സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കന്യം

ഷാഹുല്‍ഹമീദ്.കെ ടി

                                                                                                                         

                                        

എന്തായിരുന്നു ചുഴലിക്കാറ്റിന്‍റെ പേര്..?  മറന്നുപോയല്ലൊ..! കടലിനെയത് മാറ്റിമറിച്ചാണ്  കടന്നുപോയത്. ശാന്തതയും നീലിമയും ഏതോ ആഴങ്ങളിൽ മറഞ്ഞില്ലാതായിരിക്കുന്നു. ഇത്രയുംദിവസം കടലിനോട് ചേർന്നുനിന്നിരുന്ന വൈലറ്റ്മേഘങ്ങളും മൂടൽമഞ്ഞിനുള്ളില്‍ അടക്കപ്പെട്ടു കഴിഞ്ഞു. ചാരനിറമായി ഇളകിയാടുന്ന കടൽപ്പരപ്പിൽ അങ്ങിങ്ങായി നീലജലത്തിളക്കങ്ങൾ കാണുന്നുണ്ട്.പതിയെ പതിയെ അതു പടർന്നുപരക്കു മായിരിക്കും. വാതിൽമുട്ടുന്ന ശബ്ദമുയർന്നു. ദീർഘചതുരാകൃതിയിലുള്ള ജാലകത്തിലൂടെ കടലിനെനോക്കുന്ന ഞാൻ ബുർഖയുടെ മുഖപടം താഴ്ത്തി, തിരിഞ്ഞുനോക്കി

       വസ്ത്രങ്ങൾ പാക്ക്ചെയ്തുവെച്ച ബാഗിനരികിലൂടെ വാതിൽക്കലെത്തി. വാതിൽപ്പാളികൾ തുറന്നു.അത് നഴ്സായിരുന്നു.അവരെന്നെ കട്ടിലിൽ ഇരുത്തി.കൈത്തണ്ടയിലെ കാനുല അഴിച്ചുമാറ്റി.പ്ലാസ്റ്റർ ഒട്ടിച്ചു. കവറിലെ, ഇനി കഴിക്കേണ്ട ഗുളികകളെപ്പറ്റി പറഞ്ഞു. ഡിസ്ചാർജ്ജ്കാർഡ് തന്നു. *”ഗാഡി ആനേ പര്‍ ബുലാവോ. ഹം സബി സാമാന്‍ ഉദര്‍ ദേങ്കാ….” ഞാൻ തലയാട്ടി. നഴ്സ് പോയപ്പോൾ വീണ്ടും  കടലിനരികിലേക്കു നടന്നു.

      ജീവിതത്തിലാദ്യമായി എന്‍റെ ശരീരം കടൽക്കാറ്റേൽക്കുന്നത് ഇവിടെവന്ന ശേഷമാണ്.വസ്ത്രങ്ങളുടെ തടവറയിലായിരുന്നല്ലൊ എന്നും ജീവിതം. ഇവിടെ എത്തിയപ്പോൾ ഒളിഞ്ഞുകഴിയാൻ മറ്റൊരു വസ്ത്രം….! എങ്കിലും, ഇവിടെ വന്നതിന്‍റെ രണ്ടാംനാൾ, വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ് ജാലകപ്പടിയിൽ കയറിനിന്ന് കടലിനെ നോക്കി ഞാൻ കൈകൾവിടർത്തി.  ചാറ്റൽമഴ  മേനിയിലേക്ക് പാറിവീഴുന്നുണ്ടായിരുന്നു. ചേമ്പിലയിലെ ജല ഗോളങ്ങളെപ്പോലെ മഴത്തുള്ളികൾ എന്നിലൂടെ ഒഴുകിയിറങ്ങി.ഫോൺശബ്ദ മുയരുന്നു….

