“Thappad ” bus ithni si baat, ഒരു അടി , ഇത്രേ ഉള്ളോ കാര്യം? അതെ കേൾക്കുമ്പോൾ എത്ര നിസ്സാരം.. ഭർത്താവ് ഭാര്യയെ അടിക്കുക. ഒട്ടുമിക്ക ആളുകൾക്കും വളരെ നിസാരമായ കാര്യം. അതൊക്കെ സാധാരണം അല്ലേ എന്ന മുഖഭാവം തന്നെ ആവും മിക്കവാറും ആളുകൾക്ക്. എന്നാൽ അത് അങ്ങനെയല്ല എന്ന് പറയുകയാണ് അമു (Taapse Pannu) “Thappad” എന്ന ബോളിവുഡ് സിനിമയിൽ.
തുടക്കത്തിൽ ഭർത്താവിനെ അലാറം വെച്ചു സമയത്തിന് വിളിച്ചുണർത്തുക, ബെഡ് കോഫി കൊടുക്കുക, ലേറ്റ് ആകുമ്പോൾ ബ്രേക്ഫാസ്റ് വായിൽ വെച്ചു കൊടുത്തു തീറ്റിച്ചു, പഴ്സും കുടിക്കാനുള്ളതും ലഞ്ച് ബോക്സും എല്ലാം, ഒന്നും വിട്ടു പോകാതെ കയ്യിൽ കൊടുത്തു എല്ലാ ദിവസവും രാവിലെ ഭർത്താവിനെ ഓഫീസിലേയ്ക്ക് യാത്രയാക്കുന്ന അമുവിന് ഇത് മാത്രേ ഉള്ളോ പണി എന്ന് തോന്നിപോകും.. ഇയാളെ നോക്കാൻ വേണ്ടി മാത്രമാണോ ഇവൾ കല്യാണം കഴിച്ചതെന്ന്. പക്ഷേ ലണ്ടനിലേക്ക് ജോലി സംബന്ധമായി മാറുന്നതിന്റെ മുന്നോടിയായി സ്റ്റാഫിനെ ഒക്കെ വിളിച്ചു വീട്ടിൽ വച്ചു നടത്തിയ പാർട്ടിയിൽ ഒഫീഷ്യൽ ആയ പ്രശ്നത്തിന്റെ പേരിൽ സീനിയറുമായി ഉണ്ടായ വാക്കേറ്റത്തിൽ പിടിച്ചു മാറ്റാൻ വന്ന അമുവിനെ ഭർത്താവ് വിക്രം (Pavail Gulati) ചെകിട്ടത്തു അടിക്കുന്നു.. ആ ഒറ്റ അടിയാണ് Thappad എന്ന സിനിമയെ മാറ്റി മറിച്ചത്.
