സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മതിലുകള്‍ കെട്ടിപ്പൊക്കിയതെങ്ങനെ?

അന്‍വര്‍ അബ്ദുള്ള

(മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണയുടെ സംവിധായകന്‍ അന്‍വര്‍ അബ്ദുള്ളയുടെ ചിത്രീകരണകാലസ്മരണകള്‍. അദ്ദേഹം തന്നെ ഏകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഛായാഗ്രാഹകന്റെ മാത്രം സാന്നിദ്ധ്യവും സഹായവും സ്വീകരിച്ച് ചിത്രീകരിച്ചതാണ്. ലോകചരിത്രത്തില്‍ത്തന്നെ ഇങ്ങനൊന്ന് ആദ്യം. ജൂണ്‍ 11ന് റൂട്ട്‌സ് എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത്, ശ്രദ്ധനേടിയതോടെ ഫസ്റ്റ്‌ഷോസ്, സീനിയ, ലൈംലൈറ്റ് എന്നീ ഒ.ടി.ടി. ചാനലുകളിലും ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് ചിത്രം.)


കഴിഞ്ഞ മാര്‍ച്ച് ഇരുപതിന്, മദ്ധ്യവേനലവധിക്കു മുന്നേ, സര്‍വകലാശാല പൂട്ടി. ലോകവീട്ടുതടങ്കല്‍ ആരംഭിച്ചു. അനന്യമായ ആ അനുഭവമാരംഭിച്ചു. പിന്നെ, ആ നാളുകളുടെ ഭീകരത കൂടി. ആളുകള്‍ പരസ്പരം വെറുപ്പോടെ നോക്കുന്ന നാളുകള്‍. സാധാരണ അവധികളില്‍ വല്ലതും ചെയ്യുന്നതാണ്. എഴുത്തോ വായനയോ. എന്നാല്‍, ലോക്ഡൗണ്‍ നിരാശയില്‍ ഒന്നും ചെയ്യാന്‍ തോന്നിയില്ല. മക്കള്‍ ആരംഭിച്ച ഒരു ഷോട്ട്ഫിലിം സംരംഭമാണ് പതുക്കെ കര്‍മ്മനിരതത്വത്തിലേക്കും മതിലുകളുടെ നിര്‍മാണത്തിലേക്കും വഴിവച്ചത്. 2020 മദ്ധ്യവേനലിന് ഒരു സിനിമ പ്ലാനിലുണ്ടായിരുന്നത് പൊടുന്നനെ മുടങ്ങിയതും കാരണമായി. തീരുമാനിച്ച സിനിമ പറ്റിയില്ലെങ്കിലും പറ്റുന്ന സിനിമ ചെയ്യുക. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കുക; അബ്ദുള്ള മലയുടെ അടുത്തേക്കു വരുകില്ലെങ്കില്‍, മല അബ്ദുള്ളയുടെ അടുത്തേക്ക് – എന്നുവച്ചാല്‍ അന്‍വര്‍ അബ്ദുള്ളയുടെ. ഇങ്ങനൊരു സാഹചര്യത്തില്‍, ഒറ്റയ്ക്കുകഴിയാന്‍ പേടിയുള്ളൊരാള്‍ ഏകാന്തവാസത്തിനു വിധിക്കപ്പെട്ടാലുള്ള അവസ്ഥ എങ്ങനെയോ മനസ്സില്‍വന്നു. പൊക്കിക്കെട്ടിയ മതില്‍ ബഷീറിന്റെവിചാരലോകത്തെ ആനയിച്ചു. ഞാനും മക്കളും കൂടി മൊബൈല്‍ ഫോണില്‍ സിനിമ പൂര്‍ണമായും ചിത്രീകരിച്ചു. മകള്‍ ക്യാമറയും മകന്‍ സംവിധാനവും നിര്‍വഹിച്ചു. ചിലപ്പോള്‍ ഞാനേകാകിയായി. സംവിധാനം, ഛായാഗ്രഹണം, അഭിനയം. ശരിക്കും ഒറ്റയാള്‍സര്‍ക്കസ്. ഛായയും അഭിനയവും ഒന്നിച്ചെങ്ങനെ പറ്റുമെന്നു സംശയം തോന്നുന്നുണ്ടോ, പറഞ്ഞുതരാം. ഒരു തെര്‍മോക്കോള്‍ ബോക്‌സിലൊരു വിടവുണ്ടാക്കി, ഫോണ്‍ അതില്‍ ഉറപ്പിച്ചു. അതാണ്, ട്രൈപ്പോഡും ക്രെയിനും ജിംബലും എല്ലാം. അതു നിലത്തോ, മതിലിനുമുകളിലോ, വീട്ടിന്റെ പാരപ്പെറ്റിലോ, മേശമേലോ ടീപ്പോയിമേലോ മേശമേലിട്ട ടീപ്പോയിമേലോ മരക്കൊമ്പുകളിലോ കാറിനു മീതെയോ ഒക്കെ വയ്ക്കുന്നതനുസരിച്ച് ആംഗിളും തരവും മാറുന്നു. പറമ്പില്‍ നടക്കുന്നതിന്റെ അതിവിദൂര ടോപ് ആങ്കിള്‍ ഷോട്ടൊക്കെ, ക്യാമറ സെറ്റു ചെയ്തുവച്ച്, ഓടിപ്പാഞ്ഞുപോയി, പറമ്പിലൂടെ ഒന്നുമറിയാത്തതുപോലെ നടന്നുകൊണ്ട് സ്വയം ചിത്രീകരിച്ചു. വീട്ടിനുചുറ്റും കഥാപാത്രത്തിനു റിവേഴ്‌സ് ആയി കറങ്ങുന്ന ഷോട്ടു പോലെ, ചില വിചിത്രഷോട്ടുകള്‍ ദിയ കഷ്ടപ്പെട്ട് ചിത്രീകരിച്ചു. ഇതിനിടെ, വീട്ടില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഒരുവിധം ഷൂട്ടു കഴിഞ്ഞു.


