സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സോര്‍ബ

ആകാംക്ഷ

ജീവിതം സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമാണ് നിക്കോസ് കാസാന്‍ദ് സാകീസിന്റെ സോര്‍ബ. ആധുനിക മനുഷ്യന്റെ സ്വപ്‌നങ്ങളില്‍ അഭിരമിക്കുന്ന ഈ കഥാപാത്രം ഒരാള്‍ എന്താണോ അതായി തീരുന്ന ജന്മവാസനകളെ ഓര്‍മ്മിപ്പിക്കുന്നു. അസാമാന്യമായ ബോധം കൊണ്ടും ഉത്സാഹം കൊണ്ടും മടുക്കാത്ത ലോകത്തിന്റെ പ്രതീകമായി അയാള്‍ രൂപാന്തരപ്പെടുകയാണ്. സോര്‍ബയില്‍ എല്ലാകാലത്തും ജീവിക്കുന്ന മനുഷ്യനുണ്ട്, മനുഷ്യത്വമുണ്ട്.

ക്രീറ്റിലെ ഖനിയിലേക്കുള്ള യാത്രയില്‍ ഗ്രീക്കുകാരനായ സോര്‍ബയുടെയും പേര് വെളിപ്പെടുത്താത്ത ആഖ്യാതാവിന്റെയും അനുഭവങ്ങളില്‍ തെളിയുന്ന ഹിതവും അഹിതവുമാണ് ഈ നോവലിന്റെ കഥാതന്തു. അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വൈകാരിക തലത്തില്‍ നിന്നും ചിന്തകളില്‍ നിന്നും വികസിക്കുന്നതാണ് നോവലിന്റെ പശ്ചാത്തലം. അവര്‍ കാണുന്ന ലോകവും, അവരുടെ സൗഹൃദങ്ങളും മനുഷ്യപ്രകൃതിയുടെ പാരസ്പര്യവും ഇഴചേര്‍ന്നു നില്‍ക്കുന്നു നോവലില്‍. അവരുടെ സൗഹൃദങ്ങളില്‍ സ്വാതന്ത്ര്യമുണ്ട്. അവരുടെ സങ്കല്‍പ്പങ്ങളില്‍ കാരുണ്യമുണ്ട്.

ആഖ്യാതാവിന്റെ ആത്മഗതങ്ങളില്‍ കടന്നുവരുന്ന ദര്‍ശനമാണ് ഈ നോവലിന്റെ വേര്. ‘ഓരോ വ്യക്തിയുടെ ഉള്ളിലും ദ്രവ്യത്തെ ഊര്‍ജമാക്കിമാറ്റുന്ന ഒരു അതീന്ദ്രിയ സമവാക്യം ഉണ്ട്. ഭക്ഷണത്തെയും വെള്ളത്തെയും പ്രവൃത്തിയാക്കിമാറ്റുന്ന ഒരു മഹാപ്രത്യയം’. ഈ പ്രത്യയമാണ് ലോകത്ത് മനുഷ്യന്റെ അസ്തിത്വത്തിനടിസ്ഥാനം. എല്ലാ ദൈവഹിതങ്ങളില്‍ നിന്നും ഭിന്നമായി മനുഷ്യനെ നിലനിര്‍ത്തുന്ന അടിസ്ഥാനവികാരമായി കാസാന്‍ദ് സാകീസ് ഉയര്‍ത്തിപിടിക്കുന്നത് ഈ പ്രത്യയത്തെയാണ്. അത് മനുഷ്യന്റെ പ്രവൃത്തിയാണ്, വിശ്വാസമല്ല. വിശ്വാസത്തില്‍പോലും പ്രവൃര്‍ത്തിയുടെ ചലനാത്മകതയുണ്ടാക്കാമെന്ന് സോര്‍ബ തെളിയിക്കുന്നു. കാരണം, സോര്‍ബ ഈ ലോകത്ത് മടിയനായ ഒരാളല്ല.

