സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാട്ടുപ്രസ്ഥാനം: പഴമയും പെരുമയും

ആദില കബീര്‍

മലയാള ഭാഷയില്‍ വേരോട്ടമുള്ള എത്ര സാഹിത്യ പ്രസ്ഥാനങ്ങളുടെ പേര് നിങ്ങള്‍ക്ക് പറയാനാകും? ചെറുകഥ, നോവല്‍, നിരൂപണം, തുള്ളല്‍, പാന.. വിശാലമായ ഒരു ലിസ്റ്റ് തന്നെ നമ്മുടെ ഭാഷയുടെ സാഹിത്യ സമ്പത്തിന് ഇപ്പോള്‍ അവകാശപ്പെടാനുണ്ട്. പൊതു സവിശേഷതകളുള്ള സാഹിത്യ പ്രവണതകളെയാണ് നമ്മള്‍ പ്രസ്ഥാനങ്ങള്‍ എന്നു പറയുക. അങ്ങനെയാണെങ്കില്‍, ഭാഷയിലെ ആദ്യത്തെ സാഹിത്യ പ്രസ്ഥാനം ഏതാണ്? അത് പാട്ടു പ്രസ്ഥാനമാണ്. ഭാഷാ പഠിതാക്കള്‍ക്കിടയില്‍ പരിചിതമായ പദമാണെങ്കിലും എല്ലാ മലയാളികള്‍ക്കും അറിയാനിടയുള്ള വിഷയമല്ല അത്. പാട്ടുപ്രസ്ഥാനത്തെ കുറിച്ചുള്ള സാമാന്യമായ ചില അറിവുകള്‍ പങ്കുവെക്കാം.

തെക്കന്‍ പാട്ട്, വടക്കന്‍ പാട്ട്, നാടന്‍ പാട്ട്, സിനിമാ പാട്ട് എന്നൊക്കെ പറയുമ്പോഴുപയോഗിക്കുന്ന അര്‍ഥത്തിലല്ല ഇവിടെ പാട്ട് എന്ന പദം പ്രയോഗിക്കുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ, ഇതൊരു സാഹിത്യ പ്രവണതയാണ്. അതായത്, പ്രത്യേക രീതിയില്‍ എഴുതപ്പെടുന്ന ഗാനകാവ്യങ്ങളാണ് പാട്ട് കൃതികൾ. എഴുതപ്പെടാത്ത വാമൊഴി വഴക്കത്തിലുള്ള നാടന്‍ പാട്ടുകളുടെ വരമൊഴിത്തുടര്‍ച്ചയാണ് പാട്ടുകള്‍ എന്നു വേണമെങ്കില്‍ മനസിലാക്കാവുന്നതാണ്.

പ്രാചീന കേരള ഭാഷ ഇന്നത്തേത് പോലെ ആയിരുന്നില്ല എന്നു നമുക്ക് ഊഹിക്കാമെങ്കിലും അതെങ്ങനെ ആയിരുന്നു എന്നു കൃത്യമായി പറയാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും നമ്മുടെ കൈവശമില്ല. പ്രത്യേകിച്ചു അന്നത്തെ സംസാരഭാഷ എന്തായിരുന്നു, സാഹിത്യ ഭാഷ എന്തായിരുന്നു എന്നു വേര്‍തിരിച്ച് മനസിലാകാന്‍ പാകത്തില്‍ വ്യവഹാര ഭാഷയെ സംബന്ധിച്ച അറിവുകള്‍ ഒട്ടും തന്നെ കിട്ടിയിട്ടില്ല. എങ്കിലും, സാഹിത്യഭാഷ എന്തായിരുന്നു എന്നുള്ളതിന് വ്യത്യസ്ഥങ്ങളായ മാതൃകകള്‍ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. സംസ്കൃത പദങ്ങളും അന്നത്തെ ഭാഷാ പദങ്ങളും മനോഹരമായി കൂട്ടിയിണക്കി സാഹിത്യ രചന നടത്തിയ മണിപ്രവാള ശൈലിയാണ് അതില്‍ പ്രധാനപ്പെട്ട ഒരു വര്‍ഗ്ഗം. കൂട്ടത്തിലെ മറ്റൊന്നാണ് പാട്ട്. മണിപ്രവാള കൃതികള്‍ എന്താണ് എങ്ങനെയാണ് എന്നൊക്കെ വിശദീകരിച്ച 14 ആം നൂറ്റാണ്ടിലെ ലീലാതിലകം എന്ന ഒരു കൃതിയില്‍ നിന്നാണ് പാട്ടു പ്രസ്ഥാനത്തെ കുറിച്ചുള്ള സൂചനകളും നമുക്ക് കിട്ടിയിട്ടുള്ളത്.

