യാഥാർഥ്യങ്ങളുടെ തടവറയിൽ
ചിന്തകളുടെ ചങ്ങലയാൽ
ബന്ധിതയായ
ചിത്തഭ്രമക്കാരിയെപ്പോലെ…
ഉടൽവിട്ടുലഞ്ഞയുടയാട മാതിരി
ഉറക്കമകന്ന ഉറക്കറയുടെയിരുളിൽ
വഴിതെറ്റി വന്ന മിന്നാമിന്നിയുടെ
ഇത്തിരി വെട്ടം കണ്ടലറിക്കരയുമൊരു
ബുദ്ധിഹീനയെപ്പോലെ,,
നിലാവകന്ന മനസ്സെന്ന മരുവിൽ
അവ്യക്തമായോരൊറ്റ
നിഴൽത്തേടി നടക്കുന്ന
ലക്ഷ്യമറിയാത്ത വിഡ്ഢിയെപ്പോലെ,,
നിറമറ്റ നീർപ്രവാഹം കൊണ്ടെന്നോ മരിച്ച
പ്രണയാത്മാക്കളുടെ ദാഹമകറ്റുന്ന
ഉന്മാദിനിയെപ്പോലെ,,
എന്നിൽ ജനിച്ചെന്നിൽ മരിക്കുന്ന കവിതകളുടെ
മോക്ഷം കൊതിക്കുമാർത്ത നാദം കേട്ട്
മൂർച്ചപോയൊരൻ വിരൽത്തുമ്പു നോക്കി
ഓർത്തു ചിരിച്ചും കരഞ്ഞും പിണങ്ങിയും
സ്വയം ത്യജിച്ചൊരു
ഭ്രാന്തിയെപ്പോലെ ഞാൻ…
.
One Response
Wonderfull poetry..liked so much.go ahead..with all respect and love..