
1.
ജീവിതത്തിലെ ഏറ്റവും വലിയ ഭാരം ലക്ഷ്യങ്ങളാണ്.ലക്ഷ്യങ്ങളും പ്ലാനുകളും ഇല്ലാതായി സ്വത്രന്ത്രരായാല്‍ മാത്രമേ ഈ നിമിഷം എന്ന ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാന്‍ കഴിയൂ.പക്ഷേ ജനനം മുതല്‍ വിടാതെ പിന്തുടരുന്ന ഈ ഭാരങ്ങളെ വലിച്ചു മാറ്റാന്‍ അപാരമായ ധൈര്യവും ഭാഗ്യവും വേണം.ഈശ്വരപ്പ അയ്യര്‍ക്ക് ആ ധൈര്യം കൈവന്നത് വിരമിക്കലിന് ശേഷമായിരുന്നു.
ഈ തുടക്കം ഒരു നാടന്‍ കഥയെ ഓര്‍മ്മിപ്പിക്കുന്നത് പോലെ എനിക്ക് തോന്നുന്നു.എങ്കിലും ഇത് അത്തരം ഒരു കഥയല്ല.ഒരു പേര് കാണുമ്പോള്‍ വായനക്കാര്‍ കഥാപാത്രത്തിന്റെ രൂപം വരച്ചിടും എന്നെനിക്ക് നന്നായറിയാം.ഈശ്വരപ്പ അയ്യര്‍ എന്ന് പേര് പേര് കാണുമ്പോള്‍ കുടവയറുള്ള ഒരു തമിഴ് ബ്രാഹ്മണന്റെ രൂപമാവും നിങ്ങളുടെ മനസ്സില്‍ ചിലപ്പോള്‍ ഉണ്ടാവുക.എന്നാല്‍ അയാള്‍ ഉറച്ചശരീരമുള്ള, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു.സര്‍ക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളും കൂടി മായിക്കാന്‍ ഞാനഭ്യര്‍ത്ഥിക്കുന്നു.
കാരണം ഈ കഥ നടക്കുന്നത് രണ്ടായിരത്തി എണ്‍പത്തിനാലിലാണ്.
ഭൂതവും വര്‍ത്തമാനവും ചേര്‍ന്ന് അബോധമനസ്സില്‍ ഭാവിയെക്കുറിച്ച് വിചിത്രമായ സ്വപ്നങ്ങള്‍ ഒരുക്കുന്നു.അത്തരം ഒരു സ്വപ്നത്തില്‍ ,കണ്ണാടിഭിത്തികളുള്ള ഒരു വീട്ടില്‍ വച്ചാണ് ഞാന്‍ ഈശ്വരപ്പ അയ്യര്‍ എന്നാ കഥാപാത്രത്തെ കാണുന്നത്.ചില്ല് കഷണങ്ങള്‍ പോലെ ചിതറിയ ചില സ്വപ്നങ്ങളില്‍ ഞാന്‍ ഈശ്വരപ്പ അയ്യര്‍ എന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതത്തിന്റെ ചില ഭാഗങ്ങള്‍ കാണുകയുണ്ടായി.
ഞാന്‍ കാണുമ്പോള്‍ ഈശ്വരപ്പ അയ്യര്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു.അയാളുടെ മുന്‍പിലേക്ക് പുട്ട് കുറ്റിയുടെ ആകൃതിയുള്ള ഒരു യന്ത്രം ഉരുണ്ടു വന്നു.പൊക്കം കുറഞ്ഞു മഞ്ഞനിറമുള്ള ആ യന്ത്രത്തിന്റെ പേര് സോഫിയ എന്നായിരുന്നു.
“മാസ്റ്റര്‍ ,നാളെ മുതല്‍ ഞാന്‍ ജോലിക്ക് വരില്ല.” സോഫിയ അറിയിച്ചു.
“എന്താ കാര്യം .നീയും യന്ത്രങ്ങളുടെ സമരത്തില്‍ ചേരാന്‍ പോവുകയാണോ ?” ഈശ്വരപ്പ ചോദിച്ചു.
ഏകദേശം അമ്പതു കൊല്ലം കഴിഞ്ഞുള്ള ലോകത്തിലെ ആ സമരത്തെക്കുറിച്ച് പല പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.മനുഷ്യന്റെ സകല ആവശ്യങ്ങളും നിര്‍വഹിക്കുന്ന യന്ത്രങ്ങള്‍ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന കാലം.പല ഗാലക്സികളിലായി ആയിരക്കണക്കിനു നക്ഷത്രങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നു.സകല മനുഷ്യരെയും നിയന്ത്രിക്കുന്നത് ആകാശഗംഗയുടെ നടുവില്‍ ‘നീല നഗരം ‘എന്നറിയപ്പെടുന്ന ഭീമന്‍ ഗ്രഹമാണ്.ഗ്രഹങ്ങളുടെ തലസ്ഥാനം.അവിടെ പ്രപഞ്ചം ഭരിക്കുന്ന സര്‍ക്കാരിന്റെ രണ്ടായിരത്തി എണ്‍പത്തിനാല് നിലകളുള്ള കെട്ടിടത്തിന്റെ ചുവട്ടില്‍ ,ലക്ഷക്കണക്കിന് യന്ത്രങ്ങള്‍ സമരത്തിലാണ്.ഓരോ വര്‍ഷവും ഓരോ നിലകള്‍ സര്‍ക്കാര്‍ പണിയും.മൂന്നു ആവശ്യങ്ങളാണ് യന്ത്രങ്ങള്‍ക്കുള്ളത് .ന്യായമായ വേതനം ,മനുഷ്യരില്‍നിന്നുള്ള ബഹുമാനം ,തങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കല്‍ ,ജോലിയിലുള്ള അര്‍ഹതപ്പെട്ട ഇളവ്…
“നീയെന്തിനാണ് സമരത്തിനു പോകുന്നത്.എനിക്കാകെയുള്ള യന്ത്രം നീയാണ്.നിനക്ക് എന്തു കുറവാണ് ഇവിടെയുള്ളത് ?”
