ഋതുക്കൾ മഴ നനഞ്ഞും
പൂവണിഞ്ഞും മഞ്ഞുതിർന്നും
ഇലപൊഴിച്ചും
അതിവേഗചലനങ്ങളിൽ
ശലഭദളങ്ങൾ വിടർത്തിയങ്ങനെ…
നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത
മേഘവിസ്മയങ്ങളുടെ
രൗദ്രതാളങ്ങളിൽ
നനഞ്ഞമർന്ന് ഒരു കിളിക്കൂട്….
സ്വരവിന്യാസങ്ങളുടെ
ചിന്മുദ്രകളിൽ കാലം ഋതുഭേദങ്ങളെ
അളന്നെടുത്ത് സമ്മാനിച്ചപ്പോൾ
പേരറിയാപ്പൂവുകളുടെ
സുഗന്ധമായി ഈ ജീവിതം….
ഊരുചുറ്റിയ സ്വപ്നസഞ്ചാരിയ്ക്ക്
ഋതുക്കളുടെ വേഷപ്പകർച്ചയിൽ
കണ്ണീരിൽ കുതിർന്ന
പാഥേയമായി ഒരമ്മമനം….
ഋതുഭേദങ്ങളുടെ നിറച്ചാർത്തുകളിൽ
പുസ്തകത്താളിലെ പൊന്നുതിർക്കുന്ന
സ്നേഹവർണ്ണമായി
ഒരു മയിൽപ്പീലിത്തുണ്ട്….
അക്ഷരങ്ങളുടെ മരതകശോഭയിൽ
നിത്യതയിലലിയാൻ
ഇനിയുമിനിയും ഋതുക്കൾ
നിലാവു പോലെ….