എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന നിമിഷത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കൊതിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എല്ലാവരുടെയും ജീവിതത്തിൽ തേടിയെത്തും. ജീവിക്കാനുള്ള കൊതി അതിലൂടെ വല്ലാതങ്ങ് നിറയുകയും ചെയ്യും.അത് പ്രകൃതിയുടെ ഒരു നിയോഗമാണ്.അങ്ങനെ സോഫിയയെ തേടിയെത്തിയ നിയോഗമാണ് സോളമൻ. പ്രണയം തോന്നാൻ ചിലപ്പോൾ ഒരൊറ്റ നിമിഷം മതി. എന്നാൽ ഒപ്പം ജീവിക്കണമെന്ന് ഒരാൾ മറ്റൊരാളെ കണ്ടെത്തി തീരുമാനിക്കുമ്പോൾ ആ വ്യക്തിയിൽ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉണ്ടായിരിക്കും. പരസ്പരം പ്രണയമുള്ള രണ്ട് മനുഷ്യർ അവരുടെ സ്നേഹവും സഹാനുഭൂതിയും ഒന്നിച്ചു നിൽക്കാനുള്ള താൽപര്യങ്ങളും പങ്കിട്ട് കൂടെ നിൽക്കുക എന്നതാണ് അതിന്റെ മഹത്വവും ശരിയും. പ്രണയവും ആരോടൊപ്പം ജീവിക്കണം എന്നുള്ളതുമൊക്കെ അവനവൻ സ്വന്തമായി തീരുമാനം എടുക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അതൊരു ഓർമ്മപ്പെടുത്തലാണ്. ആ ഓർമ്മപ്പെടുത്തലിന്റെ അടയാളപ്പെടുത്തലാണ് ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന പത്മരാജന്റെ സിനിമ.
‘ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം ‘ എന്ന കെ കെ സുധാകരന്റെ നോവലിനെ ആസ്പദമാക്കി 1986 ലാണ് പദ്മരാജൻ ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. ബൈബിളിലെ സോളമന്റെ പുസ്തകം അദ്ധ്യായം 7:12 ലെ കുറച്ച് ഭാഗങ്ങളെ ആസ്പദമാക്കി കടംകൊണ്ടതാണ് സിനിമയുടെയും നോവലിന്റെയും ശീർഷകങ്ങൾ.
പോൾ പൈലോക്കാരനും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം സോളമന്റെ അയൽപക്കക്കാരായി എത്തുന്നു. അവിചാരിതമായി സോളമൻ മൂത്ത പെൺകുട്ടി സോഫിയയെ കാണുന്നു. സോഫിയയുമായി സംസാരിക്കുന്നതോടെ ഇഷ്ടവും തോന്നുന്നു . തിരക്കഥയിൽ സാഹിത്യം ആവശ്യമില്ലെങ്കിലും സോളമൻ സോഫിയയോട് തന്റെ പ്രേമം അറിയിക്കുന്നത് ബൈബിൾ വചനത്തിലൂടെയാണ് . “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?
ഉം ഉം
അല്ലേ വേണ്ട…
പറയൂ
പോയി ബൈബിൾ എടുത്തു വെച്ച് നോക്കൂ” സോളമന്റെ വാക്കുകൾ കേട്ട് ഓടി പോയി ബൈബിൾ എടുത്തു വായിക്കുന്ന സോഫിയ” അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും ” മനോഹരമായ ഗീതങ്ങളിലൂടെ പ്രണയം പങ്കിടുന്ന അവരിരുവരും അഗാധമായ പ്രണയത്തിലാവുന്നു. ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലിലെ വരികൾ അതേ പോലെ സിനിമയിലും കടമെടുത്തപ്പോൾ അത് ഒട്ടും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല. മറിച്ച് ഒരു തീവ്ര പ്രണയത്തിന് പ്രേക്ഷകർ കൂടി സാക്ഷിയാവുകയും ചെയ്യുന്നു.
