സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അമൃത ഷേർഗിൽ: ആധുനിക ഇന്ത്യയുടെ കലാകൃത്ത്

ആത്മജ തങ്കം ബിജു

   1913 ജനുവരി 30 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെർ-ഗിൽ 1930 കളിലെ ആദ്യത്തെ ഇന്ത്യക്കാരിയായ കലാകൃത്താണ്. കേവലം 28 വർഷം മാത്രം നീണ്ടു നിന്ന ഹ്രസ്വമായ ജീവിതത്തിനിടയിൽ, ആധുനിക ഇന്ത്യൻ കലാ പ്രസ്ഥാനത്തിന് അവർ തുടക്കമിട്ടു.  പഞ്ചാബിയായ സർദാർ ഉംറാവു സിംഗ് മജിതിയയുടെയും ഹംഗേറിയൻ സംഗീതജ്ഞയായ ആന്റോനെറ്റിന്റെയും മൂത്തമകളായി ജനിച്ച അമൃതയ്ക്ക് തന്റെ കലാജീവിതത്തിൽ ഉടനീളം തൻ്റെ ജെൻററും മധ്യവർഗ സ്വത്വവും മൂലം വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടി വന്നു. തന്റെ ആദ്യകാല കലാ പരിശീലനം ഫ്ലോറൻസിൽ നിന്നും പൂർത്തിയാക്കിയ അമൃത ആർട്ട് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം കുടുംബത്തോടൊപ്പം പാരീസിലേക്ക് താമസം മാറ്റി. ,അവിടെ പിയറി വൈലന്റിനും തുടർന്ന് എക്കോൾ നാഷണൽ ഡെസ് ബ്യൂക്സ് ആർട്‌സിലെ പ്രൊഫസർ ലൂസിയൻ സൈമണിനുമൊപ്പം കല പരിശീലിച്ചു. ഈ കാലയളവിൽ അവരുടെ കലാ പ്രവർത്തനങ്ങൾ പ്രധാനമായും അക്കാദമിക് സ്വഭാവമുള്ളവയായിരുന്നു.

1934 ൻ്റെ തുടക്കത്തോടെ ഇന്ത്യയിലേക്കു മടങ്ങാനുള്ള അദമ്യമായ ആഗ്രഹം അമൃതയിൽ മുള പൊട്ടി. ഇന്ത്യ തൻ്റേതു മാത്രമാണെന്ന് അവർ ആവേശപൂർവം പ്രഖ്യാപിച്ചു.

കലാനിരൂപകനായ കാൾ ഖണ്ടാവാലയുടെ ഉപദേശമനുസരിച്ച് 1937ൽ അമൃത ദക്ഷിണേന്ത്യ സന്ദർശിച്ചു.ആ യാത്ര തൻ്റെ സ്വത്വത്തെ കണ്ടെത്താനും ഇന്ത്യയുടെ പുരാതന കലാകേന്ദ്രങ്ങളെ അടുത്തറിയാനും അവരെ സഹായിച്ചു.

അജന്ത ചുവർച്ചിത്രങ്ങളും ഫ്രെസ്കോകളും മഥുര, ഖജുരാഹോ തുടങ്ങിയ ഇടങ്ങളിലെ പുരാതന ശില്പങ്ങളും പഹാരി ചിത്രകലയും അമൃതയെ ആഴത്തിൽ തൊട്ടു. ഈ സമയത്താണ് Bride’s Toilet, Brahmacharis ,South Indian Villagers Going to Market എന്നീ ചിത്രങ്ങൾ അവർ വരക്കുന്നത്.

1937 നവംബറിൽ ലാഹോറിലെ ഫാലെറ്റി ഹോട്ടലിൽ അമൃതയുടെ ചിത്രങ്ങളുടെ ഏകാംഗ പ്രദർശനം നടത്തപ്പെട്ടു. ഹംഗേറിയൻ കലാ നിരൂപകനായ ചാൾസ് ഫാബ്രി, മറ്റൊരു നിരൂപകനായ രവീന്ദ്രനാഥ് ദെബ് തുടങ്ങിയവർ അവരുടെ കലയെ പ്രശംസിച്ചു. 1938 ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം ഷിംല, ഗോരഖ്പൂർ (ഉത്തർപ്രദേശ്), ലാഹോർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അവർ തൻ്റെ കലാ വൃത്തി തുടർന്നു. 

