സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എന്തുകൊണ്ട് ഞാനൊരു ദേശസ്നേഹിയല്ല

മൈത്രേയൻ

ഉപേക്ഷിക്കപ്പെടേണ്ട ഒരു പ്രശ്നപരിഹാരരീതിയും പ്രാകൃതാചാരവുമായ യുദ്ധത്തിന്റെ ഗോഗ്വാ വിളികൾ ചുറ്റും ഉയർന്നു കേൾക്കുമ്പോൾ നാം ആരാണെന്നും എന്താണെന്നും ഒന്നോർമ്മിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇത്. ഒരു സൂചികയായിട്ട് മാത്രം എടുത്താൽ മതി, ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി വായിക്കാനപേക്ഷ. വിസ്താരഭയത്താൽ അധികം വിശദീകരിക്കുന്നില്ല.

ഗോത്രാംഗം

സ്വന്തം കുലത്തിനോട് മാത്രം കൂറുള്ള, മറ്റാരെയും അനുസരിക്കാത്ത, കീഴടങ്ങാതെ മരിക്കാൻ മടിയില്ലാത്തവരാണ് ഗോത്രാംഗങ്ങൾ. തന്നിഷ്ടപ്രകാരം ജീവിക്കുമ്പോഴും കുലബോധവും രക്തബന്ധത്തിലൂന്നിയ സ്വഗോത്ര മഹിമയിലുള്ള കഠിനകൂറും അന്യഗോത്രവെറുപ്പും അവർക്ക് സ്വാഭാവികമാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അവരെ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രധാനലക്ഷണം. ഇടവിട്ടിടവിട്ടുള്ള പരസ്പര കടന്നാക്രമണങ്ങൾ ഓരോരോ ഗോത്രാവശ്യങ്ങൾ നിറവേറ്റാനായി അവർ നടത്തിയിരുന്നു. പിൽക്കാലത്തു ഇത് ഒരാചാരമായിട്ടോ കായികവിനോദമായിട്ടോ അവർ തുടർന്നു വന്നിരുന്നു. എതിർഗോത്ര വർഗ്ഗക്കാരന്റെ തലയോട്ടിയോ വിരലുകളോ വിജയചിഹ്നമായി കഴുത്തിലണിയുക വീരന്മാരുടെ ലക്ഷണമായി കണക്കാക്കിയിരുന്നു. ഈ വീര ചിഹ്നങ്ങൾ ‘തൊപ്പിയിലെ തൂവലുകളായി’ പിൽക്കാലത്തു പരിണമിക്കുന്നുണ്ട്. മൃഗങ്ങളെ വേട്ടയാടി പിടിച്ചാൽ അതിന്റെ പല്ലോ നഖമോ കഴുത്തിലണിയുക മറ്റൊരു ‘വീര’ലക്ഷണമാണ്. ഇതിന്റെ തുടർച്ചയായി പിൽക്കാലത്തു വീടുകളുണ്ടായപ്പോൾ അതിന്റെ ഭിത്തികൾ അലങ്കരിക്കുന്ന ജയസ്മാരകങ്ങളായി ഇവയ്ക്കു രൂപമാറ്റം സംഭവിക്കുന്നുണ്ട്.