     കടൽക്കാഴ്ചയിൽനിന്ന്  കണ്ണുകളെടുക്കാൻ വൈകിയതിനാൽ ശബ്ദം നിലച്ചു,മേശക്കരികിലെത്തി ഫോണെടുത്തു നോക്കി.ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. “ഫാദർ… ങും…എല്ലാമവർ തന്നു.പത്തുമിനുറ്റുകൊണ്ട് താഴെയെത്താം.” ജാലകപ്പാളികൾ അടച്ച്, കടലിനോട് യാത്രപറയുമ്പോൾ കൂറ്റൻപരുന്ത് മുകൾനിലയിലേക്കു പറന്നുയരുന്നത് കണ്ടു, അതിന്‍റെ കൊക്കിൽ ഒരു മീൻപിടക്കുന്നു…! റൂമിൽനിന്ന് പുറത്തിറങ്ങി. നഴ്സസ് സ്റ്റേഷനിലേക്ക് നോക്കി.രണ്ടു ക്ലീനിങ്സ്റ്റാഫിനെ അവർ മുറിയിലേക്കു വിട്ടു.

      ബാഗുമായി നീങ്ങുന്ന അവർക്കൊപ്പം  നടന്നു. ലിഫ്റ്റ് താഴേക്കൂർന്നു നീങ്ങി.ഓരോനിലകളിലേയും ഇരുമ്പുഗ്രില്ലുകൾ വിറകൊള്ളുന്നതു കണ്ടു. കനത്തഇരുട്ടുതിങ്ങിയ വഴിയും കടന്ന്, ഞങ്ങൾ നിലംതൊട്ടു.പുറത്തേക്കി റങ്ങിയയുടനെ ഞാൻ ഫോൺവിളിച്ചു.ആശുപത്രിയുടെ മുൻവശത്തേക്കു നടന്നു. കാർ വന്നയുടനെ ബാഗുകളെല്ലാം അകത്തേക്കുവെച്ചുതന്ന അവർ, യാത്രപറഞ്ഞ് ആശുപത്രിക്കകത്തേക്കുതന്നെ കയറിപ്പോയി.

     കാർ കുന്നിറങ്ങുമ്പോൾ ഞാൻ വിൻഡോഗ്ലാസിലൂടെ ആശുപത്രിക്കെ ട്ടിടത്തിന്‍റെ മുകളിലെ ക്രിസ്തുവിന്‍റെപ്രതിമയെ നോക്കി. കൈകൾവിടർ ത്തി അനുഗ്രഹംചൊരിയുന്ന പ്രതിമയുടെ മുൾക്കിരീടത്തിൽ കൂറ്റൻപരുന്ത് ചിറകുവിരിച്ച് ഇരിക്കുന്നു. അഡ്മിറ്റാവാൻ വരുമ്പോഴും  പരുന്തിനെ അതുപോലെ കണ്ടിരുന്നു..! കാർ, കുന്നിന്‍താഴ്വരയിലെ ആശുപത്രിക്കവാടം കടന്ന്,കടലിനരികിലൂടെ നീണ്ടുകിടക്കുന്ന റോഡിലൂടെ നീങ്ങാൻ തുടങ്ങി യിരിക്കുന്നു

      ” സിസ്റ്റർ…വേദനയോ, മറ്റോ…?”

  “ഇല്ല.ഇത്ര ദൂരം ഡ്രൈവ്ചെയ്ത് ഫാദർ വീണ്ടുംവരുമെന്ന്  ഞാൻ കരുതിയില്ല…!”

      “ഇത് നമുക്കും ജർമ്മനിയിലെ എന്‍റെ സുഹൃത്തായ ഡെസിലിനും   മാത്രമാണറിയുക.ഡെസിലിന്‍റെ സുഹൃത്താണ് ആ ലേഡിഡോക്ടറെന്ന്  പറഞ്ഞിരുന്നുവല്ലോ.ഈ രഹസ്യം  മറ്റാരുമറിയാതിരിക്കാനാണ് ഞാൻ തന്നെ…..”

      ”ഇതുകൊണ്ടെങ്കിലും നമ്മൾ….”

       “വക്കീലിന്‍റെ ഒടുവിലത്തെ തുരുപ്പുചീട്ടാണിത്.വർഷങ്ങളായി പെട്ടുകിട ക്കിടക്കുന്ന കുരുക്കിൽനിന്ന് നമ്മൾ  പുറത്തുകടക്കും….” പൊടുന്നനെ, ലോറി റോങ്സൈഡിൽവന്നപ്പോൾ  വളയം വലത്തോട്ടു വെട്ടിച്ചു.ഉലഞ്ഞുപോയ കാർ വീണ്ടും സമനിലവീണ്ടെടുത്തപ്പോൾ അയാൾ കൊന്തയിലെ കുരിശിൽ ചുംബിച്ചു.