പോളിന്റെ സോഫിയയോടുള്ള ക്രൂരമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ സോളമൻ കാര്യങ്ങൾ അന്വേഷിക്കുന്നു. നഴ്സായ അമ്മയ്ക്ക് വിവാഹത്തിനു മുമ്പ് ജനിച്ച മകളാണ് സോഫിയ എന്നും പോൾ രണ്ടാനച്ഛൻ ആണെന്നും സോളമൻ അറിയുന്നു. നിരാശയുടെ ലോകത്തുനിന്നും സോഫിയയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സോളമൻ തയ്യാറാവുന്നു. സോളമനെ പ്രണയിക്കുമ്പോഴും സോഫിയയിൽ വല്ലാത്തൊരു സംഘർഷമു ണ്ട്. സോഫിയയുടേയും സോളമന്റേയും പോൾ പൈലോക്കാരന്റേയും റോസി പൈലോക്കാരന്റേയും മാനസിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രമാണിത്. അടുത്ത നിമിഷം എന്തെന്ന ആകാംക്ഷ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാനും പത്മരാജന് സാധിച്ചിട്ടുണ്ട്.
പ്രേമത്തിന് അതിർവരമ്പുകൾ ഇല്ലെന്നും കുടുംബമഹിമക്ക് സ്ഥാനമില്ലെന്നും നാം പറയുമെങ്കിലും പ്രതിസന്ധിഘട്ടത്തിലെത്തുമ്പോൾ ഇതിനെല്ലാം സ്ഥാനം വരികയും ചെയ്യും. കുടുംബപശ്ചാത്തലം മനസ്സിലാക്കിയ സോളമന്റെ അമ്മ അങ്ങനെയുള്ള ഒരു കുടുംബത്തിലെ പെൺകുട്ടിയെ മകന്റെ ഭാര്യയായി സ്വീകരിക്കാൻ തയ്യാറാവുന്നില്ല. പക്ഷേ സോളമന്റെ വാശിക്ക് മുന്നിൽ അമ്മ കീഴടങ്ങുന്നു. വിവാഹത്തിന് സമ്മതിക്കുന്നു. സോഫിയയുടെ അമ്മയ്ക്ക് താൽപര്യമില്ലെങ്കിലും രണ്ടാനച്ഛൻ സോഫിയയെ റെയിൽവേയിൽ തനിക്കൊപ്പം ജോലിചെയ്യുന്ന വക്കച്ചനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. അതറിയാവുന്ന അമ്മ രണ്ടാനച്ഛന്റെ എതിർപ്പ് വകവെക്കാതെ സോളമന്റെ അമ്മക്കൊപ്പം ചേർന്ന് അവരുടെ വിവാഹം രഹസ്യമായി നടത്താൻ തയ്യാറാവുന്നു. രണ്ടമ്മമാരുടേയും അനുവാദത്തോടെ കാര്യങ്ങളെല്ലാം അനുകൂലമായ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പോൾ സോഫിയയെ ബലാത്സംഗം ചെയ്യുന്നു. ഈ സംഭവം അറിയുന്ന സോളമന്റെ അമ്മ അത്തരമൊരു കുടുംബവുമായി നമുക്ക് ഒരു ബന്ധവും വേണ്ട എന്ന് തീർത്ത് പറയുന്നു. ഇത് സഹിക്കാൻ വയ്യാതെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയാണ് സോളമൻ. പിറ്റേന്ന് രാവിലെ തന്നെ തന്റെ ടാങ്കർ ലോറിയിൽ സോഫിയയെ വിളിച്ചുകൊണ്ടുപോകാൻ എത്തുന്ന സോളമൻ പോളുമായി ചെറിയ സംഘർഷത്തിൽ ഏർപ്പെടുന്നു. ഒടുവിൽ സോഫിയയുമായി തന്റെ മുന്തിരിത്തോട്ടത്തിലേക്ക് യാത്രയാകുന്നു. മകനെ കുറിച്ചോർത്ത് അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ സാക്ഷിയായി നിൽക്കുന്നു.
1986 ലെ കേരളീയ സാഹചര്യത്തിൽ നാം കണ്ടിട്ടുള്ളത് ഒരു പെൺകുട്ടി ബലാത്സംഗത്തിന് വിധേയ ആയാൽ ആത്മഹത്യ ചെയ്യുകയോ വിഷാദരോഗത്തിന് അടിമ ആവുകയോ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയോ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സത്യഗ്രഹം ഇരിക്കുകയോ ഒക്കെയാണ്. എന്നാൽ ഈ പതിവിനു വിപരീതമായി പത്മരാജൻ കാണിച്ചുതന്നത് കാമുകനോടൊപ്പം തന്റേടത്തോടെ ഭാര്യയായി ജീവിക്കാൻ അവൾ തയ്യാറാവുന്നു എന്നതാണ്. ഇങ്ങനെ ഒരു ധൈര്യം പ്രമേയപരമായി പത്മരാജൻ കാണിച്ചു.
