
ഉറൂബ്.. യൗവനം നശിക്കാത്തവൻ എന്ന അർത്ഥമുള്ള അറബി വാക്കിൽ നിന്നുണ്ടായ തൂലിക നാമത്തിൽ അറിയപ്പെടുന്ന ശ്രീ. പി. സി. കുട്ടികൃഷ്ണൻ എന്ന മഹാനായ എഴുത്തുകാരൻ്റെ ‘നീർച്ചാലുകൾ’
(1945) എന്ന ചെറുകഥ സമാഹാരം ഈയിടെ വായിക്കുകയുണ്ടായി. കുറച്ചു ചെറുകഥകൾ അടങ്ങുന്ന ഈ പുസ്തകത്തിലെ “വേലക്കാരിയുടെ ചെക്കൻ” എന്ന കഥ എനിക്കേറെ ഇഷ്ട്ടം തോന്നി. പൂർണ്ണാ പബ്ലിക്കേഷൻസ് ആണിതിൻ്റെ പ്രസാധകർ.
ദമ്പതിമാരായ കൃഷ്ണനുണ്ണിയും അയാളുടെ പ്രസവിക്കാൻ കഴിവില്ലാത്ത ഭാര്യ ഭാർഗവിയും, ആ വീട്ടിലെ വേലക്കാരി ചിരുതേയിയും പ്രധാന കഥാപാത്രങ്ങളാവുന്നു.വളരെ ചെറിയ പ്രായത്തിൽ ഇവർക്കൊപ്പം തന്നെയുള്ള ചിരുതേയിയെ കുഞ്ഞൻ നായർ എന്നൊരാൾ വിവാഹം കഴിക്കയും താമസിയാതെ ഗർഭിണിയാവുകയും ചെയ്യുന്നു. ആ സന്തോഷം പ്രസവിക്കാത്ത ഭാർഗവിയിൽ തെല്ലൊരു അസൂയ ഉളവാക്കുകയും, ഭർത്താവിനോട് ഇതേച്ചൊല്ലി ഒന്നും രണ്ടും പറഞ്ഞു മുഷിഞ്ഞു സംസാരിക്കയും ചെയ്യുന്നു. പ്രസവമടുത്തപ്പോൾ ചിരുതേയിയിൽ ശാരീരിക അസ്വസ്ഥകൾ പ്രസവിക്കാത്ത ഭാർഗവി മനസ്സിലാക്കുകയും ഇനി വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നും ചിരുതേയിക്കു വേണ്ടുന്ന സഹായങ്ങൾ കുഞ്ഞൻ നായർ വഴി എത്തിക്കയും ചെയ്യുന്നു.
ചിരുതേയിയും കുഞ്ഞൻ നായരും ജനിച്ച ആൺകുഞ്ഞും കൃഷ്ണനുണ്ണിയിൽ അസ്വസ്ഥത അല്ലെങ്കിൽ ഒരു കുറ്റബോധം ഉളവാക്കുന്നതായി വായനക്കാരന് മനസ്സിലാവുകയും ചെയ്യുന്നു. കൃഷ്ണനുണ്ണിയിൽ നിന്നും സ്നേഹത്തോടെ ഒരു വിളിയോ നോട്ടമോ കിട്ടാത്തതിൽ ഭാർഗവി അസ്വസ്ഥത പ്രകടിപ്പിക്കുകയും, കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിൽ നിങ്ങൾക്ക് യാതൊരു സങ്കടവുമില്ലേയെന്നു തെല്ലമർഷത്തോടെ ചോദിക്കുന്ന ഭാർഗവിയോട് “ഞാനിനി പ്രസവിക്കുകയും കൂടി ചെയ്യണോ ” എന്ന മറു ചോദ്യം, പ്രസവിക്കാൻ കഴിയാത്തൊരു സ്ത്രീക്ക് കിട്ടുന്ന പ്രഹരവുമായി ഭാർഗ്ഗവിക്കു തോന്നുന്നു.