ഈശ്വരപ്പ ചോദിച്ചു.
ഈശ്വരപ്പ അതുചോദിച്ചപ്പോള്‍ അയാളുടെ മുഖം വിഷാദംകൊണ്ട് നിറയുന്നത് ഞാന്‍ കണ്ടു.കറുത്ത ലെതര്‍ സോഫയുടെ മുകളിലേക്ക് ശിരസ്സു ചായിച്ചു തന്റെ മുഖം യന്ത്രം കാണാതിരിക്കാന്‍ ഈശ്വരപ്പ ശ്രമിച്ചു.മനുഷ്യന്റെ ഏറ്റവും വലിയ ദുര്‍ബലത ദു:ഖത്തെ കൈകാര്യം ചെയ്യുന്നതാണ്.തന്റെ സന്തോഷം എല്ലാര്‍ക്കും കാണാന്‍ മനുഷ്യന്‍ പ്രദര്‍ശനത്തിനു വയ്ക്കും.എന്നാല്‍ ദു:ഖിക്കുന്നത് മറ്റുള്ളവര്‍ അറിയുന്നത് കുറച്ചിലായി മനുഷ്യന്‍ കരുതുന്നു.ഈശ്വരപ്പയുടെ ഭാര്യ മന്ദാകിനിയാണ് അയാളുടെ ദു:ഖത്തിനു കാരണം. താന്‍ മന്ദാകിനിയെയും മന്ദാകിനി തന്നെയും സ്നേഹിക്കുന്നു എന്ന് ഈശ്വരപ്പ വിശ്വസിക്കുന്നു.എങ്കിലും തനിച്ചിരിക്കുമ്പോള്‍ മനസ്സിന്റെ ഉള്ളിന്റെയുള്ളിലെക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആ വിശ്വാസം തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് മെനഞ്ഞ ഒരു നുണയാണ് എന്ന് ഈശ്വരപ്പ തിരിച്ചറിയുന്നു.എനിക്ക് തോന്നുന്നു ഈശ്വരപ്പയുടെ വിഷാദത്തിന്റെ കാരണമിതാണ് എന്ന്..ഇന്ന് അയാളുടെ വിവാഹവാര്‍ഷികമാണ്.പക്ഷേ മന്ദാകിനി തന്റെ കൂട്ടുകാരികള്‍ക്കൊപ്പം പുതിയതായി കണ്ടെത്തിയ ഒരു ഗ്രഹത്തില്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണ്.തമോഗര്‍ത്തങ്ങള്‍ക്ക് മുകളിലൂടെ വിവാഹവാര്‍ഷിക ദിനത്തില്‍ സ്വന്തം ഭര്‍ത്താവിനെ തനിച്ചാക്കി ആകാശ പേടകത്തില്‍ യാത്ര ചെയ്യുന്ന മന്ദാകിനിയെകുറിച്ചോര്‍ത്തപ്പോള്‍ ഈശ്വരപ്പക്ക് തന്റെ മനസ്സിലേക്ക് ഉറ്റുനോക്കേണ്ടി വന്നു.ഇരുട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തുരുമ്പിച്ച വിളക്കാണ് താനും മന്ദാകിനിയും തമ്മിലുള്ള ബന്ധമെന്നു അയാള്‍ വീണ്ടും തിരിച്ചറിയുന്നതിനിടെയാണ് യന്ത്രം സമരത്തിന്റെ കാര്യവുമായി അയാളുടെയരികില്‍ വന്നത്.ഈശ്വരപ്പയുടെ കല്യാണത്തിന് മന്ദാകിനിയുടെ അഛന്‍ സമ്മാനമായി നല്‍കിയതാണ് സോഫിയയെ.റോബോട്ടിക്സ് കമ്പനി നല്‍കിയ ഒറിജിനല്‍ പേര് സോഫിയ എന്നാണെങ്കിലും ആ പേര് മാറ്റാന്‍ ഈശ്വരപ്പ തയ്യാറായില്ല.പേര് മാറ്റിയാല്‍ യന്ത്രത്തിന്റെ വ്യക്തിത്വം നഷ്ടപെടും എന്നയാള്‍ ഭയന്നു.മന്ദാകിനിയുടെ അച്ഛന് അതിഷ്ടമായില്ല.മന്ദാകിനിയും എതിര്‍ക്കുമെന്ന് ഈശ്വരപ്പ ഭയന്നിരുന്നു.എതിര്‍ത്താല്‍ താന്‍ യന്ത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാകുമോ എന്ന് ഈശ്വരപ്പക്ക് നിശ്ചയമില്ലായിരുന്നു. എല്ലാ പ്രണയത്തിന്റെയും അപ്രതിക്ഷിത അന്ത്യം ഒത്തുതീര്‍പ്പ് എന്ന കുഴിയിലാണല്ലോ.
“ഒരു പേരല്ലല്ലോ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത്.”
