വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം ഉണ്ടായി വന്നത്. ഇത്തരം കുളിപ്പുരകൾ റോമാക്കാരുടെ കാലം മുതൽ നിലവിലുള്ളതാണ്. എന്നാൽ അക്കാലത്ത് അത് സ്ത്രീപുരുഷന്മാരുടെ ഒത്തുചേരലിനും മദിരോത്സവങ്ങൾക്കും മദനലീലകൾക്കും ഉള്ള വേദിയായിരുന്നു. ഓട്ടോമൻ ഭരണകാലത്താണ് സ്ത്രീ പുരുഷന്മാർക്ക് വേണ്ടി ഇത് വിഭജിക്കപ്പെടുന്നത്. മദ്ധ്യേഷ്യയിൽ നിന്നുള്ള ആവി കൊണ്ടുള്ള വൃത്തിയാക്കൽ(steam bath) റോമാക്കാരുടെ കുളിയുടെ രീതീകളുമായി ചേർത്തിണക്കിയാണ് ഇന്ന് ഇവിടെ കാണപ്പെടുന്ന ശൈലി ഉടലെടുത്തത്. അടുത്തിടെ തുർക്കിയിലെ ഇസ്റ്റാംബൂൾ സന്ദർശിച്ചപ്പോൾ ഇത്തരം ഒരു ഹമാമിൽ പോകാനും അവരുടെ രീതികൾ പരിചയപ്പെടാനും സന്ദർഭം ലഭിച്ചു. ഹമാം എന്നത് കുളിപ്പുരകൾക്കുള്ള ടർക്കിഷ് പേരാണ്. മതപരമായ കാരണങ്ങൾ കൊണ്ട് പല അവസരങ്ങളിലും മുസ്ലീങ്ങൾക്ക് കുളി നിർബന്ധമാക്കിയിട്ടുണ്ട്. ഒരുപക്ഷേ ഹമാമുകൾ ജനപ്രീയമുള്ള ഒരു കാരണം ഇതായിരിക്കാം.
പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഓട്ടോമൻ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്നതുമായ “കിലിക്ക് അലി പാസ ഹമാം” ആണ് ഇതിനായി തിരഞ്ഞെടുത്ത്. ഒട്ടൊമൻ സൈന്യാധിപനായിരുന്ന കിലിക്ക് അലി പാസയുടെ നിർദ്ദേശമനുസരിച്ച് അക്കാലത്തെ പ്രശസ്ത ആർക്കിടെക്ടായിരുന്ന സിനാന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. സാധാരണ ഒരു കുളിക്ക് വേണ്ടിയാണ് ഞങ്ങൾ ബുക്ക് ചെയ്തത്. പ്രത്യേക തരം കുളികൾ, മസ്സാജ്, സോണ തുടങ്ങിയവയ്ക്ക് അധികതുക ഈടാക്കും. രാവിലെ 8:00 മുതൽ നാലുമണി വരെയാണ് സ്ത്രീകളുടെ സമയം; പുരുഷന്മാർക്ക് നാലുമണിക്ക് ശേഷവും. ചില സ്ത്രീകളുടെ കൂടെ കുട്ടികളെയും കണ്ടു. ടൂറിസ്റ്റുകൾ മാത്രമല്ല ഈ നാട്ടുകാരും ഇടക്കിടെ ഇവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ സമയത്തിനും അല്പം നേരത്തെ എത്തി. പുറമേ ഒരു തടികൊണ്ടുള്ള വാതിലും അതിനുള്ളിൽ കട്ടികൂടിയ ടിന്ററ്റട് ഗ്ലാസ് കൊണ്ടുള്ള രണ്ടാമത്തെ വാതിലും കടന്നാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. അവിടെ പരിചാരകർ ഞങ്ങളെ സ്വീകരിച്ചിരുത്തി ഒരു വെൽക്കം ഡ്രിങ്ക് നൽകി. സർബത്ത് എന്ന് അവർ വിളിക്കുന്ന ക്വിൻസ് എന്ന പഴത്തിന്റെ ജ്യൂസ് ആണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ പാനീയം ചില പ്രത്യേക ഫ്ലേവറുകൾ, മരുന്നുകൾ എന്നിവ ചേർത്തും ഉണ്ടാക്കാറുണ്ട്. തലമുറകളായി കൈമാറി വരുന്ന ഏകദേശം 300 തരം സർബത്തുകളുടെ പാചകക്കുറിപ്പുകൾ പ്രചാരത്തിലുണ്ട്, പഴസത്തുകൾ ഒറ്റയായും കൂട്ടിക്കലർത്തിയും ചില പ്രത്യേകതരം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തും തയ്യാറാക്കുന്ന സർബത്ത് രാജകുടുംബങ്ങൾക്കും സാധാരണക്കാർക്കും ഒരു പോലെ പ്രിയങ്കരമാണ്.