       കട്ടമരങ്ങളിൽ പോവുന്ന മുക്കുവരെ ഞങ്ങൾ കണ്ടു. കാറ്റിനൊപ്പം ഉപ്പുതരികൾ മുഖത്തുപരക്കുന്നതിനാലാവണം അയാൾ ഡ്രൈവിനിടയിൽ വിൻഡോഗ്ലാസ്സ് ഉയർത്തി. ഉലഞ്ഞുമറിയുന്ന തിരകളിലെ ഉയർച്ചകളും താഴ്ചകളും മറികടന്ന് കട്ടമരങ്ങളിലെ മനുഷ്യർ അകന്നകന്നുപോവുന്നു. ലൈറ്റ്ഹൗസിനരികിലേക്ക് തോണി തള്ളിനീക്കുന്നവരെ നോക്കുന്നതിനിട യിൽ അയാൾ പിറകോട്ടു തലതിരിച്ചു.

      ” സിസ്റ്റർ, ഇന്ന് രാത്രി ഫാദർ ഗോദിമറിന്‍റെ ധ്യാനകേന്ദ്രത്തിൽ തങ്ങാം. വിളിച്ചുപറഞ്ഞിട്ടുണ്ട്. പഴയപോലെ രാത്രിയൊന്നും ഡ്രൈവ്ചെയ്യാൻ കഴിയാതെയായി…..”

     “പണ്ടൊരിക്കെ നമ്മളവിടെ ധ്യാനംകൂടാൻ പോയിട്ടുള്ളതാണല്ലൊ…” മീനുകളുമായി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോവുന്നു.ആൾ താമസമില്ലാത്ത കടലോരത്തുകൂടെയാണിപ്പോൾ കാർ നീങ്ങുന്നത്. ചിലയിടങ്ങളിലെല്ലാം,ഉണക്കാനിട്ട മീനുകൾക്ക് കാവൽനിൽക്കുന്നവരെ കാണാം.ദൂരെ, മണൽത്തിട്ടയിൽ  എന്തൊ നിൽക്കുന്നു…! എന്താണത്…? കപ്പൽ പോലെയുണ്ട്…! തിര അതിലടിച്ച് മുകളിലേക്ക് ചിതറുന്നു.

        “ധ്യാനകേന്ദ്രത്തിലെത്തും മുമ്പ് വസ്ത്രങ്ങളൊന്ന് മാറേണ്ടേ…?”

        “ബുർഖയൊന്ന് അഴിച്ചുമാറ്റി തിരുവസ്ത്രമണിയാൻ… ഫാദർ, ആളൊ ഴിഞ്ഞ എവിടെയെങ്കിലും നിർത്താൻപറ്റുമോയെന്നു നോക്കു….” ചെറിയ കയറ്റത്തേക്ക് കാർ നീങ്ങിക്കൊണ്ടിരുന്നു.വലതുവശത്ത് നിരനിരയായി നിൽക്കുന്ന തെങ്ങുകൾ.ഇടതുവശത്തെ താഴ്ചയിൽ ഇളകുന്നകടൽ.മുകൾ പ്പരപ്പിൽനിന്ന്, ഇറക്കങ്ങളും കയറ്റങ്ങളുമായി വിദൂരങ്ങളിലേക്ക് നീണ്ടുകിട ക്കുന്ന റോഡ് കാണാം.