തമിഴ് അക്ഷരമാലയില്‍ മാത്രം എഴുതുകയും എതുക മോന തുടങ്ങിയ ശബ്ദാലങ്കരങ്ങള്‍ പാലിക്കുകയും ചെയ്യുന്ന ദ്രാവിഡ വൃത്തങ്ങളില്‍ മാത്രം എഴുതപ്പെടുന്ന ഗാനകാവ്യങ്ങളാണത്രേ പാട്ടുകള്‍ . ഈ വിധം ഒരു വിശദീകരണത്തിലെത്താന്‍ സഹായകമായത് മേല്പറഞ്ഞ ലീലാതിലകത്തിലെ ആദ്യ ഭാഗത്തിലെ തന്നെ പതിനൊന്നാമത്തെ ശ്ലോകത്തില്‍ നിന്നാണ്.

ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുക മോന വൃത്തവിശേഷയുക്തം പാട്ട്- ഇതാണ് ആ ലക്ഷണം.

ദ്രമിഡ സംഘാതാക്ഷരമെന്നാല്‍ ദ്രാവിഡ അക്ഷരമാലയിലുള്ള അക്ഷരങ്ങള്‍ എന്നാണ്. അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ ഇങ്ങനെ 12 സ്വരങ്ങള്‍, ക ങ ച ഞ ട ണ ത ന പ മ യ ര ല ള വ റ ഌ ഇങ്ങനെ 18 വ്യഞ്ജനങ്ങള്‍. ഇതാണ് അന്നത്തെ ദ്രാവിഡ അക്ഷരമാല. സംസ്കൃത അക്ഷരങ്ങളെ കൂടി നമ്മുടെ അക്ഷരമാലയിലേക്ക് ഉള്‍ക്കൊള്ളുന്നതിനും മുന്‍പാണ് ഇങ്ങനെയൊരു അക്ഷരമാലാക്രമത്തെ നമ്മള്‍ പിന്‍പറ്റിയിരുന്നത്. ഇത്ര മാത്രമക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു പറയുമ്പോള്‍ സംസ്കൃത വാക്കുകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നൊന്നുമില്ല. മറിച്ച് അവ തത്ഭവ രൂപത്തിലാക്കിയ ശേഷം സ്വീകരിക്കാം എന്നാണ്. തത്ഭവം എന്നാല്‍ ഇതര ഭാഷകളില്‍ നിന്നു ഉച്ചാരണത്തിലും രൂപത്തിലും മാറ്റം വരുത്തി പദസ്വീകരണം നടത്തുന്ന രീതിയാണ്. Desk എന്ന ഇംഗ്ലിഷ് വാക്കിനെ നമ്മള്‍ വിവര്‍ത്തനം ചെയ്യാതെ ഡെസ്ക് എന്നു മലയാളത്തില്‍ എഴുതുന്നില്ലേ.. അതുതന്നെ!

സൂത്രത്തില്‍ പരാമര്‍ശിക്കുന്ന എതുകയും മോനയും ഓരോ ശബ്ദാലങ്കാരങ്ങളാണ് എന്നു പറഞ്ഞു. പൊതുവില്‍ വളരെ ദീര്‍ഘമായ ദ്രാവിഡ വൃത്തങ്ങളിലാകും പാട്ടുകളുടെ രചന. അതുകൊണ്ടു തന്നെ ഒറ്റവരിയെ തന്നെ മുറിച്ച് രണ്ടായിട്ടാകും എഴുതുക. ഇതിനെയാണ് നമ്മള്‍ സാമാന്യേന ഒരു പാദം എന്നു പറയുക. നാലു പാദങ്ങള്‍ ചേര്‍ന്നാണ് ഒരു പാട്ടാവുക. അതായത് പൊതുവില്‍ 8 വരികള്‍ എന്നു തോന്നിക്കുന്ന വലിയ നാലു വരികള്‍ . ഇതിലാണ് നമ്മള്‍ എതുകയും മോനയും നിര്‍ണയിക്കുന്നത്.

