
കെ വി മണികണ്ഠന്റെ നീലിമദത്ത എന്ന കഥയിലെ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം
അശാന്തിയുടെ മുറിവുകൾ ശിരസ്സിൽ വഹിച്ച അശ്വത്ഥാമാവിന്റെ ജന്മം ലഭിച്ച ചിലരുണ്ട്. സദാസമയവും കുത്തിപ്പഴുത്ത് നോവൊലിച്ച് ഇരിക്കപ്പൊറുതികിട്ടാതെ അലഞ്ഞു നടക്കുന്നവർ. മറ്റാർക്കുമാവില്ല ഈ നോവ് പങ്കിടാൻ,മറ്റാർക്കുമാവില്ല ഈ മുറിവ് കാണുവാൻ.
കെ വി മണികണ്ഠന്റെ നീലിമ ദത്ത എന്ന കഥയിലെ മൂന്ന് കഥാപാത്രങ്ങളും (ആഖ്യാതാവ്,നീലിമദത്ത,ശങ്കരൻ കുട്ടി) അശ്വത്ഥാമാവിന്റെ ജന്മം പേറുന്നവരാണ്.ഈ മൂന്ന് കഥാപാത്രങ്ങളെയുമിണക്കുന്ന പൊതുസവിശേഷതകളുണ്ട്.
നീലിമദത്ത എന്ന കഥയിലെ മൂന്ന് കഥാപാത്രങ്ങളും ജനിച്ച നാട് വിട്ട് ഇതരദേശങ്ങളിലേക്ക് കുടി പാർത്തവരാണ്. വലിയ ഭൂസ്വത്തിനെ,നിറഞ്ഞ തറവാടിനെ,രക്തബന്ധുക്കളെ പൊടുന്നനെയൊരുനാൾ ഇട്ടെറിഞ്ഞ് ബംഗാളിലേക്ക് ചേക്കേറിയവനാണ് ശങ്കരൻ കുട്ടി. മറ്റുള്ളവരുടെ കണ്ണിൽ സ്വസ്ഥമെന്ന് ലേബലുള്ള ജീവിതമുപേക്ഷിച്ച് ചരക്കുലോറിയുടെ ഡ്രൈവറായി അലഞ്ഞുതിരിയുന്ന ഏകാന്തജീവിതം. ഏതോ അശാന്തിയുടെ മുറിവുപൊട്ടിയൊലിച്ച് അലയേണ്ടിവരുന്ന വിധി. ഏകാകിയുടെ അജ്ഞാതജീവിതം.
ഈ ജീവിതത്തിലേക്കാണ് സംഗീത ത്തിന്റെയും നിലാവിന്റെയും അകമ്പടിയോടെ നീലിമദത്ത കടന്നുവരുന്നത്.ശങ്കരൻ കുട്ടിയെപ്പോൽ ഏകാകി. ഏറെ സ്വത്തിനുടമയായ അനാഥ. ഒരേ തരംഗദൈർഘ്യമുള്ള രണ്ട് ജീവിതങ്ങളുടെ സമാഗമം.യാത്രയുടെയും സംഗീത ത്തിന്റെയും ഭ്രാന്തിൻ വിത്തുകൾ അവർ പരസ്പരം തിരിച്ചറിയുന്ന നിമിഷത്തിൽ ഒരേ ദിശയിലേക്ക് ,ഒരേ വാഹനത്തിൽ ,ഒരേ താളത്തിൽ ചരിക്കാനാരംഭിക്കുന്നു.