ഞാന്‍ ഡാവിഞ്ചി റിസോള്‍വ് ഡൗണ്‍ലോഡ് ചെയ്തുപഠിച്ച് മെല്ലെ എഡിറ്റിംഗ് തുടങ്ങി. ഉറക്കമിളച്ചിരുന്ന് ഞാന്‍ മതിലുകള്‍ എഡിറ്റുചെയ്തുതീര്‍ത്തു. എഡിറ്റിംഗ് ഭംഗിയായി. പക്ഷേ, സിനിമയുടെ ശബ്ദങ്ങള്‍ സൃഷ്ടിക്കാനും അതിനോടു ചേര്‍ക്കാനും എന്റെ സാങ്കേതികവൈദഗ്ദ്ധ്യം പോരെന്നുറപ്പായിരുന്നു. അങ്ങനെ റോ ആയ ആ മതിലുകള്‍ ഞാനും കുടുംബവും സിനിമ ഛായാഗ്രാഹകന്‍ മുഹമ്മദിനെക്കാണിച്ചു. പിന്നെ, ഞങ്ങള്‍ ആ സിനിമ റഫറന്‍സായിവച്ചുകൊണ്ട്, ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന്, ഫോര്‍കെ റെസല്യൂഷനിലേക്ക് സിനിമ പൂര്‍ണമായും മാറ്റിച്ചെയ്യുകയായിരുന്നു. രണ്ടുപേര്‍ മാത്രം ചിത്രീകരിച്ച സിനിമയുണ്ടായി. കൂടെ, ദീപക്കും ദിയയും പിന്നണിയില്‍, സ്മിതയുടെ പിന്തുണയും.


