ധന്യയെ ആദ്യമായി കാണുന്നത് തിരുവനന്തപുരത്തെ മൗര്യരാജധാനി ഹോട്ടലില്‍ വെച്ചാണ്. ഒരു കമ്മ്യുണിറ്റി ട്രെയിനിംഗിന്റെ ഭാഗമായി ഇതെഴുതുന്ന ആളും അവളോടൊപ്പമുണ്ടായിരുന്നു. ഒരു ലിഷര്‍ ടൈം വേളയില്‍ സ്വന്തം കവിത ചൊല്ലി തന്റെ ജീവിത കഥപറഞ്ഞ ധന്യയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി.
ഒന്നുരണ്ടു കണ്ടുമുട്ടലുകളില്‍ ഒന്നും മറച്ചു വയ്ക്കാതെ അവള്‍ പറഞ്ഞ കാര്യങ്ങളൾ കൂടിയ ഹൃദയമിടിപ്പോടെ കേട്ടുകൊണ്ടിരുന്നു. രണ്ടുവയസ്സുള്ള ഒരു കൈകുഞ്ഞില്‍ തുടങ്ങുന്ന ഓര്‍മ്മകളിലേക്കാണ് ആദ്യം അവൾ സഞ്ചരിച്ചത്.നന്നേ ചെറുപ്പത്തില്‍ അച്ഛനവരെ ഉപേക്ഷിച്ചു പോയി. അന്ന് അവളുടെ സഹോദരിയാണ് കൂട്ടുണ്ടായിരുന്നത്.അവർക്കന്ന് പത്ത് പന്ത്രണ്ട് വയസ്സുമാത്രം പ്രായം. ധന്യക്ക് കഷ്ടിച്ച് രണ്ടുവയസ്സുള്ളപ്പോള്‍ അമ്മയുടെ മനസ്സിന്റെ സമനിലതെറ്റിയിരുന്നു. അമ്മ കോഴിക്കോട്ടെ, ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും അച്ഛനെന്ന് വിളിക്കാന്‍ ഒരാളില്ലാതാവുകയും ചെയ്ത കാലം. ഒട്ടും വൈക്കാതെ അമ്മയുടെ സഹോദരനും അവരെ ഉപേക്ഷിച്ചുപോയി.ആകെയുള്ള ആശ്രയം സഹോദരിമാത്രം. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും പുറത്തുവന്ന അമ്മ അനാഥയായി അലഞ്ഞു തിരിയേണ്ടിവന്നു. തുടര്‍ന്നു അമ്മയ്ക്കുണ്ടായ പീഡനങ്ങള്‍, പ്രതിസന്ധികള്‍… അങ്ങനെ പലതിലൂടെയും അവള്‍ സഞ്ചരിച്ചു… ഇതൊക്കെ കുറഞ്ഞ വാക്യങ്ങളില്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ധന്യ കരഞ്ഞില്ല. എന്നാല്‍ കണ്ണീരടരുന്ന മനസ്സില്‍ നിന്നാണ് ധന്യയ്ക്ക് ഇതെല്ലാം പറയാനാവുന്നത്. അവള്‍ക്ക് പുതിയ ലോകമുണ്ടായതും കണ്ണീരില്‍ നിന്നാണ്. അനുഭവങ്ങള്‍ അവളെ പുതിയൊരാളാക്കി. എങ്ങനെയോ പത്താം ക്ലാസ്സ് വരെ പഠിച്ചു. നഷ്ടപ്പെട്ട ബാല്യവും കൗമാരവും. പക്ഷെ, ഇടയ്‌ക്കെപ്പോഴോ കൂടെ കൂടിയ കവിതയും പാട്ടും അവള്‍ക്ക് സമാധാനമായി. അത് എഴുത്തായി, കവിതയായി.

നേരിട്ടവള്‍ കരയുന്നില്ലെങ്കിലും പരോക്ഷമായി അവള്‍ കരയുന്നുണ്ട്. സൂക്ഷിച്ചു നോക്കുമ്പോള്‍ അവളുടെ കവിതയില്‍ കണ്ണീരും ചോരയുമുണ്ട്.
