
ജാക്ക് ലണ്ടൻ്റെ ‘മാര്‍ട്ടിന്‍ ഈഡന്‍’ എന്ന നോവല്‍ ഞാന്‍ സ്ഥിരമായി എൻ്റെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. അതിന്റെ ആദ്യ പുറങ്ങള്‍ എനിക്ക് അടങ്ങാത്ത പ്രചോദനം നല്‍കുകയും എന്നെ സഹായിക്കുകയും ചെയ്തു. ആ പുസ്തകത്തിൻ്റെ അന്തസത്ത മുഴുവന്‍ ആറു പുറങ്ങളില്‍ ഒതുങ്ങിയിരിക്കുന്നുവെന്നാണ് അന്ന് ഞാന്‍ വിചാരിച്ചിരുന്നത്. ഇപ്പോഴാണെങ്കില്‍ നോവലിൻ്റെ അവസാന ഭാഗമാണെനിക്കിഷ്ടം.
മിക്കവാറും എല്ലാ റഷ്യന്‍ കവികളുടേയും ജീവിതം ദുഃഖപര്യവസായിയായിരുന്നു. പുഷ്‌കിനും ലെന്‍മെന്റോവും ദ്വന്ദ്വയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. ബ്ലോക്ക് സ്വയം തീവെച്ച് മരിക്കുകയായിരുന്നു. യെസെനിന്‍ തൂങ്ങിമരിച്ചു. മയക്കോവ്‌സ്‌ക്കി തന്നത്താന്‍ വെടിവെച്ചാണ് മരിച്ചത്.
ബൃഹത്തായ ഒരു റഷ്യന്‍ നിഘണ്ടു മുന്നില്‍ വച്ചുകൊണ്ട് അനേകവര്‍ക്കാലം ഞാന്‍ തുടര്‍ച്ചയായി എല്ലാ ദിവസവും വൈകുന്നേരം വൃത്തങ്ങളെ പറ്റി പഠനം നടത്തി. ആ നിഘണ്ടുവിലെ ഓരോ വാക്കും അക്ഷരമാല ക്രമത്തില്‍ ഞാന്‍ പരിശോധിച്ചു.
ആ വാക്കുകള്‍ക്ക് അതുവരെ ഉപയോഗിച്ചിട്ടാത്ത ഈണം കണ്ടുപിടിക്കാനായിരുന്നു എൻ്റെ ശ്രമം. ഈ ശ്രമത്തിൻ്റെ ഫലമായി പതിനായിരം പുതിയ ഈണങ്ങളടങ്ങിയ ഒരു നോട്ട് ബുക്ക് ഞാന്‍ തയ്യാറാക്കി. നിര്‍ഭാഗ്യവശാല്‍ ആ ബുക്ക് നഷ്ടപ്പെട്ടുപോയി.
എങ്കിലും അതിനകം തന്നെ ഒരു പുതിയ വൃത്തസമ്പ്രദായം ഞാന്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് പിന്നീട് ‘യെവ് തുഷെങ്കോവിയന്‍ സമ്പ്രദായം’
എന്ന പേരില്‍ പ്രസിദ്ധമായത്. പരമാര്‍ത്ഥത്തില്‍ ഈ പ്രശംസക്ക് ഞാന്‍ അര്‍ഹനല്ല. കാരണം ഞാനൊരു കണ്ടുപിടിത്തവും നടത്തിയിട്ടില്ല.
റഷ്യന്‍ നാടോടിപ്പാട്ടുകളില്‍ നിന്നെടുത്ത ചില തത്വങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടേയുളളൂ.എന്നെ സംബന്ധിച്ചിടത്തോളം ‘കമ്മ്യുണിസ്റ്റ്’ എന്നവാക്കിനും ‘നിര്‍മ്മമന്‍’ എന്ന വാക്കിനും ഒരേ അര്‍ത്ഥമാണ്.