വണ്ടിയെടുത്തുപോയി, മുഹമ്മദിനെ കൂട്ടിക്കൊണ്ടുവന്നത് ഒരൊളിയാത്രയായിരുന്നു. കാനന്‍ വണ്‍ ഡി എക്‌സ് ക്യാമറയും അദ്ദേഹത്തിന്റെ സ്വന്തം ലൈറ്റിംഗ് ഉപകരണങ്ങളും മാത്രം. മതില്‍ രണ്ടുവരി പൊക്കിക്കെട്ടിയാലോ എന്നാലോചിച്ചെങ്കിലും നടന്നില്ല. ചില ഷോട്ടുകളില്‍ ഞാന്‍, ഏറെ കഷ്ടപ്പെട്ട്, കാലുകള്‍ അകത്തിനിന്ന് അഭിനയിച്ചു. ലോംഗ് ഷോട്ടുകളില്‍ ആ വിദ്യ പറ്റാതെവന്നു. ഒരു കുഴിയെടുത്ത് അതിലിറങ്ങിനിന്ന്, താഴെ കുഴികാണാത്തവിധം, കട്ടിംഗ് എഡ്ജ് വരുത്തി, ചിത്രീകരിച്ചു.


നാലഞ്ചുദിവസം ഞങ്ങളുടെ വീട്ടില്‍ താമസിച്ച് മുഹമ്മദ് മതിലുകളെ ക്യാമറയിലാക്കി. ഇടയ്ക്ക് മഴ പെയ്തു കുഴി നിറഞ്ഞപ്പോള്‍, കട്ടച്ചെളിവെള്ളത്തിലിറങ്ങിനിന്നായി അഭിനയം. അതേസമയം, ചില ഷോട്ടുകളില്‍ കുഴി കാണാത്തവിധം, ചപ്പിലകള്‍കൊണ്ട്, ഒരു മറയും സൃഷ്ടിക്കേണ്ടിയിരുന്നു. സിനിമ കാണുന്നതുപോലെ, അത്ര എളുപ്പമായിരുന്നില്ല ചിത്രീകരണം.
ഏകകഥാപാത്രവും സംവിധായകന്‍ തന്നെയാകയാല്‍, പലപ്പോഴും ഓപ്പറേറ്റിംഗ് സംവിധായകന്റെ അധികഭാരവും മുഹമ്മദ് വഹിച്ചു. എന്റെ കഥാപാത്രം മതിലിനപ്പുറം കൊതുമ്പുയരുന്നതു നോക്കിയിരിക്കുന്ന ഒരു ദൃശ്യം ചിത്രീകരിക്കാന്‍, ക്യാമറ പ്രവര്‍ത്തിപ്പിച്ചശേഷം, മുഹമ്മദുതന്നെ, മതിലിനപ്പുറം പോയി, കൊതുമ്പു പൊക്കേണ്ടിവന്നു. ഇതിലും കൗതുകകരമായ സംഗതി, ഇതെല്ലാം നടക്കുമ്പോള്‍, ഞങ്ങള്‍ക്കിടയില്‍ ജീവിതവും നടക്കുന്നുണ്ട്. എന്റെ ഉമ്മിച്ചയും ഭാര്യയും വീട്ടുസഹായിനിയുംകൂടി വീട്ടുകാര്യങ്ങളെല്ലാം നോക്കുകയും ഞങ്ങള്‍ക്കുകൂടിയുള്ള ഭക്ഷണമുണ്ടാക്കിത്തരികയും തുണി കഴുകി വിരിക്കുകയും എല്ലാമമുണ്ട്. തുണി കഴുകിവിരിക്കുന്നതൊക്കെ ഫ്രെയിമില്‍ വരാതെ നോക്കണം.


