സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുവത്വം

ആകാംക്ഷ

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണമായ ചാപല്യങ്ങളെ സ്ഥിരീകരിച്ചു കൊണ്ടാണ് നമ്മുടെ യൗവ്വനം സന്തോഷിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പൊന്നുമില്ലാത്ത വാര്‍ദ്ധക്യം കൊണ്ടാണ് അവര്‍ ആഘോഷിക്കുകയും മുടി വളര്‍ത്തുകയും ചെയ്യുന്നത്. എന്റെ ഒറ്റപ്പെട്ട ഐഡന്റിറ്റിയെ അംഗീകരിക്കുന്നതിന് വേണ്ടി ഞാന്‍ നിലനിര്‍ത്തുന്ന സ്റ്റൈലാണ് യൗവ്വനം. ഞാനായി നിന്നല്ല, ഈ സ്‌റ്റൈല്‍ സ്വീകരിക്കുന്നത്. ആരിലോ ഉള്ള ഒരാളെ ഞാനായി രൂപാന്തരപ്പെടുത്തുകയാണ്. അങ്ങനെയുണ്ടാവുന്ന അപരബോധത്തില്‍ നിന്നാണ് മനുഷ്യന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളത്രയും ഉണ്ടായിരിക്കുന്നത്. നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, തന്റെ അംഗചലനങ്ങളില്‍ സൂക്ഷ്മമാകുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല, അവളെ ആരാധിക്കുന്ന അനേകര്‍ക്കുകൂടിയാണ്. യേശുദാസിന്റെ ശബ്ദ യൗവ്വനത്തെ അനുകരിച്ച് പാടുന്ന പാട്ടുകാരന്‍ പാടിതീര്‍ക്കുന്നത് യേശുദാസിനോളം പോരുന്ന യൗവ്വനത്തെ അറിഞ്ഞുകൊണ്ടുതന്നെയാണ്. ഇവിടെ ചലനങ്ങള്‍കൊണ്ടും ശബ്ദങ്ങള്‍കൊണ്ടും ഈ ലോകത്തിന്റെ മിടിപ്പായി വളരുന്ന യൗവ്വനത്തെയാണ് നമുക്ക് മനസ്സിലാക്കാനുള്ളത്. എന്നാല്‍ യൗവ്വനത്തെ മനസ്സിലാക്കുന്ന ലോകം നമുക്കുണ്ടോ എന്നതാണ് പ്രശ്‌നം. വഴിവക്കിൽ സ്വൈര്യസല്ലാപം നടത്തിക്കൊണ്ടിരിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ലോകത്തിന് അനുചിതമായതല്ല സംസാരിക്കുന്നത്, അവര്‍ക്കാവശ്യമായ ലോകത്തെകുറിച്ചാണ്.നിങ്ങളതിനെ സൂക്ഷ്മമായി അറിയുമ്പോള്‍ നിങ്ങളായിത്തീരുന്ന യൗവ്വനം അവരിലുണ്ടെന്നുള്ളതാണ് സത്യം. അതുള്‍കൊള്ളാനാവാത്ത മനസ്സുകൊണ്ട് ജീവിക്കുന്നിടത്താണ് നമ്മുടെ വാര്‍ദ്ധക്യം വിലയിരുത്തപ്പെടുന്നത്. വൃദ്ധരായി ഗണിക്കപ്പെടാന്‍ അര്‍ഹതയുള്ള യുവത്വവും അപ്പോള്‍ നമുക്കുണ്ടാവുന്നു.

