സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കുരുക്ക്

ഷഹല ജാസ്‌മിൻ

                            

അകത്തളത്തിൽ എപ്പോഴും അടക്കം പിടിച്ച സംസാരം മാത്രമേ കേൾക്കാറുണ്ടായിരുന്നുള്ളൂ..  നിശബ്ദതയെ കൂട്ട് പിടിച്ചവർ ആയിരുന്നു അവരെല്ലാവരും. ചിരിയും കരച്ചിലും അങ്ങനെ അവരുടെ ഓരോ ഭാവങ്ങളും  ഞാൻ  നിരീക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ എപ്പോഴും ഒരകലം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

 ഇത്തവണത്തെ അവരുടെ സംസാരം എനിക്ക് വേണ്ടി കണ്ടുപിടിച്ച ഗൾഫ് പുതിയാപ്പിളയെ കുറിച്ചാണെന്ന്  മനസ്സിലായി.  ഒരല്പം ഭയം എന്നെ പിടിച്ചുലച്ചു.  കോലായിൽ നിന്നും ഉപ്പാൻ്റെയും മൂത്താപ്പാൻ്റെയും  ഘോരമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്..  ” അവളെവിടെ ഒരുങ്ങി കഴിഞ്ഞില്ലേ?” മൂത്താപ്പയാണത്..  “എല്ലാത്തിനും ഓളെ പറഞ്ഞാൽ മതി.. ഓളാണാ പെണ്ണിനെ ഇത്രയും വഷളാക്കിയെ..  പെൺകുട്ട്യോൾ ആവുമ്പോഴേ നേരത്തിനും കാലത്തിനും കെട്ടിച്ചയക്കണം,  അല്ലാതെ ഉദ്യോഗം   പഠിത്തം എന്ന് പറഞ്ഞു നടന്നിട്ട് ഓള് തലേകേറി നെരങ്ങാണ്. ..   ഹിജാബിൽ നിന്നും പുറത്ത് ചാടി തറവാട് വീടിൻ്റെ പറമ്പ് ചുറ്റികണ്ടത് ഞാൻ മാത്രമായിരിക്കാം ഒരുപക്ഷെ..”  ആരോടെന്നില്ലാതെ  വീണ്ടും  ആത്മഗതം  പറഞ്ഞു കൊണ്ട് മൂത്താപ്പ ഉമ്മറത്തെ കസേരകൾ ഓരോന്നും ശരിയാക്കിയിട്ട്കൊണ്ടിരുന്നു.  

  ഈ 18 വയസ്സിൻ്റെ പ്രശ്നം ഇടക്ക് കയറി വന്നു.. അതാ ഈ ഒളിച്ചും പതുങ്ങിയുമുള്ള നിക്കാഹ് വേണ്ടി വന്നത്.  പോലീസിനും കോടതിക്കുമൊക്കെയങ്ങ്   പറഞ്ഞാ മതി..  പെൺകുട്ട്യോൾ ഉള്ള തന്താരടേം,  തള്ളാരുടേം മനസ്സിലെ വിഷമം ഈ നിയമം പറയുന്നവർക്കൊക്കെ മനസ്സിലാവോ?..  അല്ലെങ്കിലും… ആരെതിർക്കാനാ..ൻ്റെ  കുട്ടിക്ക് നേരം വെളുക്കുമ്പോൾ പതിനെട്ട്  തികയും. ഒരു ചൊർക്കുള്ള ചെക്കനേം കിട്ടും.. ഓൾ  ഭാഗ്യള്ള കുട്ട്യാ..  ഇത്രയും പറഞ്ഞു ഉമ്മാമ്മ ഏന്തി വലിഞ്ഞു വിഷാദം കലർന്ന എൻ്റെ  മുഖത്ത് നോക്കി പുഞ്ചിരിച്ചു..  

എൻ്റെ  ഉമ്മ ഇടക്കിടക്ക് പറയാറുണ്ട് പെണ്ണായി പിറന്നാൾ മണ്ണാവോളം കണ്ണീർ ആണെന്ന്.. കരയാൻ വേണ്ടി മാത്രമാണോ ഉമ്മാ  പെണ്ണിന് ജന്മം നൽകുന്നത് എന്ന എൻ്റെ  ചോദ്യത്തിന്  ഒരു ചെറു പുഞ്ചിരി മാത്രമേ മറുപടിയായി കിട്ടാറുള്ളൂ.