പുരുഷന്മാരുടെ ‘വിനോദം’ മാത്രമായിരുന്നില്ല ഇത്, പല്ലും നഖവും കഴുത്തിലണിഞ്ഞിരുന്ന പുരുഷന്മാർക്ക് മാത്രമായിരുന്നു കൂടുതൽ ഇണകളെ കിട്ടിയിരുന്നത്. എടുത്താൽ പൊന്താത്ത ആൺമയിലിന്റെ വാലും ആൺസിംഹത്തിന്റെ കുഞ്ചിരോമവും ആൺകുയിലിന്റെ പാട്ടും ഗിനിയൻ റൈഫിൾപക്ഷിയുടെ നൃത്തവും എല്ലാം മനുഷ്യപുരുഷന്റെ ഈ പ്രകടനപരതയുടെ മുന്ഗാമികളാണ്. ധാരാളം കുഞ്ഞുങ്ങളുള്ള ഗോത്രസ്ത്രീകൾ കൂട്ടത്തിൽ മിടുക്കനെ യുദ്ധത്തിൽ കുരുതികൊടുത്തു മറ്റുകുഞ്ഞുങ്ങളെ പോറ്റുന്നത് ഇതിന്റെ മറുവശമാണ്. നമ്മുടെ നാട്ടിലെ ഉണ്ണിയാർച്ചയുടെ പാട്ടിൽ മകൻ പുറത്തുവെട്ടേറ്റു വന്നാൽ വെറും പച്ചോലകെട്ടി വലിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതോർക്കുക. വെട്ടു നെഞ്ചിൽതന്നെ ഏറ്റിരിക്കണം. കുലത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്നത് ഏറ്റവും ഉന്നതമായ മൂല്യമായി കൊണ്ടാടപ്പെട്ടിരുന്നു. പുരുഷന്മാർക്ക് പദവിയും സമ്പത്തും നേടിക്കൊടുക്കുന്നതും അതുവഴി കൂടുതൽ ഇണകളെ പ്രാപ്യമാക്കുന്നതുമായ ഒരേർപ്പാടായിരുന്നു അന്യഗോത്ര ആക്രമണങ്ങൾ. സ്ത്രീപുരുഷഭേദമന്യേ കൊണ്ടാടപ്പെട്ട മൂല്യമാണ് ഇത്. ‘കുലംകുത്തി’ എന്ന പ്രയോഗം നമ്മുടെ നാട്ടിൽ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പോലും ഇന്നും പ്രചാരത്തിൽ ഇരിക്കുന്നതിന്റെ വേര് ഇവിടെയാണിരിക്കുന്നതെന്ന് നാം മനസിലാക്കണം.

അടിമ

കുലബോധം പേറുന്നവർ തന്നെയാണ് അടിമകൾ, കാർഷികവൃത്തിയ്ക്കും നഗരനിർമാണത്തിനും വ്യാപാരത്തിനും വേണ്ടി അവരെ ബലപ്രയോഗത്തിലൂടെ ഒന്നിച്ചുകൊണ്ടുവരുമ്പോൾ, കുലബോധത്താൽ അവർ വിഭജിച്ചുതന്നെ നിൽക്കും. അവരെ ഒന്നിച്ചുനിർത്തേണ്ട ആവശ്യം രാജാക്കന്മാർക്കായിരിക്കുന്നതിനാൽ അവരെ തട്ടുതട്ടായി നിലനിർത്തുന്നതാണ് സൗകര്യമെന്ന് അധികാരികൾ കണ്ടെത്തുന്നു. കുലത്തിനുള്ളിലെ സ്വാഭാവിക ഘടന ശ്രേണീബദ്ധമാണ്. ബലംകൊണ്ടും അറിവുകൊണ്ടും അനുഭവസമ്പത്തുകൊണ്ടും പരിചരണവൈദഗ്ദ്യംകൊണ്ടും സമ്പന്നരായ പ്രായമായവർക്ക് കീഴടങ്ങി നിന്നാണ് ഓരോ ഗോത്രാംഗവും വളർന്ന് പ്രായപൂർത്തിയാകുന്നത്. അതിനാൽ കുലത്തിനുള്ളിലെ ഈ ഏണിപ്പടിപോലെയുള്ള ഘടന വളരെ സ്വാഭാവികമായി അനുഭവിക്കുക എല്ലാവർക്കും ജനിതകമായി ലഭിക്കുന്നതാണ്.

