നീ
വർത്തമാനം പറഞ്ഞിരുന്നത്
മേഘമൽഹാർ
രാഗത്തിലാണെന്ന്
എനിക്ക് തോന്നാറുണ്ട്,
ഓരോ വട്ടം പറഞ്ഞുതീരുമ്പോഴും
മഴ
എനിക്ക് ചുറ്റും, എന്നിലാകെ
നിർത്താതെ പെയ്യാറുണ്ട്…
അപ്പോഴൊക്കെ
എന്റെ ഹൃദയം
ചുവപ്പിൽ
വെള്ള നന്ത്യാർവട്ടപ്പൂക്കളുള്ള കുഞ്ഞുടുപ്പിട്ടൊരു
കുട്ടിയാണ്….
മഴ തോർന്ന്,
ഉടുപ്പിന്റെ നിറം മങ്ങി,
പൂക്കൾ കൊഴിയുമ്പോൾ
വെറുതെയെങ്കിലും
നിനച്ചുപോകുന്നു
നമുക്ക് സ്വപ്നങ്ങളിൽ
ജനിക്കുകയും
മരിക്കുകയും
ചെയ്യാമായിരുന്നു….
One Response
സൗഹൃദങ്ങൾ സ്വപ്നങ്ങളിൽ ജനിക്കും, ചിലപ്പോൾ സ്വപനങ്ങളിൽത്തന്നെ മരിക്കുകയും ചെയ്യും. നീറ്റൽ അവശേഷിക്കും.