ഒരാള്‍ മറ്റൊരാളെ ക്കുറിച്ച് പഠിക്കുമ്പോള്‍ അറിയുന്നതത്രയും അയാളായി നിന്നുകൊണ്ടുള്ളതാണ്. അയാളില്‍ സ്വകാര്യമായിക്കിടക്കുന്ന അല്ലെങ്കില്‍ അന്ത:ര്‍മുഖമായി കിടക്കുന്ന വൈകാരിക തലങ്ങള്‍ എളുപ്പത്തില്‍ പുറത്ത് വരും. അത് കാണിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ ഏറെ മാനസ്സികവും ശാരീരികവുമായി പ്രതിഫലിക്കുന്നവയാണ്. നമ്മളിങ്ങനെ വൈകാരിക ബുദ്ധി (emotional intelligent) കൊണ്ട് പെരുമാറുന്ന ആളുകളാണ്. ഈ വൈകാരിക ബുദ്ധി ജോലിസമയത്തും ഒഴിവുസമയത്തും നമ്മോടൊപ്പമുണ്ടാകുന്നു. സ്ത്രീ പുരുഷഭേദമന്യേ അത് നമ്മെ പിടികൂടുന്നു.

സ്ത്രീയായിരിക്കുമ്പോള്‍ ഞാനൊരു പുരുഷനായിരുന്നെങ്കില്‍ എന്ന് സ്ത്രീയും പുരുഷനായിരിക്കുമ്പോള്‍ ഞാനൊരു സ്ത്രീയായിരുന്നെങ്കില്‍ എന്ന് പുരുഷനും ഇടയ്ക്ക് കല്‍പ്പിച്ച് വരുന്നുണ്ട്. അത് ഒരുതരത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്.അല്ലെങ്കില്‍ യുവത്വത്തിന്റെ പ്രശ്‌നം കൂടിയാണ്.

ലോകത്ത് പുരുഷനായിരുക്കുക എന്നാഗ്രഹിക്കുന്ന സ്ത്രീ മനസുകള്‍ ധാരാളമുണ്ട്. പുരുഷന്റെ സ്വാതന്ത്ര്യമാണ് സ്ത്രീയെ അങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.. നിക്കോസ് കസന്‍ദ്‌സാക്കിസിന്റെ ഫ്രീഡം ഓര്‍ ഡത്ത് എന്ന വിഖ്യാത നോവലില്‍ റേനിയോ എന്ന ഒരു കഥാപാത്രം നടത്തുന്ന ആത്മ നിവേദനമുണ്ട്: ആ! ഞാനൊരു ആണായിരുന്നെങ്കില്‍..എന്റെ ആത്മാവിന്റെ രക്ഷയെപിടിച്ച് ഞാന്‍ പറയുന്നു: ഞാനും അഞ്ചോ ആറോ സ്‌നേഹിതരെ വിളിച്ചു വരുത്തും. എന്റെ ഹൃദയം കത്തിയെരിയുമ്പോള്‍ ഞാനും അവരെ നിലവറയിലേക്ക് ക്ഷണിക്കും. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. അവരെക്കൊണ്ട് പാടിക്കും. വയലിന്‍ വായിപ്പിക്കും, നൃത്തം ചെയ്യിക്കും. അങ്ങനെ മനസിന്റെ ഭാരം കുറയ്ക്കും. ആണായിരിക്കുക എന്നാല്‍ അതാണ്.!
ആണധികാരം വളര്‍ത്തിയ സാമൂഹ്യഘടനയില്‍ നിന്നാണ് കസാന്‍ദ് സാക്കിസ് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചത്.യുവത്വം തന്നെയാണ് സ്ത്രീയെ അതിന് സജ്ജമാക്കുന്നത്.

ഈയ്യിടെ ഒരു പെണ്‍കുട്ടി ഒരു മുഖ്യധാരാമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി:’ പാലുകുടിച്ചില്ലെങ്കില്‍ നമുക്കൊരു ഡിപ്രഷന്‍ വരുകയോ അല്ലെങ്കില്‍ പാലുകുടിക്കാത്തതുകൊണ്ടു നമുക്കൊരു പ്രശ്‌നം വരുകയൊ ചെയ്യുന്നില്ല, അതുനമുക്ക് വിലകൂടിയാലും മാറ്റി വയ്ക്കാവുന്ന ഒരു സാധനമാണ്. പക്ഷെ മദ്യം, ഒന്നു ചില്ലുചെയ്യാനും ഹാപ്പിയാവാനും മദ്യം മാത്രമെ സാധാരണക്കാരന് കൂട്ടുള്ളു. അതിന് വിലകൂട്ടരുതെന്നാണ് ബഹുമാനപ്പെട്ട മന്ത്രിയോട് എനിക്ക് പറയാനുള്ളത്’.