ഇന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ഏകദേശം 100,000 വര്‍ഷം മുൻപ് നമ്മുടെ വർഗത്തിനുണ്ടായ ഒരു ജനിതക മാറ്റത്തിന്റെ, അതായത് ‘മനസ്സ്’ എന്ന് നാം വിളിക്കുന്ന ആന്തരിക വ്യവഹാരങ്ങളുടെ ആകത്തുകയുടെ, ബീജാവാപം നടന്നിട്ടുണ്ട്. ഇതിനെ ഒരാന്തരിക വിസ്ഫോടനത്തിന്റെ നാന്ദിയായി കണക്കാക്കാവുന്നതാണ്. ഈ വിസ്‌ഫോടനം ആധുനിക മനുഷ്യകുലത്തിന് മുൻപുതന്നെ ആരംഭിച്ചതായി മറ്റ് ചില പണ്ഡിതർ കാണുന്നുണ്ടെങ്കിലും അത് പൊതുസമ്മതി നേടിയിട്ടില്ല. ഈ പ്രക്രിയയാണ് സംസ്കാരമെന്നു നാം വിളിക്കുന്ന മനുഷ്യ സവിശേഷമായ ലോകം ജനിതകത്തിനു സമാന്തരമായി അകത്തും പുറത്തും കൊണ്ടും കൊടുക്കലുമായി പരസ്പരം പാലൂട്ടിയാണ് വളർന്നത്. മരണാനന്തര ക്രിയകളിലും ഗുഹാചിത്രങ്ങളിലും ആഭരണനിർമാണത്തിലും ആയുധ നിർമാണമികവിലും ഈ മനസ്സിന്റെ രൂപീകരണ തെളിവും പ്രതിപ്രവർത്തനവും നമ്മൾക്ക് കണ്ടെടുക്കാവുന്നതാണ്. ഏകദേശം പതിനായിരം വര്‍ഷം മുൻപ് കൃഷിയാരംഭിക്കുമ്പോൾ മാത്രമാണ് കലയുടെയും ചിത്രങ്ങളുടെയും സംഗീതത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും അകലോകം ഭേദിച്ച് ഭവന നിർമാണത്തിന്റെയും നഗര നിർമാണത്തിന്റെയും ഗതാഗത നിർമാണത്തിന്റെയും ബാഹ്യലോകം തുറന്നത്. അന്ന് തൊട്ടാണ് ആഹാരത്തിനായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനുഷ്യർ കുറ്റിയടിച്ചുകെട്ടിയപോലെ ഒരു ഇടത്തിനുടമാബോധമുള്ള ‘നാട്ടു’കാരായത്. ഈ ബാഹ്യലോകനിർമാണത്തിന്റെ ചാലകശക്തി അടിമകളാണ്, അടിമത്തസമ്പ്രദായമാണ്.

കീഴടങ്ങിയാലും അനുസരണയുള്ളവരായിരുന്നില്ല അടിമകൾ, അവരുടെ കൂറ് കുലത്തിനോടുതന്നെയായിരുന്നു. ഗോത്രതന്തയോടൊ തള്ളയോടൊ മാത്രമേ അവർ അനുസരണകാട്ടിയിരുന്നുള്ളു, ആ അനുസരണയാകട്ടെ നിരുപാധികവും. ഈ കുലബോധകൂറുപയോഗിച്ചാണ് അക്കാലങ്ങളിൽ രാജാക്കന്മാർ സേനാവുഹങ്ങളെ സംഘടിപ്പിച്ചിരുന്നത്, അതിന്റ തുടർച്ച ഇന്നും ഇന്ത്യൻപട്ടാളത്തിലെ ഗൂർഖാറെജിമെന്റിലും സിഖ്റെജിമെന്റിലും നമ്മൾക്ക് കാണാൻകഴിയും. തിരുവിതാംകൂർപട്ടാളത്തിലെ നായർപ്പട, തീയർപ്പട, തണ്ടാർപ്പട എല്ലാം ഉണ്ടായത് ഇങ്ങനെയാണ്. ഇവിടെ ഗോത്രത്തലവനോടുള്ള കൂറ് മാത്രം ഉപയോഗിച്ച് ആ തലവരിലൂടെ എല്ലാവരെയും ഒന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് രാജാക്കന്മാർ ആവിഷ്ക്കരിച്ചു നടത്തിയിരുന്നത്.