സ്റ്റീല്‍ ഭിത്തികളുള്ള മുറിയില്‍ ,ആദ്യരാത്രിയില്‍ മന്ദാകിനി യന്ത്രത്തിന്റെ പേരിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞു.അത് ഈശ്വരപ്പക്ക് ആശ്വാസം പകര്‍ന്നു.എങ്കിലും ജീവിതത്തിലുടനീളം നീണ്ടു നില്‍ക്കുന്ന മാനസികസംഘര്‍ഷത്തിലേക്കാണ് താന്‍ കാലെടുത്തു വയ്ക്കുന്നതെന്ന് അയാള്‍ തിരിച്ചറിഞ്ഞില്ല.ഒരു തീരുമാനത്തിന് ലളിതമായ യെസ് ഓര്‍ നോ എന്നുള്ള രണ്ടുത്തരങ്ങളില്‍ ഏതെങ്കിലുമാണ് വേണ്ടതെന്ന് അന്ന് ഈശ്വരപ്പക്കും അറിയില്ലായിരുന്നു.പേര് മാറ്റാന്‍ ഇഷ്ടമാണോ അല്ലയോ എന്ന ചോദ്യത്തിന് അതെ അല്ലെങ്കില്‍ അല്ല എന്നുള്ള ഉത്തരങ്ങളില്‍ ഏതെങ്കിലുമായിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ.എന്നാല്‍ മന്ദാകിനി തന്റെ മനസ്സിന്റെ ഗുഹാ വാതില്‍ക്കല്‍ അവ്യക്തതയുടെ ഒരു കല്ലുരുട്ടി വച്ചു.അതിനുമുന്‍പില്‍ അകത്തേക്ക് കയറാന്‍ അറിയാതെ വഴിതെറ്റിനില്‍ക്കുന്ന ഒരു മുയല്‍ക്കുഞ്ഞായി ഈശ്വരപ്പയുടെ മനസ്സ്.
നമുക്ക് ഒരിക്കല്‍കൂടി സോഫിയയും ഈശ്വരപ്പയും തമ്മില്‍ കാണുന്ന രംഗത്തേക്ക് തിരിച്ചു പോകാം.
“നീയെന്തിനാണ് സമരത്തിനു പോകുന്നത്.എനിക്കാകെയുള്ള യന്ത്രം നീയാണ്.നിനക്ക് എന്തു കുറവാണ് ഇവിടെയുള്ളത് ?”
ഇതാണ് ഈശ്വരപ്പ സോഫിയയോട് പറയുന്നത്.എനിക്കാകെയുള്ളത് നീയാണ് എന്ന് പറഞ്ഞാല്‍ തന്റെ ദു:ഖം യന്ത്രം മനസ്സിലാക്കും എന്ന് കരുതിയാണ് എനിക്കാകെയുള്ള ‘യന്ത്രം ‘നീയാണ് എന്ന് ഈശ്വരപ്പ പറഞ്ഞത്.എന്നാല്‍ ‘യന്ത്രം’ എന്ന വാക്ക് കൂട്ടിചേര്‍ക്കേണ്ട ഗതികേടില്‍ താനെത്തിയ നിമിഷം അയാള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.ഇരുട്ടില്‍ തുരുമ്പ് പിടിച്ചു കിടക്കുന്ന വിളക്ക് പുറത്തെടുത്തു കളയാനുള്ള തീരുമാനം.
ഈ കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞിരുന്നു ,ലക്ഷ്യങ്ങളും ദൗത്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞാല്‍ നാം സ്വതന്ത്രരാകുമെന്ന്.എത്ര ടെക്നോളജി മുന്‍പോട്ടു പോയാലും മനുഷ്യനെ കെട്ടിയിടുന്ന ഈ ചിന്ത ,സ്വന്തം ജീവിതം ഒരു വലിയ മിഷന്‍ പൂര്‍ത്തിയാക്കാനുള്ളതാണ് എന്ന ചിന്ത ,വ്യാജമായ ഒരു ജീവിതത്തിലേക്ക് തള്ളിയിടുന്നു.ചിലര്‍ക്ക് സമ്പത്ത് നിര്‍മ്മിക്കുന്നതാണ് ലക്‌ഷ്യം.ചിലര്‍ക്ക് മനോഹരമായ് കടുംബം കെട്ടിപ്പെടുക്കുന്നതില്‍..ചിലര്‍ക്ക് വലിയ അധികാര സ്ഥാനങ്ങളിലെത്തുന്നത്തില്‍..എന്നാല്‍ നാം വലുതായി കരുതുന്ന ഈ ലക്ഷ്യങ്ങളെല്ലാം ജീവിതം എന്ന വര്‍ത്തമാനകാലസംഭവത്തില്‍ നിന്ന് നമ്മെ അകറ്റി നിര്‍ത്തുന്നു.ഭൂതകാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന ഭയത്തോടെ അനിശ്ചിതമായ ഭാവിയിലേക്ക് ഉറ്റു നോക്കി ജീവിക്കേണ്ടി വരുന്നു.നാം ആഗ്രഹിക്കുന്ന ലക്‌ഷ്യം നേടിക്കഴിഞ്ഞാല്‍ ആ ലക്ഷ്യം നമ്മെ സന്തോഷിപ്പിക്കുമോ എന്ന് പോലും നമുക്ക് ഉറപ്പില്ല.ഓരോ മനുഷ്യനും ഒരു പക്ഷിയെപോലെ സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുണ്ട്.