എൻ്റെ വിദ്യാലയ സുഹ്യത്തിൻ്റെ പിതാവിൻ്റെ കാര്യം ഞാനീയവസരത്തില്‍ ഓര്‍ക്കുന്നു. ഒരു വ്യവസായസ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹം, ‘കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ കക്കൂസുകള്‍ പണിയാന്‍ ഞങ്ങള്‍ സ്വര്‍ണമുപയോഗിക്കും’ എന്ന
ലെനിൻ്റെ വാചകം ഘനഗംഭീരസ്വരത്തില്‍ ഉദ്ധരിക്കുമായിരുന്നു. അത് കേള്‍ക്കാനെനിക്ക് വലിയ സന്തോഷമായിരുന്നു.
ഒരുമനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും എന്നെ രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തില്‍ താരാസോവും ബാര്‍ലാസും അതിമഹത്തായ പങ്കുവഹിക്കുകയുണ്ടായി. സ്വഭാവ ദാര്‍ഢ്യമില്ലാതിരുന്ന എന്നോട് അങ്ങേയറ്റം ക്ഷമകാണിക്കാനും എനിക്കുവേണ്ടി പല ബദ്ധപ്പാടുകള്‍ സഹിക്കാനും അവര്‍ക്കെങ്ങിനെ കഴിഞ്ഞുവെന്ന് ഇന്നും എനിക്കറിയില്ല. എൻ്റെ ജീവിക്കുന്ന വിശ്വവിജ്ഞാനകോശമായിരുന്നു ബാര്‍ലാസ്. ആധുനിക തത്വശാസ്ത്രത്തിൻ്റെ അടിസ്ഥാനപ്രമാണങ്ങളുടെ നേര്‍ക്ക് അദ്ദേഹം എൻ്റെ കണ്ണുതുറപ്പിച്ചു.
ഹെമിംഗ്‌വേ എന്നൊരു സാഹിത്യകാരനുണ്ടെന്നെനിക്ക് പറഞ്ഞുതന്നതദ്ദേഹമാണ്…
എ ഫെയര്‍വെല്‍ ടു ആംസ്, ഫിയസ്റ്റാ, ടു ഹാവ് ആന്റ് ഹാവ് നോട്ട്, ദി സ്‌നോസ് ഓഫ് കിച്ചി മജ്ജോറോ എന്നീ പുസ്‌കതകങ്ങളുടെ സംക്ഷിപ്തമായ പ്രതിപാദന രീതിയുടെ അനുപമമായ വീര്യം എന്നെ ഇളക്കിക്കളഞ്ഞു. പില്ക്കാലത്ത് ‘മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി’ എനിക്കേറ്റവുമിഷ്ടപ്പെട്ട ഹെമിംഗ് വേ കൃതിയായിത്തീര്‍ന്നു. ഇതിലെ രണ്ടു കഥാപാത്രങ്ങള്‍-ഒരു വൃദ്ധനും യുവതിയും ഏതു രാജ്യത്തിലെയും സാഹിത്യത്തിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധാര്‍ഹമായ രണ്ടു വ്യക്തികളാണെന്നത്രെ എൻ്റെ അഭിപ്രായം.
വസ്തുനിഷ്ഠമായി തനിക്കെത്ര തന്നെ സത്യസന്ധതയുണ്ടെങ്കിലും, വളരെയെളുപ്പം ഒരു കുറ്റവാളിയായിത്തീരാന്‍ കഴിയുന്ന, മിക്കപ്പോഴും അങ്ങിനെയായിത്തീരുന്ന മതഭ്രാന്തൻ്റെ പ്രശ്‌നമാണ് ആന്ദ്രെമാര്‍ട്ടി എന്ന കഥാപാത്രത്തിലൂടെ ഹെമിംഗ് വേ സമര്‍ത്ഥമായി അനാവരണം ചെയ്യുന്നത്.
