സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജെ സ്വാമിനാഥൻ: ജീവിതം, കല

ആത്മജ തങ്കം ബിജു

                       

സ്വാതന്ത്ര്യത്തിനും ഭാവനക്കും സ്വന്തമാണ്  കലയെന്ന് ജഗദീഷ് സ്വാമിനാഥന് ഉറച്ചു വിശ്വസിച്ചു. അദ്ദേഹത്തിൻ്റെ ചിന്തയിൽ, നേരായ കല യാഥാര്ത്ഥ്യം തന്നെയാണ്. അത് യാഥാർത്ഥ്യത്തെ പരിഭാഷപ്പെടുത്തുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നില്ല, ജീവിതത്തെ പ്രതിനിധീകരിക്കാനോ വിവരിക്കാനോ കാംക്ഷിക്കുന്നുമില്ല. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ, “കല ആദിത്യനു സമാനമാണ്. അത് ആശയവിനിമയം നടത്തുന്നില്ല, അത് നല്കുക എന്ന ധർമ്മം മാത്രമേ നിർവഹിക്കുന്നുള്ളു.”

സ്വാമിനാഥൻ എന്ന കലാകൃത്ത് സിദ്ധാന്തത്തിന്റെയും സമ്പ്രദായത്തിന്റെയും മൂർത്തമായ കൂടിച്ചേരലുകളിലൂടെ തന്റെ ആശയങ്ങൾ അവതരിപ്പിച്ചു. സ്വയം അടിച്ചേൽപ്പിക്കപ്പെട്ട ബഹിഷ്കൃതത്വം വഴി, അദ്ദേഹം സ്ഥാപിത വിദ്യാഭ്യാസ ഘടനകൾക്ക് പുറത്ത് നിന്നു. ഒരു കലാകാരൻ എന്ന നിലയിൽ ഔപചാരികമായി പരിശീലനം നേടിയിട്ടില്ലാത്ത സ്വാമിനാഥൻ,ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മാനദണ്ഡമൂല്യങ്ങളെ തള്ളിക്കളഞ്ഞു.

1950 കളിലാണ് സമകാലീനകലാ രംഗത്ത് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്. അന്നു മുതൽ, തൻ്റെ മരണം വരേക്കും പ്രബലമായ കലാപ്രവണതകളെ ശക്തയുക്തം എതിർത്തു.ഒരു രാഷ്ട്രീയ പ്രവർത്തകനായായി ഔദ്യോഗിക ജീവിതം ആരംഭിച്ച സ്വാമിനാഥൻ 1958ൽ വാർസോയിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ പ്രിൻറ് മേക്കിംഗ് പഠിക്കാൻ സ്കോളർഷിപ്പ് നേടിയപ്പോൾ മാത്രമാണ് ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റായി സ്വയം കണക്കാക്കിത്തുടങ്ങിയത്.

വിവിധ മാർക്‌സിസ്റ്റ് സംഘടനകളുമായുള്ള സ്വാമിനാഥന്റെ ഇടപെടൽ അദ്ദേഹത്തിന്റെ പ്രാരംഭ,കലാ സംബന്ധിയായ എഴുത്തുകളെ സൂഷ്മമായി സ്വാധീനിച്ചു.