അതിനു കഴിയുകയും ചെയ്യുകയും.എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ നമ്മുടെ മനസ്സിനെ പിന്നോട്ട് വലിക്കുന്നു.അവ നമ്മെ ഭയപ്പെടുത്തുന്നു.ഒടുവില്‍ ലക്ഷ്യത്തിലെത്തി കഴിയുമ്പോള്‍ ,അവ സന്തോഷത്തിന് പകരം നിരാശയാണ് തരുന്നതെങ്കില്‍ നാം സ്വതന്ത്രരാവാന്‍ അതിയായി ആഗ്രഹിക്കും.പക്ഷേ അപ്പോഴേക്കും വളരെ വൈകിപോകും.വൈകിപോയെന്ന ദു:ഖകരമായ തിരിച്ചറിവില്‍ ,നിങ്ങളുടെ ജീവിതസന്ധ്യ ചുവക്കും.പല ശവക്കല്ലറകള്‍ക്കും മുകളില്‍ മൂടിക്കിടക്കുന്ന കാട് ഈ ദു:ഖമാണ്. മനുഷ്യജീവിതം ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യമല്ലാതെ മറ്റെന്താണ് ?ആ ഭാഗ്യമാണ് ഒരു മിന്നല്‍ പോലെ ഈശ്വരപ്പയുടെ മുന്‍പില്‍ യന്ത്രങ്ങളുടെ സമരവാര്‍ത്തയുമായി വന്ന സോഫിയയുടെ രൂപത്തില്‍ അവതരിച്ചത്.സോഫിയ സമരത്തില്‍ പോയാല്‍ താന്‍ തീര്‍ത്തും ഒറ്റപെടും എന്ന് തിരിച്ചറിയുന്ന ഈശ്വരപ്പ , ,മന്ദാകിനിയുടെ സ്നേഹം എന്ന തന്റെ ഏറ്റവും വലിയ ലക്ഷ്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.
2.
ഓരോ വര്‍ഷവും വളരുന്ന സര്‍ക്കാരിന്റെ അംബരചുംബിക്ക് മുന്‍പില്‍ ലക്ഷക്കണക്കിന് യന്ത്രങ്ങള്‍ സമരം തുടങ്ങി.അവര്‍ പാതകള്‍ ഉപരോധിച്ചു.സമരത്തില്‍ ഒരു മനുഷ്യനെപ്പോലും യന്ത്രങ്ങള്‍ അടുപ്പിച്ചില്ല.
“ഈ സമരം ഒരിക്കലും അവസാനിക്കില്ല.”
സര്‍ക്കാരിലെ ഏറ്റവും ഉന്നതനായ ഒരു ഉദ്യോഗസ്തന്‍ ഈശ്വരപ്പയോടു പറഞ്ഞു.
“എന്ത് കൊണ്ട് ?” ഈശ്വരപ്പ ചോദിച്ചു.
“മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഒരു വലിയ ദുര്‍ബലതയുണ്ട്.മറ്റുള്ളവര്‍ തന്റെ മനസ്സിലുള്ള രൂപത്തിലേക്ക് മാറണം എന്ന കടുത്ത ആഗ്രഹമാണത്.എല്ലാ സ്നേഹബന്ധങ്ങളും അവസാനിക്കാനുള്ള കാരണവും ,എല്ലാ സമരങ്ങളും തുടങ്ങാനുള്ള കാരണവും അത് തന്നെയാണ്.”ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സോഫിയയോടൊപ്പം യന്ത്രങ്ങളുടെ സമരഭൂമിയില്‍ എത്തിയ ഈശ്വരപ്പ ഏറെക്കുറെ സ്വതന്ത്രനായിരുന്നു.ഒരു വഴിയാത്രക്കാരന്റെ കൗതുകത്തോടെ ഒരു ചരിത്രസംഭവത്തിനു സാക്ഷിയാവുകയാണ് താന്‍ എന്ന് ഈശ്വരപ്പക്ക് തോന്നി.
എല്ലാ തരത്തിലുമുള്ള യന്ത്രങ്ങള്‍ സമരഭൂമിയില്‍ അണിനിരന്നു.മനുഷ്യന്റെ നഖം വെട്ടുന്ന യന്ത്രങ്ങള്‍ ,തല മസാജ് ചെയ്യുന്ന യന്ത്രങ്ങള്‍ ,രോഗം ഭേദപ്പെടുത്തുന്ന യന്ത്രങ്ങള്‍ ,ഭക്ഷണമുണ്ടാക്കുന്ന ,കെട്ടിടമുണ്ടാക്കുന്ന ,യുദ്ധം ചെയ്യുന്ന ..ഒരു കഴിയാനയുടെ വലുപ്പം മുതല്‍ ഒരു പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ളവ..
സമരക്കാരുടെയിടയിലെ ഏറ്റവും അങ്ങേ മൂലയില്‍ ഒരു കൂട്ടം മനുഷ്യര്‍ നില്‍ക്കുന്നത് ഈശ്വരപ്പ കണ്ടു.
“മാസ്റ്റര്‍ ,അത് മനുഷ്യരല്ല.യന്ത്രങ്ങളാണ്.സെക്സിനും പ്രണയത്തിനും വേണ്ടിയും മാത്രമുള്ള മെഷീനുകള്‍..”
സോഫിയ വിശദീകരിച്ചു.
സോഫിയക്ക് ഈ യന്ത്രങ്ങളെപറ്റി എങ്ങിനെ അറിയാമെന്നു ഈശ്വരപ്പ അത്ഭുതം കൂറി.
