റിട്ടയര്‍ ചെയ്തതിനു ശേഷം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും നീതിക്കുവേണ്ടിയും എഴുത്തിലൂടെയും സമരങ്ങളിലൂടെയും അദ്ദേഹം പോരാടിക്കൊണ്ടിരുന്നു. രത്‌ലം മുനിസിപ്പാലിറ്റി കേസില്‍ ( മുനിസിപ്പല്‍ കൗണ്‍സില്‍ രത്‌ലം Vs വര്‍ദ്ദിചന്ത് ( 1980 ) മധ്യപ്രദേശിലെ രത്‌ലം മുനിസിപ്പാലിറ്റിയിലെ താമസക്കാര്‍ക്ക് ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാത്തതിനാല്‍ മജിസ്‌ട്രേറ്റിനു പരാതി നല്‍കി. പരിഹാരം കാണാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടും മുനിസിപ്പാലിറ്റി പിന്‍മാറി .
പരിസ്ഥിതി നിയമങ്ങള്‍ രൂപം വെക്കുന്നതിനു മുന്‍പുതന്നെ 1980 ല്‍ ഒരു നഗരത്തിന്റെ മാലിന്യസംസ്‌കരണം എന്നത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിധിയെഴുത്ത് നടത്തി. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് നഗരസഭകള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കടമകളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കൃഷ്ണയ്യരുടെ ഇത്തരം വിധികള്‍ക്കു ശേഷമാണ് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്.
തൊഴില്‍തര്‍ക്ക കേസുകളില്‍, തൊഴിലാളികള്‍ക്കു ജീവിക്കാനുള്ള മിനിമം കൂലി കിട്ടണമെന്നും, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ലഭിക്കണമെന്ന കാഴ്ചപ്പാടോടെയാണ് വിധിയെഴുതിയിരുന്നത്.
ബാംഗളൂര്‍ വാട്ടര്‍ സപ്ലെ കേസില്‍ ( ബാംഗളൂര്‍ വാട്ടര്‍ സപ്ലെ ആന്‍ഡ് സെവറേജ് ബാര്‍ഡ്, വി. ആര്‍. രാജപ്പ & അദേര്‍സ് ) തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ലഭിക്കാത്തവരെ കൂടി അതിന്റെ പരിധിയില്‍ കൊണ്ട് വരാനാണ് അദ്ദേഹം ശ്രമിച്ചത്.
ഗുജറാത്ത് സ്റ്റീല്‍ ട്യൂബ് ലിമിറ്റഡ് Vs മസ്ദൂര്‍സഭ ( 1979) കേസില്‍ അഹമ്മദാബാദ് പട്ടണത്തിനടുത്തുള്ള സ്റ്റീല്‍ റ്റിയൂബ് നിര്‍മിക്കുന്ന വ്യവസായശാലയില്‍ സമരവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികളെയും പിരിച്ചുവിടുന്ന ഒരവസ്ഥ ഉണ്ടായി. നിയമവിരുദ്ധമായ ഒരു സമരം നടക്കുമ്പോള്‍ ഒരാള്‍ ജോലിക്ക് ഹാജരായില്ല എന്നതുകൊണ്ട് മാത്രം എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു എന്നു കരുതാനാവില്ല. തൊഴിലാളികള്‍ സായുധ സമരം ചെയ്തു എന്നു തെളിവില്ലാത്ത സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ പുറത്താക്കല്‍ നടപടി പാടില്ല ഒരു തൊഴിലാളിയെ പിരിച്ചുവിട്ടതു തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അയാളെ തിരിച്ചെടുക്കണം. വ്യക്തിപരമായ ദൂഷ്യത്തിന്നല്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്നത് നിയമത്തിന്റെ അന്തസിന് നിരക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
മുംബൈ കംഗര്‍സഭ Vs അബ്ദുള്‍ ബായ് കേസില്‍ മാനേജ്‌മെന്റില്‍ തൊഴിലാളി പ്രാതിനിധ്യത്തിനു വേണ്ടിയും വ്യാവസായിക അടിമപ്പണിക്ക് എതിരായുമാണ് അദ്ദേഹം വിധി എഴുതിയത്. സോംപ്രകാശ് രേഖി Vs യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ രേഖിയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും കമ്പനി പണം പിടിച്ചുവച്ചതിനെ ചോദ്യം ചെയ്യുന്നു. മൗലികാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും ആഴത്തില്‍ പഠിച്ചാണ് അദ്ദേഹം വിധി എഴുതിയിരുന്നത്. ഭരണഘടനാ പഠനം ഗൗരവത്തില്‍ എടുത്തവര്‍ അദ്ദേഹത്തിന്റെ ഇതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്..