വരാന്‍ പോകുന്ന വര്‍ഷങ്ങളിലെ മനുഷ്യരാശിയുടെ യാതനകളുടെ മുകളില്‍ ഒരു പാറപോലെ തോമസ് മന്‍ കെട്ടിപ്പടുത്ത ‘മാജിക് മൗണ്ടന്‍’ അതിൻ്റെ ആത്മീയമായ ഔന്നത്യം കൊണ്ട് എന്നെ ഞെരിക്കുന്നതായി അനുഭവപ്പെട്ടു. വാള്‍ട് വിറ്റ്മാൻ്റെ സര്‍ഗവ്യാപ്തിയുടെ അപരമേയത്വവും റിംബാസിൻ്റെ പ്രക്ഷുബ്ധതയും വെര്‍ഹേരന്റെ അതിരറ്റ പദസമൃദ്ധിയും ബോദ്‌ലയറുടെ നഗ്നമായ ശോകാത്മക ബോധവും വെര്‍ലെയറിൻ്റെ ഇന്ദ്രജാലവും വല്‍ക്കിൻ്റെ സാരള്യവും ടി.എസ്. എലിയറ്റിൻ്റെ വിഭ്രമജനകമായ ദര്‍ശനങ്ങളും റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പക്വതയുള്ള കര്‍ഷക
സഹജമായ വിവേകവും എന്നെ ലഹരി പിടിപ്പിച്ചു. ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ കരിങ്കല്ലുകള്‍പോലെ കനത്തവയാണ്. ചെക്കോവിന്റേത് ശരല്‍ക്കാല ദലങ്ങള്‍ പോലെ മാര്‍ദ്ദവമുള്ളവയാണ്. ഡോസ്‌റ്റോവ്‌സ്‌കിയുടെ വാചകങ്ങളാവട്ടെ രാത്രികാലങ്ങളില്‍
ടെലഗ്രാഫ് കമ്പികളെന്നപോലെ മുഴങ്ങുകയും വിറകൊള്ളുകയും ചെയ്യുന്നു.
പുഷ്‌ക്കിൻ്റെ കവിത, സ്‌ക്കൂളില്‍ വെച്ച് കേട്ടപ്പോള്‍ വളിച്ച പായസം പോലെ അരോചകമായിട്ടാണ് അനുഭവപ്പെട്ടത്. എന്നാല്‍ വേണ്ട രീതയില്‍ അദ്ദേഹത്തെ മനസ്സിലാക്കിയപ്പോള്‍, ചുമരില്‍ തൂക്കിയിട്ട ചിത്രത്തില്‍ നിന്ന് ശക്തിയും യുവത്വവും നിറഞ്ഞ മുഷ്ടിയും വീശിക്കൊണ്ട് അദ്ദേഹമിറങ്ങി ആഹ്‌ളാദപൂര്‍വ്വം എൻ്റെ അടുത്തേക്കു വരുന്നതുപോലെ തോന്നി; അര്‍ത്ഥഗര്‍ഭമായ മന്ദഹാസത്തോടെ, ധീരതയോടെ, അഹന്തയോടെ. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ മഞ്ഞിന്റെയും ഷാമ്പെയിനിന്റെയും മണമുണ്ടായിരുന്നു. അതുപോലെ ഞാന്‍ വായിച്ചുകൊണ്ടിരുന്ന കവിതാ സമാഹാരങ്ങളുടെ പേജുകളില്‍ നിന്ന് ലെര്‍മന്റോവ് പുറത്തേക്ക് ചാടി വീണതുപോലെ എനിക്കു തോന്നി. അദ്ദേഹത്തിന്റെ കുതിരയുടെ ചുറ്റും നുരയും പതയുമായിരുന്നു.അദ്ദേഹത്തിൻ്റെ മേലങ്കിയുടെ അകം കാക്കസസ്സില്‍ നിന്ന് വീശുന്ന കാറ്റില്‍ ആടിക്കൊണ്ടിരുന്നു. തോക്കുകളില്‍ നിന്ന് പുറത്തു വന്ന പുകചുരുളുകളുടെ നടുക്കാണദ്ദേഹം നിന്നത്.
കവികളുടെ കണ്ണുകള്‍-ബ്ലോക്കിൻ്റെ ഇരുണ്ട കണ്ണുകളും, യെസെനിന്റെ ഭയചകിതമായ ശിശുക്കളുടേതുപോലെ നീലിമയുള്ള കണ്ണുകളും, മയക്കോവ്‌സ്‌ക്കിയുടെ പരിഹാസവും എതിര്‍പ്പും മോഹഭംഗവും നിഴലിക്കുന്ന കണ്ണുകളും- എൻ്റെ കണ്ണുകളില്‍ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.
(യെവ്തുഷൊങ്കാവിൻ്റെ ആത്മകഥയില്‍ നിന്ന് )