വരണ്ട അവസ്ഥയാണു സിനിമയുടെ പൊതുടോണ്‍. പക്ഷേ, അപ്പോള്‍ മഴ പെയ്തുകളഞ്ഞു. അതോടെ, രാവിലെ ഷൂട്ടിന് വെയില്‍ വന്ന് പുല്‍ക്കാടുകളും നിലവും ഉണങ്ങാന്‍ കാത്തിരിക്കേണ്ടിവന്നു. മഴ വേണ്ട സമയത്ത് പെയ്യുന്നുമില്ല. രാത്രിമഴയ്ക്കായി ക്യാമറ സെറ്റു ചെയ്ത്, മാറിമാറി ഉറക്കമിളച്ചു കാത്തിരിന്നിട്ടുണ്ട്. ജിംബല്‍ ഉപയോഗിച്ചെടുക്കേണ്ട ഒരൊറ്റഷോട്ട്, മുഹമ്മദ് അതിസാഹസികമായി തന്റെ ശരീരം കൊണ്ടു നിര്‍വഹിച്ചു. സിനിമയില്‍ ഒന്നുരണ്ടിടത്ത്, ഭക്ഷണമിട്ടുകൊടുക്കുന്ന സ്ഥലത്ത് കാക്കകളുംമറ്റും ധാരാളമായി വരണം. പക്ഷേ, ക്യാമറ വെച്ചിട്ട് ചോറിട്ടാല്‍ ഒറ്റക്കാക്കയും വരില്ല. ഒരുതരം നിസ്സഹകരണപ്രസ്ഥാനം. അവസാനം മടുത്ത് ക്യാമറ മാറ്റിയാല്‍, അവ വരികയും ചെയ്യും. ഇതു പലവട്ടം തുടര്‍ന്നു. അതുപോലെ, അവസാനം ഒരു കാക്കക്കലാപം വേണം. ഇതും കാക്കകള്‍ സഹകരിക്കുന്നില്ല. അങ്ങനെ ബാക്കിയെല്ലാം ഷൂട്ടിംഗ് തീര്‍ന്നിട്ടും ഈ രണ്ടു കാക്കഷോട്ടുകള്‍ക്കായി മുഹമ്മദും ഞാനും വെറുതെ കാത്തിരുന്നു. നടപ്പില്ലെന്നു തോന്നി, കാക്കകള്‍ക്കു മാത്രമായി രണ്ടാം ഷെഡ്യൂളെന്നുറപ്പിച്ച്, ഷെഡ്യൂള്‍ പായ്ക്കപ്പ് പറയാന്‍ വാപൊളിച്ചപ്പോള്‍, കാക്കകള്‍ നിസ്സഹകരണപ്രസ്ഥാനം പിരിച്ചുവിട്ടിട്ട് വരുന്നു, ചോറുതിന്നുന്നു, ക്യാമറയിലേക്കു നോക്കുന്നു. അതുകഴിഞ്ഞ്, അല്പനേരത്തിനകം ഞങ്ങള്‍ ഉദ്ദേശിച്ചപോലെതന്നെയുള്ള ഒരു കാക്കക്കലാപം അവരവിടെ അരങ്ങേറ്റി.


ഒരു കശുമാങ്ങ വേണമായിരുന്നു ഷൂട്ടിംഗിന്. ആ സമയമായപ്പോള്‍, എല്ലാ കശുമാങ്ങയും തീര്‍ന്നു. ഒടുവില്‍, പൊന്നാനിയില്‍ പരീക്ഷപ്പേപ്പര്‍ നോക്കാന്‍ പോയ, കുടുംബസുഹൃത്ത് സിന്ധൂസുരേഷ് വഴിയരികില്‍ കണ്ട ഒരൊറ്റക്കശുമാങ്ങ പറിച്ച്, ചോറ്റുപാത്രത്തിലാക്കിക്കൊണ്ടുത്തന്നു. ഒരു കുതിരയേണിയാണ് ക്യാമറാമാന്റെ ഏകസഹായമായത്.


