
ഏകദേശം ഒരു മാസത്തെ ഏകാന്തവാസത്തിൽ ഒരിക്കൽ പോലും ഇങ്ങനെ ഒരു അനുഭവക്കുറിപ്പിനെ കുറി ച്ച് ചിന്തകൾ വന്നിട്ടു പോലുമില്ല. പക്ഷെ അതിനുശേഷവും കോവിഡാനന്തര പ്രശനങ്ങൾ അലട്ടിക്കൊണ്ടിരുന്നപ്പോൾ,രണ്ടാം ഘട്ടവും വരുന്ന മൂന്നാം ഘട്ടത്തെയും കുറിച്ച് ലോകം ഭയചകിതരായിരിക്കുമ്പഴും ഇപ്പോഴും വാക്സിനെടുക്കാതെ സോഷ്യൽ മീഡിയയിലെ ചില അഭ്യൂഹങ്ങളെ വിശ്വസിച്ച് ഒഴിഞ്ഞു മാറുന്നവരുണ്ട്, ചുറ്റിക്കറങ്ങാൻ പോലീസുകാർക്കു മുന്നിൽ കൺകെട്ട്
കളിക്കുന്നവരുണ്ട്, വെറും ഒരു പനി എന്ന ലാഘവത്തോടെ എടുക്കുന്നവരും വിരളമല്ല… അങ്ങനെയുള്ള കുറച്ചു പേർക്ക് ഒരു മുൻകരുതലിന് ഉതകുമെങ്കിൽ എന്നു മാത്രം ആഗ്രഹിക്കുന്നു..
(1\1\2021)
പുതുവർഷപ്പുലരിയിൽ ദേഹാസ്വാസ്ഥ്യങ്ങൾ പാർത്തു നോക്കി
എങ്കിലും പുതിയ തുടക്കം ഗംഭീരമാക്കാനുള്ള ആവേശം കാരണം അതൊന്നും ഗൗനിക്കാതെ വിട്ടു…ഉച്ചതിരിഞ്ഞപ്പോഴേക്കും അസ്വസ്ഥതകൾ ഏറി വന്നു…പനി,ചെറിയ തലവേദന വേഗം ഡോളൊ കഴിച്ചു.. അതു പിന്നെ നമ്മുടെയൊക്കെ ഒരു ശീലമാണല്ലൊ…പനിയെ അടിച്ചമർത്തി.തൽക്കാല സുഖത്തിൽ ആശ്വാസം കണ്ടെത്തൽ..പക്ഷെ കുറച്ചു മണിക്കൂറുകൾ കഴിഞ്ഞതും
പനി കൂടുതൽ ശക്തിയോടെ വന്നു….തലവേദന, ചെറിയ തുമ്മൽ, ക്ഷീണം..അപ്പൊഴേക്കും രാത്രി ഏറെ വൈകിയിരുന്നു. അടുത്ത മരുന്ന് കഴിച്ചിട്ടും കഠിനമായ തലവേദനയ്ക്ക് ഒരു മാറ്റവുമില്ലാതെ തുടർന്നു….ആ രാത്രി ക്ളോക്കിലെ സൂചിനോക്കി ഞാൻ നേരം വെളുപ്പിച്ചു..രാവിലെ ഉറക്കക്ഷീണമുണ്ടെങ്കിലും ഞാൻ എഴുന്നേറ്റു വീട്ടു ജോലികൾ തുടങ്ങി… കിതപ്പനുഭവപ്പെട്ടു…വല്ലാതെ ക്ഷീണം വീണ്ടും പനിയ്ക്കാൻ തുടങ്ങി…പരിചയമുള്ള ഡോക്ടറെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വൈറൽ ഫീവർ ആവാം ..എന്തായാലും വീട്ടിൽ കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഒക്കെ ഉള്ളത് കൊണ്ട് ക്വാറന്റൈൻ നിർദ്ദേശിച്ചു…
അനിയൻെറ പുസ്തകശേഖരത്തിൽ നിന്നും വേണ്ടതെല്ലാം എടുത്ത് ഞാൻ മുറിയിൽ കയറി..ഇടവിട്ട് പനിയൊഴീച്ചാൽ തവവേദന കാരണം വായന നടക്കുന്നില്ല എന്ന വിഷമം മാത്രം.. പനിയ്ക്കും തലവേദനയ്ക്കും മാറ്റമില്ലാതായപ്പോഴാണ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്..അപ്പോഴേക്കും മണം പൂർണമായും നഷ്ടമായി, സോപ്പിനൊ പെർഫ്യൂമിനൊ ഒന്നും ഒരു ഗന്ധവുമില്ലാതായപ്പോൾ ആദ്യമൊരു മരവിപ്പായിരുന്നു…അങ്ങനെ ജനുവരി 5 നു (5 ദിവസത്തെ ഡോളൊ കോഴ്സിന് ശേഷം) ടെസ്റ്റ് ചെയ്യുകയും ആറാം തീയതി ഉച്ചയോടെ പോസിറ്റീവ് എന്നാൽ കേൾക്കാൻ ഒട്ടും പോസിറ്റീവ് അല്ലാത്ത വാർത്ത അവർ വിളിച്ചറിയിച്ചു… തുടർന്ന് ഫോൺ വിളിയുടെ ഘോഷയാത്രയായിരുന്നു…ആരോഗ്യ കേന്ദ്രത്തിൽ നിന്ന്,സിസ്റ്റർ(രമ്യ) ,ആശ വർക്കർ,കൗൺസിലിംങ് സെൻ്ററിൽ നിന്ന്… അങ്ങനെ ഉള്ളിലെ ആ സമ്മർദ്ദം കുറച്ച് കുറഞ്ഞതുപോലെ അനുഭവപ്പെട്ടു…
അതിനു ശേഷം സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയും വിവരാന്വാഷണങ്ങളായി. നിർദേശങ്ങളായി.. പരിഹാരങ്ങളും..