പ്രജ

അനുസരണയാണ് ഓരോ പ്രജയുടെയും മുഖമുദ്ര. മറുത്തൊന്നും പറയാതെ മടിയില്ലാതെ മടയ്ക്കുന്നവരാരോ അവരാണ് പ്രജകൾ. സ്വഗോത്രത്തിനോട് മാത്രം കൂറുണ്ടായിരുന്ന മനുഷ്യരെ ആന്തരികമായ അടിമത്വത്തിന് വിധേയമാക്കുന്ന നീണ്ട പ്രക്രിയ ആയാണ് മതത്തെ നാം മനസ്സിലാക്കേണ്ടത്. പരസ്പരം മല്ലിട്ടുനിന്ന ഗോത്രാംഗങ്ങളെ പരുവപ്പെടുത്തി ഒരുപൊതുകൂട്ടമായി മാറ്റാൻ മതം വളരെയധികം സഹായിച്ചിട്ടുണ്ട്. കുലദൈവങ്ങളിൽ നിന്നും മോചിപ്പിച്ചു ശക്തനായ ഒരുദൈവത്തിനുകീഴിൽ കൊണ്ടുവരാൻ മതമാണ് കാരണമായിത്തിർന്നത്. പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളിൽ നിന്നും വ്യത്യസ്തമായി മതത്തെ നാം മനസ്സിലാക്കണം. പലതരത്തിലുള്ള വിശ്വാസങ്ങൾ മനുഷ്യർക്ക് സ്വാഭാവികമായി മുൻപും ഉണ്ടായിരുന്നു. എന്നാൽ അവയെ എല്ലാം ഏകോപിപ്പിച്ചു ഒന്നിച്ചുകൊണ്ടുവന്ന പ്രക്രിയായിട്ടുവേണം നാം മതത്തെ മനസ്സിലാക്കേണ്ടത്. അതായത് മതമുണ്ടാക്കിയതല്ല വിശ്വാസപ്രമാണങ്ങൾ, പക്ഷേ അവയ്‌ക്കെല്ലാം ഒരു യുക്തിപൂർവ്വമായ വ്യാഖ്യാനം നൽകി ചിട്ടപ്പെടുത്തിയത് മതമാണ്. മതത്തിന്റെ ഏറ്റവും മികച്ച സംഭാവന ഒരുദൈവത്തിന്റെ അണികളാക്കി ഒരുകൂട്ടമാക്കി മനുഷ്യനെ മാറ്റിയതാണ്. ഇത് രാജാക്കന്മാർക്ക് മനുഷ്യമനസ്സിൽ ഇടംപിടിക്കാൻ വഴിയൊരുക്കി. ഉന്നതങ്ങളിലെ അദൃശ്യനായ ദൈവത്തിന്റെ അവതാരമായോ പ്രതിനിധിയായോ ദാസനായോ മനുഷ്യമനസ്സുകളിൽ സ്ഥാപിതമാകുവാൻ രാജാക്കന്മാർക്ക് സ്ഥലമൊരുക്കുന്ന പണിയാണ് മതം നടത്തിയിരുന്നത്. അദൃശ്യനായ ആകാശ ദൈവം ഏറ്റവും നല്ല ചാരക്കണ്ണായി എല്ലാവരെയും നിയന്ത്രിച്ചു നയിക്കാൻ രാജാവിനെ സഹായിച്ചു. കണ്ണുവെട്ടിച്ചു നടത്തിയ എല്ലാ അനുസരണക്കേടുകളും പിടിക്കപ്പെടാതെ വന്നപ്പോൾ ജനമനസ്സുകളിൽ ഉയർന്ന ആകാശദൈവത്തിലുള്ള സംശയം ദൂരീകരിക്കാൻ ആന്തരികമായ ‘മനസാക്ഷി’ ദൈവത്തിന് മതം ജന്മം നൽകി. അതിനുശേഷം ദൈവം എല്ലായിടവുമുണ്ടെന്ന വ്യാഖ്യാനം വന്നു. എന്നിട്ടും പോരാതെ വന്നപ്പോൾ പരലോക നിർമാണവും മരണാനന്തര വിചാരണയും കണ്ടുപിടിച്ചു. അനുസരണക്കേട് ചെയ്താൽ മരണാനന്തര വിചാരണ നേരിടേണ്ടിവരുമെന്ന ആശയം കഴിഞ്ഞ രണ്ടായിരത്തിൽപരം വർഷങ്ങളായി ബോക്സ്ഓഫിസിൽ ലോകമെമ്പാടും ഓടിക്കൊണ്ടിരിക്കുന്ന ആശയമാണ്. ഇതിന്റെ വിജയം, അതൊരിക്കലും വ്യക്തിപരമായി പരിശോധിച്ചറിയാൻ ഒരുനിവർത്തിയുമില്ല എന്നതുകൊണ്ടാണ്. സ്വർഗ്ഗസ്ഥനായ ദൈവവും ആന്തരികമായ ഒരാത്മാവും സ്വർഗ്ഗ നരകങ്ങളും പാപപുണ്ണ്യങ്ങളും പരീക്ഷണനിരീക്ഷണങ്ങളും പരലോകവിചാരണയും അതിന്റെ ഫലപ്രാപ്തിയും അടിമകളെ പ്രജകളാക്കി പുനർനിർമ്മിച്ചു രൂപപ്പെടുത്താൻ രാജാക്കന്മാരെ സഹായിച്ചതുപോലെ മറ്റൊന്നും സഹായിച്ചിട്ടില്ല.