ഈ സിനിമയില്‍ പുറത്തുനിന്നു വാങ്ങിയുപയോഗിച്ചതായി ഒരു പ്രോപ്പര്‍ട്ടി പോലുമില്ല. അവൈലബിള്‍ പ്രോപ്പര്‍ട്ടി, അവൈലബിള്‍ ആര്‍ടിസ്റ്റുകള്‍, അവൈലബിള്‍ ലൊക്കേഷന്‍, അവൈലബിള്‍ അദര്‍ തിംഗ്‌സ്… ചെയ്തത്, ഉള്ള വസ്തുക്കള്‍ക്ക് അര്‍ത്ഥം കല്പിക്കുക എന്നതായിരുന്നു. പാവക്കുട്ടികള്‍ക്കും പുസ്തകങ്ങള്‍ക്കും അലമാരകള്‍ക്കും ഇരുമ്പുമറയ്ക്കും ഗ്രില്ലുകള്‍ക്കും പൂട്ടുതാഴുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും കുടുംബഫോട്ടോ പതിച്ച പിടിപോയ ചായക്കോപ്പയ്ക്കും സെന്‍ സന്ന്യാസിബൊമ്മകള്‍ക്കും പഴഞ്ചെരിപ്പുകള്‍ക്കും കുട്ടികള്‍ വരച്ച ചായച്ചിത്രങ്ങള്‍ക്കും, അവര്‍ വരച്ച കുത്തിവരകള്‍ നിറഞ്ഞ കടലാസുകള്‍ക്കും ലൈറ്റുകള്‍ക്കും തെരുവിന്റെയും തെരുവുവിളക്കുകളുടെയും സംവിധാനങ്ങള്‍ക്കും പത്രങ്ങള്‍ക്കും പറമ്പിനും പുല്‍ക്കൂട്ടത്തിനും കശുമാവിനും കശുവണ്ടികള്‍ക്കും ചാരുകസേരയ്ക്കും മഴയ്ക്കും അടുക്കളയിലെ പാറ്റകള്‍ക്കും മദ്യക്കുപ്പികള്‍ക്കും കരിഞ്ഞ വാഴക്കുലയ്ക്കു വരെ അര്‍ത്ഥകല്പനയേകുക. അങ്ങനെ ഷൂട്ടിംഗ് തീര്‍ന്നു.


എഡിറ്റിംഗിന് ഒരു വീടും തിരൂരുള്ള മനാഫ് എന്ന സ്റ്റുഡിയോയുടമയുടെ പക്കല്‍നിന്ന് ഒരു സിസ്റ്റവും വാടകയ്‌ക്കെടുത്തു. അവിടെ എഡിറ്റര്‍ രാജ് ജോലിതുടങ്ങി. മറ്റൊരു ഒളിപ്രവര്‍ത്തനം. പിന്നെ, ഇളവുകള്‍ വന്നപ്പോള്‍, കോഴിക്കോട് യൂണിറ്റി സ്റ്റുഡിയോയില്‍പ്പോയി, ഡബ്ബിംഗ് നടത്തി. സ്റ്റുഡിയോയിലെങ്ങും ആരും വരാത്ത ആ ദിവസങ്ങളില്‍, ദൂരെനിന്നു ബൈക്കില്‍ വന്ന്, സ്റ്റുഡിയോ തുറന്ന്, ഞങ്ങള്‍ക്കു മാത്രമായി ആ ജോലി ചെയ്തുതന്നത് ഷൈജുവാണ്. നാരായണിക്കു ശബ്ദം പകര്‍ന്നത് ഹേമ ചന്ദ്രേടത്ത് എന്ന ദൂരദര്‍ശന്‍ – ആകാശവാണി കലാകാരിയാണ്. എല്ലാത്തിലുമുണ്ട്, അല്പം സാഹസം. ഡബ്ബിംഗ് ജോലികള്‍ക്കിടെ ഒരു ട്രിപ്പിള്‍ ലോക് ഡൗണ്‍ വന്നു. വെളുപ്പിനെ പോലീസ് വന്ന് റോഡുകള്‍ അടച്ചുകെട്ടുമെന്നതിനാല്‍, വണ്ടി രാത്രിതന്നെ, ട്രിപ്പിള്‍ ലോക് ഡൗണ്‍ സ്ഥലത്തിനുപുറത്ത്, വഴിയോരത്തു പാര്‍ക്ക് ചെയ്തിട്ട്, വെളുപ്പിനേ, സ്ഥലംവിട്ടു. സ്റ്റുഡിയോ തുറക്കും വരെ കാറില്‍ ചുറ്റിക്കറങ്ങി.