എതുക നമ്മുടെ ദ്വീദ്തിയാക്ഷര പ്രാസം തന്നെയാണ്- എന്നാല്‍ അത് മാത്രമല്ല. നാലു പാദത്തിലെയും രണ്ടാമത്തെ അക്ഷരവും ആദ്യത്തെ അക്ഷരത്തിന്റെ മാത്രയും (ശബ്ദം ഉച്ചരിക്കാന്‍ എടുക്കുന്ന സമയം) ഒന്നിലധികം സ്ഥലങ്ങളില്‍ ഒരുപോലെ വരണം. എന്നാലേ അത് എതുക ആവുകയുള്ളൂ. പദാര്‍ദ്ധങ്ങളിലെ ആദ്യാക്ഷരം യോജിച്ച് വരുന്ന ശബ്ദാലങ്കാരമാണ് മോന. ഒരു വരിയിലെ അക്ഷരങ്ങളെ തുല്യമായി വിഭജിച്ചതില്‍ ഓരോ പകുതിയും സമാനമായ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന രീതി. സമാനമായ അക്ഷരങ്ങള്‍ ആയാല്‍ മതി. കൃത്യം ഒരേ അക്ഷരമാകണം എന്ന വാശിയില്ല. പാട്ടുകള്‍ പൊതുവേ പാലിക്കുന്നതും ലീലാതിലകകാരന്‍ എന്തുകൊണ്ടോ പറയാന്‍ മറന്നു പോയതുമായ മറ്റൊരു പ്രത്യേകത അന്താദി പ്രാസം എന്ന വിരുതാണ്. ഒരു പാട്ടിന്‍റെ ഒടുവിലുള്ള വാക്കോ പാദാംശമോ പദസമൂഹമോ കൊണ്ട് അടുത്ത പാട്ട് ആരംഭിക്കുന്ന രീതിയാണിത് . എഴുത്ത് അത്രകണ്ട് സജീവമല്ലാത്ത, ഓര്‍മയെ ആശ്രയിച്ച് കാര്യങ്ങള്‍ സൂക്ഷിച്ച് വെക്കുന്ന കാലത്താണല്ലോ പാട്ട് പ്രസ്ഥാനം സജീവമായിരുന്നത്. അതുകൊണ്ടു ഓര്‍ത്തുവെക്കാനുള്ള എളുപ്പത്തിന്നാകാം ഈ രീതി തുടരുന്നത്.

ഇങ്ങനെ കണ്ടുകിട്ടിയ പാട്ടുകളുടെ പട്ടിക നോക്കിയാല്‍ ഏറ്റവും പ്രാചീനവും മനോഹരവുമായ രണ്ടു പ്രധാന കൃതികള്‍ – ഒന്നു രാമചരിതവും മറ്റൊന്ന് തീര്‍നിഴല്‍ മാലയുമാണ്. എങ്കിലും ഈ രണ്ടുകൃതിയുമല്ല ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്. അത് പേരറിയാത്ത മറ്റെവിടെ നിന്നോ ഉദ്ധരിച്ചിട്ടുള്ള ഒരു സ്ത്രോത്രമാണ്. രാമചരിതം എഴുതാത്തതുകൊണ്ടോ അറിയാത്തതുകൊണ്ടോ പ്രസിദ്ധമാകാത്തതുകൊണ്ടോ ..എന്താണ് ലീലാതിലകകാരന്‍ ആ കൃതിയെ പരിഗണിക്കാതിരുന്നത് എന്നത് ഇപ്പൊഴും കടംകഥയാണ്.

എന്തായാലും മലയാളികളായ നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭാഷ സാഹിത്യം എഴുതാന്‍ ശേഷിയുള്ള ഒരു ഭാഷയാണെന്ന് ആദ്യമായി തെളിവുകളോടെ മനസിലാക്കിത്തന്ന പ്രസ്ഥാനമാണ് പാട്ട്. ധാരാളം പണ്ഡിതന്മാരും ഗവേഷകരും പാട്ടുകളെ പറ്റി പൊതുവിലും ചില പാട്ടു കൃതികളെ പറ്റി സവിശേഷമായും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും, ഇനിയും ഒരുപാട് അറിയാന്‍ ബാക്കിയുണ്ട്. നമ്മുടെ ചരിത്രവും ഭാഷയുടെ ചരിത്രവും ഒരു കാലത്തെ സാംസ്കാരിക രൂപങ്ങളും പ്രതിനിധീകരിക്കുന്ന പാട്ടുകള്‍, മലയാളികളുടെ നാവിന്‍ തുമ്പില്‍ നിലക്കാതെ ഒഴുകട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…