ഒരിക്കല്‍ ഖനിക്കുള്ളില്‍ നിന്ന് സോര്‍ബ രക്ഷിക്കുന്ന തൊഴിലാളികള്‍ മനുഷ്യകുലത്തിലെ ദയാവായ്പിന്റെ പര്യായങ്ങളായി തീരും. അവര്‍ എക്കാലത്തും സോര്‍ബയില്‍ ജീവിക്കുന്നവരായിരിക്കും. വരാന്‍ പോകുന്ന അപകടത്തെ ഇന്ദ്രിയങ്ങളുടെ സൂക്ഷ്മത കൊണ്ട് തിരിച്ചറിഞ്ഞ്, ഖനിക്കുള്ളില്‍നിന്നും പാവപ്പെട്ട തൊഴിലാളികളെ ഞൊടിയിട കൊണ്ടയാള്‍ പുറത്തെത്തിക്കുന്നു. അതിന്റെ പ്രത്യുപകാരമായി അവര്‍ സോര്‍ബയുടെ കാലുകളില്‍ ചുംബിക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹം പറയുന്നു:’നിറുത്തെടോ’

കാരണം ഈ ലോകത്തിന്റെ അംഗീകാരങ്ങളൊന്നും സോര്‍ബയ്ക്ക് ആവശ്യമില്ലായിരുന്നു. അയാള്‍ ആരുടെയും നിയന്ത്രണത്തിലുള്ള ഒരാളല്ല. ദൈവത്തിന് പോലും അയാളുടെ അധികാരത്തിലും സ്വാതന്ത്ര്യത്തിലും സ്ഥാനമില്ല. സോര്‍ബ അത്രമാത്രം സ്വാതന്ത്ര്യത്തിലാണ് ജീവിക്കുന്നത്. അയാള്‍ക്ക് മനസ്സിലുള്ളതെല്ലാം തുറന്നു പറയാം. പ്രവര്‍ത്തിക്കാം. ഒരിക്കലും അയാള്‍ ഈ ലോകത്ത് ആര്‍ത്തിയുടെ പര്യായമല്ല. സ്വാതന്ത്ര്യന്റെ പര്യായമാണ്. ലോകം തെറ്റായികാണുന്നതൊന്നും അയാള്‍ക്ക് തെറ്റല്ല. അതേസമയം ലോകത്തിന്റെ ശരിയെ ക്കുറിച്ചും അയാള്‍ അത്ര ചിന്തിക്കുന്നില്ല.

സോര്‍ബ പിന്നിട്ട വഴികള്‍ വലിയ നിന്ദയുടെയും വഞ്ചനയുടേതുമാണ്. അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യമുഖങ്ങളില്‍ ലോകത്തിന്റെ ദുരയും പകയുമുണ്ട്. എന്നാല്‍ അതെളുപ്പം അയാളില്‍ നിന്നും മാഞ്ഞുപോകുന്നു. അവിടെ സ്വാതന്ത്ര്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം. അതുകൊണ്ടാണ് സോര്‍ബ പറയുന്നത്:
‘എനിക്ക് എന്തെങ്കിലും ഒന്നു വേണമെന്നുതോന്നിയാല്‍ ഞാനെന്താണ് ചെയ്യുക എന്നോ? അതിലേക്ക് ഞാന്‍ എടുത്തുചാടും. അതു കഴിയുമ്പോള്‍ മനസ്സ് സ്വതന്ത്രമാകും’ ഈ അസാധാരണത്വമാണ് ഒരാളുടെ അതീന്ദ്രിയ സമവാക്യം. ഈ അതീന്ദ്രിയ സമവാക്യം കൊണ്ടാണ് ലോകം പുലരുന്നത്.