ഷംഷേര്‍ സിങ് കേസില്‍ ( ഷംഷേര്‍ സിങ് Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് 1974 ) പ്രസിഡണ്ടിന്റെയും, ഗവര്‍ണര്‍മാരുടെയും – അധികാരം അദ്ദേഹം സ്പഷ്ടമാക്കുന്നു. അവര്‍ ഗവണ്‍മെന്റിന്റെ ഔപചാരിക തലവന്‍മാര്‍ മാത്രമാണെന്നും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവു, എന്നദ്ദേഹം വിധിയെഴുതി.
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു കാരണമായി എന്ന് കരുതുന്ന അന്നത്ത പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധിയില്‍ അപ്പീല്‍ കൃഷ്ണയ്യര്‍ക്കു മുന്‍പിലായിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുന്നോടിയായി, ക്യഷ്ണയ്യരെ നേരില്‍ കാണുന്നതിനായി അന്നത്തെ നിയമമന്ത്രി വിളിച്ചെങ്കിലും ക്യഷ്ണയ്യര്‍ അതിന് കൂട്ടാക്കിയില്ല. ആവശ്യമെങ്കില്‍ നിയമമാര്‍ഗ്ഗത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്തുകൊള്ളാനാണ് അദ്ദേഹം പറഞ്ഞത്.
ലിംഗനീതിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു കൃണയ്യര്‍. ഒരു സമൂഹത്തില്‍ സ്ത്രീ എല്ലാരീതിയിലും സ്വതന്ത്രമായാല്‍ മാത്രമേ അതിന് ആത്മാഭിമാനത്തോടെ നിലനില്‍ക്കാനാവൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
സി ബി. മുത്തമ്മ Vs യൂനിയന്‍ ഓഫ് ഇന്ത്യ & അദേര്‍സ് ( 1979 ) കേസാണ് ലിംഗനീതിയെക്കുറിച്ചുള്ള ഒരു സുപ്രധാന വിധി. സീനിയര്‍ IFS ഉദ്യോഗസ്ഥയായിരുന്നു മുത്തമ്മ: അവരുടെ ജൂനിയറായ പലരെയും അംബാസിഡര്‍മാരാക്കിയപ്പോള്‍ സ്ത്രീയെന്ന ഒറ്റ കാരണത്താല്‍ അവരെ തഴഞ്ഞു. ഒരു സ്ത്രീക്ക് IFS ഉണ്ടെങ്കില്‍ വിവാഹം കഴിച്ചാല്‍ രാജി വെക്കണം എന്ന വ്യവസ്ഥയുടെ കാരണം വിവാഹം കഴിച്ചാല്‍ ജോലിക്ക് തടസ്സമാവും നയതന്ത രഹസ്യങ്ങള്‍ ചോരും എന്നായിരുന്നു വിശദീകരണം. മുത്തമ്മയുടെ ഹരജി ക്യഷ്ണയ്യരുടെ മുന്‍പിലെത്തി. കൃഷ്ണയ്യര്‍ വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചു മൂന്ന് ദശകം കഴിഞ്ഞിട്ടും ഈ അവസ്ഥ നിലനില്‍ക്കുന്നതിനെ അദ്ദേഹം കടുത്ത ഭാഷയില്‍ ഏതി ര്‍ത്തു. ഇത് ലിംഗവിവേചനമാണെന്ന് അദ്ദേഹം കണ്ടെത്തി. ഭരണഘടന അനുച്ഛേദം 15 പ്രകാരം മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കില്‍ ഏതെങ്കിലും ഒന്നുകൊണ്ടുമാത്രം ഒരാളോടും വിവേചനം കാണിക്കാന്‍ പാടില്ല. അതുപോലെ അനുചേദം 14 പ്രകാരം നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്‍മാരാണെന്ന അവകാശവും നിഷേധിക്കപ്പെടുന്നു. ഇത് കൊളോണിയല്‍ ജീര്‍ണതയുടെ പാരമ്പര്യമാണ്. ലിംഗവിവേചനത്തിന്റെ കറ സര്‍വ്വീസ് റൂളുകളില്‍ നിന്നും മാറ്റിയേ തീരൂ. മുത്തമ്മ കേസിലെ നിരീക്ഷണങ്ങള്‍ ലിംഗനീതിക്കുവേണ്ടിയുള്ള അഹ്വാനങ്ങളാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമ കേസുകളില്‍ ഇരയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ശിക്ഷ നടപ്പാക്കിയ കേസുകള്‍ ഉണ്ട്. ( റഫീക്ക് Vs സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് ) ,