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് പലമാനങ്ങളുണ്ട് നീലിമദത്ത എന്ന കഥയിൽ. ഈ കഥയിലെ രണ്ട് പുരുഷകഥാപാത്രങ്ങൾക്കും ഒരേയൊരു സ്ത്രീ കഥാപാത്രമായ നീലിമയോടുള്ള ബന്ധം അസാധാരണമാണ്. ശങ്കരൻ കുട്ടിയും നീലിമദത്തയും അഞ്ചുവർഷങ്ങൾ ജീവിച്ചു തീർത്തത് ശരീരങ്ങൾ തമ്മിലിണക്കിയല്ല. രണ്ട് ഏകാകികളെ ഒരുമിച്ച് കൊണ്ടുപോകാൻ പരസ്പര സാന്നിദ്ധ്യം തന്നെ ധാരാളമാണ്. ഒത്തുചേരലിന്റെ സന്തോഷവും സംഗീതത്തിന്റെ അലങ്കാരവുമായിരുന്നു അഞ്ചുകൊല്ലക്കാലം അവരെ ഇണക്കിയത്.അഞ്ചുവർഷക്കാലം പരസ്പരം മനസ്സിലാക്കിയ ശേഷമാണവർ ദാമ്പത്യത്തിലേക്ക് കടക്കുന്നത്.
അഞ്ചുവർഷക്കാലത്തെ ദാമ്പത്യത്തിളക്കത്തിൽ പെട്ടെന്നൊരു ദിനം ഇരുൾ മൂടുന്നു .ശങ്കരൻ കുട്ടിക്ക് സ്മൃതിനാശം ആരംഭിക്കുന്നു.ജനിച്ച നാടും വീടുമൊഴികെ മറ്റൊന്നിനും ആ ഓർമ്മയിൽ സ്ഥാനമില്ലാതാവുന്നു.അമ്മ മരിച്ചുപോയ ഒരാളായിരുന്നു ശങ്കരൻ കുട്ടിയെന്നതിന് കഥയിൽ സൂചനകളുണ്ട്.അച്ഛന്റെ രണ്ടാം ഭാര്യയിൽ നിന്നും മക്കളിൽ നിന്നുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നിരിക്കാം അയാളുടെ നാടുവിടൽ.പിന്നീടങ്ങോട്ട് സ്വന്തം ജീവിതം സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു ശങ്കരൻ കുട്ടി. പാട്ട്,യാത്ര,അപാരമായ സ്വാതന്ത്ര്യം,കെട്ടുപാടുകളില്ലാത്തജീവിതം. ആ ജീവിതത്തിലേക്കാണ് നീലിമദത്ത കടന്നുചെല്ലുന്നത്. ഒത്തു ജീവിതത്തിന്റെ ദൈർഘ്യമേറുന്തോറും ഒറ്റ ജീവിതത്തിന്റെ ആടയാഭരണങ്ങൾ അഴിഞ്ഞുവീണുകൊണ്ടിരിക്കും. അഞ്ചുവർഷത്തെ ദാമ്പത്യം ശങ്കരൻ കുട്ടിയിൽ ,അയാൾ ബോധപൂർവ്വം മറക്കാൻ ശ്രമിച്ച കുടുംബസ്മരണകൾ ഉണർത്തിവിട്ടിട്ടുണ്ടാകണം. ഭാര്യ,ഭർത്താവ്,കുടുംബം എന്ന ടിപ്പിക്കൽ മനുഷ്യജീവിതത്തിന്റെ ആവർത്തനം തന്റെ ജീവിതത്തിലും – താൻ പണിപ്പെട്ട് മെനഞ്ഞെടുത്ത സ്വതന്ത്രജീവിതത്തിലും- ആ വർത്തിക്കുന്ന തി ന്റെ കഠിനനിരാശയാവാം ശങ്കരൻ കുട്ടിയുടെ സ്മൃതിനാശത്തിനു കാരണമാകുന്നത്.പിന്നെനാമറിയുന്ന, നീലിമയറിയുന്ന ,നീലിമ സ്നേഹിച്ചതും നീലിമയെ സ്നേഹിച്ചതുമായ ശങ്കരൻ കുട്ടിയില്ല.കേരളത്തിലെ ഏതോ ദേശത്തെ ഏതോ ഒരാളുടെ ഏഴുമക്കളിലൊരാൾ മാത്രമായി അയാൾ മാറുന്നു.നീലിമ പിന്നെ അയാളുടെ ആത്മസഖി(soulmate) യല്ല;കൂടെ ശയിക്കാനുള്ളവൾ മാത്രം.അസാധാരണമായ സ്ത്രീ പുരുഷ ബന്ധം അതിസാധാരണമായ ഭാര്യാഭർതൃബന്ധം മാത്രമായി രൂപം മാറുകയാണ്.
