സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കൈഫി ആസ്മി: കവിതയിൽ സമരം തിളച്ച കാലം

നദീം നൗഷാദ്

ഉണരൂ, എന്റെ പ്രണയിനീ
എന്നോടൊപ്പം നടക്കൂ.
നമ്മുടെ ലോകത്ത്
യുദ്ധത്തിന്റെ അഗ്നിജ്വാലകള്‍.
കാലത്തിനും വിധിക്കും
ഇന്ന് ഒരേ അഭിലാഷങ്ങൾ
തിളച്ച ലാവകള്‍ പോലെ ഒഴുകും
നമ്മുടെ കണ്ണുനീര്‍
പ്രണയത്തിനും സൗന്ദര്യത്തിനും
ഒരൊറ്റ ജീവൻ ഒരൊറ്റ ആത്‌മാവ്‌.
സ്വാതന്ത്രത്തിൻ്റെ അഗ്നിയില്‍
ഇന്ന് നീയെൻ്റെ കൂടെ കത്തിപടരൂ .
ഉണരൂ, എന്റെ പ്രണയിനീ
എന്നോടൊപ്പം നടക്കൂ.
( ഔരത് )

കൈഫി ആസ്മി 1940കളില്‍ ഔരത് എന്ന കവിത എഴുതുമ്പോള്‍ സമൂഹം വളരെ യാഥാസ്ഥിതികമായിരുന്നു. ലോകം പുരുഷൻ്റെത് മാത്രമായിരുന്നു. സ്ത്രീക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ കൈഫി എപ്പോഴും കാലത്തിനു മുമ്പേ സഞ്ചരിച്ചു. സ്ത്രീ പുരുഷനെ ആശ്രയിച്ചു കഴിയേണ്ടവൾ അല്ലെന്നും അവള്‍ അവനോടൊപ്പം നടക്കേണ്ടവള്‍ ആണെന്നും പ്രഖാപിക്കാന്‍ ഒട്ടും മടി കാട്ടിയില്ല.

