മായാ ആഞ്ചലോയുടെ ടtill I rise എന്ന കവിതയുടെ മലയാള പരിഭാഷ.
.Translation : Neethu N V
നിങ്ങളെന്നെ നിങ്ങളുടെ കയ്പ്പേറിയ,വളച്ചൊടിച്ച നുണകളാൽ ചരിത്രത്തിൽ രേഖപ്പെടുത്തിയേക്കാം.
നിങ്ങളെന്നെ അഴുക്കുചാലിൽ ചവിട്ടിത്താഴ്ത്തിയേക്കാം.
പക്ഷേ പൊടി പോലെ ഞാൻ ഉയിർത്തെഴുന്നേൽക്കും.
എന്റെ ഉത്സാഹം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?
നിങ്ങൾ ദുഃഖത്താൽ ആ കുലരായിരിക്കുന്നത് എന്താണാവോ?
കാരണം എന്റെ സ്വീകരണ മുറിയിൽ എണ്ണക്കിണർ നീർതൂവുന്നു എന്നത് പോലെ അത്രയും സന്തോഷത്തോടെയാണല്ലോ ഞാൻ നടക്കുന്നത്.
ചന്ദ്രോദയങ്ങളെപ്പോലെ
പ്രകാശ സൂര്യൻമാരെപ്പോലെ
വേലിയേറ്റങ്ങളുടെ ദൃഢതയിൽ
പ്രത്യാശകൾ
കുതിച്ചുയരുന്നതു പോലെ
പിന്നെയും ഞാനുയരുന്നു.
എന്റെ തകർച്ച കാണാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ?
തല കുനിച്ച് ,കണ്ണുകൾ താഴ്ത്തി?
മിഴിനീര് പോലെ ചുമലുകളിടിഞ്ഞ് ?
ആത്മാവ് വ്രണപ്പെട്ട കരച്ചിലുകളിൽ തകർന്ന്?
എന്റെ പ്രൗഢി നിനക്ക് അസഹ്യമാകുന്നുണ്ടോ?
അത്രയ്ക്ക് വിഷമിക്കാനൊന്നും തന്നെയില്ല.
എന്റെ പുരയിടത്തിൽ നിന്ന് സ്വർണ്ണഖനികൾ കൊയ്തെടുക്കുന്നത് പോലെയാണല്ലോ ഞാൻ ആഹ്ലാദിക്കുന്നത്.
നിങ്ങളുടെ വാക്കുകളാൽ നിങ്ങൾക്കെന്റെ നേർക്ക് വെടിയുതിർക്കാം.
നോട്ടത്താൽ ദഹിപ്പിക്കാം.
വെറുപ്പിനാൽ കൊന്നുകളയാം.
എങ്കിൽ പോലും കാറ്റു പോലെ ഞാനുയർന്നു വരും.
എന്റെ രതിഭാവം നിങ്ങളിൽ അസഹിഷ്ണുതയുളവാക്കുന്നുണ്ടോ?
തുടകൾ കൂട്ടിമുട്ടുമ്പോൾ രത്നങ്ങൾ വിളയുന്നത് പോലെയുള്ള എന്റെ നടനം
നിങ്ങളെ വിസ്മയിപ്പിക്കുന്നുണ്ടല്ലേ?
ചരിത്രത്തിലെ അപമാനമാർന്ന കുടിലുകളിൽ നിന്ന് ഞാൻ ഉയരുന്നു.
വേദനയിൽ വേരാഴ്ത്തിയ ഒരു ഭൂതകാലത്തിൽ നിന്ന്
ഞാൻ ഉയരുന്നു.
കറുത്ത ഒരു സമുദ്രമാണ് ഞാൻ, കുതിച്ചുചാടിയും, വികസിച്ചും,ആഴ്ന്നും ഉയർന്നും ഞാൻ വേലിയേറ്റങ്ങളെ വഹിക്കുന്നു.
നടുക്കത്തിന്റേയും, ഭീതിയുടേയും തമസ്സിനെ പിന്നിലുപേക്ഷിച്ച് ഞാനുയരുന്നു.
അതിശയകരമായ വിധത്തിൽ തെളിഞ്ഞ ഒരു പ്രഭാതത്തിലേക്ക്
ഞാനുണരുന്നു.
എന്റെ പൂർവികരുടെ സമ്മാനങ്ങളുമായി
ഞാൻ അടിമയുടെ സ്വപ്നവും, പ്രതീക്ഷയുമാകുന്നു.
ഞാൻ ഉയരുന്നു.
ഞാൻ ഉയരുന്നു.
ഞാൻ ഉയരുന്നു.