ചിരപരിചിതവഴികളിൽ നിന്ന് തെന്നിമാറുന്നതും,അക്കാരണം കൊണ്ടുതന്നെ നമുക്ക് വിചിത്രമെന്ന് തോന്നുന്നതുമായ ജീവിതങ്ങൾ സമൂഹത്തിന്റെ വാർപ്പ് മാതൃകകളിലൊതുക്കുമ്പോൾ സംഭവിക്കുന്ന സ്വാഭാവികപരിണതി മാത്രമാണിത്.
ശങ്കരൻ കുട്ടിയുടെ അതേ അനാഥത്വവും ഏകാന്തതയും നീലിമദത്തയും അനുഭവിച്ചിരുന്നു.പക്ഷേ ശങ്കരൻ കുട്ടിക്ക് സ്വന്തം പിതാവിനോടില്ലാത്ത ഒരു ബന്ധം നീലിമയ്ക്ക് തന്റെ മരിച്ചുപോയ അച്ഛനോടുണ്ടായിരുന്നു. ആകാശത്തെവിടെയോ അദ്ദേഹത്തിന്റെ സ്ഥാനം നിർണ്ണയിച്ചുകൊണ്ട് അവൾ ശങ്കരൻ കുട്ടിക്കൊപ്പം യാത്രാനുമതി തേടുന്നത് അതുകൊണ്ടാണ്. ഡൽഹിയിലുള്ള അമ്മാവനും കത്തെഴുതി വിവാഹാനുമതി തേടുന്നുമുണ്ട് നീലിമ. അവൾ ബന്ധുക്കളെ ആഗ്രഹിച്ചിരുന്നു. ബന്ധുത നിലനിർത്തുകയും ചെയ്തിരുന്നു. നീലിമയെപ്പോലൊരാൾക്ക് ടിപ്പിക്കൽ ദാമ്പത്യത്തിലേക്ക് സ്വയം സ്ഥാപിക്കുന്നത് താരതമ്യേന എളുപ്പവും സന്തോഷകരവുമാണ്.അതുകൊണ്ടാണ് ശങ്കരൻ കുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങളോ അതേത്തുടർന്നുണ്ടായ സ്മൃതിനാശമോ നീലിമയേയും ബാധിക്കാതിരുന്നത്.
സംഗീതവും സന്തോഷവും ദാമ്പത്യത്തിന്റെ സ്നേഹസൗഹൃദങ്ങളും നിറഞ്ഞജീവിതമാണ് നീലിമ ശങ്കരൻ കുട്ടിയിൽ നിന്ന് പ്രതീക്ഷിച്ചത്.അഞ്ചുവർഷക്കാലം അതുതന്നെയാണ് ശങ്കരൻ കുട്ടി നീലിമയ്ക്ക് നൽകുന്നതും. ഇത് നൽകാനാവാത്ത ശങ്കരൻ കുട്ടി നീലിമയ്ക്ക് ശങ്കരൻ കുട്ടിയല്ല. ഭൂതകാലത്തെ വഹിക്കുന്ന ഒരു ശരീരം മാത്രമാണ്.നീലിമയ്ക്ക് ശങ്കരൻ കുട്ടിയുടെ ഭൂതകാലത്തെയല്ല വേണ്ടത്.അതുകൊണ്ടാണ് നാളികേരം കയറ്റിയ ലോറി ശങ്കരൻ കുട്ടിയേയും കൊണ്ട് വളവ് തിരിഞ്ഞ് കൊക്കയിലേക്ക് അപ്രത്യക്ഷമാവുമ്പോൾ അവൾ ഒരൊച്ചപോലുമുണ്ടാക്കാതെ അത് കണ്ട് നിന്നത്. അങ്ങനെയൊരൊടുക്കം പോലും തികച്ചും ആസൂത്രിതമായിരുന്നെന്ന് വ്യക്തം. ശങ്കരൻ കുട്ടി അയാളുടെ ഭൂതകാലത്തിന്റെ ഭാരത്തിൽ നിന്നും നീലിമ ഭൂതകാലം മാത്രമുള്ള ശങ്കരൻ കുട്ടിയുടെ ഭാരത്തിൽ നിന്നും അങ്ങനെ (നിശബ്ദമായി ) സ്വതന്ത്രരാവുന്നു.