സ്ത്രീകളുടെ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെല്ലാം സ്ത്രീകൾ തന്നെയാണ് . ഒരാൾ വന്ന് ഷൂ സൈസും മറ്റും ചോദിച്ചു പോയി. സീൽ ചെയ്ത പാക്കറ്റിൽ സ്ലിപ്പറുകളും ടർക്കിഷ് ടവലും(Pestamal) പിന്നാലെ എത്തി. ഓരോരുത്തർക്കും ഇവിടെ ഓരോ ലോക്കർ ലഭിക്കും. മുകളിലത്തെ നിലയിൽ പോയി വസ്ത്രം മാറി സാധനങ്ങൾ അവിടെ വെച്ച് പോരാം. അണ്ടർവെയർ ഒഴിച്ചുള്ള വസ്ത്രങ്ങൾ മാറ്റി ടവൽ ധരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ കണ്ട എല്ലാവരും ഇതേ വേഷത്തിൽ ആയതു കൊണ്ട് സങ്കോചമൊന്നും തോന്നിയില്ല. അവിടെ ഞങ്ങൾ ഉൾപ്പെടെ മൂന്നോ നാലോ പേർ മാത്രമേ നിറമുള്ള തൊലിയുള്ളവർ ഉണ്ടായിരുന്നുള്ളൂ
ഓരോരുത്തർക്കും ഓരോ അറ്റൻഡൻറ്(masseuse) ഉണ്ടാവും പരമ്പര്യ രീതിയിലുള്ള ടർക്കിഷ് ഹമ്മാമുകൾക്ക് മൂന്നു ഭാഗങ്ങൾ ഉണ്ട് . 1. നല്ല ചൂടുള്ള ഭാഗം( calidarium) 2.ചെറു ചൂടുള്ള ഭാഗം (Tepidarium) 3.തണുപ്പുള്ള ഭാഗം (frigidarium) ആദ്യമായി ഒരു റൂമിൽ കൊണ്ടുപോയി തലയിലും മറ്റു ശരീരഭാഗങ്ങളും ചെറു ചൂടുവെള്ളം ഒഴിച്ച് തരും. ചെമ്പു കൊണ്ടുണ്ടാക്കിയ പ്രത്യേക തരം പരന്ന ചെറിയ ചരുവങ്ങളാണ്(tas) ഇതിനായി പഴയ കാലം മുതൽ ഉപയോഗിക്കുന്നത്. വെളുത്ത മാർബിളിൽ നിർമ്മിച്ചിരിക്കുന്ന മുറികളിലെ ഭിത്തിയോട് ചേർത്ത് നിർമ്മിച്ചിരിക്കുന്ന വെള്ളത്തൊട്ടികളിൽ നിന്നാണ് ഈ ചൂടുവെള്ളം പകരുന്നത്. ധാരാളം ആളുകൾ വന്ന് പോകുന്ന ഇടമാണെങ്കിലും ഓരോ മുക്കും മൂലയും വളരെ വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനുശേഷം മറ്റൊരു വലിയ മുറിയിൽ കൊണ്ടുപോയി ചെറുതായി ചൂടാക്കിയ ഒരു മാർബിൾ പ്ലാറ്റ് ഫോമിൽ കിടത്തും. ചൂടുള്ള നീരാവി നിറച്ചതാണ് ഈ മുറി. കുളിപ്പുരയുടെ തറ മുഴുവൻ ചൂടുപിടിപ്പിച്ചതാണ്. ഇവിടെ ഏകദേശം 15 മിനിറ്റ് ചിലവഴിക്കുമ്പോഴേക്കും നന്നായി വിയർക്കും. ആവശ്യമുള്ളവർക്ക് കുടിക്കാനായി ഐസ് വാട്ടർ നൽകുന്നുണ്ടായിരുന്നു. ഇതിനു ശേഷമാണ് ശരിക്കുള്ള കുളിപ്പുരയിലേക്ക് കൊണ്ടുപോകുന്നത് അവിടെ ആദ്യം കി സെ(kese) എന്ന് പേരുള്ള സിൽക്ക് നാരുകൾ ഉപയോഗിച്ച് നിർമ്മിച്ച പരുപരുത്ത പ്രതലമുള്ള കൈയ്യുറകൾ ഉപയോഗിച്ച് ദേഹം മുഴുവൻ തിരുമ്മി പുറംതൊലി ഇളക്കിമാറ്റും. (Exfoliation). ഇതിന് ശേഷം വെള്ളം ഒഴിക്കുമ്പോൾ ഈ തോലിക്കഷണങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോകുന്നത് കാണാം. പിന്നീട് ഓരോരുത്തരെയും സോപ്പ് പത കൊണ്ട് മൂടും. ആട്ടിൻപാലും ഒലീവ് ഓയിലും കൊണ്ട് അവർ തന്നെ നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ചാണ് കുളി. ഈ സോപ്പിന്റെ പത ഒരു വലിയ തുണിസഞ്ചിയിൽ നിറച്ച് അത് ഞെക്കി പിഴിഞ്ഞ് കുളിക്കുന്ന ആളിന്റെ ദേഹം മുഴുവൻ മൂടും. ഇതിന് ശേഷം തല മുതൽ പാദം വരെ ഒരു മസാജ് കൂടി നൽകും പിന്നീട് ചൂടുവെള്ളം ധാരയായി ഒഴിക്കും.