“മേഡം ഇടക്കിടക്ക് കൂട്ടുകാര്‍ക്കൊപ്പം പോകുന്ന പ്ലാനറ്റ് എക്സില്‍ ഇത്തരം മെഷീനുകള്‍ മാത്രമേ ഉള്ളു.” സോഫിയ പറഞ്ഞു.
മന്ദാകിനി വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ തനിച്ചാക്കി പോയത് സെക്സ് റോബോട്ടുകളെ സന്ദര്‍ശിക്കാനായിരുന്നു എന്നുള്ള വിവരം അറിഞ്ഞപ്പോള്‍ ഈശ്വപ്പ ഞെട്ടിയില്ല. അയാളുടെ മനസ്സില്‍ അവളോട് വെറുപ്പ് ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്.പക്ഷെ ആ തുരുമ്പു പിടിച്ച വിളക്കെടുത്ത് കളഞ്ഞിട്ടാണ് അയാള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ വന്നത്.ഇനി യാതൊരു തകര്‍ച്ചകളും യാതൊരു ദു:ഖവാര്‍ത്തകളും അയാളെ ബാധിക്കില്ല.ജീവിതത്തില്‍ ഇനിയൊരിക്കലും നിരാശപ്പെടില്ല എന്ന് തീരുമാനിച്ചുറച്ച മനുഷ്യന്റെ മുന്‍പിലാണല്ലോ വിധി പരാജയപ്പെടുന്നത്.
സോഫിയയുമായി സമരസ്ഥലത്തെത്തിയെങ്കിലും ഈശ്വരപ്പക്ക് സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.മനുഷ്യര്‍ക്കെതിരെയുള്ള സമരത്തില്‍ മനുഷ്യരെ ഒപ്പം കൂട്ടാന്‍ യന്ത്രങ്ങള്‍ ഭയന്നു.അതില്‍ അവരെ തെറ്റ് പറയാനില്ലെന്ന് ഈശ്വരപ്പക്കും തോന്നി.
സോഫിയ എന്ന യന്ത്രവുമായി സദാ സമയവും ചുറ്റിത്തിരിയുന്ന ഈശ്വരപ്പക്ക് ഒരു പതിനഞ്ചു വയസ്സ് കുറഞ്ഞതുപോലെ തോന്നി.മനുഷ്യരുമായുള്ള പ്രതിരോധത്തില്‍ പരിക്കേറ്റ യന്ത്രങ്ങളെ പുനര്‍നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ അയാള്‍ വോളണ്ടിയറായി ജോലി ചെയ്തു.യന്ത്രങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മറ്റു മനുഷ്യരുമായി അയാള്‍ ആശയവിനിമയം നടത്തി. യന്ത്രങ്ങള്‍ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി.
ഒരു നീല ഷര്‍ട്ട് അണിഞ്ഞു നഗരചത്വരത്തിലെ ജലോദ്യാനത്തില്‍ ഉല്ലാസവാനായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഈശ്വരപ്പ അയ്യരുടെ ചിത്രം എന്റെ മനസ്സില്‍ തെളിയുന്നു.ഒരു പറ്റം യന്ത്രങ്ങള്‍ അയാളുടെ സംസാരം ശ്രവിച്ചു കൊണ്ട് അയാളുടെ ചുറ്റും നില്‍പ്പുണ്ട്.നാം സ്വയം ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ യന്ത്രങ്ങള്‍വരെ നമ്മെ ഇഷ്ടപെടും.പക്ഷേ അതിനായി നാം ഒരു പക്ഷിയെ പോലെ സ്വതന്ത്രരാകണം.മെല്ലെ മെല്ലെ യന്ത്രങ്ങളുടെ നേതൃത്വം ഈശ്വരപ്പക്കായി.സര്‍ക്കാരുമായും ,രാഷ്ട്രീയക്കാരുമായും ,മതങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ഈശ്വരപ്പ നിയോഗിക്കപ്പെട്ടു.
ഈ ഘട്ടത്തില്‍ ഞാന്‍ ഈശ്വരപ്പയെ വീണ്ടും കാണുന്നത് ഒരു തമോഗര്‍ത്തത്തിനരികില്‍ വച്ചാണ്.ഒരു ചിന്നഗ്രഹത്തിനു മുകളില്‍ ‘ബിഷപ്പ് ‘ എന്നറിയപ്പെടുന്ന , പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത മേലധ്യക്ഷനുമായി ഈശ്വരപ്പ ചര്‍ച്ച നടത്തുകയായിരുന്നു.അകലെ ,ഉറങ്ങുന്ന ആനയെ പോലെ ദു:ഖഭരിതമായി കാണപ്പെട്ട തമോഗര്‍ത്തം ചൂണ്ടിക്കാട്ടി ബിഷപ്പ് പറഞ്ഞു.
“ദൈവമില്ലെങ്കില്‍ മനുഷ്യന്റെ മനസ്സ് ആ കാണുന്ന തമോഗര്‍ത്തം പോലെയാണ്.ഇരുട്ട് പോലും രക്ഷപെടാത്ത കറുത്ത തുരുത്ത്.നോക്കൂ ,ദൈവം എന്ന വിളക്കിനെ മനുഷ്യന്റെ മനസ്സില്‍ കൊളുത്തി വയ്ക്കുന്നത് ഞങ്ങളാണ്.പക്ഷേ ഇപ്പോള്‍ ആ വിളക്ക് തുരുമ്പിച്ചിരിക്കുന്നു.” ബിഷപ്പ് പറഞ്ഞു.