എനിക്ക് വയ്യ മടുത്തു..  ഓർമ വെച്ച കാലം മുതൽ അവരുടെ ആഞ്ജകൾ അനുസരിച്ച്  ജീവിച്ചു മടുത്തു.  ” വയ്യ ഉമ്മാ എന്നെ കൊണ്ടാവുല്ലാ..” ആ കണ്ണിൽ നിന്നും ദയയോടെ ഉള്ള ഒരു നോട്ടം പോലും എനിക്ക് നേരെ ഉണ്ടായില്ല.. ഇത് എൻ്റെ  ഉമ്മ തന്നെ ആണോ എന്ന് ഒരു നിമിഷം തോന്നി പോയെനിക്ക് . പെട്ടന്ന് ആണ് ഉപ്പ വാതിൽ തള്ളി തുറന്നത് .. “ഇബ്‌ലീസെ ഇയ്യ് ആണ് ൻ്റെ  കുട്ടിനെ കേടര്ത്തണത്,  പൊയ്ക്കോണം അവിടുന്ന്.. നീ അന്നെ  ഏൽപ്പിച്ച പണി ചെയ്താൽ മതി.. ഇത്രയൊക്കെ മതി നിൻ്റെ  ഒരുക്കം അതിനുള്ളതൊക്കെയുള്ളൂ.”  എന്തെങ്കിലും തിരിച്ചു പറയാൻ ആവുന്നതിനു മുൻപേ എന്നെ ബലമായി വലിച്ചിറക്കി കൊണ്ട്പോയിരുന്നു.  പിന്നീട് എല്ലാം യാന്ത്രികമായിരുന്നു.. എവിടെയോക്കെയോ  ഇടിമുഴക്കം  പോലെ കുത്തിതറക്കുന്ന  ശബ്ദങ്ങൾ.. ആരുടെയൊക്കെയോ ആഞ്ജകൾക്കനുസരിച്ച്   ശരീരം ചലിച്ചു കൊണ്ടിരുന്നു..  മനസ്സപ്പോഴും മറ്റെവിടെയോ ആയിരുന്നു.. 

 ‌ഇരുട്ട് ആളിപ്പടർന്ന അകത്തളത്തിൽ  ഉമ്മാക്ക്  ശ്വസിക്കാൻ വേണ്ടി ഉപ്പ പ്രത്യേകം  ഒരു തുളയിട്ട് കൊടുത്തിരുന്നു..  എൻ്റെ  കണ്ണ് എപ്പോഴൊക്കെയോ പരതിയ തുളകൾ…  അവിടെ നിന്നും തേങ്ങലുകൾ പതിയെ കാറ്റിൽ അലിഞ്ഞു ദൂരെക്ക്  അകലുന്നതായി  തോന്നിയെനിക്ക്..  ശബ്ദം ഉയർന്നു പൊങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ചോർത്താവാം ആ തേങ്ങൽ  ഇടക്ക് വെച്ച് നിന്ന് പോയത്?  അതോ എൻ്റെ  തോന്നൽ ആയിരുന്നോ?..  ഇല്ല എനിക്ക് വേണ്ടി കരയില്ല അവരോരിക്കലും . പുറത്ത് ആർത്തിരമ്പി പെയ്യുന്ന മഴ എൻ്റെ  മനസ്സിൽ ആണെന്ന് ഒരു നിമിഷം തോന്നി ..  ഇരുട്ടിനെ കൂട്ട് പിടിച്ച്  ഒരു കൂട്ടം ആളുകൾ നടന്ന് വരുന്നതായി കണ്ട്..  നീതിയും നിയമവും എനിക്ക് വേണ്ടി കനിഞ്ഞു തന്ന കാലാവധി ഇവിടെ അവസാനിക്കാൻ പോകുന്നു..  പതിനെട്ടു വയസ്സ് തികയാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ ഭാരം തോന്നിക്കുന്ന വിധം എന്തോ ഒന്ന് എൻ്റെ  കഴുത്തിൽ മുറുകിയതായി ഞാൻ അറിഞ്ഞു. ഒരിക്കലും ഞാൻ രക്ഷപെടാത്ത വിധം അളന്നു മുറിച്ച്  തയ്യാറാക്കിയ ആ കുരുക്ക്  കൃത്യമായി കശേരുവിൽ തന്നെ അവർ മുറുക്കിയിരിക്കുന്നു.  ശ്വാസം മുട്ടുന്നുണ്ട്.. ചുറ്റിലും വലിഞ്ഞു മുറുക്കിയ ബന്ധ(ന)ങ്ങളെല്ലാം  പൊട്ടിച്ചെറിഞ്ഞു  എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നി..  ഇല്ല അതിനുള്ള ശക്തി എനിക്ക് ഇല്ല.. ജീവൻ ഇല്ലാത്ത വെറും ശരീരം മാത്രം ആണിത്..  ജീവനായിരുട്ട് മുറിയിൽ ഉപ്പാൻ്റെ കാൽ കീഴിൽ അമരുകയാണ് …  