മനുഷ്യർക്കൊരിക്കലും അവരുടെ ഭൂതകാലത്തിൽ നിന്ന് മോചനം ലഭിക്കാറില്ല.ശങ്കരൻ കുട്ടിയ്ക്കെന്നപോലെ നീലിമയ്ക്കും ഭൂതകാലം വലിയൊരു ഭാരമായി മാറുന്നുണ്ട്.ഒരിക്കൽ സ്നേഹിച്ചിരുന്നവരോട് കാട്ടിയ നീതികേടുകൾ ആത്മാവിൽ വലിയ മുറിവുകൾ തുറക്കും.സദാസമയവും അത് കുറ്റബോധത്തിന്റെ നീരൊലിപ്പിക്കും.
മൂത്തമകനെന്ന നിലയ്ക്ക് അച്ഛനോട് താൻ നീതികാട്ടിയില്ലെന്ന തോന്നലാകാം ശങ്കരൻ കുട്ടിയിൽ മുറിവുണ്ടാക്കിയത്. എന്നാൽ പാതയോരത്ത് അനാഥമായി നിന്ന ജീവിതത്തെ കൈപിടിച്ച് കൂടെക്കൂട്ടി സ്നേഹ ത്തിന്റെയും സഹജീവനത്തിന്റെയും നിലാവ് പരത്തിയവനോടു ചെയ്ത നീതികേടായിരുന്നു നീലിമദത്തയുടെ മുറിവ്. നീലിമയ്ക്ക് വേണമെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരന്ത്യമായിരുന്നു ശങ്കരൻ കുട്ടിയുടേത്. ഭൂതകാലത്തിന്റെ ചുമട് മാത്രമെടുക്കുന്ന ആ ജീവിതത്തെ വളരെ സൗകര്യപൂർവ്വം നീലിമ ഒടുക്കുക തന്നെയായിരുന്നു.
ഈ കുറ്റബോധമാണ് പിന്നീടുള്ള ജീവിതത്തിലുടനീളം നീലിമയിൽ ഉണങ്ങാമുറിവായത്.ശങ്കരൻ കുട്ടിയുടെ വീട് വാങ്ങി,ഒരു കടം വീടൽ പോലെ രാവിലെയും വൈകീട്ടും പറമ്പിലെ മരങ്ങൾക്കും ചെടികൾക്കും വെള്ളം നനച്ച്, പാട്ടുകേൾക്കുകയും കേൾപ്പിക്കുകയും ചെയ്ത്, അദൃശ്യനായ ഒരാളിന്റെ സാന്നിദ്ധ്യമാവാഹിച്ച് അവർ ആ മുറിവുമായി ജീവിച്ചു. ഒരിക്കൽ പോലും അവരത് മറ്റൊരാൾക്ക് മുന്നിൽ തുറന്നിട്ട് ആശ്വാസലേപനത്തിനായി കൊതിച്ചില്ല.
ഈ കഥയുടെ തീം സോങ് കാഗസ് കേ ഫൂൽ (1959) എന്ന സിനിമയിൽ എസ് ഡി ബർമന്റെ സംഗീത സംവിധാന ത്തിൽ ഗീതാദത്ത് പാടുന്ന ‘ വക്ത് നെ കിയാ ക്യാ ഹസീ സിതം തും രഹേ ന തും ഹം രഹേ ന ഹം( കാലമെന്തൊരു നീതികേടാണ് കാട്ടിയത്,നീയിനി നീയല്ല,ഞാൻ ഞാനുമല്ല) എന്ന ഗാനമാണ്.ഈ കഥയുടെ ഓരോ പ്രധാന സന്ദർഭത്തോടും ചേർത്തുനിർത്താവുന്നത്.