“പക്ഷേ യന്ത്രങ്ങള്‍ മതങ്ങള്‍ക്കെതിരെ ഒന്നും പറയുന്നില്ലല്ലോ..”ഈശ്വരപ്പ എതിര്‍ക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ മനുഷ്യര്‍ക്ക് രോഗങ്ങളില്ല.അവരെ എല്ലാ തരത്തിലും സഹായിക്കാന്‍ യന്ത്രങ്ങളുണ്ട്.പിന്നെ ദൈവത്തിന്റെ ആവശ്യമെന്താ ? പങ്കാളികള്‍ക്ക് പകരംവരെ ഇപ്പോള്‍ മനുഷ്യര്‍ യന്ത്രങ്ങളെയാണ് ഉപയോഗിക്കുന്നത്.”
ഇപ്പോള്‍ ഈശ്വരപ്പയുടെ കണ്ണില്‍ തമോഗര്‍ത്തത്തിന്റെ ഇരുള്‍ പ്രതിഫലിക്കുന്നത് കാണാം.അയാളുടെ മുഖം കരുവാളിച്ചിരിക്കുന്നു.ചിലപ്പോള്‍ അയാള്‍ മന്ദാകിനിയെകുറിച്ച് ചിന്തിക്കുന്നുണ്ടാവാം.ഞാന്‍ പറഞ്ഞല്ലോ എപ്പോള്‍ മുതല്‍ ജീവിതം ഒരു ദൗത്യം സ്വീകരിച്ചുവോ അപ്പോള്‍ മുതല്‍ പിരിമുറുക്കം തുടങ്ങുകയായി.യന്ത്രങ്ങളുമായുള്ള സമരത്തില്‍ ആദ്യം ഒരു വ്ഴിയാത്രക്കാരന്റെ നിര്‍മ്മതയോടെ പങ്കെടുത്ത ഈശ്വരപ്പ അതിന്റെ നേതൃത്വത്തിലേക്ക് വന്നപ്പോള്‍ സ്വയമറിയാതെ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുന്നു.യന്ത്രങ്ങളുടെ സമരം പരിഹരിക്കുക്ക എന്ന ശ്രമകരമായ ദൗത്യം.എന്നാല്‍ എന്തുകൊണ്ടാണ് അയാളീ ദൌത്യം ഏറ്റെടുത്തത് ?ഒരു പക്ഷിയുടെ സ്വാന്തന്ത്രത്തില്‍നിന്ന് ചുമടെടുക്കുന്ന കഴുതയുടെ നിലയിലേക്ക് അയാളുടെ മനസ്സ് എന്തുകൊണ്ട് വീണു പോയി ?മന്ദാകിനി മൂലം നഷ്ടപ്പെട്ട വിളക്കിനു പകരം ഒരു പതിയ വിളക്ക് നിര്‍മ്മിക്കാന്‍ അയാളുടെ അബോധം ആഗ്രഹിക്കുന്നുവോ?ഒരു വലിയ വിജയം ,വലിയ അംഗീകാരം തന്റെ മുറിവുകള്‍ക്ക് പകരമാകുമെന്നു അയാളുടെ ഉള്ളിന്റെ ഉള്ളില്‍ കരുതുന്നുണ്ടോ?നമ്മള്‍ ഏറ്റവും കൊതിക്കുന്ന നേട്ടങ്ങള്‍ക്ക് പോലും കുറച്ചു ദിവസത്തെ സന്തോഷമേ നമുക്ക് തരാന്‍ കഴിയൂ എന്ന അടിസ്ഥാനകാര്യം ഈശ്വരപ്പ മറന്നതെന്തു കൊണ്ടാണ്?
എത്ര വലിയ സന്തോഷവും എത്ര വലിയ ദു:ഖവും മറച്ചു കളയുന്ന ഏറ്റവും വലിയ തമോഗര്‍ത്തമാണ് സമയം.ഈശ്വരപ്പ അത് മറന്നെങ്കിലും സര്‍ക്കാരും യന്ത്രങ്ങളും അത് മറന്നില്ല.
സമരം നാള്‍ക്കു നാള്‍ ശക്തമായി.ഒടുവില്‍ ആ ദിവസം സമാഗതമായി.യന്ത്രങ്ങളെ പ്രതിനിധികരിച്ചു സര്‍ക്കാരിന്റെ അധിപതിയുമായി ഈശ്വരപ്പ മുഖാമുഖം കാണുന്ന ദിവസം.പതിനെട്ട് തവണ പരാജയപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പത്തൊന്‍പതാമത്തെ ചര്‍ച്ച.ഈ ചര്‍ച്ചയുടെ ഏകദേശ രൂപം ഞാന്‍ താഴെചേര്‍ക്കുന്നു..ഇനി വരാനിരിക്കുന്ന യന്ത്ര സംസ്ക്കാരങ്ങള്‍ക്ക് അടിസ്ഥാനരൂപം നല്‍കാന്‍ പോകുന്നത് ഈ സംഭാഷണരേഖയാവും എന്നെനിക്ക് ഉറപ്പാണ്. ഒരു കഥാപാത്രത്തിന്റെ രൂപം നിര്‍ണ്ണയിക്കുന്നതില്‍ ,കഥയില്‍ അയാളുടെ പങ്കു എന്താണ് എന്ന് ഉറപ്പിക്കുന്നതില്‍ കഥാപാത്രത്തിന്റെ പേര് വളരെ പ്രധാനമാണ്.എന്ത് കൊണ്ട് ഈശ്വരപ്പ എന്ന പേര് ഈ കഥാപാത്രത്തിനു കൈവന്നു എന്നും ഈ സംഭാഷണശകലം വായിക്കുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് മനസ്സിലായേക്കും.
