അഗാധമായ ഇരുട്ടുകളിൽപ്പോലും
തേടിയാൽ കണ്ടെടുക്കാവുന്ന
ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്;
ആവോളം ചേർന്നിരിയ്ക്കാൻ
ഒരു നേരുതെളിച്ചമെങ്കിലും
വാഗ്ദാനമായ് നീട്ടുന്നവ.
ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ
വെളിപ്പെടുത്തിയേയ്ക്കാവുന്ന
കണക്കുകളോർത്ത് ഉള്ളാന്തലുകളിലാണ്
എന്നതിനാൽ
അർത്ഥമില്ലായ്മകളുടെ
ചരടുവലിദിശയിലാണ്
തുടർന്നുപോവൽ;
എരിച്ചിലുകളെപ്പൊതിയുന്നൊരു
കട്ടിമെഴുക് ചെറുചിരിയായ്
തന്നിൽത്താനണിഞ്ഞ്.
അഭിനയസാധ്യത
ഏറെയുള്ള രംഗങ്ങളിലെ
പുകഴ്ത്തപ്പെടലിൽ
ശിരസ്സ് വല്ലാതെ
കുനിഞ്ഞുപോവുന്നതിനിടയിലും
വേദിയിൽ കിട്ടിയ വേഷം
ഫലിപ്പിയ്ക്കുന്നതിലെ ശ്രദ്ധ അതീവം.
വിലയിരുത്തലിനിരിയ്ക്കുന്ന കാണികൾ
ഒഴിയുന്നതായ അൽപനേര-
ഇടവേളകൾ മാത്രമുണ്ട്.
ചമയങ്ങൾ മാറ്റിയണിഞ്ഞ്
ഏകാംഗനാടകം
തുടരുന്നതിനുമുൻപ്
തന്റേതായ ശ്വാസവിന്യാസത്തെ
ഓർക്കൽകൂടി വിസ്മരിക്കുന്ന
നടനനൈരന്തര്യം!
നിറപ്പകിട്ടില്ലായ്മകളുടെ പഴമയ്ക്ക്
ഇനി താങ്ങാനാവില്ലെന്നയത്ര
ഭാരമേറുന്ന വഴിത്തിരിവുനിമിഷത്തിൽ
എല്ലാം നിർത്തിയിറങ്ങാനൊരുങ്ങവേ
ആനന്ദത്തിന്റെ ഒരലമാല വന്ന്
പകലിന്റെ ജീവിതപ്രണയത്തിലേയ്ക്ക്
വീണ്ടും തിരിച്ചെടുക്കുന്നു.
ദിനംനീളെ മാരിവില്ലിന്റെ, ആകാശത്തിന്റെ,
മറയുന്ന സൂര്യന്റെ വർണ്ണങ്ങളൊക്കെയും
ഒപ്പിയെടുത്ത് മാറിമാറിയണിയുന്ന,
രാവിൽ ഇരുളുന്ന
സമുദ്രനീലപ്പരപ്പിനുമീതെ
തുടർച്ച യാത്ര.
2 Responses
വളരെ നല്ല കവിത ഒരു ദിനവും രാവിലും കടന്നു പോവുന്ന നിമിഷങ്ങളുട ചിത്രവും ചേർത്തു…..
പ്രതിഭാധന്യമായ എഴുത്ത്.
ഇഷ്ടം കവിത.🌹🌹