നമ്മുടെ ചിന്തയ്ക്ക് മേലാണ് ഈ സിനിമ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചത്. ഭാര്യയുടെ മകളാണെങ്കിലും മകളുടെ സ്ഥാനത്തുള്ള ഒരു പെൺകുട്ടിയെ അവൾക്കിഷ്ടമില്ലാതെ സ്വന്തം കരുത്തുപയോഗിച്ച് കീഴ്പ്പെടുത്തി കഴിഞ്ഞതിനു ശേഷം” ഇനി അവളെ നീ കൊണ്ടു പൊയ്ക്കോ” എന്ന് കാമുകനോട് പറയുന്ന ആ ബോധത്തിന് നേർക്കാണ് പത്മരാജൻ അസാധാരണമായ കാര്യം ചെയ്തത്. അവിടെ ആരാണ് തെറ്റ് ചെയ്യുന്നത്. സോഫിയയാണോ പോൾ പൈലോക്കാരനാണോ? അതിനു മുമ്പും ശേഷവും നമ്മുടെ പൊതുബോധത്തിൽ സ്ത്രീയെ അവളുടെ സമ്മതത്തോടെയല്ലാതെ ഒരു പുരുഷൻ ശാരീരികാക്രമണം നടത്തിയാൽ അവൾ പിഴച്ചവളാകുന്നു. പിന്നെ ജീവിക്കാൻ അർഹതയില്ലാത്തവളായി മാറുന്നു. സത്യത്തിൽ ഇവിടെ മാനം നഷ്ടപ്പെടുന്നത് പുരുഷനായ പോളിന്റെയ ല്ലേ? വേട്ടക്കാരന്റെ മാനം തന്നെയാണ് അവിടെ നഷ്ടപ്പെടുന്നത്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് തനിക്ക് തോന്നിയ പ്രണയത്തിന് യാതൊരു കുറവും സംഭവിക്കാത്ത സോളമൻ സോഫിയയെ കൂടെ കൂട്ടുന്നതും. സോളമൻ ചെയ്തത് ശരിയാകുന്നതും. അതിലെന്തോ പുതുമ തോന്നുന്നത് നമ്മുടെ ബോധത്തിന്റെ ശരികേടാണ്. മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതാണ് സോഫിയയെ സോളമൻ. സന്തോഷത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും ചേർത്തു പിടിക്കേണ്ടത് അതുകൊണ്ടുതന്നെ സോളമന്റെ ഉത്തരവാദിത്തമാണ്. അതുമാത്രമേ സോളമൻ ചെയ്തിട്ടുള്ളൂ. അത് മനസ്സിലാക്കാൻ സാധിക്കാത്തവർക്കാണ് പത്മരാജൻ അസാധാരണമായ കാര്യം ചെയ്തു എന്ന് തോന്നുന്നത്.
സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി തന്ന ചലച്ചി ത്രമാണ്’ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ‘. സോളമൻ ‘കാമുക സങ്കല്പ’ത്തെ മാറ്റിയിട്ടുണ്ടാകാം. പക്ഷേ സോളമനാണ് കാമുകൻ എന്നതാണ് സത്യം. നമ്മുടെ സങ്കല്പത്തിനാണ് ശരികേടുള്ളത്. സോളമൻ ചെയ്തതാണ് ശരി. ശരിയുടെ പക്ഷത്താണ് സോളമൻ നിലയുറപ്പിച്ചത്. യാഥാസ്ഥിതികമായ ചില സദാചാര സങ്കല്പങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളുടെ സങ്കീർണ്ണതകൾ പറയാനാണ് പത്മരാജൻ ആഗ്രഹിച്ചത്. അതിമാനുഷ രായ കഥാപാത്രങ്ങളെയല്ല അദ്ദേഹം സൃഷ്ടിച്ചെടുത്തത്.