” ദീദീ..നിങ്ങളെങ്ങനെയാണൊരു മ്യൂസിക്കൽ എൻസൈക്ലോപീഡിയ ആയത്..?” എന്ന് ആഖ്യാതാവ് ചോദിച്ച നിമിഷം മുതൽ അയാൾക്ക് നീലിമദത്ത തൊട്ട് മുമ്പ് വരെയുള്ള ആളല്ലാതായി മാറി. അവർ അന്നാട്ടിൽ ആർക്കുമറിയാത്ത തന്റെ ജീവിതം അയാൾക്ക് മുന്നിൽ തുറന്നിട്ടു.
കാലം മുന്നോട്ട് പോകെ ശങ്കരൻ കുട്ടിയെപ്പോലെ സ്മൃതിനാശം വന്ന് ഭൂതകാലം മാത്രം മുറുക്കിക്കെട്ടിയ ഭാണ്ഡവുമായി ജീവിക്കേണ്ടിവരുമെന്ന ഭയത്താലോ, ഏറെപ്പരിചയിച്ചു കഴിഞ്ഞാൽ ആരും കാണാത്ത തന്റെ അശാന്തിയുടെ രഹസ്യമുറിവുകൾ ആഖ്യാതാവിനുമുന്നിൽ തുറന്നിട്ടേക്കാമെന്ന ഭയത്താലോ നീലിമ തന്റെ ജീവിതത്തിന് സുരക്ഷിതമായ ഒരു വിരാമമിടുകയാണ് പിന്നീട്. പക്ഷേ തന്റെ മറ്റു സ്വത്തുക്കളെ പോലെത്തന്നെ അമൂല്യമായ ഒരു രഹസ്യത്തെയും ആഖ്യാതാവിനായി നീക്കിവച്ചുകൊണ്ടാണവർ സ്വയമൊടുക്കുന്നത്. അയാൾ എല്ലാം ഭദ്രമായി നോക്കിക്കൊള്ളുമെന്നൊരുറപ്പുണ്ട് നീലിമദത്തയ്ക്ക്. പാരസ്പര്യത്തിന്റെ കണ്ണികൾ തങ്ങൾക്കിടയിലുണ്ടെന്നൊരു തിരിച്ചറിവ് ആദ്യകൂടിക്കാഴ്ച മുതൽ ഇരുവർക്കുമുണ്ടായിട്ടുണ്ട്.
നീലിമദത്തയെപ്പോലെ മൂടിവച്ച രഹസ്യങ്ങളുടെ ഉടമയായാണ് ആഖ്യാതാവും ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നത്. നീലിമയെപ്പോലെ സ്വദേശമുപേക്ഷിച്ച് അന്യദേശത്ത് കുടിപാർത്തവൻ..സംഗീതത്താൽ ദിനരാത്രങ്ങൾക്ക് നിറം പകർന്നവൻ ..പാട്ടാണ് നീലിമദീദിയിലേക്ക് അയാളെ അടുപ്പിക്കുന്നത്.അപൂർവ്വമായൊരു പാട്ടുതേടിയാണ് അപരിചിതയായ നീലിമയുടെ വീട്ടിലേക്ക് ആഖ്യാതാവ് കയറിച്ചെല്ലുന്നത്. ഒന്നുമാരായുന്നില്ല നീലിമ.ഒരു പക്ഷേ അത് തന്നെയാവാം അയാൾക്ക് വീണ്ടും വീണ്ടും അങ്ങോട്ട് ചെല്ലാനുള്ള ആകർഷണവും. ആരായുന്നവരിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നല്ലോ അയാളുടെ അന്യദേശഗമനം . വ്യവസ്ഥാപിത ദാമ്പത്യത്തിനു വഴിപ്പെടാതിരിക്കുന്നതായിരുന്നു അയാൾക്ക് സ്വന്തം നാട്ടിലെ വലിയ സ്വൈരക്കേട്. അങ്ങനെ വഴിപ്പെടാതിരുന്നതിനു പിന്നിലെ രഹസ്യമായിരിക്കാം മറ്റാരോടും പറയാതെ ഒരാളോട് മാത്രം അയാൾ വെളിപ്പെടുത്തിയത്.