       തീരത്തുനിൽക്കുന്ന കപ്പലിനരികിലൂടെ ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. തിരയടിയേറ്റ് അതിന്‍റെ പലഭാഗങ്ങളും അടർന്നുവീണിട്ടുണ്ട്. കീറിയകൊടി മുകളറ്റത്ത് പാറിക്കൊണ്ടിരുന്നു. അയാൾ വേഗം കുറച്ച്, വിൻഡോഗ്ലാസ്സ് താഴ്ത്തി നോക്കി.റോഡരുകിൽനിന്നൊരു വഴി, മുൾമരങ്ങൾക്കിടയിലൂടെ അങ്ങോട്ട് നീണ്ടുകിടപ്പുണ്ടായിരുന്നു. കാർ മുന്നോട്ടുനീങ്ങുന്നതിനിടയിൽ ഞാൻ തൊണ്ടയിടറിച്ചു. അയാൾ തിരിഞ്ഞുനോക്കി. “നമുക്കാ കപ്പലൊന്നു കണ്ടാലോ….? അവിടെ ആരുമില്ലെങ്കിൽ വസ്ത്രങ്ങൾ മാറുകയുംചെയ്യാം….” കാർ റോഡരികിലേക്കയാൾ ചേർത്തുനിർത്തി.

     പ്ലാസ്റ്റിക് കവറുകളുമായി ഞങ്ങൾ മുള്‍മരങ്ങൾക്കിടയിലൂടെ നീങ്ങി. ആളുകൾ നടന്നുനടന്നു തെളിഞ്ഞുണ്ടായ വഴിയിൽ ഐസ്ക്രീംപാക്കറ്റുകളും ജ്യൂസ്കുപ്പികളും മിഠായികവറുകളും ചിതറിക്കിടപ്പുണ്ടായിരുന്നു.കപ്പലി നുമുകളിലെ പിണഞ്ഞുതൂങ്ങിയ തുരുമ്പിച്ച ചങ്ങലക്കൂട്ടങ്ങളെ നോക്കി ഞങ്ങൾ ചുവട്ടിലെത്തി.കമ്പികളിലിരുന്ന കടൽക്കാകൾ ഒച്ചവെച്ചു പറന്നു. കപ്പലിനകത്തെവിടെനിന്നോ മണിമുഴങ്ങി.പള്ളിമണിയൊച്ചകള്‍പോലെ അതെന്നിൽ മാറ്റൊലികൊണ്ടു.

   അടിവശത്തെ ഇരുമ്പുകവചം അടർന്നുവീണുകിടപ്പുണ്ടായിരുന്നു. ഞങ്ങളകത്തേക്കെത്തി നോക്കി.തിരയടിക്കുമ്പോൾ, ഇരുമ്പുപ്രതലങ്ങളിലെ തുരുമ്പുപടർന്നുണ്ടായ തുളകളിലൂടെ കടൽവെള്ളം അകത്തേക്കൂർന്നിറങ്ങു ന്നു.മുകളിലേക്കുള്ള ഇരുമ്പുകോണിയിലൂടെ കയറി.അകത്തു തളംകെട്ടിയ വെള്ളത്തിൽ ചത്തുകിടക്കുന്ന വെളുത്തകൊറ്റിക്കു ചുറ്റും ഞണ്ടുകളെ കണ്ടു,അവ ഞങ്ങളെ നോക്കി കൊമ്പുകൾ പിടപ്പിക്കുന്നു.വിവിധതരം കൂണുകൾ കപ്പൽഭിത്തികളിൽ വിരിഞ്ഞുനിൽപ്പുണ്ടായിരുന്നു.വിശാലമായ ഹാളിന്‍റെ ഉയർന്നഭാഗത്തേക്കാണ് ഞങ്ങളെത്തിപ്പെട്ടത്, അതൊരു അൾത്താരപോലെ തോന്നിച്ചു.താഴെ, ഇരുമ്പുപെട്ടികൾ ചിതറിക്കിടപ്പുണ്ട്. അവിടുത്തെ കുടുസുമുറികളിൽവെച്ച് ഞങ്ങൾ വസ്ത്രങ്ങൾ മാറി.