സോഫിയയോട് തോന്നിയ തീക്ഷ്ണമായ പ്രണയമാണ് അവൾക്ക് അവൾ കാരണമല്ലാതെ സംഭവിച്ച സങ്കടത്തിനതീതമായി അമ്മയുടെ എതിർപ്പിനെ വകവെക്കാതെ അവൾക്കൊപ്പം നിൽക്കാൻ സോളമന് പ്രേരണയായത്. കേട്ടുപഴകിയ ശീലങ്ങളിൽ നിന്നും സങ്കൽപ്പങ്ങളിൽ നിന്നും പെട്ടെന്ന് മാറി ചിന്തിക്കാൻ സാധാരണ മനുഷ്യ ബോധത്തിനു സാധിക്കില്ല. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഫസ്റ്റ് ക്ലാസോടെ പാസാകാൻ ആർക്കെങ്കിലും സാധ്യമാണോ. ഓരോ ഘട്ടത്തിൽ പുതിയ പുതിയ അറിവുകൾ വന്നുചേരുന്നു. ജീവിതത്തെ വില കുറച്ച് കാണാതിരിക്കാൻ സ്വയം ശ്രമിക്കണം. ആ പാഠമാണ് സോഫിയ നൽകുന്നത്. അവൾ കാരണമല്ല അവൾക്ക് അച്ഛനില്ലാതായത് . രണ്ടാനച്ഛനിൽ നിന്നും മോശമായ അനുഭവമുണ്ടായത് . അതുപോലെതന്നെ സോളമൻ ഇഷ്ടപ്പെട്ടതും. എല്ലാം വന്നു ചേർന്നതാണ്. വന്നുചേർന്നതിനെയെല്ലാം സ്വാഭാവികതയോടെ എതിർപ്പില്ലാതെ സ്വീകരിക്കുകയായിരുന്നു സോഫിയ. കഴിഞ്ഞുപോയ നാളുകളെ ഓർത്ത് സങ്കടപ്പെടാതെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടാതെ അമിത പ്രതീക്ഷ വെക്കാതെയുള്ള ജീവിതം അനിയത്തിക്കും അമ്മയ്ക്കുമൊപ്പം ജീവിച്ചു തീർക്കുകയായിരുന്നു സോഫിയ. അവിടേക്കാണ് യാദൃച്ഛികമായി സോളമൻ കടന്നുവരുന്നതും ഇഷ്ടം അറിയിക്കുന്നതും.
യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ സാധിക്കാത്തവർക്ക് സോളമൻ അസാധാരണമായ ഒരു കാര്യം ചെയ്തതായി തോന്നും . സോളമന്റെ സോഫിയയോടുള്ള പ്രണയം സത്യസന്ധമായിരുന്നു. സത്യസന്ധത അസാധാരണമാണെങ്കിൽ സോളമൻ സാധാരണക്കാരനല്ല. സോളമൻ സ്നേഹിച്ചത് സോഫിയ എന്ന വ്യക്തിയെയാണ്. വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. അതേദിവസം ഒരു ദുഷ്ടനായ വ്യക്തിയിൽനിന്ന് ദുരനുഭവം ഉണ്ടായി എന്നതിന്റെ പേരിൽ ആ സ്നേഹത്തെ തിരസ്കരിക്കാൻ സോളമൻ തയ്യാറായില്ല. അങ്ങനെയൊരു ദുരനുഭവം ഉണ്ടായി എന്നതിന്റെ പേരിൽ ” ഞാൻ വഞ്ചിക്കപ്പെട്ടു, ചേട്ടൻ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കൂ ” എന്ന ക്ലീഷേ ഡയലോഗ് പറയാതെ സോഫിയയും സോളമനോടൊപ്പം ചേരാൻ തയ്യാറായി. അവിടെയാണ് ഇവർ അസാധാരണക്കാരാകുന്നത്. മനസ്സിലെ ഇരുട്ടിനെ മാറ്റിക്കളയുന്ന പ്രകാശമാണ് അപ്രതീക്ഷിത സ്നേഹം. നമ്മുടെ വിധി നിശ്ചയിക്കുന്നത് നിശ്ചയദാർഢ്യമാണെന്ന് സോളമന്റേയും സോഫിയയുടേയും ജീവിതം ഓർമ്മപ്പെടുത്തുന്നു. സ്നേഹവും കരുതലും പ്രകടമാക്കുമ്പോൾ മാത്രമല്ല പരസ്പരം തിരിച്ചറിയുമ്പോഴാണ് ജീവിതം ജീവിതമായി മാറുന്നതും സുന്ദരമാകുന്നതും .
പ്രണയത്തിൽ ഏർപ്പെടുന്ന തോടെ മനസ്സ് വിശാലമാകുന്നു. ലോകത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ സാധിക്കുന്നു. പ്രണയം എന്നത് ഒരു കലാപമാണ്. അതിൽ പ്രായം, ജാതി, സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ ഒരു ഘടകമേ ആവുന്നില്ല എന്നിടത്ത് സോളമനും സോഫിയയും മാതൃകയാവുന്നു.