ജീവിതം താല്ക്കാലികമായ ഒരു ഞാണിന്മേല്‍ക്കളിയാണ്. അത് ഏത് സമയത്തും പൊട്ടി പോകാവുന്നത് മാത്രം. അതിനെ ഭയപ്പെട്ടു കരുതി വയ്ക്കുന്നതൊന്നും ഉപയോഗപ്പെടാതെ പോകുന്നു. സോര്‍ബയില്‍ ഈ അനിശ്ചിതത്വത്തിന്റെ അനുഭവങ്ങളും സങ്കീര്‍ണതകളും ഒരു പ്രശ്‌നമല്ലാതാകുന്നു. അയാള്‍ക്കൊന്നും ഒരുപ്രശ്‌നമല്ലാതാകുന്നു.

സമ്പത്തും പദവിയും ജീവിതലക്ഷ്യവും കൈമുതലായ ഒരാളോടൊപ്പം ജോലി ചെയ്ത് ജീവിക്കാന്‍ ഇറങ്ങി പുറപ്പെട്ട ആളാണ് സോര്‍ബ. അയാള്‍ക്ക് അനുനിമിഷം കടന്നു പോകുന്ന ജീവിതമാണ് പ്രധാനം. നീക്കിവയ്ക്കാന്‍ ഒന്നുമില്ലാത്ത ജീവിതം. കുടിച്ചും മതിച്ചും രമിച്ചും സാന്തൂരിയുടെ സംഗീത തന്ത്രിയില്‍ ഈണമിട്ടും നൃത്തം ചെയ്തും ജീവിക്കുന്ന ഉടലാണയാളുടെ ശക്തി. സന്തോഷത്തിന്റെയും നിര്‍വൃതിയുടെയും ഭൗതിക ലോകത്തിലൂടെ ഉറക്കമൊഴിഞ്ഞയാള്‍ സഞ്ചരിക്കുന്നു. ഖനിയും കടലും മലനിരകളും അയാളുടെ സഞ്ചാരപാതയില്‍ ഹര്‍ഷോന്മാദത്തിന്റെ വിളനിലങ്ങളാവുന്നു. തിരിഞ്ഞുനോക്കാനറിയാത്ത ഒരു മനുഷ്യന്റെ ജീവിതമുന്നേറ്റത്തിന്റെ കഥയാണിത്. സോര്‍ബ ആര്‍ക്കുവേണ്ടിയാണ് തിരിഞ്ഞു നോക്കേണ്ടത് ?

എല്ലാം മനസ്സിലാക്കുകയും ലോകത്തിന്റെ സമ്പത്തിലും മനുഷ്യനന്മയിലും മഹത്വം കണ്ടെത്തുകയും ചെയ്യുന്ന ഒരാളാണ് ഇതിലെ ആഖ്യാതാവ്. അദ്ദേഹത്തിന്റെ സൗഹൃദം പറ്റുന്ന സോര്‍ബയില്‍ വരാന്‍ പോകുന്ന മാറ്റവും ക്ലൈമാക്‌സും എന്തായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് നോവലിന്റെ ആദ്യഭാഗം നാം വായിക്കുക. എന്നാല്‍ എഴുത്തുകാരന്റെ ജീവിതസങ്കല്‍പ്പങ്ങളെ പാടെ തിരുത്തിക്കുറിച്ചും പുതിയ ഭാവുകത്വത്തിലേക്ക് വഴിതെളിച്ചുമാണ് സോര്‍ബയുടെ സഞ്ചാരം. സോര്‍ബ
വളരെ സാധാരണനായ ഒരു മനുഷ്യന്റെ തിരുത്തലുകള്‍ ലോകത്തിന് നല്‍കുന്നു.