പിന്നീടുള്ള ദിവസങ്ങൾ ഓർക്കാൻ ഇന്നും ഭയമാണ്… ഉറക്കമില്ലാത്ത രാത്രികൾ…. ഉറങ്ങിതുടങ്ങുമ്പഴേക്കും തലവേദന,അപ്പോഴേക്കും കാഴ്ച മങ്ങി തുടങ്ങിയിരുന്നു ..കൺപോളകളിൽ സൂചി തറയ്ക്കുന്ന വേദന,ഭക്ഷണമെടുക്കാനായി പടികൾ ഇറങ്ങുമ്പോൾ കിതപ്പ്,ക്ഷീണം,പലപ്പോഴും പ്രഷർ കുറഞ്ഞതിനെ തുടർന്ന് തലകറങ്ങി വീണുപോയിട്ടുണ്ട്, എടുത്തു വച്ച ആ പുസ്തകത്തിൻെറ ഒരു പേജുപോലും വായ്ക്കാൻ എനിയ്ക്ക് പറ്റിയിരുന്നില്ല എന്നതാണ് സത്യം……
ടെസ്റ്റിനുമുമ്പ് പനി വിടാതിരുന്നതിനാൽ ഒരു ഡോക്ടറെ കാണിച്ചതിനെ തുടർന്ന് തന്ന ആന്റിബയോട്ടിക് കഴിക്കുമ്പോൾ പകൽ അതിൻെറ ക്ഷീണം കാരണം ഉറങ്ങുന്നതൊഴിച്ചാൽ ഉറക്കം തീരെ കുറവായിരുന്നു..ഇടയ്ക്ക് തോന്നും എല്ലാം ഭേദപ്പെട്ടു എന്നൊക്കെ.. ഇറങ്ങി മുറിയിൽ തന്നെ ഒന്നു നടക്കുമ്പോഴേക്കും ആകെ തളർന്ന അവസ്ഥയാകും…ആകെ നിരാശ അനുഭവപ്പെട്ടിരുന്ന നിമിഷങ്ങൾ….
ഒരു കാര്യം എടുത്തു പറയുന്നു…
ഈ സമയത്തൊക്കെ ഹെൽത്ത് സെന്ററിൽ നിന്നു നേഴ്‌സ്മാരും നിരന്തരം വിളിച്ച് വിവരം തിരക്കുമായിരുന്നു…അത് വലിയ ഒരു മനോധൈര്യമായിരുന്നു…ഇതിനിടയിൽ ആദ്യം ഞാനുമായി സമ്പർക്കത്തിൽ വന്ന അമ്മ,അച്ഛൻ, ഭർത്താവ്, മകൻ എല്ലാവരും പോസിറ്റീവ് ആയി…തീർത്തും നിസ്സഹായത തളംകെട്ടി നിന്നു ഉള്ളിൽ ആകെ…
എങ്ങനെയൊ പത്തു ദിവസം തള്ളി നീക്കി അടുത്ത ടെസ്റ്റിന് തയ്യാറെടുത്തു…പക്ഷെ ശാരീരികമായി ഒരു മാറ്റവും തോന്നിയിരുന്നില്ല… ഒന്നിനും മണമൊ രുചിയൊ ഒന്നുമില്ലാത്ത മരവിപ്പ്….അങ്ങനെ ആ ടെസ്റ്റും കഴിഞ്ഞു…. എല്ലാവരും നെഗറ്റീവ് ഞാൻ മാത്രം പോസിറ്റീവ് ആയി തുടർന്നു…
പിന്നെ കാര്യങ്ങൾ ഗൗരവമായി… നേഴ്‌സ് നിരന്തരം വിളിച്ചു…. ബുദ്ധിമുട്ടുകൾ പറഞ്ഞു… ഓക്സിമീറ്റർ റീഡിംഗ് കുറഞ്ഞാൽ ഉടനെ ഹോസ്പിറ്റലിലേക്ക് മാറാൻ ആവശ്യപ്പെട്ടു…
എല്ലാത്തിനേക്കാളും വേദനയുളവാക്കുന്ന മറ്റൊന്നുണ്ട് വിവരമറിയാൻ വിളിച്ച് വാക്കുകൾ കൊണ്ട് തളർത്തുന്ന ചിലർ…
എവിടുന്നുകിട്ടി?