ഇത് കേട്ട മാത്രയില്‍ നമ്മുടെ ലോകം പ്രതികരിക്കുന്നതെങ്ങനെയെന്ന് നമുക്കൊക്കെ അറിയാം. സ്ഥിരം മദ്യപാനികള്‍ വരെ ഒരു പെണ്‍ക്കുട്ടിക്ക് ചേര്‍ന്നതല്ലിത്..കുടുംബത്തില്‍ പിറന്നവര്‍ പറയുന്ന കാര്യമാണോ- എന്നൊക്കെ നാട്ടുപ്പുറത്തും നഗരത്തിലും ആളുകള്‍ വാതോരാതെ സംസാരിക്കുന്നുണ്ടാവാം. ഇതുളവാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്‌നവും മദ്യനിരോദനവാദ വിപ്ലവവും നമുക്കു കൂലങ്കുഷമായി ചര്‍ച്ചചെയ്യാം. എന്നാല്‍ പ്രശ്‌നം അതൊന്നുമല്ല; ഒരു പുരുഷനാണ് ഇത് പറയുന്നതെങ്കില്‍ ഒരു ദൃശ്യമാധ്യമവും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല. ശ്രദ്ധിക്കാന്‍ പോകുന്നുപോലുമില്ല. ഇവിടെ ഒരു പെണ്‍കുട്ടിയാണ്. അവള്‍ക്കനുവദനീയമായ സ്വാതന്ത്ര്യമാണോ ഇതെന്നതാണ് പ്രശ്‌നം. ഇതൊന്നും ഒരു പെണ്‍കുട്ടി തുറന്നു പറയാന്‍ പാടില്ലെന്നു വരുമ്പോഴാണ് നമ്മുടെ വാര്‍ധക്യം പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.

സ്ത്രീയുടെ സാമൂഹിക അടിച്ചമര്‍ത്തലുകള്‍, സാമ്പത്തിക അടിച്ചമര്‍ത്തലിന്റെ അനന്തരഫലമാണെന്ന് ഡി മോണ്‍ഡി ബുവ്വറെ പോലുള്ളവര്‍ സമര്‍ത്ഥിക്കുന്നതിന്റെ അടിസ്ഥാനവും ഇതൊക്കെ തന്നെയാണ്.വളരെക്കാലമായി നമ്മുടെ സമൂഹം പിന്‍തുടരുന്ന ചില ക്രമങ്ങളെ തെറ്റായി വിലയിരുത്താന്‍ ഇപ്പോഴും നമുക്കാവുന്നി ല്ലെന്നുള്ളതാണ് സത്യം.

ഒരു പത്തുവര്‍ഷത്തിനുള്ളില്‍ മാറിപോകാവുന്ന കേരളീയ സാമൂഹ്യവ്യവസ്ഥയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് മദ്യത്തിന് വിലകുറയ്ക്കരുതെന്ന് അവകാശപ്പെട്ട പെണ്‍കുട്ടിയും വര്‍ദ്ധിച്ചുവരുന്ന അവിവാഹിതരുടെ എണ്ണവും. കേരളത്തില്‍ വിദ്യാസമ്പന്നരായ യുവതിയുവാക്കള്‍ കൂടുതലും ക്രോണിക്ക് ബാച്ചിലറാവുന്നതും കണ്ടുതുടങ്ങുന്നു.