പുരാതന ഇന്ത്യൻ കലയോടൊപ്പം പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരായ ഗോഗ്ഗ്വിൻ,വാൻ ഗോഗ്, മോഡിഗ്ലിയാനി എന്നിവരും അമൃതയെ സ്വാധീനിച്ചു.  ഒമ്പത് വർഷം മാത്രം നീണ്ടു നിന്ന കലാജീവിതത്തിനൊടുവിൽഅമൃത ഷേർ-ഗിൽ 1941 ൽ ലാഹോറിൽ വെച്ച് അന്തരിച്ചു.

അമൃതയുടെ ചിത്രകല : ശൈലിയും പരിണാമവും

പാശ്ചാത്യ, പൗരസ്ത്യ കലാശൈലികളുടെ സമന്വയമായിരുന്നു അമൃതയുടേത്.

സ്ത്രീജീവിതം പ്രമേയമാക്കിയ തൻ്റെ ചിത്രങ്ങളിലൂടെ പുതിയൊരു ഭാവുകത്വം ഇന്ത്യൻ ചിത്രകലയിൽ കൊണ്ടു വരാൻ അവർക്കു സാധിച്ചു.

 “എന്റെ കലാപരമായ ദൗത്യം ചിത്രം വരക്കുക മാത്രമല്ല, മറിച്ച്, ഇന്ത്യക്കാരുടെ പ്രത്യേകിച്ച് പാവപ്പെട്ട ഇന്ത്യക്കാരുടെ ജീവിതം വ്യാഖ്യാനിക്കുക എന്നുള്ളതാണെന്ന് അവർ പറഞ്ഞു.

അമൃതയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള സുന്ദരികളായിരുന്നില്ല. മറിച്ച്, ഗ്രാമീണ സമൂഹങ്ങളിൽ നിന്നും മധ്യവർഗത്തിൽ നിന്നും താഴ്ന്ന ഇടത്തരം കുടുംബങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ.

താൻ ഇന്ത്യൻ മണ്ണിൽ കാൽ വച്ചയുടനെ തന്റെ ചിത്രകല വിഷയത്തിലും ചൈതന്യത്തിലും മാത്രമല്ല, സാങ്കേതിക ആവിഷ്കാരത്തിലും മാറ്റത്തിന് വിധേയമായെന്ന് അമൃത അഭിപ്രായപ്പെട്ടു.

 അബനിന്ദ്രനാഥ ടാഗോറിൻ്റെ നേതൃത്വത്തിലുള്ള ശാന്തിനികേതൻ രീതിയെ തള്ളിക്കളഞ്ഞ അവർ പുരാതന ഇന്ത്യൻ കലയിൽ പ്രചോദനം കണ്ടെത്തി.

 മൂർത്തരൂപങ്ങളുടെ ചിത്രകാരിയായിരുന്നു അമൃത. മനുഷ്യരൂപങ്ങൾ വരയ്ക്കുന്നതിൽ അവർ വളരെയധികം താല്പ്പര്യം പ്രകടിപ്പിച്ചു. ലാൻഡ്സ്കേപ്പുകൾ അവരുടെ കലയിൽ വളരെ വിരളമാണ്.  പുരാതന കലയുടെ സഹായത്തോടെ, അമൃത തന്റെ ചിത്രങ്ങളിൽ തനിക്കു ചുറ്റുമുള്ള ഇന്ത്യയുടെ അപരിചിതത്വം വ്യാഖ്യാനിച്ചു; ഊഷ്മളമായ നിറങ്ങളു പയോഗിച്ച് മറ്റൊരിന്ത്യയെ അവതരിപ്പിച്ചു. 1937ൽ വരച്ച ബ്രൈഡ്സ് ടോയിലെറ്റ്, ബ്രഹ്മചാരി എന്നീ ചിത്രങ്ങൾ ഒരു മാറ്റത്തിനു തയാറെടുക്കുന്ന യുവതയെ പ്രതിനിധീകരിക്കുന്നു. അമൃതയുടെ ദുർബലരും ക്ഷീണിതരും എന്നാൽ ആന്തരിക തിളക്കം പ്രതിഫലിപ്പിക്കുന്നവരുമായ ഗ്രാമീണർ കലാകൃത്തിൻ്റെ തന്നെ ഉള്ള് പ്രതിഫലിപ്പിക്കുന്നവരാണ്. .1935 നും 1939 നും ഇടയിൽ ‘സിയസ്റ്റ’, ‘ദി സ്റ്റോറി ടെല്ലർ’, ‘ഗണേഷ് പൂജ’, ‘ഹിൽസൈഡ്’, ‘ഹിൽ സീൻ’ എന്നിവയുൾപ്പെടെ അ പ്രശസ്തമായ പല ചിത്രങ്ങളും അമ്യത വരക്കുകയുണ്ടായി. സ്വകാര്യ ലോകങ്ങളിലെ സ്ത്രീകളെ ചിത്രീകരിക്കുന്ന അവരുടെ ചിത്രങ്ങൾ  ഏറ്റവും മിഴിവാർന്നവയാണ്