ഈ പ്രക്രിയ വികസിത സമൂഹങ്ങൾ നിർമ്മിക്കാൻ രാജാക്കന്മാരെ കെല്പുള്ളവരാക്കി എന്ന കാര്യം ഇവിടെ നാം വിസ്മരിച്ചു കൂടാ. ഹൃദയ ശൂന്യമായ ഒരനിവാര്യ കാലഘട്ടമായി നാം ഇതിനെ മനസ്സിലാക്കണം. അടിമ, പ്രജാസമ്പ്രദായങ്ങളുടെ മുകളിലാണ് ‘സംസ്ക്കാര’മെന്ന് നാം വിളിക്കുന്ന എല്ലാ മനുഷ്യവികാസവും സാദ്ധ്യമായതെന്ന് നാം വേദനാപൂർവ്വം സ്മരിക്കേണ്ടതുണ്ട്.

പൗരൻ

പരസ്പരം പോരടിച്ച് ഇണയുടെ മുന്നിൽ യോഗ്യനായി നിൽക്കാൻ പരിണാമപരമായി രൂപപ്പെട്ട പുരുഷബലത്തെ സമൂഹനിർമ്മാണത്തിനും സേനാനിർമ്മാണത്തിനും ഉപയുക്തമാക്കാൻ കഴിയുമെന്ന രാജാക്കന്മാരുടെ കണ്ടെത്താലാണ് ചരിത്രത്തെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്. ഈ കണ്ടെത്തലിന്റെ കടയ്ക്ക് കത്തി വച്ച കണ്ടുപിടിത്തമാണ് ആവി യന്ത്രം. അതോടെ പുരൂഷ കേന്ദ്രീകൃതമായ സമൂഹത്തിനുള്ളിൽ അതിന് ബദലായി പാടവം അല്ലെങ്കിൽ വൈദഗ്ദ്ധ്യം ഈ പുരൂഷ ശക്തിയെ പുറം തള്ളി. ഈ പുറം തള്ളലാണ് വ്യാവസായിക വിപ്ലവം. കരുത്തിന് പാടവം പകരമായപ്പോൾ ആർക്കും അത് ആർജ്ജിക്കാമെന്ന് വന്നു. ആണായാലും പെണ്ണായാലും ആണും പെണ്ണും അല്ലാത്തവരായാലും കറുത്തവരായാലും വെളുത്തവരായാലും പൊക്കമുള്ളവരായാലും പൊക്കമില്ലാത്തവരായാലും മലയാളിയായാലും പഞ്ചാബിയായാലും ഇന്ത്യാക്കാരായാലും റഷ്യാക്കാരായാലും എന്തുതരം വ്യത്യസ്തതകളായാലും പാടവം നേടാൻ തടസ്സമില്ലാ എന്നു വന്നു. അങ്ങനെയാണ് ആദ്യമായി മനുഷ്യ സമൂഹത്തിൽ ‘തുല്യത’ അല്ലെങ്കിൽ സമത്വം എന്ന മൂല്യം പ്രത്യക്ഷപ്പെട്ടത്. ഈ മൂല്യത്തിന്റെ സ്വാഭാവിക സഹ മുല്യങ്ങളായി സാഹോദര്യവും സ്വാതന്ത്ര്യവും സമൂഹത്തിൽ രൂപപ്പെട്ടു. ഈ മൂല്യ വിപ്ലവമാണ് ജനാധിപത്യ സമുഹത്തിന് ഉരുത്തിരിഞ്ഞു വരാൻ ഇടം കൊടുത്തത്.

രാജാവിൽ കേന്ദ്രീകരിച്ചിരുന്ന രാഷ്ട്രീയാധികാരം ഒരോ വോട്ടായി പൗരരിലേയ്ക് മാറ്റി പ്രതിഷ്ഠിക്കപെട്ടു. അങ്ങനെ അധികാരഭരണത്തിൽ നിന്നും സേവനത്തിനും ക്രമീകരണത്തിനും വേണ്ടി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ്ക്ക് ഇടമൊരുങ്ങി. അങ്ങനെ കൂറും അനുസരണയും മാത്രം മൂല്യമായുണ്ടായിരുന്ന പ്രജകളിൽ നിന്നും അവകാശവും ഉത്തരവാദിത്വവും കടമകളുമുള്ള പൗരന്മാർ പിറന്നൂ.