എന്തൊരു വൃദ്ധത്വം? ഈ വൃദ്ധത്വം കൊണ്ടാണ് നാം ജനാധിപത്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി വോട്ടുചെയ്യുന്നത്. യോഗ്യതയുള്ള ഒരാളെ തിരഞ്ഞെടുക്കുന്നതിലല്ല. ഏറ്റവും പ്രചാരമുള്ള ഒരാളെ കണ്ടെത്തുന്നതിലാണ് നമ്മുടെ ജനാധിപത്യം.

പണ്ടും കേമനായ ആള്‍ കൊള്ളക്കാരനും കൊള്ളിവെപ്പുകാരനുമായിരുന്നു. അലക്‌സാണ്ടര്‍ മഹാനായി തീര്‍ന്ന ലോകമാണിത്.

വൃദ്ധന്മാര്‍ ഇന്ത്യയിലെ യുവജനപ്രസ്ഥാനങ്ങള്‍ക്ക് അധികാരം വിട്ടുകൊടുക്കേണ്ട സമയമായി.അമ്പത് കൊല്ലം കഴിഞ്ഞാലുണ്ടാകുന്ന മനുഷ്യമസ്തിഷ്‌ക്കത്തിന്റെ വേഗതയെ കാണുന്ന വികസനമാണ് നമുക്കാവശ്യം. ആ വേഗതയെ അറിയാനുള്ള മനസ്സ് നമ്മുടെ യുവാക്കള്‍ക്കുണ്ടോ എന്നതാണ് പ്രശ്‌നം.അതുണ്ടാവണം അല്ലെങ്കില്‍ അതുണ്ടാക്കണം.
നമുക്ക് വേണ്ടത് വിശ്വാസവും മനുഷ്യത്വവുമാണ്.അതുണ്ടാക്കുന്ന എഴുത്തും ചിന്തയും മലയാളിക്ക് കുറവാണ്.മനുഷ്യന്റെ നന്മകൾ കണ്ടു വളരുന്ന ലോകത്തെ ചിത്രീകരിക്കുന്നിടത്താണ് സാഹിത്യത്തിന് കൂടുതൽ ഇടപെടാനുള്ളത്. എന്നാൽ നമ്മുടെ സാഹിത്യത്തിൽ ആകപ്പാടെ ദുരന്തങ്ങളെയുള്ളു. നമ്മുടേത് അധികവും സ്വാഭാവികമല്ല, രൂപ കൽപ്പന ചെയ്തവയാണ്. നമ്മുടെ എഴുത്തുകൾ വായിച്ചു രസിക്കുന്നിടത്താണ് കേന്ദ്രീകരിക്കുന്നത്. പറഞ്ഞുകേട്ടിട്ടുണ്ട്, ലോകപ്രശസ്തനായ റഷ്യന്‍ കവി യെവ്തുഷെങ്കോ ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നതൊന്നും തന്റെ രചനയില്‍ ഇല്ലന്ന് മനസ്സിലാക്കി റോയല്‍റ്റിയായി കിട്ടിയ റൂബിള്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞതായി. എന്തൊരു യുവത്വം!എന്നാല്‍ അത്തരത്തിൽ ആദര്‍ശവും വിശ്വാസവും നിലനിര്‍ത്താനാവാതെ എഴുത്തിലും ചിന്തയിലും ഇസങ്ങൾ നിറയ്ക്കുന്ന യുവത്വമാണ് മലയാളി യുടെ മുമ്പിലുള്ളത്. അവർ യഥാർത്ഥത്തിൽ വൃദ്ധന്മാരുടെ ലോകമുണ്ടാക്കുകയാണ്. വാര്‍ദ്ധക്യം കൊണ്ട് പുരോഗമനം പ്രസംഗിക്കുന്നു. അവർക്ക് വിശ്വാസവും സ്നേഹവും കൈമോശം വന്നിരിക്കുന്നു. ലോകത്ത് അവിശ്വാസം കൊണ്ടു യുവത്വം ഉപേക്ഷിക്കുന്നത് അവര്‍ക്ക് തിരിച്ചുകിട്ടാത്ത ജീവിതത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…