   അയാള്‍ ളോഹയും ഞാന്‍ തിരുവസ്ത്രവുമണിഞ്ഞു. ഉയർന്നഭാഗത്തുനിന്ന്, കപ്പലിന്‍റെ മുൻവശത്തെ നീലാകാശത്തിലൂടെ  ഒച്ചവെച്ചുപറന്നുപോവുന്ന ദേശാടനപ്പക്ഷികളെ ഞങ്ങൾ  നോക്കി. ഇരുമ്പുപെട്ടികൾക്കിടയിലേക്കിറങ്ങി,മുൻവശത്തേക്കു നടന്നുനീങ്ങുന്നതിനിടയിൽ മുകളിലേക്കുള്ള മരപ്പടികളുള്ള ഗോവണി കണ്ടു. “ഫാദർ, ഇത് കോൺവെന്‍റെറിലെ അടുക്കളയിലേതു പോലുണ്ട്….!” അയാളതിന്‍റെ കൈപ്പിടിയിൽപിടിച്ച് മുകളിലേക്ക് നോക്കി. “ഇതിന് ചുവട്ടിൽവെച്ചാണല്ലൊ,പലരാത്രികളിലും നമ്മൾ…..! അന്ന് രാത്രി, വെള്ളംകുടിക്കാനായി ആ  പെൺകുട്ടി വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ യൊന്നും സംഭവിക്കില്ലായിരുന്നല്ലൊ,ഫാദർ…!” കണ്ണടക്കിടയിലൂടെ എന്നെ ദീർഘനിശ്വാസത്തോടെനോക്കി,തലയാട്ടിക്കൊണ്ട് അയാൾ പടികൾ കയറാൻ തുടങ്ങി.

   ഞങ്ങൾ മുകൾപ്പരപ്പിലെത്തി.വസ്ത്രങ്ങൾ കാറ്റിൽപിടച്ചുകൊണ്ടിരു ന്നു.കപ്പലിന്‍റെ മുന്‍വശത്തെ മുനഭാഗത്തേക്കുനടന്നു.അവിടമാകെ കടൽകാക്കകളുടെ തീട്ടം ചിതറിപ്പരന്നിരുന്നു.സൈറൺമുഴക്കി കടന്നുപോവുന്ന ചുവന്നകപ്പലിനെ നോക്കി,മുനഭാഗത്തെ വളഞ്ഞകമ്പിയില്‍പിടിച്ചു ഞാന്‍ നിന്നു.എന്‍റെ നിഴലിനുപിറകിലുടെവരുന്ന അയാളുടെ നിഴലും കടല്‍പ്പരപ്പിലേക്ക് വീണു.                                                                    “ഓരോ തെളിവുകളും മായ്ച്ച്കളയുമ്പോഴും പുതിയത്പുതിയത് ഉയർന്നു വന്നു.എത്ര പണമെറിഞ്ഞു.! ഇനിയിതാണ് ഒടുവിലത്തെ പിടിവള്ളി.” എന്നെ വലയംചെയ്യ്ത അയാളുടെ കൈകള്‍ വളഞ്ഞകമ്പിയിലമര്‍ന്ന്‍ തുരുമ്പ് പൊഴിച്ചുകൊണ്ടിരിന്നു.”നീ കന്യകയാണെന്ന് ഇതുവഴി നമ്മൾ തെളിയിക്കുമ്പോൾ അന്ന് കോൺവെന്‍റെറിൽ നമ്മള്‍തമ്മില്‍ അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും,ഞാനവിടെ വന്നിട്ടേയില്ലെന്നും സ്ഥാപിക്കാനാവും”        അപ്പോൾ, കപ്പലൊന്ന് ഇളകിയപോലെ തോന്നി,താഴ്ഭാഗത്തുനിന്ന് മണിമുഴങ്ങിക്കൊ ണ്ടിരുന്നു..! അയാളെന്‍റെ ശരീരത്തിൽനിന്നകന്നുമാറി.മുൾമരങ്ങൾക്കിടയിലൂടെ സ്ത്രീയും പുരുഷനും നടന്നുവരുന്നതു കണ്ട ഞങ്ങൾ താഴേക്കിറങ്ങാനായി കടൽക്കാറ്റിലൂടെ വേഗം നടന്നു.കപ്പലിനുള്ളിലെ കോണിപ്പടികള്‍ ഇറങ്ങി.