ചിത്രകലയുടെ പരീക്ഷണാത്മകതയോടുള്ള  അദ്ദേഹത്തിന്റെ അഭിനിവേശം ഗ്രൂപ്പ് 1890 ൻ്റ രൂപീകരണത്തിലേക്ക് നയിച്ചു.1962 ൽ ഗുജറാത്തിലെ ഭാവ്നഗറിൽ രൂപമെടുത്ത ഈ കൂട്ടായ്മയിൽ ജെറാം പട്ടേൽ, എറിക് ഹുബെർട്ട് ബോവൻ, ഹിമ്മത്ത് ഷാ, ഗുലമോഹമ്മദ് ഷെയ്ക്ക്, എസ് ജി നികം, ജ്യോതി ഭട്ട്, ബാലകൃഷ്ണ പട്ടേൽ, അംബദാസ്, രാജേഷ് മെഹ്‌റ, എം. റെഡ്ഡെപ്പ നായിഡു, രാഘവ് കനേരിയ തുടങ്ങിയവരാണുണ്ടായിരുന്നത്. മുൻപുണ്ടായിരുന്ന എല്ലാ കലാസംരംഭങ്ങളോടും പിന്തിരിഞ്ഞു നിന്നാണ് ഗ്രൂപ്പ് 1890 ഉരുവം കൊള്ളുന്നത്.  പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും ബംഗാൾ സ്കൂൾ പോലുള്ള കലാകൃത്തുക്കളുടെ കൂട്ടായ്മകൾ യഥാക്രമം പ്രദേശത്തിന്റെയും ശൈലിയുടെയും അടിസ്ഥാനത്തിൽ സ്ഥാപിച്ചപ്പെട്ടതാണെങ്കിൽ, പ്രത്യയശാസ്ത്ര പരമായ ഒന്നിപ്പിലൂടെയാണ് ഗ്രൂപ്പ് 1890 നിലവിൽ വന്നത്. അവർ യൂറോപ്യൻ സങ്കൽപ്പനങ്ങളുപയോഗിച്ച് തദ്ദേശിയ കലയെ പുനരവതരിക്കുന്ന രീതിയെ എതിർത്തു. സ്വാമിനാഥനായിരുന്നു കുട്ടായ്മയുടെ പ്രത്യയശാസ്ത്ര ആലോചനകൾക്ക് നേതൃത്വം നൽകിയത്.

ഗ്രൂപ്പ് 1890 ന്റെ ആദ്യ ചിത്രപ്രദർശനം 1963 ഒക്ടോബറിൽ ദില്ലിയിലെ രബീന്ദ്ര ഭവനിൽ ആരംഭിച്ച്,ഒരാഴ്ചയിലേറെ നീണ്ടുനിന്നു. കൂട്ടായ്മ അധികം വൈകാതെ ചിതറിപ്പോയെങ്കിലും അതിൻ്റെ സ്വാധീനം സ്വാമിനാഥൻ പിന്നീട് പ്രസിദ്ധീകരിച്ച കോൺട്രാ 66 എന്ന കലാ വിമർശന മാസികയിൽ പ്രകടമാണ്.

1981 ൽ ഭോപ്പാലിലെ ഭാരത് ഭവനിൽ ‘രൂപങ്കർ’ – ആർട്ട് മ്യൂസിയം സ്ഥാപിക്കാൻ മധ്യപ്രദേശ് സർക്കാർ അദ്ദേഹത്തെ ക്ഷണിച്ചു. പ്രശസ്ത കലാകൃത്തായ ജൻഗർ സിംഗ് ശ്യാമിനൊപ്പം സ്വാമിനാഥൻ സഹകരിക്കുന്നതീ സമയത്താണ്. 1990 വരെ സ്വാമിനാഥൻ രൂപങ്കറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. മുപ്പത്തിയൊന്നോളം ഏകാംഗ പ്രദർശനങ്ങൾ നടത്തിയ അദ്ദേഹം നിരവധി ദേശീയ, അന്തർദേശീയ എക്സിബിഷനുകളിലും പങ്കെടുത്തു. 1994 ൽ സ്വാമിനാഥൻ അന്തരിച്ചു.

കലാസൃഷ്ടികൾ

ആകർഷകമായ ലാളിത്യമാണ് സ്വാമിനാഥൻ്റെ കലയുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളിൽ മൂർത്തരൂപങ്ങൾ കടന്നു വരുന്നുണ്ടെങ്കിലും കാലക്രമേണ അദ്ദേഹം അമൂർത്തതക്ക് പ്രാധാന്യം കൊടുത്തു. പ്രകൃതിയിലൂടെ സത്യം വെളിപ്പെടുത്താൻ ഉഴലുന്ന ആത്മീയമായ തേടൽ അദേഹത്തിൻ്റെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 1960 കളുടെ അവസാനത്തിലും 1970 കളിലും ചെയ്ത, ദ കളർ ജ്യാമിതി ഓഫ് സ്പേസ് പരമ്പരയെ തുടർന്ന്, പ്രകൃതിഘടകങ്ങളെ തന്റെ ആശയപരിസരങ്ങളുമായി സംയോജിപ്പിച്ചുള്ള ചിത്രംവരക്ക് തുടക്കമിട്ടു. പഹാരി മിനിയേച്ചർ ചിത്രങ്ങളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട അദ്ദേഹത്തിൻ്റെ കലയിൽ ലളിതചിഹ്നങ്ങളായ പക്ഷി, പർവതം, മരം എന്നിവ നിറഞ്ഞുനിന്നു.  ചെഞ്ചുവപ്പും തീമഞ്ഞയുമെല്ലാം സ്വാമിനാഥൻ്റെ ചിത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. കടുംനിറങ്ങളുടേയും ലളിതചിഹ്നങ്ങളുടേയും ധ്യാനാത്മകത അദ്ദേഹത്തിൻ്റെ ചിത്രങ്ങളെ വേറിട്ട് നിർത്തുന്നു.90കളോടെ ജാമിതീയ  രൂപങ്ങളോടുള്ള അഭിനിവേശം ഉപേക്ഷിച്ച സ്വാമിനാഥൻ ഗോത്രചിഹ്നങ്ങളുടെ പുതുമ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

