൽ നിന്നും
ചിലർ മനസിൽ നിന്നും
മുറിച്ചു കളഞ്ഞ ‘ബീപ് ‘ എന്ന വാൽ
എടീ ‘ബീപ് ‘ മോളേ എന്നു ജന്മി
എടാ ‘ബീപ് ‘ മോനേ എന്നന്നത്തെ ( നിക്കറിട്ട )പോലീസ്
എല്ലാരും അട്ടഹസിച്ചപ്പോൾ
അട്ടകൾ പോലും ഹസിച്ചപ്പോൾ
‘ബീപ് ‘ ചോദിക്കാതെ പന്തിയിൽ ഭുജിച്ചവർ
തിരിച്ചറിഞ്ഞിട്ടുണ്ട്,
കർമ്മം കൊണ്ട് ‘ബീപ് ‘ ആയവരുടെ രഹസ്യം
ചേരാട്ടിയാൽ താന്നിമൂട്ടിലൂടെ
എന്ന പഴമൊഴി നടത്തകൾ
ആഞ്ഞിലിയും പൂവര്ശും പോലെ
ഇനിവരും ബോധികൾ
സെൻസർ കത്രികയും
ചവറ്റുകുട്ടയും മറികടന്ന്
‘ബീപ് ‘ ശബ്ദം ത്യജിച്ച്
തെരുവിലേക്കിറങ്ങുന്ന വാക്കുമഴകൾ
ഒടുവിലത്തെ വാക്കിനു തടമെടുത്ത്
തുലാവർഷത്തിനു കുടപിടിച്ച്
കൊടി മുളപ്പിക്കുമ്പോൾ
പുതിയ വിത്തുകളുമായി
ഫയറിംഗ് സ്ക്വാഡുകൾ വരുന്നുണ്ട്
നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്:
വെടിയുണ്ട ആരോഗ്യത്തിന് ഹാനികരം