അടുത്ത വെല്ലുവിളി സംഗീതവും ശബ്ദവും മിശ്രണവും. എഡിറ്റര്‍ തന്നെ, എറണാകുളത്തും കുറവിലങ്ങാട്ടും ചില സുഹൃത്തുക്കളുടെ സ്റ്റുഡിയോകളും അവരുടെ പരിചയത്തിലുള്ള ചില ഉപകരണസംഗീതക്കാരുടെ സഹായത്തിലും ഒരു മ്യൂസിക്ക് ട്രാക്ക് തയ്യാറാക്കിത്തന്നു. ശബ്ദങ്ങള്‍ക്കായി വിഷ്ണുവും അജയും ബൈക്കില്‍ അലഞ്ഞതു വേറേ. മിശ്രണത്തിന്റെ സമയമായപ്പോള്‍, വീണ്ടും രോഗകാലം. കടുത്ത നിയന്ത്രണങ്ങള്‍. കോഴിക്കോട്ടെ, എഡിറ്റ് ലാന്റ് സ്റ്റുഡിയോ ഉടമ ബോബി ഒരാശയം പറഞ്ഞു. സ്റ്റുഡിയോ തുറന്നുതരും. അകത്തുകയറി, ഷട്ടറിട്ട്, ഒച്ചയുണ്ടാക്കാതെ ജോലിചെയ്യണം. അങ്ങനെ ചെയ്തു. അടുത്തത്, ഡി.ഐ., കളറിംഗ് പരിപാടികള്‍; തിരുവനന്തപുരം ഡി ക്ലൗഡില്‍. അതും തീര്‍ത്തു സിനിമ സജ്ജമായി.


സത്യത്തില്‍ ഇങ്ങനൊരു സിനിമ സാദ്ധ്യമാണെന്നതിന് തെളിവ് ഈ സിനിമ മാത്രമാണ്. ഇതിന്റെ ചിത്രീകരണം മറ്റൊരു വിധമായിരുന്നെങ്കില്‍, പ്രയോഗിക്കാമായിരുന്ന എത്രയോ ഷോട്ടുശൈലികള്‍ പരിമിതപ്പെടുത്തേണ്ടിവന്നു. പരിമിതികളും പരാധീനതകളുമായി അവശേഷിക്കുമ്പോഴും മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ ഒരു ചരിത്രമുഹൂര്‍ത്തമാണ്. ഒറ്റയ്ക്കു രണ്ടുപേരായിനിന്ന്, രണ്ടുപേര്‍ ഒറ്റയ്ക്കു ചെയ്ത സിനിമ. ലോകസിനിമാചരിത്രത്തില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ അഭ്രപാളികളില്‍ എന്നു പണ്ടു ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രത്തിനു പരസ്യവാക്യം ചമച്ചതുപോലെ ഞങ്ങള്‍ക്കും പറയാം. ലോകസിനിമയില്‍ ആദ്യമായി മൂന്നാമതൊരാളില്ലാതെ പൂര്‍ത്തിയാക്കിയ ആദ്യസിനിമയെന്ന്. അതു മലയാളികള്‍ മുഴുവന്‍ അഭിമാനത്തോടെ പറയുന്ന ദിവസമാണ് അടുത്ത സ്വപ്‌നം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…