അവളെ വായിക്കുമ്പോള്‍ നമുക്ക് കരയാതിരിക്കാനാവില്ല. ആ കണ്ണീരറിയുന്നതുകൊണ്ടായിരിക്കാം മലയാളികളുടെ പ്രിയപ്പെട്ട കവി കല്‍പ്പറ്റനാരായണനും ഒരു ദിവസം അവളെ കാണാനെത്തിയത്.
സര്‍ഗാത്മകത എല്ലാത്തിന്റെയും അളവുകോലല്ല. മറിച്ച് ആഴമേറിയ സമുദ്രം പോലെ അജ്ഞാതമായ പലതിന്റെയും ഈറ്റില്ലമാണ്. മനസ്സിന്റെ അപൂര്‍വ്വമായ സിദ്ധിയും ശേഷിയും കൊണ്ടത് കൂടികുഴഞ്ഞു കിടക്കുന്നു.. അമാനുഷികമായ പലതിനോടും അതിന് ഇഴയടപ്പമുണ്ട്. അതിനെ ആത്മീയമെന്നോ ഭൗതികമെന്നോ വിളിക്കാനാവില്ല. കാരണം മനുഷ്യന്‍ തീര്‍പ്പു കല്‍പ്പിക്കുന്ന പലതും ശരിയാകണമെന്നില്ല. ന്യായത്തിന്റെയും അന്യായത്തിന്റെയും നൂല്‍പാലം കൊണ്ടു സൂക്ഷിച്ചു പോരുന്ന പല ഘടകങ്ങളും പിന്നീട് തിരുത്താന്‍ പറ്റാത്തവയുമാണ്. കൃത്രിമമായ ഒരു ലോകത്ത് നിന്നുകൊണ്ടു ഒരാള്‍ക്ക് സര്‍ഗാത്മകനാവാന്‍ പറ്റില്ല. അയാള്‍ക്ക് അയാളെ പൂര്‍ണമായും തുറന്നുവെക്കേണ്ടി വരുന്നു. ആവിഷ്‌ക്കാരത്തിന്റെ അപൂര്‍വ്വ ലോകമാണ് മനഷ്യനെ വലിയ സര്‍ഗാത്മകനാക്കുന്നത്. മനുഷ്യനേയും മനുഷ്യത്വത്തേയും അറിയുന്നതാവണം സര്‍ഗ്ഗാത്മകത. അത് മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന ബോധമാണ്. എപ്പോഴും അത് ലോകത്തെ പരിപാലിക്കുന്ന ശക്തിയാണ്. നമ്മുടെ അറിവിന്റെയും ചിന്തയുടെയും വികാരത്തിന്റെയും നിയാമക ശക്തി. അതിലേക്ക് എളുപ്പം ഒരാള്‍ക്ക് വരാനാകില്ല.
പ്രസിദ്ധ അമേരിക്കന്‍ നോവലിസ്റ്റും നൊബല്‍ സമ്മാനജേതാവുമായ ടോണിമോറിസണ്‍ തന്റെ കുഞ്ഞുങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങിയശേഷം ഉണര്‍ന്നിരുന്ന് എഴുതിയവരായിരുന്നു. തന്റെ ലോകത്തെ സ്വയം സൃഷ്ടിച്ച ഒരു കറുത്ത വര്‍ഗക്കാരി. ഓരോ എഴുത്തുകാരനും നീന്തികടക്കേണ്ട ആഴമുള്ള സമുദ്രമുണ്ട്. അനായാസം സഞ്ചരിക്കാന്‍ അയാളുണ്ടാക്കുന്ന വഴിയാണ് പ്രധാനം. അത് അധികമാരും സഞ്ചരിക്കാത്ത വഴിയായിരിക്കണം.
ധന്യ സഞ്ചരിച്ചത് നമ്മളൊന്നും അധികം സഞ്ചരിക്കാത്ത വഴികളിലൂടെയാണ്. അതുകൊണ്ട് എല്ലാകഠിനതകള്‍ക്കുമുന്‍പിലും ഞാന്‍ ജീവിച്ചിരുന്നു എന്ന് പ്രഖ്യാപിക്കാന്‍ അവള്‍ക്കാവുന്നു.. നിങ്ങളവളെക്കുറിച്ച് എന്ത് പറയുന്നു എന്നത് അവള്‍ക്കൊരു പ്രശ്‌നമല്ലാ. അത്രമാത്രം ജീവിതാനുഭവങ്ങള്‍ കൊണ്ടു പാകപ്പെട്ടവളാണവള്‍.