എങ്ങനെ കിട്ടി?
ശ്രദ്ധിച്ചില്ലെ?…ഇത്തരം ചോദ്യങ്ങൾ ദുസ്സഹമായിരുന്നു…(സമാധാനിപ്പിച്ചവരെയും സ്നേഹത്തോടെ ഓർക്കുന്നു)
ഞാനൊന്നു പറയട്ടെ കൊറോണ വൈറസ്സ് ഈ ലോകത്ത് കേവലം രണ്ട് വർഷത്തോളം മാത്രം പരിചിതമായ ഒന്നാണ്…നിരന്തരം വകഭേദങ്ങൾ വന്നു കൊണ്ടിരിയ്ക്കുന്ന ഒന്ന്…അതിനെ കുറിച്ച് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതെ ഉള്ളു….നമുക്ക് പരിചയമുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുമ്പോൾ പറഞ്ഞ് നിസ്സാരമാക്കി കളയാതിരിയ്ക്കുക….ഭയപ്പെടുത്തേണ്ടതുമില്ല…
ശാരീരികമായും മാനസികമായും ഇത്രയും ദൃഢമായ(പ്രായാടിസ്ഥാനത്തിൽ) ഈ സമയത്തും ഈ വൈറസിന് എനിക്ക് മേൽ ഇത്രയും സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നത് ഒരു വലിയ കാര്യമാണ്..ദേഹാസ്വാസ്ഥ്യങ്ങൾ മാത്രമല്ല മറിച്ച് പുറത്ത് പോവാത്ത അത്യാവശ്യം നന്നായി വ്യക്തിശുചിത്വം പാലിക്കുന്ന ഒരാൾ എന്ന നിലക്ക് എങ്ങനെ വൈറസ് ബാധിച്ചു എന്ന ജിജ്ഞാസ, എന്നിൽ നിന്നും മറ്റുള്ളവർക്ക് പകർന്നു കിട്ടുന്നതിലുള്ള കുറ്റബോധം, ഏകാന്തത എല്ലാം മനസ്സിനെ തളർത്താറുണ്ട് പലപ്പോഴും…
നീണ്ട ഏകാന്തവാസത്തിനു ശേഷം ജനുവരി 25നാണ് ഞാൻ കോവിഡ് നെഗറ്റീവ് ആയത്….ഒരു പക്ഷെ കണ്ണുകളുടെ അസ്വസ്ഥതകൾ ഇല്ലായിരുന്നെങ്കിൽ എൻെറ കോറൻെറൻ ഇത്രയും ദുസ്സഹമാവില്ലായിരുന്നു…..കോവിഡാനന്തര പ്രശ്നങ്ങളിൽ നിന്നും ഇപ്പോഴും മോചനം കിട്ടിയിട്ടില്ല…
അന്നത്തെ ഏക ആശ്വാസം ജനലിലൂടെ ഉള്ള കാഴ്ചകൾ മാത്രമായിരുന്നു… ഒരു പക്ഷെ ഭ്രാന്തമായിതോന്നുമെങ്കിലും ഒറ്റപ്പെടുമ്പോൾ അത്തരം കാഴ്ചകളും കൂട്ടാവാറുണ്ട്.. സത്യം…
കഴിഞ്ഞ ദിവസങ്ങളിൽ ഈ കാഴ്ചകൾക്ക് അത്രയും സ്ഥാനമുണ്ടായിരുന്നു… ജീവനുണ്ടായിരുന്നു.. അതായിരുന്നു ‘ജനൽ’എന്ന കവിതയുടെ ഉറവിടം…