ഒരു പുരുഷൻ താൻ സ്ത്രീയാണെന്നു പറയുമ്പോഴോ
ഒരു സ്ത്രീ താൻ പുരുഷനാണെന്നു പറയുമ്പോഴോ
നിങ്ങൾ നിങ്ങളുടെ കണ്ണുകളും കാതുകളും അടയ്ച്ചുകളയുന്നു
ചുറ്റും വലിയ മതിലുകളും വേലികളും കെട്ടിയുയർത്തുന്നു
വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്നു
നിങ്ങളുടെ ദിനങ്ങൾ സുരക്ഷിതമാക്കി
പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുന്നു.
അപ്പോഴും പുരുഷനായ സ്ത്രീയും
സ്ത്രീയായ പുരുഷനും
അർദ്ധശില്പങ്ങളായി
തെരുവുകളിൽ അലഞ്ഞുതിരിയുന്നുണ്ടാകും
പകുതി വെന്തതും
പകുതി പച്ചയായതുമായ
ഹൃദയങ്ങൾ പേറി
സൂര്യനു കീഴെ തിളച്ചുമറിഞ്ഞുകൊണ്ട്
ആൾക്കൂട്ടങ്ങൾക്കിടയിൽ ഞെരിഞ്ഞുകൊണ്ട്.
രാത്രികളിൽ അവർ കയ്യാലകളില്ലാത്ത
തങ്ങളുടെ ഭവനങ്ങളിലേക്കണയുന്നു
അവരുടെ വന്യമായ പൂന്തോട്ടങ്ങൾക്ക്
നഷ്ടങ്ങളുടെ വിഷം നനയ്ക്കുന്നു
മാറിവെച്ച അവരുടെ ശരീരങ്ങളെ
അവർ സ്വയം പ്രഹരിക്കുന്നു
അലമുറയിടുന്ന സ്വന്തം ആത്മാവിനുവേണ്ടി ചരമഗീതങ്ങൾ കേൾക്കുന്നു
അഭിനയങ്ങളിൽ സ്വയം തളർന്ന്
കണ്ണീർ കുടിച്ചു തീർക്കുന്നു.
അവർ എന്നും പുതിയ ഒരു ഗ്രഹത്തെ
സ്വപ്നം കാണുന്നു
ഭൂമി പോലെ തന്നെ
മരങ്ങളും പർവ്വതങ്ങളും പുഴകളും സമുദ്രങ്ങളും
ഒക്കെയുള്ള ഒരു പുതിയ ഗ്രഹം
പക്ഷെ അവിടുത്തെ ദൈവം
കുറച്ചുകൂടെ കരുണയുള്ള ശില്പിയാണ്
അവിടെ അവൻ അവർക്ക്
മാലാഖമാരെ സമ്മാനിക്കും.
ലിംഗരഹിതരായ മാലാഖമാർ
നമുക്കജ്ഞമായ
സ്നേഹവും പ്രണയവും സ്വപ്നവും ഒക്കെ പേറി
അവർക്കൊപ്പം പറന്നുയരും
നമ്മുടെ കണ്ണെത്താത്ത ഒരിടത്തേക്ക്.
2 Responses
Very beautiful and relevant
Beautiful and insightful writing.CongratsNasnin