സ്തംഭിച്ചു ഞെട്ടിത്തരിച്ചു അമ്മു ആൾക്കൂട്ടത്തിനു നടുവിൽ. വളരെ നിസ്സാരമായി ലോകം മുഴുവനും കൊണ്ടുനടക്കുന്ന ഒരു ചിന്തയെ ആണ് അമ്മു മാറ്റി മറിച്ചത്… ആരും അവളെ സമാധാനിപ്പിക്കാൻ എത്തിയില്ല.. “സാരമില്ല, എന്റെ അപ്പോഴത്തെ ദേഷ്യം ഞാൻ നിന്റെ മേൽ തീർത്തു ” എന്ന് രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ച അമുവിനോട് വളരെ നിസാരമായി ഭർത്താവ് പറയുമ്പോൾ വ്യക്തമാകുന്നത് ലോകം മുഴുവനും ഉള്ള, ഭാര്യയെ തല്ലുന്ന ഭർത്താക്കന്മാരുടെ ശബ്ദമാണ്. തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ ലോകം മുഴുവൻ പിന്നെ ആ പെണ്ണിന് എതിരാണ്.. അഹങ്കാരി, സംസക്കാരമില്ലാത്തവൾ, അച്ഛന്റെയും അമ്മയുടെയും വളർത്തു ദോഷം അങ്ങിനെ പലതും കേൾക്കും.. പിന്നാലെ ഡിവോഴ്സ് നോട്ടീസ്.. അങ്ങിനെ പോകും…
ആ ഒറ്റ അടിയിൽ ഭർത്താവിന് വേണ്ടി സ്വന്തം കരീയറും ഇഷ്ടങ്ങളും മാറ്റി വെച്ചു ഒരു നല്ല വീട്ടമ്മയായി ജീവിച്ച അമു തിരിച്ചറിയുകയായിരുന്നു ജീവിതം എന്താണെന്നും ആളുകൾ അതിനെ എങ്ങിനെയാണ് വിലയിരുത്തുന്നതെന്നും. സ്വന്തം വീട്ടിലേയ്ക്കു പോകാനിറങ്ങുന്ന അമുവിനോട് കാര്യങ്ങൾ വലുതാക്കാതെ സംഭവിച്ചത് മറന്നു കളയാനും ഇത്ര നിസാര കാര്യത്തിനാണോ വീട്ടിലേയ്ക്കു പോകുന്നതെന്നും ചോദിക്കുന്ന ഭർത്താവിനോട്, ഞാൻ ഇപ്പോൾ നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും അപ്പോൾ പിന്നെ ഈ വീട്ടിൽ നിൽക്കുന്നതിൽ എന്തർത്ഥം എന്ന് ചോദിച്ചു വീട്ടിലേയ്ക്കു പോകുന്നു . ആത്മാഭിമാനത്തിനു മുറിവേൽക്കുന്നതിനേക്കാൾ വലിയ അപമാനം ജീവിതത്തിൽ വേറെ ഇല്ല എന്ന് ചിന്തിക്കുന്നവരാണ് “മനുഷ്യർ”..ആ “മനുഷ്യരിൽ ” സ്ത്രീകളും പെടും.. ആണിനും പെണ്ണിനും വെവ്വേറെ നിയമങ്ങൾ നടപ്പാക്കുന്ന നമ്മുടെ സമൂഹത്തിൽ പലപ്പോഴും സ്ത്രീകൾക്ക് ആ “മനുഷ്യൻ”എന്ന പരിഗണന കിട്ടാതെ വരുന്നു എന്നതാണ് സത്യം.
അമുവിന്റെ സ്വന്തം വീട്ടിലേയ്ക്കുള്ള ആ പോക്ക് ഡിവോഴ്സിലേയ്ക്ക് എത്താൻ താമസം വന്നില്ല. ഏതു നിസാരകാര്യത്തെയും വളച്ചൊടിച്ചു വല്യ പ്രശ്നങ്ങളായി മാറ്റുന്ന സുഹൃത്തുക്കളും ബന്ധുക്കളും പിന്നേ ഏതു വിധേനയും ഉള്ളതും ഇല്ലാത്തതും എല്ലാം കൂട്ടിച്ചേർത്തു കേസ് കോംപ്ലിക്കേറ്റഡ് ആക്കുന്ന നിയമോപദേശകരും കൂടി അതു വലിയ ഒരു സംഭവം ആക്കി മാറ്റുന്നു. നഷ്ടപരിഹാരതുക വാങ്ങാൻ ഉപദേശം. അങ്ങിനെ ഗാർഹിക പീഡനം രണ്ടുപേരുടെയും വക്കീലന്മാർ കേസിൽ കുത്തിത്തിരുകുന്നു. സ്വന്തം വീട്ടിൽ തിരിച്ചെത്തിയ മകൾ തിരിച്ചു പോകണം എന്ന് അമ്മയും ഉപദേശിക്കുന്നു. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറഞ്ഞ പഴയ കോളേജ് ജീവിതത്തിലേയ്ക്ക് തിരിച്ചു പോകുന്നു ഇപ്പോൾ എന്ന് അമു പറയുമ്പോൾ വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിൽ എത്ര മാത്രം മാറ്റങ്ങൾ ആണ് കൊണ്ട് വരുന്നത് എന്ന് എല്ലാ പുരുഷന്മാരും ചിന്തിക്കേണ്ടതാണ്.