കൈഫി ആസ്മിയുടെ ഭാര്യ ഷൗക്കത് ആസ്മി കൈഫി കവിത അവതരിപ്പിച്ച മുശായിരകളില്‍ (കാവ്യസദസ്സ് ) പങ്കെടുത്തിരുന്നു. കൈഫിയുമായി അവരുടെ പ്രണയം തുടങ്ങുന്നതിനു മുമ്പ് വായിച്ചു കേട്ട ഔരത് എന്ന കവിതയെ പറ്റി കൈഫിയും ഞാനും എന്ന ഓര്‍മ്മകുറിപ്പില്‍ ഷൗക്കത് ആസ്മി പറയുന്നു. “കവിത ചൊല്ലുമ്പോള്‍ ഞാന്‍ കൈഫിയെ തന്നെ നോക്കി നിന്നു. ഈ കവിത എനിക്ക് വേണ്ടിയാണ് എഴുതിയതെന്നു തോന്നി. അദ്ദേഹത്തിൻ്റെ കൂടെ നടക്കാനുള്ള അവകാശം എനിക്കുണ്ടെന്നും തോന്നി. ഞാന്‍ തൻ്റെടിയും അഭിമാനിയും വാശിക്കാരിയും ഉറച്ച നിലപാട് ഉള്ളവളുമായിരുന്നു. എല്ലാ അനീതികള്‍ക്കെതിരെയും ശബ്ദിക്കാന്‍ തയ്യാറായിരുന്നു. സ്ത്രീയെ കുറിച്ച് പുരോഗമന കാഴ്ചപ്പാട് ഉള്ളയാള്‍ തന്നെയാവണം എൻ്റെ ഭര്‍ത്താവ് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു”.
ഉത്തരപ്രദേശിലെ അസംഗറില്‍ മിസ് വാന്‍ ഗ്രാമത്തില്‍ ഒരു ഭൂവുടമയുടെ മകനായി ജനിച്ച സൈദ്‌ അക്കതര്‍ ഹുസൈന്‍ റിസ് വിയാണ് കൈഫി ആസ്മി എന്ന പേരില്‍ അറിയപ്പെട്ടത്. പതിനൊന്നാം വയസ്സില്‍ തന്നെ ആദ്യ ഗസല്‍ എഴുതി. ഇത് നാ തോ സിന്ദഗി മേം കിസികി ഖലാല്‍. അത് മുശായിരയില്‍ അവതരിപ്പിച്ചപ്പോള്‍ കൈഫിയുടെ പിതാവ് ഉള്‍പ്പടെ ആരും അത് കൈഫി എഴുതിയതാണെന്ന് വിശ്വസിച്ചില്ല. കൈഫിയുടെ മൂത്ത സഹോദരന്‍ എഴുതിയതാണ് എന്നായിരുന്നു അവരുടെ ധാരണ. സഹോദരന്‍ അത് നിഷേധിച്ചപ്പോള്‍ പിതാവ് രണ്ടു വരികള്‍ കൊടുത്തിട്ട് കൈഫിയോട് ഒരു ഗസല്‍ എഴുതാന്‍ ആവശ്യപെട്ടു. കൈഫി അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയും എഴുതി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഒരു ഷിയാ കുടുംബത്തില്‍ ജനിച്ച കൈഫി ആസ്മിയെ മത പഠനത്തിനായി മദ്രസ്സയില്‍ അയച്ചു. മകനെ ഒരു മത പുരോഹിതനാക്കുകയായിരുന്നു പിതാവിൻ്റെ ഉദ്ദേശം. മദ്രസയില്‍ അറബിയും പേര്‍ഷ്യനുമായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ആ കാലത്താണ് നാല് പുരോഗമന എഴുത്തുകാരുടെ ഒരു കവിതാ സമാഹാരം അദ്ദേഹം വായിക്കുന്നത്. ആ പുസ്തകം കൈഫിയുടെ മനസ്സില്‍ കവിതയുടെയും യുക്തിചിന്തയുടെയും വിത്തുകള്‍ വിതച്ചു.
1942ല്‍ ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് കൈഫി പഠനം ഉപേക്ഷിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം മുംബൈയില്‍ എത്തി. കവികളെയും വിപ്ലവകാരികളെയും ഒരു പോലെ ആകര്‍ഷിച്ച മുംബൈയിൽ ജീവിതത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. അവിടെ വെച്ചാണ് അദ്ദേഹം ആദ്യമായി മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തകനായി മാറുന്നത്. സജ്ജാദ് ഹുസൈന്‍ എഡിറ്റ്‌ ചെയ്യുന്ന പാര്‍ട്ടി പത്രമായ ക്വാമി ജുങ്ങില്‍ എഴുതാന്‍ തുടങ്ങുന്നതും അവിടെ വെച്ച് തന്നെ. കവി അലിസര്‍ദാര്‍ ജഫ്രിയും ഒപ്പമുണ്ടായിരുന്നു. മുംബൈയില്‍ ഒരു കമ്യുണില്‍ എട്ട് കുടുംബങ്ങള്‍ക്ക് ഒപ്പം ഒരു ബാത്ത് റൂം ഉപയോഗിച്ചു ജീവിച്ച കാലം. കൈഫിയുടെ വീട്ടില്‍ ആര്‍ക്കും ഏത് സമയവും കയറി വരാമായിരുന്നു. പത്തൊമ്പതാം വയസ്സ് മുതല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച കൈഫി വിവാഹത്തിന് ശേഷം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. എഴുത്തുകാരന്‍ എന്ന നിലയില്‍ തൊഴിലാളികളുമായി അടുത്ത് പ്രവര്‍ത്തിച്ചത് അദ്ദേഹത്തിൻ്റെ കവിതയേയും ജീവിതത്തെയും സ്വാധീനിച്ചു. ഇവരുടെ ജീവിതം കൈഫിയുടെ കവിതകളില്‍ ഇടം പിടിച്ചു.

ഒരു കുഗ്രാമത്തില്‍ ഭൂവുടമയുടെ മകനായി പിറന്ന കൈഫി കമ്യുണിസ്റ്റ്‌ ചിന്താഗതിക്കാരനായി മാറിയത് അത്ഭുതതൊടെയാണ് പലരും കണ്ടത്. സ്വാതന്ത്ര സമരം തിളച്ചു മറയുമ്പോള്‍ കൈഫി ആസ്മിയുടെ ഉളളവും തിളച്ചു മറയുന്നുണ്ടായിരുന്നു. ഉള്ളിലെ കവിതയുടെ കടല്‍ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതത്തിന് പുതിയൊരു ആവിഷ്കാരം നല്‍കി. ഉഡോ ആന്ധി ആരഹീ ഹി ( എഴുന്നേല്‍ക്ക് ഒരു കൊടുങ്കാറ്റ് വരുന്നുണ്ട്) എന്ന് അദ്ദേഹം എഴുതി.

സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി അലഞ്ഞു നടന്ന സമകാലിക കവികളില്‍ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. സിനിമയില്‍ വളരെ കുറച്ച് പാട്ടുകള്‍ മാത്രം എഴുതി. ചേതന്‍ ആനന്ദത്തിന്റെ ഹീര്‍ രഞ്ച(1970) എം എസ് സത്യുവിൻ്റെ ഗരംഹവ,(1973) ശ്യാം ബെനഗലിൻ്റെ മന്ദന്‍(1976) എന്നീ സിനിമകള്‍ക്ക് സംഭാഷണവും എഴുതി. കവി എന്ന നിലയിലുളള തൻ്റെ വ്യക്തിത്വം അടിയറ വെയ്ക്കുന്ന ഒത്തു തീര്‍പ്പുകള്‍ ഗാനരചനയില്‍ നടത്തിയില്ല. പകീസയിലെ ചല്‍ത്തെ ചല്‍ത്തെ, അർത്ത് ലെ തും ഇത് നാ ജോ മുഷ്കുരാ രഹെഹോ എന്നിവ കേള്‍ക്കുമ്പോള്‍ അത് മനസ്സിലാവും.
കൈഫിയുടെ കവിതകള്‍ ഋജുവും ലളിതവുമാണ്. അനാവശ്യമായ ചമയപ്പെടുതലുകള്‍ അതില്‍ കാണാന്‍ കഴിയില്ല. തുറന്നു പറയുന്ന രീതിയും സംഭാഷണ ശൈലിയും കവി എന്ന നിലയില്‍ വേറിട്ട്‌ നിര്‍ത്തുന്നു. സാധാരണക്കാരൻ്റെ ജീവിതമായിരുന്നു എന്നും കൈഫിയുടെ പ്രധാന ഉത്കണ്ട. തെലുങ്കാന വിപ്ലവം കൈഫിയെ പ്രചോദിപ്പിച്ചിരുന്നു. ജനത്തെ ദ്രോഹിക്കുന്ന ഒരു ഭരണകൂടത്തെ ജനം തൂത്തെറിഞ്ഞത് അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. തെലുങ്കാനയിലെന്ന പോലെ സാധാരണക്കാരന്‍ പങ്കെടുക്കുന്ന ഇത്തരം വിപ്ലവങ്ങള്‍ ആയിരുന്നു അക്കാലത്തെ കവിതകളുടെ പ്രമേയം. സാധാരണക്കാരന്‍ തന്റെ കണ്‍മുമ്പില്‍ ചൂഷണത്തിന് അനീതിക്കും വിധേയമാവുമ്പോഴും അദ്ദേഹം ശുഭാപ്തി വിശ്വാസം കൈവിട്ടില്ല.
1940കള്‍ പ്രതീക്ഷയുടെ വര്‍ഷങ്ങള്‍ ആയിരുന്നു. കൈഫിയും സഹകവികളും റാലികളിലും മറ്റും സജീവമായി പങ്കെടുത്തു. തൊഴിലാളി സമരങ്ങൾക്ക് ബൗദ്ധികമായ പിന്തുണ കൊടുക്കുകയായിരുന്നു അവരുടെ ജോലി. പിന്നീട് ഇടതുപക്ഷ ആഭിമുഖ്യത്തിലുളള ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയെഷന്‍ സ്ഥാപിച്ചപ്പോള്‍ അവര്‍ അതിൻ്റെ ആദ്യകാല മെമ്പര്‍മാരായി. കൈഫിയും സജ്ജാദ് സഹീറും ഉള്‍പ്പടെ ഒരുപാട് പേര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയ തൊഴിലാളി പ്രസ്ഥാനം പിന്നീട് മഹാരാഷ്ടയിലെ കോണ്‍ഗ്രസ് സർക്കാർ ശിവസേന പോലുള്ള വര്‍ഗീയ പ്രസ്ഥാനങ്ങളെ കൂട്ട് പിടിച്ച് തകര്‍ക്കുകയായിരുന്നു.
സിനിമാ പാട്ടുകളില്‍ അദ്ദേഹം എഴുതിയതെല്ലാം വ്യത്യസ്തമായിരുന്നു. കാഗസ് കെ ഫൂലിലെ ദേഖി സമാന കി യാരി, വഖ് ത്ത് നെ കിയ ക്യാ ഹസീന്‍ സിതം, ഹഖീഖത്തിലെ കര്‍ ചലേ ഹം ഫിദാ, ഹീര്‍ രഞ്ചയിലെ യെ ദുനിയാ യെ മെഹഫില്‍, മിലോന തും തോ ഹം ഖബരായെ, ഹഖീഖതിലെ മേ യെ സോച്ച്കര്‍ ഉസ്കെ ദര്‍ സെ എന്നിങ്ങനെ നിരവധി പാട്ടുകൾ
കൈഫി ആസ്മി അവസാനം വരെ കവിതകള്‍ എഴുതി 1973ല്‍ ഹൃദയാഘാതം വന്നു. തുടര്‍ന്ന് കൈയും കാലും തളര്‍ന്നു. എന്നിട്ടും അദ്ദേഹം കവിത എഴുതുന്നതില്‍ നിന്ന് പിന്‍വാങ്ങിയില്ല. 2002 മെയ്‌ 10 ന് മരിക്കുമ്പോള്‍ 83 വയസ്സായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…