നോവലിന്റെ ഒടുവില്‍ മനുഷ്യാതീതമായ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ എഴുത്തുകാരനായ തന്റെ ബോസിനെ സോര്‍ബ പ്രേരിപ്പിക്കുന്നത് ഒരു കഥ പറഞ്ഞുകൊണ്ടാണ്.’ ഒരിക്കല്‍ മഞ്ഞുമൂടിയ മാസിഡോണിയന്‍ മലനിരകളില്‍ വലിയൊരു കൊടുങ്കാറ്റടിച്ചു. കാറ്റിനെ കളിയാക്കി ചിരിച്ചു കൊണ്ട് ഞാനെന്റെ ചെറിയ വീടിനുള്ളില്‍ തീകാഞ്ഞിരിക്കുകയായിരുന്നു. ‘എന്റെ വീടിനുള്ളില്‍ നിനക്ക് കയറാനാവില്ല സുഹൃത്തെ. ഞാന്‍ വാതില്‍ തുറന്നു തരാന്‍ പോകുന്നില്ല! എന്റെ തീ നിനക്ക് അണയ്ക്കാനാവില്ല! എന്റെ കുടിലിനെ നിനക്ക് മറിച്ചിടാനും കഴിയില്ല!’

ഇവിടെ ഇച്ഛാശക്തിയുടെ പ്രതിരൂപമായി സോര്‍ബയെ കാസാന്‍ദ് സാകീസ് വളര്‍ത്തുന്നു. ജീവിതത്തെ സര്‍വ്വത്ര ആനന്ദധായകമായി അനുഭവിക്കാന്‍ കഴിയുന്ന ഒരാളെ തോല്‍പ്പിക്കാനാവില്ല.

ബുദ്ധചിന്തയിലും ഏകാന്തതയിലും മുഴുകി മനസ്സിനെ ഏകാഗ്രമാക്കുന്ന ബോസിനോട് ഒരിക്കല്‍ സോര്‍ബ ചോദിക്കുന്നു: ‘ഈ ലോകം എത്ര ലളിതമാണ്. നിങ്ങള്‍ കാര്യങ്ങള്‍ വെറുതെ സങ്കീര്‍ണമാക്കരുത്’.എത്ര ലാഘവത്തോടെയാണ് ജീവിതത്തെ സോര്‍ബ സമീപിക്കുന്നത്? മനുഷ്യന്‍ നേടിയെടുക്കുന്ന ഭൗതികജീവിതത്തെ വിലമതിക്കുന്നതോടൊപ്പം, ജീവിതത്തില്‍ പ്രയോജനപ്പെടാതെ പോകുന്ന ആത്മീയതയ്ക്കും അന്തസാരശൂന്യമായ പൗരോഹിത്യത്തിനും എതിരായി നിക്കോസ് കാസന്‍ദ് സാകീസ് പ്രയോഗിക്കുന്ന വാദമുഖങ്ങള്‍ ഒരാള്‍ക്കും അസ്വാഭാവികമായി തോന്നില്ല. സോര്‍ബയുടെ മരണമൊഴി ഇങ്ങനെയാണ്: അന്ത്യകൂദാശ നല്‍കാന്‍ ഏതെങ്കിലും പുരോഹിതന്‍ വന്നാല്‍ അയാളെ ഇങ്ങോട്ടു കടത്തി വിടരുത്. ജീവിതത്തില്‍ ഞാനൊരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ എനിക്ക് ജീവിതം ഇനിയും മതിയായിട്ടില്ല. യുക്തിഭദ്രമായ മനസ്സുകൊണ്ടാണ് കാസാന്‍ദ് സാകീസ് സോര്‍ബയെ നിര്‍മ്മിച്ചിരിക്കുന്നത്. ലോകം നമുക്ക് ചുറ്റുമുള്ള മനസ്സാണ്. അവിടെ എല്ല വൈരുദ്ധ്യങ്ങളെയും സമരസപ്പെടുത്താനാവുന്ന മനസ്സുണ്ടാക്കുന്നതാണ് സത്യം. ആ സത്യത്തെയാണ് സോര്‍ബ ജീവിച്ചു തീര്‍ത്തത്

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…