കൃഷ്ണയ്യര്‍ കേരളത്തില്‍ നിയമ മന്ത്രിയായിരുന്നപ്പോള്‍ കേരള ഹൈക്കോടതിയില്‍ വനിതാ ജഡ്ജി വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങിനെയാണ് ആദ്യ വനിതാ ജഡ്ജിയായി അന്നമ്മാചാണ്ടി നിയമിതയായത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിയമത്തെ വ്യാഖ്യാനിച്ചു കൊണ്ട് കോടതികള്‍ക്കും നിയമങ്ങള്‍ക്കും മാനവികതയുടെ ഒരു തലം നല്‍കിയവയാണ് ഓരോ വിധിയും. കോടതിക്കുണ്ടായിരുന്ന മൂല്യച്യുതി ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിധികളില്‍ കാണാവുന്നതാണ്. ന്യായാധിപന്‍മാരെ കുറിച്ച് അദ്ദേഹം പറയുന്നു;’ രാഷ്ട്രീയക്കാരുടെ വിമര്‍ശനം ന്യായാധിപന്‍മാര്‍ ശ്രദ്ധിക്കേണ്ടതില്ല. ധീരമായ ധാര്‍മികത വേണം’. ഈ സമീപനം കൊണ്ടാണ് ന്യായാധിപന്‍ എന്ന നിലയില്‍ മനുഷ്യത്വത്തിന്റെയും നീതിയുടെയും പക്ഷത്ത് അദ്ദേഹത്തിന് നില്‍ക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ണ്ണായകമായ വിധികള്‍ ഒട്ടനവധിയുണ്ട്. വിശദമായി അതിലേക്ക് കടക്കുന്നതിന് ഈ കുറിപ്പുകള്‍ പര്യാപ്തമാവില്ല
എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്. ചില ജഡ്ജുമെന്റുകള്‍ ഇവിടെ ചൂണ്ടി കാണിച്ചു വെന്നുമാത്രം.
കൃഷ്ണയ്യര്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ ക്കുറിച്ചും ഒട്ടനവധി രചനകളുണ്ട്. അഭിഭാഷകന്‍, പൊതു പ്രവര്‍ത്തകന്‍, ഭരണകര്‍ത്താവ്, ന്യായാധിപന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഗ്രന്ഥ കര്‍ത്താവ് എന്നീ നിലകളിലൊക്കെയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നൂറോളം പുസ്തകങ്ങളില്‍ ജീവിതാനുഭവഗന്ധിയായ പുസ്തകമാണ്, wonderig in many worlds. ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്ല വായനാശീലമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം തന്റെ പുസ്തകശേഖരം നാഷണല്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കൈമാറുകയുണ്ടായി. പ്രൊഫസര്‍ സാനുവുമായുള്ള അദ്ദേഹത്തിന്റെ ആത്മസൗഹൃദം പ്രസിദ്ധമാണ്. സാനുമാഷിന്റെ അഭിപ്രായത്തില്‍ നിയമപരിജ്ഞാനത്തോളം തന്നെ സാഹിത്യപരിജ്ഞാനവും കൃഷ്ണയ്യര്‍ക്കുണ്ടായിരുന്നു. മാഷും, ജസ്റ്റിസ് കൃഷ്ണയ്യരും വര്‍ഷങ്ങളായി ഒന്നിച്ചുള്ള സായാഹ്ന സവാരി എറണാകുളത്തുള്ളവര്‍ക്ക് പരിചിതമാണ്.
അവസാന നാളുകള്‍ വരെ കൃഷ്ണയ്യര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുസംവദിച്ചുകൊണ്ടിരുന്നു. ‘സദ്ഗമയ’ എന്ന കൊച്ചിയിലെ വീട് എപ്പോഴും എല്ലാര്‍ക്കും സ്വാഗതമരുളി. അദ്ദേഹത്തിന്റെ സഹായത്തിനും ഉപദേശത്തിനും വേണ്ടി എത്തുന്നവരെകൊണ്ട് അവിടം നിറഞ്ഞിരുന്നു.2014 ല്‍ 99-ാം വയസ്സില്‍ മരിക്കുന്നതുവരെ കര്‍മ്മ നിരതനായിരുന്നു കൃഷ്ണയ്യര്‍.