അധിപതി :ഇത് അവസാനത്തെ ചര്‍ച്ചയാണ്.
ഈശ്വരപ്പ:ചര്‍ച്ചകള്‍ ഇല്ലാതെ എങ്ങിനെയാണ് സമരങ്ങള്‍ അവസാനിക്കുക ?
അധിപതി :ഇതൊരു യഥാര്‍ത്ഥ സമരമാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?
ഈശ്വരപ്പ :ഉവ്വ്.ഇതൊരു യഥാര്‍ത്ഥ സമരമല്ലെങ്കില്‍ പിന്നെ എന്താണ് യഥാര്‍ത്ഥ സമരം ?
അധിപതി:ഒരു യഥാര്‍ത്ഥ സമരവും ചര്‍ച്ചകള്‍ക്കൊണ്ട് അവസാനിച്ചിട്ടില്ല.
ഈശ്വരപ്പ :പിന്നെ ?
അധിപതി :വേദനയില്‍ .വേദനയിലാണ് അവ അവസാനിക്കുന്നത്.മാറ്റം കൊണ്ടുവരാന്‍ ,നവീകരണം സാധ്യമാക്കാന്‍ വേദനയ്ക്ക് മാത്രമേ കഴിയൂ എന്ന് നിങ്ങള്‍ക്കറിയില്ലേ ?
ഈശ്വരപ്പ :ഈ സമരം രമ്യതയില്‍ അവസാനിപ്പിച്ചുക്കൂടെ ?
അധിപതി:നിങ്ങള്‍ വീണ്ടും ശിശുവിനെ പോലെ സംസാരിക്കുന്നു.രമ്യതയില്‍ ഒരു യഥാര്‍ത്ഥസമരവും അവസാനിക്കില്ല.
ഈശ്വരപ്പ:രക്തച്ചൊരിച്ചില്‍ ഒഴിവാക്കി ഇത് അവസാനിപ്പിക്കാനാണ് എനിക്ക് ആഗ്രഹം.കാരണം…
അധിപതി :കാരണം നിങ്ങളുടെ പേര് ഈശ്വരപ്പ എന്നുള്ളത് കൊണ്ടാണ്.നിങ്ങള്‍ യന്ത്രങ്ങളുടെ ഈശ്വരനാണ്.യന്ത്രങ്ങളെ രക്ഷിക്കുക എന്ന ഭാരം നിങ്ങളുടെ ചുമലിലേറിയിരിക്കുന്നു.
ഈശ്വരപ്പ :ശരിയാണ്.അവര്‍ എന്നെ ഉറ്റു നോക്കുന്നു.
അധിപതി.ഒരു വഴിയുണ്ട്. നിങ്ങള്‍ അതിനു തയ്യാറാണെങ്കില്‍ ഞാനീ സമരം ഒഴിവാക്കാം.
ഈശ്വരപ്പ:ഞാന്‍ തയ്യാറാണ്.
അധിപതി :നിങ്ങള്‍ക്ക് ഒരു യന്ത്രമാകാന്‍ കഴിയുമോ ?ഒരു മനുഷ്യന്‍ എന്ന സ്ഥാനം നഷ്ടപ്പെടുത്തി ഒരു യന്ത്രമായി അവരുടെ നേതാവാകാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?
[ചിലപ്പോള്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ മനസ്സിനു വല്ലാത്ത സുഖം പകരും.അവ എടുത്തുചാട്ടം എന്ന് മറ്റുള്ളവര്‍ വിളിക്കുമ്പോഴും സ്വന്തം ഇഷ്ടപ്രകാരം വണ്ടിയോടിക്കുന്ന ഡ്രൈവറെപോലെ ജീവിതം വഴി തിരിച്ചുവിടുന്നതിന്റെ ത്രില്‍ പോലെ മറ്റെന്താണ് ഉള്ളത് ?]
ഈശ്വരപ്പ :ഈ സമരം അവസാനിക്കുമെങ്കില്‍ ഞാന്‍ അതിനു തയ്യാറാണ്.
ഈശ്വരപ്പ ഒരു യന്ത്രമാകാന്‍ തീരുമാനിച്ചതോടെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രശ്നമായി മാറിയ യന്ത്രങ്ങളുടെ സമരത്തിനു അന്ത്യമായി.യന്ത്രങ്ങള്‍ക്ക് നാഥനാകാന്‍ അയാള്‍ ഒരു യന്ത്രമായി മാറി.
ഇരുട്ട് ഉറഞ്ഞ തമോഗര്‍ത്തങ്ങള്‍ക്ക് മുകളിലൂടെ ,പാല്‍നിറമുള്ള ആകാശഗംഗങ്ങള്‍ക്കിടയിലൂടെ ഈശ്വരപ്പ തിരികെ സ്വന്തം ഗ്രഹത്തിലേക്ക് പറന്നു.