Self-portrait (untitled), 1931

Brahmacharis, 1937

Three women, 1935

Bride’s toilet, 1937

Village Scene, 1938

Hill women, 1935

സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രാമീണർ ജോലി ചെയ്യുന്നതും അവരുടെ ഗാർഹികജീവിതവും അമൃത ചിത്രീകരിച്ചു.  അവർ വരച്ച എല്ലാ രൂപങ്ങൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്, മങ്ങിയ കണ്ണുകളുണ്ട്. ചുവപ്പു നിറത്തിൻ്റെ ഉപയോഗം വഴി ഗ്രാമീണ ഇന്ത്യയുടെ വിഷാദത്തേയും ദാരിദ്രത്തേയും അവർ ഒപ്പിയെടുത്തു.

ഈ നൂറ്റാണ്ടിലെ തന്നെ മുൻനിര കലാകാരികളിൽ ഒരാളായാണ് അമൃത ഷേർ-ഗിൽ കണക്കാക്കപ്പെടുന്നത്. പുരാതന ഇന്ത്യയിലെ ചുമർചിത്രങ്ങളും യൂറോപ്യൻ എണ്ണ ഛായാചിത്രങ്ങളുടെ സാങ്കേതികതയുടെ സൗന്ദര്യാത്മകതയും അവരുടെ കലയെ വളരെയധികം സ്വാധീനിച്ചു. അവരുടെ ചിത്രങ്ങൾ നിറങ്ങളോടുള്ള അമൃതയുടെ അദൃശ്യമായ അഭിനിവേശത്തെയും അവബോധത്തെയും പുനർനിർമ്മിക്കുന്നു. ഇന്ത്യൻ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള ധാരണ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതായി കാണാം.

ആധാര സൂചി

  1. Dalmia, Yashodhara. Amrita Sher-Gil – A life. New Delhi: Penguin, 2006.
  1. Dalmia, Y. (2014). Amrita Sher-Gil: Art and Life: A Reader. USA: Oxford University Press
  1. Doctor, Geeta. Amrita Shergil – A painted life. New Delhi: Rupa& Co., 2002.
  1. Kapur, G. (2000). When Was Modernism: Essays on Contemporary Cultural Practice in India. New Delhi: Tulika Books.
  1. Mitter, Partha. Art and Nationalism in Colonial India, 1850-1922: Occidental Orientations. Cambridge: Cambridge University Press, 1994
  1. Siddiqui, Farah. The extraordinary life of Amrita Sher-gil. 22 June 2014. <http://www.dnaindia.com/lifestyle/report-the-extraordinary-life-of-an-artist-1997080>.
  1. Singh, N Iqbal. Amrita Sher-Gil. New Delhi: Vikas Publishing House, 1984.
  1. Sinha, G. (1996). Expression and Evocation: Contemporary Women Artists of India. New Delhi: Marg Publication. Vol. 48.
  1. Sundaram, Vivan. Amrita Sher-Gil – a self-portrait in letters and writings. Vol. 1&2. New Delhi: Tulika books, 2010.
  1. Wojtilla, G. (1981). Amrita Sher-Gil and Hungary. New Delhi: Allied Publishers Private Limited.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…