മകളുടെ വിവാഹമോചനം നടക്കുമ്പോൾസ്വന്തം ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്ന അമുവിന്റെ അമ്മ പാട്ടു പാടാനുള്ള തന്റെ കഴിവിനെക്കുറിച്ചും പാട്ടുകാരിയാകാൻ ആഗ്രഹിച്ചതിനെ കുറിച്ചും വിവാഹ ശേഷം എല്ലാ ഇഷ്ടങ്ങളും മാറ്റി വെച്ചു ഒരു നല്ല വീട്ടമ്മയായി മാറിയതും ഭർത്താവിനോട് പറഞ്ഞു സങ്കടപ്പെടുമ്പോൾ ഞാൻ ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും നിന്നെ വേദനിപ്പിച്ചിട്ടില്ല എന്ന് അമുവിന്റെ അച്ഛൻ മറുപടി പറയുന്നു. വേദനിപ്പിച്ചിട്ടില്ല പക്ഷേ നീ ഇപ്പോൾ എന്തുകൊണ്ടാണ് ഒരിക്കലും പാടാത്തതു, എന്ന് ഒരിക്കൽ പോലും ചോദിച്ചില്ല എന്ന് അവർ കരയുമ്പോൾ അയാൾക്കും സങ്കടം ആകുന്നു.. ഓരോ വീട്ടിലും ഒരു രാജകുമാരിയെ പോലെ എല്ലാ കഴിവുകളും വളർത്തി എടുത്തു സ്നേഹിച്ചും താലോലിച്ചും ഓരോ അച്ഛനമ്മമാരും വളർത്തുന്ന പെണ്മക്കളാണ് വിവാഹ ശേഷം ഭർത്താവിന്റെയും വീട്ടുകാരുടെയും സംരക്ഷണം മുന്നിൽ കണ്ടു അവളുടെ എല്ലാ ഇഷ്ടങ്ങളും മാറ്റി വെയ്ക്കുന്നത് .. എന്നിട്ടും ഏതു കാരണത്തിൽ ദേഷ്യം ഉണ്ടായാലും ഭാര്യയുടെ കവിളിൽ തല്ലി ദേഷ്യം തീർക്കുന്ന പുരുഷന്റെ വൃത്തികെട്ട സ്വഭാവത്തെ നിസാരവൽക്കരിക്കുന്ന സമൂഹത്തിന്റെ ചട്ടക്കൂടുകൾ മാറാതെ ഇന്നും നിലനിൽക്കുമ്പോൾ “Thappad” മുന്നോട്ടുള്ള മാറ്റത്തിന്റെ ആദ്യപടി തുടങ്ങി വെച്ചു എന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു.. ആത്മാഭിമാനവും സന്തോഷവും മാത്രമാണ് എന്നും ഏറ്റവും വലുതായി കാണുന്നതെന്നു ചെയ്യാത്ത കുറ്റങ്ങൾ ഉൾപ്പെടുത്തി കേസ് വാദിക്കാൻ തുനിയുന്ന വക്കീലിനോട് പോലും അമ്മു പറയുന്നു.