ഒരാള്‍ തന്നെ, സ്വയം വീണ്ടെടുക്കുമ്പോഴാണ് ആശ്രിതമല്ലാത്ത വലിയ ബോധം അയാളെ പരിപാലിച്ചു തുടങ്ങുന്നത്. ധന്യയില്‍ അതുണ്ടെന്നുള്ളതാണ് അവളെ വേറിട്ട സഹോദരിയാക്കുന്നത്. അതിനാല്‍ അവള്‍ക്ക് ഈ ലോകത്ത് മറച്ചു വയ്ക്കാന്‍ ഒന്നുമില്ല. ലോക പ്രശസ്തരായ എല്ലാ പ്രതിഭകളും അവരുടെ അസ്തിത്വത്തെ ഇങ്ങനെ പ്രഖ്യാപിക്കുന്നതായി കണ്ടുവരുന്നു. അവിടെ ഏതൊരാളാണോ അയാള്‍ ഒരു മഹാസ്വാതന്ത്ര്യത്തെ സ്വന്തമാക്കുകയാണ്. അത് അവരുടെ ജീവിതത്തോടുള്ള പ്രണയമാണ്. സ്വാതന്ത്ര്യമാണ്. മനുഷ്യനെ എക്കാലത്തും നിലനിര്‍ത്തുന്ന വാത്സല്യവുമാണത്. ഇങ്ങനെ ജീവിതത്തോടുള്ള പ്രണയത്തിന്റെയും അതിജീവനത്തിന്റെയും നെരിപ്പോടില്‍ നിന്നാണ് എല്ലാ വലിയ എഴുത്തും ജനിച്ചിരിക്കുന്നത്. അങ്ങേയറ്റം കൊള്ളരുതാത്തവനെന്ന് സദാചാരസമൂഹം വിധിച്ച വിക്തര്‍ യുഗോ, ലോകത്തിന് ഏറ്റവും കൊള്ളാവുന്ന നോവലെഴുതിയതും അതുകൊണ്ടാണ്. ഏറ്റവും ശുദ്ധമായ ബോധത്തില്‍ നിന്നാണ്, വിക്തര്‍ യുഗോയുടെ പാവങ്ങളുണ്ടായിരിക്കുന്നത്. ഈ വിധം വലിയ മാനവികതയുടെ മഹാലോകം തുറന്നിട്ട യുഗോ എന്തുകൊണ്ടു മോശക്കാരനായി ജീവിച്ചു എന്ന് നാം നിരന്തരം ചോദിച്ചു പോകുന്നു. ഭാവനയ്ക്കപ്പുറം യാഥാര്‍ഥ്യങ്ങളോട് ഏറ്റുമുട്ടിയ ഒരാള്‍ക്കുമാത്രം എഴുതാനാവുന്നു പുസ്തകമാണത്. അനുഭവങ്ങളാണ് ജീവിതമുണ്ടാക്കുന്നത്. ജീവിതം അനുഭവത്തെ പ്രണയിക്കുകയാണ്.അപ്പോള്‍ ഒരാള്‍ ശരിയും തെറ്റുമായി വരുന്നു.
്’ജനിച്ചാലും മരിച്ചാലും അടുത്തുള്ളവരെല്ലാം അറിയും, വരും. അറിയാതെ പോകുന്നത് ജീവിച്ചിരിക്കുമ്പോഴാണ്.’ ധന്യ തന്നെ പകര്‍ത്തിവച്ചിരിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യനെ മനസ്സിലാക്കാതെ പോകുന്ന മനുഷ്യരോടുള്ള വെറുപ്പാണിത്. പ്രിയപ്പെട്ട സഹോദരിയോട് ഒന്നുമാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ, സ്‌നേഹം നമുക്ക് നമ്മോട് തന്നെ തോന്നുന്ന അനുഭാവമാണ്. അതുണ്ടാകുമ്പോള്‍ ശീലിക്കുന്ന സൂക്ഷ്മതയോളം വലിയ സൂക്ഷ്മത നമുക്ക് വേറെയില്ല.