( ഒരു പക്ഷേ ചില വീക്കെൻഡുകളിൽ അയാളെ തേടിയെത്തുന്ന ഉറ്റസ്നേഹിതനോടാവാം) ആഖ്യാതാവ് സ്വവർഗ്ഗാനുരാഗിയാണെന്ന് വായനക്കാർ ഊഹിക്കുന്നതിൽ തെറ്റില്ല. വിവാഹത്തോട് അയാൾ കാട്ടുന്ന അകൽച്ചയും വീക്കെൻഡുകളിൽ വരുന്ന ഉറ്റസ്നേഹിതനെക്കുറിച്ചുള്ള പരാമർശവും ഒരിക്കൽ പോലും നീലിമയോട് ശാരീരികാകർഷണം തോന്നാതിരുന്നതും ഇതിനു തെളിവായി സ്വീകരിക്കാവുന്നതാണ്. നീലിമ പോലും ഒരുപക്ഷേ അതറിഞ്ഞിരിക്കയില്ല. തങ്ങളെപ്പോലെ ചില മനുഷ്യർ അശാന്തിയുടെ രഹസ്യ മുറിവുകൾ ഉള്ളവരാണെന്നും മറ്റാർക്കുമുന്നിലും തുറക്കാത്ത രഹസ്യ അറകൾ മനസ്സിൽ സൂക്ഷിക്കുന്നവരാണെന്നുമുള്ള സത്യം പക്ഷേ ഇരുവരുമറിഞ്ഞിരുന്നു. ഒരുവേള അവരെ തമ്മിലിണക്കിയ പൊതുസവിശേഷതകളിൽ ഏറ്റവും മുഖ്യം ഇതു തന്നെയായിരിക്കണം. പക്ഷേ ഇത് സ്വയം വെളിപ്പെടു( ത്തു) ന്നൊരു ഘട്ടത്തിൽ തങ്ങൾ തമ്മിൽ ഇപ്പോൾ നില നിൽക്കുന്നൊരു പാരസ്പര്യം അവസാനിച്ചേക്കാമെന്ന ഭയം കൂടി നീലിമയ്ക്കുണ്ടായിരുന്നിരിക്കണം . അതുകൊണ്ട് കൂടിയാകണം അവർ തന്റെ ജീവിതഗാനം നിറുത്തിക്കളഞ്ഞത്. ശങ്കരൻ കുട്ടിയുടെ മരണശേഷം അവർ ഏറ്റവുമടുപ്പത്തോടെ ഇടപെട്ടിട്ടുള്ളയാൾ ആഖ്യാതാവ് തന്നെയാകണം. നിർവ്വചനങ്ങളിലൊതുങ്ങാത്ത ഒരു ബന്ധം. അയാളെ തന്റെ സ്വത്തിനും രഹസ്യത്തിനും അനന്തരാവകാശിയായി സ്വയം തീരുമാനിച്ചുകൊണ്ട് നീലിമദത്ത ഏറ്റവും നാടകീയമായി തനിക്ക് വിരാമമിടുകയാണ്.ശങ്കരൻ കുട്ടിയുടെ അദൃശ്യസാന്നിദ്ധ്യം നീലിമ അനുഭവിച്ചതുപോലെ നീലിമയുടെ അദൃശ്യസാന്നിദ്ധ്യവുമായി ജീവിക്കാൻ ആഖ്യാതാവിനെ വിധിച്ചുകൊണ്ട്…
2 Responses
മനോഹരമായെഴുതി
നല്ല വായന👌🏼