നിവൃത്തികെട്ടു അമ്മുവിനെ എങ്ങിനെയെങ്കിലും തിരിച്ചു കൊണ്ടുവരാൻ വേണ്ടി ഒത്താശ ചെയ്യാൻ അയൽക്കരിയും വിധവയും ആയ ശിവാനിയുടെ (Diya Mirsa) അടുത്ത് വിക്രം സംസാരിക്കാൻ എത്തുന്നു… അമുവിനെ ആകെ ആശ്വസിപ്പിച്ചതും അവളെ മനസ്സിലാക്കുന്നതും ആയ ശിവാനി വിക്രത്തിനോട് , തന്റെ ഭർത്താവ് വളരെ നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ വിക്രം ഇപ്പോൾ പറയുന്നതൊന്നും താൻ കേട്ടില്ല എന്ന് നടിക്കേണ്ടി വരും എന്നും പറയുമ്പോൾ, നന്നായി സ്നേഹിക്കുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പുരുഷനെ ഒരു പെണ്ണും ഒരിക്കലും വിട്ടുപോകില്ല എന്ന സത്യമാണ് ശിവാനി പറഞ്ഞു വെയ്ക്കുന്നത്… ഡിവോഴ്സ് അടുക്കുന്തോറും അപ്പോഴും ആൺ മേധാവിത്വത്തിന്റെ പരുക്കൻ ശബ്ദവുമായി ഒരു വീട് സ്വന്തം പേരിൽ എഴുതി തരാം പകരം കുഞ്ഞിനെ വിട്ടുകൊടുക്കണം എന്ന് പറയുന്ന ഭർത്താവിനോട് “ഈ കുഞ്ഞിനെ വിൽപ്പനക്ക് വെച്ചിട്ടില്ല “എന്ന് തന്റേടത്തോടെ അമു പറയുമ്പോൾ വിക്രത്തിനു അതു മുഖമടച്ചു കിട്ടുന്ന അടിയാണ്. കുഞ്ഞ് ജനിച്ചാൽ പിന്നെ ഭർത്താവിന്റെ എന്ത് മോശം സ്വഭാവവും മറന്നു ഭാര്യ ഒരുമിച്ചു ജീവിക്കാൻ തിരിച്ചുവരും എന്ന് ചുമ്മാ സ്വപ്നം കാണുന്ന ഭർത്താക്കന്മാർക്ക് കിട്ടുന്ന അടി.
ഒടുവിൽ പരസ്പര സമ്മതത്താൽ വിവാഹമോചനം നേടി ഭർത്താവിന്റെ അമ്മയെ കാണാൻ എത്തുന്ന അമു പറയുന്നു, അമ്മയുടെയും മകന്റെയും ഒരുപാടു നല്ല ഗുണങ്ങൾ പറയുന്നു.. പക്ഷെ അമ്മയുടെ ആ സ്നേഹം മുഴുവൻ മകന്റെ ഭാര്യയോടായിരുന്നു, അമ്മു എന്ന പെൺകുട്ടിയോട് ആയിരുന്നില്ല, അല്ലെങ്കിൽ മകൻ തല്ലിയപ്പോൾ ഒരിക്കലെങ്കിലും ഒന്ന് ആശ്വസിപ്പിച്ചേനെ എന്ന്. ഭർത്താവിന്റെ ഇഷ്ടനിറമായ നീല തന്റെയും ഇഷ്ടനിറമാക്കി സ്വന്തം ഇഷ്ടനിറം മഞ്ഞ ആയിരുന്നു എന്ന് പോലും താൻ മറന്നുപോയി എന്ന് അമ്മു പറയുമ്പോൾ, വിവാഹിതരായി സ്വന്തം ഇഷ്ടങ്ങളെ എല്ലാം മറന്നും മാറ്റി വച്ചും ഭർത്താവിന്റെയും കുടുംബത്തിന്റെയും ഇഷ്ടങ്ങൾക്കു അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്ണിനും കണ്ണു നനയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല.. കാരണം അത്രയധികം അമൃത മാർ(അമു ) ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.. ആത്മാഭിമാനം പണയപ്പെടുത്തി കുടുംബം തകരാതിരിക്കാൻ സ്വന്തം ഇഷ്ടങ്ങളെ മറന്നവർ..
A big salute to Mr. Anubhav Sinha(Director) and Mrunmayee Lagoo