The Yellow Sign

1960

Oil on canvas

24 x 36 in (61 x 91.4 cm)

സ്വാമിനാഥന്റെ ആദ്യകാല കലാസൃഷ്ടികളിൽ ഒന്നാണിത്. ചിത്രത്തിലെ നിശബ്ദവും മങ്ങിയതുമായ നിറങ്ങൾ ക്യാൻവാസിലേക്ക് ഒഴുകുന്ന പ്രതീതി ഉണ്ടാവുന്നു. ക്രമവും കുഴഞ്ഞുമറിയലും തമ്മിലുള്ള  ഇടപെടലുകളാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. 1968 ആയപ്പോഴേക്കും സ്വാമിനാഥൻ തന്റെ കലയിൽ ദിശമാറ്റം കൊണ്ടുവന്നു. പഹാരി ചിത്രങ്ങളുടേയും പോൾ ക്ലീയുടെ സൃഷ്ടികളുടേയും ഊർജം ഉൾക്കൊണ്ടു കൊണ്ട് സ്വാമിനാഥൻ സവിശേഷമായ ഒരു ദർശനം ആവിഷ്കരിച്ചു.

Journey

Circa 1980s

Oil on canvas

23.25 x 35.25 in (59 x 89.5 cm)

ഈ പെയിന്റിംഗ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ബേർഡ്, മൗണ്ടെയ്ൻ, ട്രീ’ പരമ്പരയിൽ നിന്നുള്ളതാണ്. മൂന്ന് പാനലുകളായി വിഭജിച്ചിരിക്കുന്ന ഈ രചനയിൽ ഹൃദ്യമായ ഒരു തുടർച്ച ദൃശ്യമാണ്. മഞ്ഞ നിറത്തിൻ്റെ വകഭേദങ്ങളിൽ പക്ഷിയുടെ പച്ചയും പർവ്വതത്തിൻ്റെ ചുവപ്പും വേറിട്ടുനിൽക്കുന്നു.

Untitled

1982

Oil on canvas

31.75 x 41.25 in (80.5 x 105 cm

ഇതുപോലുള്ള ചിത്രങ്ങൾ വഴി കലാകൃത്ത് സത്യത്തെയും ധാരണയെയും ചോദ്യം ചെയ്തു. പ്രകൃതിയുടെ ശുദ്ധവും ധ്യാനപരവുമായ പ്രാതിനിധ്യങ്ങളിലൂടെ മാത്രമേ സത്യം കണ്ടെത്താൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. പല വിധ വ്യാഖ്യാനങ്ങൾക്ക് സാധ്യത തുടർന്നിടുന്ന ചിത്രങ്ങളാണ് സ്വാമിനാഥൻ്റേത്. കടന്നു പോകുന്ന പക്ഷികളും സ്ഥായിയായ പടിക്കെട്ടും നമ്മുടെ ജീവിതത്തിനപ്പുറം അന്തർലീനമായിരിക്കുന്ന ആത്മീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Untitled

1983

Oil on canvas

29.25 x 37 in (74.5 x 93.7 cm)

അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ബേർഡ്,  മനണ്ടെയ്ൻ, ട്രീ’ സീരീസിൽ നിന്നുള്ളതാണ് ഈ ചിത്രം.ഓറഞ്ച്, മഞ്ഞ നിറങ്ങൾക്കിടയിൽ നിലനിൽക്കുന്ന പക്ഷിയും പർവതവും മരവും പടിക്കെട്ടും പരസ്പരം പൊരുത്തം പങ്കുവെക്കുന്നു. ഈ വസ്തുക്കളെ ഇത്തരത്തിൽ ചേർത്തുവെക്കുന്നതു വഴി, കലാകൃത്ത് നിഴൽ, പ്രതിഛായ തുടങ്ങിയ ആശയങ്ങൾ ഉയർത്തുന്നു.