ഒരു വശത്ത് പൗരബോധം രൂപപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മറുവശത്ത് ചെറിയ കൊടുക്കൽ വാങ്ങലിലാരംഭിച്ച കച്ചവടങ്ങൾ നഗര രൂപീകരണ കാലഘട്ടത്തിൽ വലിയ വ്യാപാരമായി മാറി. ഒപ്പം വ്യവസായ ശാലകൾ തദ്ദേശീയ ആവശ്യങ്ങൾക്കുപരി അന്യദേശവാസികളെ മുന്നിൽ കണ്ട് ഉല്പാദനം വർദ്ധിപ്പിച്ച് വ്യാപാരത്തിന്റെ മാനം തന്നെ മാറ്റി. സ്വന്തം രാജ്യത്തിന്റെ ഉള്ളിൽ തളച്ച് അന്യദേശവിരോധത്താൽ കെട്ടിപ്പൊക്കിയ സമ്രാജ്യബോധത്തെ അട്ടിമറിച്ച് ഈ വ്യവസായ-വ്യാപാര കൂട്ടായ്മ ഭൗമബോധ രൂപീകരണത്തിനടിത്തറയിട്ടു. ഈ പരിവര്‍ത്തന കാലഘട്ടത്തിലാണ് നാമിന്നുള്ളത്. അക്കാരണത്താൽ അന്യദേശ വിരോധ വികാരം ആളിക്കത്തിക്കുന്ന പ്രതലങ്ങളിൽ നാം വിഹരിച്ചു കൂടാ. ഒപ്പം ദേശാതിർത്തികൾക്കുള്ളിൽ പരിഹാരമില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ മുഖാമുഖം നോക്കുന്ന കാലമാണ് ഇന്ന്. അതിനാൽ അല്പം പോലും ഞാനൊരു ദേശസ്നേഹിയല്ല, അല്പ സ്വല്പം രാജ്യസ്നേഹമാകാം. സ്വന്തം വീട് അന്യരെ സ്വാഗതം ചെയ്യാനൊരുക്കുന്ന വികാരമാണ് രാജ്യസ്നേഹം. എന്നാൽ അന്യരെ സൃഷ്ടിച്ച് വെറുക്കുന്ന വികാരമാണ് ദേശീയത, അതിനോടൊപ്പം ഞാനില്ല. ഇനിയൊരു യുദ്ധത്തിന് കോപ്പുകൂട്ടാൻ നാം തയ്യാറാകരുത്.

ഒരു രാജ്യവും ഒറ്റയ്ക്ക് ഇനി വിജയിക്കില്ല. ഭൂമിയുടെ അതിർ നമ്മുടെ അതിരായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. അത് തിരിച്ചറിയേണ്ടതുണ്ട്. ഗോത്ര ബോധത്തിൽ നിന്നാരംഭിച്ച നാം ഇന്ന് ഭൗമബോധത്തിൽ എത്തി നിൽക്കുകയാണ്, പഴയ സ്വത്വബോധങ്ങൾ ഒന്നും അങ്ങനെ ഒഴിവാകുകയില്ല, അവ നമ്മുടെ ഉള്ളിൽ ഇരുന്ന് ഉറുത്തി നമ്മേ കൊച്ചു കൊച്ചു സ്വത്വബോധങ്ങളിലേയ്ക്ക് തളച്ചിടാൻ നോക്കും. അതു മനസ്സിലാക്കി ഭൗമ ബോധത്താൽ നിരന്തരം അവയെ മറികടക്കണം. ഈ ഒരു വഴിയെ മനുഷ്യരാശിയുടെ മുന്നിലുള്ളൂ, ജനിതക അറിവിനാൽ നാം ഒരു കുല മാണ് എന്നു മനസ്സിലാക്കി മൂന്നേറാനുള്ള പ്രയാണത്തിൽ നാം അണിചേരുക. വെറുപ്പിന്റെ, കുടിപ്പകകളുടെ കാലം കഴിഞ്ഞു. പാസ്പോർട്ടുകളില്ലാതെ, യാത്ര ചെയ്യുന്ന ദിശയിലേയ്ക്ക് നോക്കി ഇനി നമുക്ക് ഒന്നിച്ചുനടക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…