   ചാറ്റൽമഴയിലൂടെ കാർ നീങ്ങിക്കൊണ്ടിരുന്നു. അയാൾ പിറുപിറു പ്പോടെ ഡ്രൈവ്ചെയ്യുന്നു. വൈപ്പർ പിടപ്പോടെ മഴത്തുള്ളികളെ തുടച്ചു നീക്കി. സൂര്യനസ്തമിക്കുന്ന കടൽത്തീരത്തുനിന്ന് ഞങ്ങൾ മറ്റൊരു വഴിയി ലേക്കു തിരിഞ്ഞു.ചുറ്റും കുറ്റിക്കാടുകളും അങ്ങിങ്ങായി കാറ്റാടിയന്ത്രങ്ങ ളും കറങ്ങുന്നു.ഞാൻ കാറൊന്നു നിർത്താൻ പറഞ്ഞു. ചാറ്റൽമഴയിലേ ക്കിറങ്ങി, പ്ലാസ്റ്റിക് കവറിലെ ബുർഖ കുറ്റിച്ചെടികൾക്കിടയിലേക്ക് വീശി യെറിഞ്ഞു. അത് കാറ്റിൽ പറന്നുപോവുന്നതും നോക്കി കാറിലേക്കു കയറി.

  ഏഴുമണിയോടെ ഞങ്ങൾ ധ്യാനകേന്ദ്രത്തിലെത്തി. സ്ത്രീകളുടെ താമസ സ്ഥലത്തേക്ക് ഞാൻ പോയി. കുളിച്ച് വസ്ത്രങ്ങൾ മാറി. രാത്രിഭക്ഷണം കഴിക്കാനാണ് ഞങ്ങൾ വീണ്ടുമൊന്നിച്ചത്. ഡൈനിങ്ഹാളിലെ ആളുകൾ ക്കൊപ്പംനിന്ന് പാത്രങ്ങളില്‍ ഭക്ഷണം വാങ്ങി.പുറത്തേക്കിറങ്ങി, മരച്ചോട്ടി ലെ ബെഞ്ചിലിരുന്ന് കഴിക്കാൻ തുടങ്ങി.ഭക്തിഗാനം അവിടെമാകെ താഴ്ന്നശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു.

       “മറ്റെന്നാൾ നമുക്ക് വക്കീലിന്‍റെ ഓഫീസുവരെ പോണം…”

       “ങും”

       “അയാൾ പറയുംപോലെ കാര്യങ്ങൾ നീക്കണം…”

        “ശരി..ഫാദർ”

ധ്യാനകേന്ദ്രത്തിലിപ്പോള്‍ തിരക്ക് വളരെ കുറവാണ്.ഡിസംബറിലാണ്   കൂടു തൽ ആളുകളെത്തുക.കഴിഞ്ഞതവണ വന്നത് ആ സമയത്തായിരുന്നു.ധാരാ ളം വിദേശികളുമുണ്ടായിരുന്നു.

   കൈകഴുകാനായി എഴുന്നേൽക്കുമ്പോൾ ഒരു വേലക്കാരൻ ഡൈനി ങ്ഹാളിലേക്ക് ഓടിപ്പോവുന്നത് കണ്ടു,അടുക്കളയിലുള്ളവരോടെല്ലാം ഉച്ച ത്തിൽ സംസാരിച്ച് കരയുന്നു.അടുക്കളയിൽനിന്നെല്ലാവരും കൂട്ടത്തോടെ പുറത്തി റങ്ങി, ഞങ്ങൾക്കരികിലൂടെ ഓടിപ്പോവുന്നു…! ചില അന്തേവാസി കളും അവർക്കൊപ്പം കൂടി. ധ്യാനകേന്ദ്രത്തിന്‍റെ പിറകുവശത്തേക്കാണവരെ ല്ലാം പോവുന്നത്.

  **    “ക്യാ…ഭായ്…?”  ഫാദർ ചോദിച്ചു.

 ***    “ലഡ്ക്കി കുആ മേം ഗിർ ഗയീ…!”                           

  ****   ” കിദർ…?”

  “അതാ,കുന്നിൻചെരിവിലാ അച്ചോ…ഇവിടെ പണിക്കുനിക്കുന്ന പെണ്ണാ.”  

  “നമുക്കൊന്ന് പോയിനോക്കാം  സിസ്റ്റർ.വന്നേ…”

അയാൾക്കു പിറകെ ഞാനും നടന്നു. ഇരുട്ടിലൂടെ, ടോർച്ചുവെളിച്ചങ്ങൾ ക്കൊപ്പം കല്ലുകൾനിറഞ്ഞ വഴിയിലൂടെ ഞങ്ങൾ നടന്നു.

