മഴതന്നേ മഴ… എത്ര ദിവസമായി തുടങ്ങിയിട്ട്.വീടു പണിയുന്നതിന്റെ കോൺക്രീറ്റു ചെയ്യാൻ സാധിക്കുന്നില്ല. മൂന്നു തവണ കോൺക്രീറ്റിംഗ് മാറ്റിയതാണ്. ഈ വരുന്ന ഞായറാഴ്ച മഴയാണെങ്കിലും മേൽക്കൂര വാർക്കണം എന്നു തന്നെയാണ് നിശ്ചയം. ഞായറാഴ്ച രാവിലെ വീടുപണി നടത്തിക്കുന്നവൻ ഏഴു നല്ല തേങ്ങയെടുത്ത് ആരും നാരും കളഞ്ഞ് ഒരു സഞ്ചിയിൽ വെച്ചു. ഗണപതി ഭഗവാന് തേങ്ങയടിച്ചാൽ ഏതു കാര്യവും സാധിക്കുമെന്നാണ് പൊതുവെ വിശ്വാസം. അയാൾ തന്റെ മകനെ അടുക്കൽ വിളിച്ചു പറഞ്ഞു “എടാ, നീ കാലത്തേ ഗണപതി ക്കോവിലിൽ പോകണം.ദാ, ഈ സഞ്ചിയിലിരിക്കുന്ന ഏഴുതേങ്ങയും ഭഗവാന്റെ മുമ്പിൽ അടിക്കണം. ഇന്നൊരു ദിവസം മഴ പെയ്യിക്കാതെ ഗണപതി ഭഗവാൻ സഹായിച്ചാൽ നാം രക്ഷപെട്ടു. ഞാൻ പണിസ്ഥലത്തേക്കു ചെല്ലട്ടെ. കാലത്തേ ഒരു തോർച്ച കാണുന്നുണ്ട്. തേങ്ങ അടിച്ചിട്ടു വന്ന് നേരമാകുമ്പോൾ നീ ട്യൂഷനു പോയ്ക്കൊള്ളുക”. ഗണപതി ഭഗവാനേ, നീ എന്തൊരു ഭക്തപ്രിയൻ.ഞായറാഴ്ച സന്ധ്യയാവോളം ഒരു തുള്ളി മഴ പോലും പൊടിഞ്ഞില്ല. മഴക്കാർ വരും വന്ന പോലെ പോകും. മേൽക്കൂരയുടെ കോൺക്രീറ്റിംഗു തീർന്നു.ജോലികൾ എല്ലാം ഒതുക്കി പോകാൻ നേരത്തു കൂലിക്കാർ പറഞ്ഞു “ഏതായാലും സാറു യോഗമുള്ളവനാണ്. ഇന്ന് നമ്മെ പേടിപ്പിച്ചതല്ലാതെ ഒരു തുള്ളി മഴ പെയ്തില്ല”. വീട്ടുടമസ്ഥൻ പറഞ്ഞു ” ചുമ്മാതല്ല, രാവിലെ ഗണപതിക്കോവിലിൽ ഏഴുതേങ്ങ അടിച്ചു. ഭഗവാന്റ സഹായം”. സന്ധ്യ കഴിഞ്ഞ് വീട്ടുടമസ്ഥൻ കോൺക്രീറ്റിംഗ് ഭംഗിയായി നടന്നതിൽ പൂർണ്ണ സംതൃപ്തിയോടെ വാസസ്ഥലത്തെത്തി. അപ്പോഴുണ്ടവിടെ, രാവിലെ താൻ ഗണപതിക്കോവിലിലടിക്കാൻ പുത്രനെയേൽപ്പിച്ച ഏഴുതേങ്ങയും അങ്ങനെത്തന്നെ സഞ്ചിയിൽ ഇരിക്കുന്നു. പുത്രന്റെ ധിക്കാരത്തിൽ വ്യാകുലചിത്തനായ അയാൾ മകനെ വിളിച്ചുശാസിച്ചു. പിതൃ ഭക്തിയോടെ അവൻ അടുത്തു ചെന്നു പറഞ്ഞു. “അച്ഛാ, ഞാൻ തേങ്ങയുടക്കാൻ പോയി.ഗണപതിക്കോവിലിൽ ചെല്ലുമ്പോൾ ചെമ്മീൻ കെട്ടുകാരൻ മുതലാളി നടയ്ക്കൽ നിന്ന് തോരാമഴ തുടരണമെന്നപേക്ഷിച്ച് നൂറ്റൊന്ന് തേങ്ങായുടയ്ക്കുന്നു. ഭഗവാൻ കണക്കിനു മോശമാകുമോ? അതു കൊണ്ട് തേങ്ങ വെറുതേ നഷ്ടപ്പെടുത്തേണ്ട എന്നു കരുതി ഞാൻ തിരികെ കൊണ്ടു പോന്നതാണ്”.
- August 7, 2023
- കഥ
ചെമ്മനം ചാക്കോ