പ്രസവശേഷം ചിരുതേയി വീണ്ടും ജോലിക്ക് വരുന്നുണ്ടെങ്കിലും കുഞ്ഞിനെ ഒരിക്കൽ പോലും ഈ വീട്ടിലേക്കു കൊണ്ടു വരാതിരിക്കുന്നതും ഭാർഗവിയിൽ സങ്കടം ഉണ്ടാക്കുകയും പ്രസവിക്കാത്ത ഞാൻ കണ്ണു വെക്കുമെന്നോർത്താണോ എന്ന ചോദ്യത്തിന് മുന്നിൽ ചിരുതേയി ഓടി പോയി കുഞ്ഞിനെ എടുത്തു കൊണ്ടു വരുന്നു. കുഞ്ഞിനെ കൺ നിറയെ കാണുകയും കളിപ്പിക്കയും ചെയ്യുന്നുണ്ടെങ്കിലും ‘വേലക്കാരിയുടെ ചെക്കൻ ‘ എന്ന പരിധി നിലനിൽക്കുന്നു. ഇടക്കെപ്പോഴോ ആ കുട്ടിയെ തന്നെ നോക്കിയിരിക്കുമ്പോൾ അതിൻ്റെ മുഖം ചിരുതേയിയോടൊ കുഞ്ഞൻ നായരോടോ യാതൊരു സാമ്യവും ഇല്ലെന്നു മാത്രമല്ല ചിലരെ ഓർമിപ്പിക്കുമ്പോൾ പെട്ടന്ന് ഞെട്ടലോടെ മനസ്സിലതു തിരുത്തുന്നു.
ഒരു പകൽ സമയം കളിച്ചു കിടക്കുന്ന കുഞ്ഞിൻ്റെ മുഖത്തേറ്റ വെയിലിൽ നിന്നും മാറ്റി കിടത്താൻ ശ്രമിക്കവേ ഭാർഗവി അതിർ വരമ്പുകൾ ഭേദിച്ചു കൊണ്ടു കുഞ്ഞിനെ വാരിയെടുത്തു ഉമ്മകൾ കൊണ്ടു പൊതിയുന്നു. പുറകിൽ നിന്നും ഭാർഗവി എന്ന കൃഷ്ണനുണ്ണിയുടെ വിളി കേട്ടപ്പോൾ പെട്ടന്ന് കുഞ്ഞിനെ താഴെ കിടത്താൻ ശ്രമിക്കുമ്പോൾ, വേണ്ടാ എടുത്തോളൂ എന്ന് പറഞ്ഞു ഭാര്യയോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിനെ അത്ഭുതത്തോടെ നോക്കുമ്പോൾ ഈ കുഞ്ഞിൻ്റെ പിതൃത്വം തനിക്കാണെന്ന സത്യം പറയുമ്പോൾ ചിരുതേയിയോട് ഉടനെ വീട്ടിൽ നിന്നിറങ്ങാൻ ആക്രോശിച്ചു കൊണ്ടു ബോധരഹിതയാവുകയും, കുഞ്ഞിനെ കൃഷ്ണനുണ്ണി വാരിയെടുക്കയും., തൻ്റെ കുഞ്ഞിനെ തിരിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്ന ചിരുതേയിയും….അതോടെ കഥക്ക് അവസാനമാകുന്നു. വായന കഴിഞ്ഞും അൽപ്പനേരം കൂടെ ഈ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു.
3 Responses
ചുരുങ്ങിയ വാക്കുകളിലൂടെ നീർച്ചാലുകളിലെ “വേലക്കാരിയുടെ ചെക്കനെ” പരിചയപ്പെടുത്തി. 👍
ചുരുങ്ങിയ വാക്കുകളിൽ നീർച്ചാലുകളിലെ “വേലക്കാരിയുടെ ചെക്കനെ” പരിചയപ്പെടുത്തി. 👍
“വേലക്കാരിയുടെ ചെക്കൻ ” ആസ്വാദനം ശരിക്കും നീതി പുലർത്തിയെന്ന കാര്യത്തിൽ എഴുത്തുകാരിക്ക് അഭിമാനിക്കാം. ഉറൂബിന്റെ വ്യത്യസ്ഥമായ ഒരു കഥയെ ഭംഗിയായി പരിചയപ്പെടുത്തി.