Untitled

1990

Oil on canvas

32 x 46.5 in (81.3 x 118.1 cm)

മധ്യ ഇന്ത്യയിലെ നാടോടി, ഗോത്ര കലകളോടുള്ള അഗാധമായ താത്പര്യം സ്വാമിനാഥന്റെ കലയിൽ ആഴത്തിൽ പ്രകടമാണ്. ‘പ്രാക്തന ആശയവിനിമയ സമ്പ്രദായത്തിൽ പരീക്ഷണം നടത്തി, ആധുനിക ഇന്ത്യൻ കലയെ അതിന്റെ തദ്ദേശീയ വേരുകളുമായി ബന്ധിപ്പിച്ചു നിർത്താനുള്ള ഇടപെടലുകൾ അദ്ദേഹത്തിൻ്റെ സൃഷ്ടികളിൽ കാണാൻ സാധിക്കും.

സ്വാമിനാഥന്റെ പിൽക്കാല സൃഷ്ടികൾ നാടോടി, ഗോത്ര, ആധുനിക കലകൾക്കിടയിൽ ഒരു തുടർച്ച സ്ഥാപിക്കാനുള്ള അദ്ദേഹത്തിൻ്റെ അദമ്യമായ ആഗ്രഹത്തെ എടുത്തുകാണിക്കുന്നു, കൂടെ, ഇന്ത്യൻ കലയുടെ ദാർശനിക അടിത്തറയ്ക്ക് സമകാലീന കലയിൽ സ്ഥാനമുണ്ടെന്ന അദ്ദേഹത്തിന്റെ വിശ്വാസവും. അദ്ദേഹത്തിൻ്റെ ക്യാൻവാസിൽ ക്രമരഹിതമായി അടുക്കി വെക്കപ്പെട്ട ചിഹ്നങ്ങളും രൂപങ്ങളും നാടോടി കലാ ശൈലികളോടാണ് സാദൃശ്യം പുലർത്തുന്നത്.

സ്വാമിനാഥന്റെ കലാസൃഷ്ടികളുടെ ലളിതമായ സ്വഭാവം ഓരോ കാണിക്കും സവിശേഷമായ പ്രമേയങ്ങളുടെ ആഴത്തിലുള്ള വ്യാഖ്യാനങ്ങൾ ചമക്കാനുള്ള അവസരങ്ങൾ നൽകുന്നുണ്ട്.

കല സ്വയം സംസാരിക്കണമെന്ന് അദ്ദേഹം വാദിച്ചു; അതിനെ സംബന്ധിച്ച് ചരിത്രപരമോ ശൈലീപരമോ ആയ അതിർത്തികളൊന്നും ബാധകമല്ല. ഭൂതകാലമോ വർത്തമാനമോ അല്ല അതിൻ്റെ സ്വീകാര്യത നിർണ്ണയിക്കുന്നത്. നോക്കേണ്ടതില്ല. സ്വാമിനാഥന്റെ കലാപരമായ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും തലത്തിൽ പ്രവർത്തിക്കുന്ന ഒരു സമകാലിക കലാകൃത്താവുന്നതെങ്ങിനെ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താനാണ് ചില വഴിക്കപ്പെട്ടത്. അദ്ദേഹം കലയുടെ സാമ്പ്ര ദിയിക വഴികളോട് നിരന്തരം കലഹത്തിലേർപ്പെട്ടു. തനിക്കു ചുറ്റുമുള്ളവരിൽ നിന്നും വ്യത്യസ്തനായി നിന്നുകൊണ്ട് ദേശീയ ഭൂതകാലത്തെയും സംസ്കാരത്തിന്റെ ഏകീകരണ ശക്തിയെയും പാടെ നിരസിച്ചു.

One Response

  1. സ്വാമിനാഥൻ എന്ന ആർട്ടിസ്റ്റ് nte കലയും പ്രതിപാദിക്കുന്ന നല്ലേഴുത്ത്…
    ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…