സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നോമ്പോർമ്മകൾ

ധന്യ നരിക്കോടൻ

റമദാൻബർക്കത്തിന്റെ പരിമള
പ്പകലുകളിൽ മൈലാഞ്ചി
മൊഞ്ചുള്ള
ഓൾടെ വിളിയിൽ
ഞാനാ മുറ്റത്ത്
ഓടിയെത്തും

പട്ടുറുമാലിന്റെ
നൈർമല്യമുള്ള
വെളുത്ത
പത്തിരികൾ
ആവി പറക്കുന്ന
കോഴിക്കറിയോടൊപ്പം
ചായ്‌പ്പിന്റെ
അരത്തിണ്ണയിൽ
നിരത്തിവെച്ച്
ഉമ്മയെന്റെ
ഖൽബ് നിറയ്ക്കും…

കൂട്ടുകാരിപ്പെണ്ണിന്റെ
ചങ്കിലെ
പെരുത്തിഷ്ടം
മധുരിക്കുന്ന
കാരക്കയും
വത്തക്കയും
നാരങ്ങയുമാപ്പിളും
പിഞ്ഞാണ
പ്പാത്രത്തിൽ
തുടുത്ത ചന്തം
വരയ്ക്കും…

മുല്ലപ്പൂചിറ്റ്
കാതില് ഞാത്തിയ
ഉമ്മൂമ്മയപ്പോൾ
ഉണക്കമുന്തിരിയും
അണ്ടിപ്പരിപ്പും
നെയ്യില്
മൂത്തുകിടക്കണ
തരിക്കഞ്ഞിയുടെ
ചില്ലുപാത്രം
മുന്നിലേക്ക്
നീട്ടിവയ്ക്കും…

മഗ്‌രിബ് വിളിയ്ക്ക്
കാത്തിരുന്നു മുഷിയുന്ന
ഞങ്ങൾക്ക്
മുന്നിലേക്ക്
നബിചരിതത്തിന്റെ
നന്മച്ചിന്തുകൾ
വാരിവിതറും…

കഥകളൊക്കെ
തീരുംമുൻപേ
ബാങ്ക് വിളി
കാതിലെത്തുംനേരം
നാരങ്ങ
വെള്ളത്തിന്റെ
തണുത്തമധുരത്തെ
ബിസ്മി ചൊല്ലി
ആർത്തിയോടെ
നുണച്ചിറക്കും…

മാപ്പിളപ്പാട്ടിന്റെ
ഇശലുകളിലേക്ക്
കുപ്പിവളകൾ
കുലുക്കി
പെരുന്നാൾ
കിസ്സകളുടെ
കെട്ടഴിച്ച്
ഒന്നിച്ചിരുന്ന്
നോമ്പ് തുറക്കും…

കുട്ടിക്കാല
സായന്തനങ്ങളിൽ
അസ്തമിക്കാനോടുന്ന
സൂര്യച്ചുവപ്പിനൊപ്പം
സ്നേഹത്തിന്റെ
അസർമുല്ലമണമപ്പോൾ
തൊടിയിലാകെ
പരന്നുകിടക്കുന്നുണ്ടാവും…

ഒടുവിലോളെന്റെ രണ്ടു
കൈവെള്ളയിലും
അതിരിൽ നിൽക്കണ
നല്ലോണം
ചോക്കണ
മൈലാഞ്ചിയരച്ചത്
വിരൽ മൂടി
പൊത്തിവയ്ക്കും…

മടങ്ങും നേരം
അടുത്ത
ചിങ്ങത്തിലെ
തിരുവോണപ്പൊലി-
മയിലേക്ക്
ക്ഷണിക്കുമ്പോൾ
മുക്കുറ്റിച്ചന്തമുള്ള
ഒരു പുഞ്ചിരി
ആ മുഖത്തങ്ങനെ
വിരിഞ്ഞു നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…