ഏറ്റവും അവസാനം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി കാല്, ദേഹം തല എന്നിവ പ്രത്യേകം ടവലുകൾ കൊണ്ട് പൊതിയും. അവസാനമായി ഉടുക്കാനും പുതയ്ക്കാനും ഉണങ്ങിയ പുതിയ ടവലുകൾ നൽകും. പിന്നീട് ഓരോരുത്തരെയും കൈ പിടിച്ച് കുളിപ്പുരയുടെ പുറമേയുള്ള ഹാളിൽ എത്തിക്കും. അവിടെയാണ് റസ്റ്റ് ഏരിയ. ഇതിനു വേണ്ടിയുള്ള ബാൽക്കണിയിലെ നീളത്തിലുള്ള സോഫകളിൽഎത്തുന്ന ഓരോരുത്തർക്കും വേണ്ടി പുതിയ ടവൽ വിരിച്ച് ഇരിക്കാൻ ഉള്ള ഇടം ഒരുക്കിത്തരും. പഴയകാലത്ത് ഇത് ഒരു സോഷ്യലൈസിംഗ് ഏരിയ ആയിരുന്നു. സ്ത്രീകൾ പരസ്പരം നാട്ടുവിശേഷങ്ങളും ഗോസിപ്പുകളും കൈമാറുന്നതും പുതിയ കല്യാണ ആലോചനകൾ ഉടലെടുക്കുന്നതും കച്ചവടങ്ങൾ ഉറപ്പിക്കുന്നതും ഇവിടെ വച്ചായിരുന്നു. പെൺകുട്ടികളെ മേക്കപ്പില്ലാതെ ഇവിടെവച്ച് കാണാൻ സാധിക്കുമല്ലോ. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഹമ്മാം സന്ദർശിക്കാനുള്ള പണം നൽകാത്ത ഭർത്താവിനെ വിവാഹ മോചനം ചെയ്യാൻ അക്കാലത്ത് സ്ത്രീക്ക് അവകാശം ഉണ്ടായിരുന്നുവത്രേ! ടർക്കിഷ് സംസ്കാരവുമായി വളരെ ചേർന്നുകിടക്കുന്നതാണ് ഹമാമുകൾ. സ്വന്തം പ്രവർത്തിയുടെ ഫലം ഓരോരുത്തര് അനുഭവിക്കേണ്ടി വരുമെന്ന് അർത്ഥം വരുന്ന He who enters bath, sweats എന്ന പഴഞ്ചൊല്ല് ഇതിന് ഉദാഹരണമാണ്.
ഏകദേശം 45 മിനിറ്റ് നീണ്ടുനിൽക്കുന്ന കുളി കഴിഞ്ഞെത്തിയപ്പോഴേക്കും പിരിമുറുക്കങ്ങളെല്ലാം മാറി നല്ല ഉന്മേഷം തോന്നി. ചെറുചൂടുള്ള കട്ടൻ ചായ ഫ്രീ ആയി ലഭിക്കും. പല തരം ടർക്കിഷ് സ്നാക്കുകളും മറ്റു പാനീയങ്ങളും ഓർഡർ ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിച്ച് കുളിപ്പുരയുടെ അകത്തു നിന്ന് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല.
ഏകദേശം അരമണിക്കൂർ അവിടെ വിശ്രമിച്ച ശേഷം ലോക്കറിൽ നിന്നും ബാഗും മറ്റും എടുത്ത് ഡ്രസ്സ് ചെയ്ത് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. അപൂർവ്വമായ ഒരു അനുഭവമായിരുന്നു ഹമാമിലെ സന്ദര്‍ശനവും കുളിയും: അത് ഞങ്ങളുടെ ഇസ്റ്റാംബുൾ യാത്ര പൂർണ്ണമാക്കി!