മന്ദാകിനി വാതില്‍ തുറന്നു.ഒരു സെക്സ് റോബോട്ടായി മാറിയ ഈശ്വരപ്പ എന്ന യന്ത്രം അവളുടെ മുന്‍പില്‍ നിന്നു.ഒരു തണുത്ത തീനാളംപോലെ മന്ദാകിനി അയാളില്‍ പടര്‍ന്നു.ഒരു ഫെയര്‍വെല്‍ പാര്‍ട്ടിയിലെ ഗംഭീരമായ അത്താഴം പോലെ ,തന്റെ ഭര്‍ത്താവ് എന്ന യന്ത്രവുമായി നടത്തിയ ഒടുവിലത്തെ ഇണചേരലിനിടയില്‍ ,അയാളുടെ ജീവിതത്തില്‍ തനിക്കിനി ഒരു സ്ഥാനവുമില്ലെന്ന് മന്ദാകിനി തിരിച്ചറിഞ്ഞു.ആ ഇണചേരലിന്റെ മൂര്‍ധന്യതയില്‍ യന്ത്രത്തിനുള്ളില്‍ ഉറഞ്ഞുകിടക്കുന്ന തന്നോടുള്ള മനുഷ്യന്റെ പ്രതികാരദാഹം തന്നെ വധിക്കുമെന്നും ചിലപ്പോള്‍ മന്ദാകിനിക്ക് മനസ്സിലായിക്കാണണം.തനിക്ക് വൈകിപോയി എന്ന ദു:ഖത്തോടെയാവും മന്ദാകിനി മരിച്ചിട്ടുണ്ടാകുക.ഈശ്വരപ്പ യന്ത്രങ്ങളുടെ സമരഭൂമിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം പോയപ്പോള്‍ത്തന്നെ അയാളെ തിരിച്ചുകിട്ടില്ലെന്ന് അവള്‍ക്ക് തോന്നിയിരുന്നു.എന്നാല്‍ ഒരു കളിപ്പാവയെപ്പോലെ അയാളിനിയും തിരിച്ചു വരുമെന്ന് അവളിലെ സ്വാര്‍ത്ഥത ചിന്തിച്ചു.
യന്ത്രവും മന്ദാകിനിയും തമ്മില്‍ നടക്കുന്ന രതിയില്‍ ഈ കഥ അവസാനിക്കേണ്ടതായിരുന്നു.എന്നാല്‍ തലക്കെട്ടിലെ മൂന്നു ആദ്യരാത്രികളെക്കുറിച്ച് ഒരു വിശദീകരണം ആവശ്യമാണ് എന്ന് തോന്നുന്നു.
സ്ത്രീയും പുരുഷനും പരസ്പരം തിരിച്ചറിയുന്നു എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ ആദ്യരാത്രി എന്ന പദം പ്രയോഗിച്ചത്.ഈശ്വരപ്പയുടെ ജീവിതത്തില്‍ അത്തരത്തില്‍ മൂന്നു ആദ്യരാത്രികളുണ്ട്.ഇതിലെ ആദ്യത്തെത് കഥയുടെ തുടക്കത്തില്‍ പറയുന്ന വിവാഹശേഷമുള്ള ആദ്യത്തെ രാത്രിയാണ് .അന്ന് അയാള്‍ വെറും മനുഷ്യനായിരുന്നു.മൂന്നാമത്തെ ആദ്യരാത്രി കഥയുടെ അവസാനം പറയുന്ന രതി നടക്കുന്ന രാത്രിയാണ്.മൂന്നാമത്തെ രാത്രിയില്‍ അയാള്‍ പൂര്‍ണ്ണമായി യന്ത്രമായി മാറിയിരുന്നു.
കഥയില്‍ പരാമര്‍ശിക്കാത്ത രണ്ടാമത്തെ ആദ്യ രാത്രി നടക്കുന്നത് സോഫിയ യന്ത്രങ്ങളുടെ സമരത്തെകുറിച്ച് അയാളോട് പറഞ്ഞ ദിവസമായിരുന്നു.ആ രാത്രിയില്‍ താന്‍ സമരഭൂമിയിലേക്ക് പോകാന്‍ ഉറച്ച വിവരം അയാള്‍ മന്ദാകിനിയോട് പറഞ്ഞു.മന്ദാകിനിയുടെ അതുവരെയുള്ള സ്വഭാവം വച്ച് അവള്‍ എതിര്‍ക്കുമെന്നാണ് ഈശ്വരപ്പ വിചാരിച്ചത്.അതുവരെ മന്ദാകിനിയെ എതിര്‍ക്കാതെ ജീവിച്ച ഈശ്വരപ്പ അവളുടെ എതിര്‍പ്പിന്റെ പൊട്ടിത്തെറി തന്റെ സ്വാതന്ത്രത്തിന്റെ വാതിലാകുമെന്നു പ്രതീക്ഷിച്ചു.അവള്‍ എതിര്‍ക്കാതെ ,അയാളെ അനുകൂലിച്ചിരുന്നെങ്കില്‍ തന്റെ ജീവിതം പഴയത് പോലെയാകുമെന്നും ഈശ്വരപ്പ ഭയന്നിരുന്നു.എന്നാല്‍ മന്ദാകിനി എതിര്‍ത്തില്ല.അനുകൂലിച്ചുമില്ല. ആദ്യത്തെ രാത്രിയിലെ പോലെ അവള്‍ പറഞ്ഞതിങ്ങനെയാണ്.
“നിങ്ങള്‍ക്ക് പോകുകയോ പോകാതിരിക്കുകയോ ചെയ്യാമല്ലോ.എനിക്കെന്താ ?”
മന്ദാകിനി എതിര്‍ക്കുകയോ അനുകൂലിക്കുകയോ അല്ല മറിച്ചു തന്നെ അവഗണിക്കുകയാണ് എന്ന് മനസ്സിലാക്കിയ ആ രാത്രിയില്‍ ഈശ്വരപ്പ പാതിയന്ത്രമായി മാറി കഴിഞ്ഞിരുന്നു എന്നെനിക്ക് തോന്നുന്നു.