        അകലെയുള്ള ആദിവാസികുടിലുകളിൽ നിന്ന് വെളിച്ചങ്ങൾ മിന്നുന്നു. കുറ്റിപ്പൊന്തകൾക്കിടയിലൂടെ കുന്നിൻചെരുവിലേക്ക് ഞങ്ങൾ നടന്നെത്തി. കിണറിനുചുറ്റും ആളുകൾ കൂടിനിൽപ്പുണ്ട്. അവർ  കയർ താഴേക്കിറക്കു കയാണ്. കിണറിലേക്ക് ടോർച്ചടിക്കുന്നവർക്കിടയിലേക്കു കയറി ഞാൻ  എത്തിനോക്കി. താഴേക്കു ചിതറുന്ന വെളിച്ചത്തിൽ പെൺകുട്ടിയുടെ മുഖം കണ്ടയുടനെ തലചുറ്റിവീണു. ആരൊക്കയൊ എന്നെ താങ്ങിയെടുക്കുന്നതി നിടിയിൽ  കണ്ണുകളിൽ ഇരുട്ടു പരന്നു.

      ബോധംതെളിയുമ്പോൾ ഞാനേതോ മുറിയിലായിരുന്നു. തൂങ്ങിനിൽക്കുന്ന ബൾബ് വെളിച്ചംപരത്തുന്നുണ്ട്.ഫാൻ നിശ്ശബ്ദമായി കറങ്ങുന്നു.മുറിയി   ലൂടെ കണ്ണോടിച്ചു.ഭക്തിഗാനം അപ്പോഴും പതിഞ്ഞശബ്ദത്തിൽ കേൾക്കാം. അയാൾ ഫോണിൽ ആരോടോ സംസാരിക്കുകയാണ്,മറ്റു രണ്ടുപേര്‍ കൂടെയുണ്ട്. എഴുന്നേൽക്കാനൊരുങ്ങുമ്പോൾ അയാളരികിലെത്തി. എന്നെ കട്ടിലിൽതന്നെ കിടത്തി,അരികില്‍ ഇരുന്നു.ചുണ്ടുകൾ വിറക്കുന്നു. ഞാൻ വാക്കുകൾക്കായി പാടുപെട്ടു.

     “ഫാദർ….!”

     “വേണ്ട.സംസാരിക്കേണ്ട.ഞാൻ ഡോക്റെ വിളിച്ചിരുന്നു…”

     “ഫാദർ..ഞാനാ പെൺകുട്ടിയെ കണ്ടു…! അത്..!അതന്ന് നമ്മൾ കൊന്ന് കിണറ്റിലേക്കെറിഞ്ഞ പെൺകുട്ടിയായിരുന്നു….!”

     “സിസ്റ്റർ….!”

     “നീതി നിഷേധിക്കപ്പെട്ട് ഇനിയുമെത്രനാൾ ഞാനീ കിണറ്റിൽ കിടക്കേണ്ടി വരുമെന്നവൾ ചോദിച്ചു….!”

അയാളെന്‍റെ വാപൊത്തി.കാതുകളിലേക്ക് ചുണ്ടുകള്‍ചേര്‍ത്ത്, ഉറങ്ങാൻ പറഞ്ഞു.വിറയാര്‍ന്നവിരലുകളാല്‍ നെറ്റിയിൽ തലോടിത്തന്ന് അയാള്‍ മറ്റുരണ്ടുപേരേയും മാറിമാറിനോക്കി.ഞാന്‍ കണ്ണുകളടച്ചു.  

       *വാഹനംവന്നാല്‍ വിളിച്ചോളൂ.ഞങ്ങള്‍ സാധനങ്ങളെല്ലാം താഴെക്കിറക്കിത്തരാം

      **എന്താ സഹോദരാ..?

      ***പെണ്‍കുട്ടി കിണറ്റില്‍ വീണു

      ****എവിടെ…?                                                                               

      ഹൈമനോപ്ലാസ്റ്റി : കന്യാചര്‍മ്മശസ്ത്രക്രിയ   

                                                                                                                       

Top of Form

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…