പറമ്പിൻ്റെ  തെക്ക് ഭാഗത്തു വിറക്  കൂട്ടിവെച്ച് കത്തിച്ചുണ്ടാക്കുന്ന  എനിക്കേറെ പ്രിയപ്പെട്ട ബിരിയാണി മസാലയുടെ ഗന്ധം ഇന്നെനിക്ക് വളരെ രൂക്ഷ ഗന്ധമായി അനുഭവപ്പെട്ടു.  വിറക് കഷ്ണങ്ങൾ  ഓരോന്നും പൊട്ടുന്ന  ശബ്ദവും  പതിയെ കത്തിയമർന്നു ചാരമായി മാറുന്നതും ഞാൻ കണ്ടു.. ആ തീയിൽ കത്തിയമർന്നു ചാരമാവുന്നത് ഞാനാണെന്ന്  തോന്നി ..  ഓടി ചെന്ന് അലമാരയിൽ നിന്നും എനിക്കേറെ പ്രിയപ്പെട്ടതും  മറ്റാർക്കും വില ഇല്ലാത്തതുമായ  ഒരു കെട്ട്  സർട്ടിഫിക്കേറ്റുകൾ  പെറുക്കിഎടുത്തു  തിരികെ  വന്ന്  കിതച്ച്  കൊണ്ട് നിന്നു..  ജീവനോടെ കത്തിയമരുന്ന  എൻ്റെ  ചിതയിലേക്ക് അവ ഓരോന്നും വലിച്ചെറിഞ്ഞ്  പിൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു… കഴുത്തിൽ വീണ ചങ്ങലയെ  മുറുക്കി പിടിച്ച്  തേങ്ങലുകൾ  മാത്രം കേൾക്കാറുള്ള  ആ ഇരുട്ട് മുറിയെ ലക്ഷ്യമാക്കികൊണ്ട്….

One Response

  1. വർഷങ്ങളിൽ മാറ്റം വന്നാലും ചിന്താഗതിയിൽ മാറ്റം വരാത്ത ഒരു സമൂഹത്തിന് കൊടുക്കാൻ പറ്റിയ വലിയ അടി അത് വിദ്യാഭ്യാസ മാണ് പഠിക്ക് പെണ്ണുങ്ങളെ പഠിക്ക്. തന്നെ തളച്ചിടാൻ പണിയുന്നതിനെ തച്ചുടക്കാൻ കഴിയുന്നതത്രയും പ്രഹരശേഷിയുള്ള ആയുധത്തിന് വേണ്ടി പഠിക്ക് . ഒരു പ്രായം കഴിഞ്ഞാൽ, ലോകമാണ് എന്ന് കരുത്യവരോക്കെ തിരിയും . നല്ലതിന് വേണ്ടി അനെന്ന് പറയും . വിശ്വസിക്കരുത് നിൻ്റെ ശരി അത് മാത്രമേ നിനക്ക് സന്തോഷം തരൂ…..

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…