സുജയെ കാണുമ്പോള്‍ കരുതിവെച്ച ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു. അവരെ വായിക്കുകയോ അറിയുകയോ ചെയ്യാത്ത ഒരാള്‍. പക്ഷെ പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ അവരുടെ കാഴ്ചകള്‍ ഒരു സാധാരണ സ്ത്രീയുടെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമാണെന്നും അവ സത്യസന്ധവും ഉദാത്തമാണെന്നും തോന്നി.
സുജയുടെ ആശയങ്ങള്‍ ചെറുതാണ്. വലുതാണെന്ന് അവരും അവകാശപ്പടുന്നില്ല.
‘ഞാന്‍ കവിയാണോ എന്ന് ചോദിച്ചാല്‍ കവിയല്ല. ഞാന്‍ ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചാല്‍ അതുമല്ലാ. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ ഒരു കൃത്യമായ മറുപടിയൊന്നും പറയാനില്ല; എന്റെ പുസ്തകം നിങ്ങള്‍ വായിക്കുക. അതില്‍ നിന്നും തുടങ്ങുക!’ അവര്‍ പറഞ്ഞു നിര്‍ത്തി.
സുജയിലേക്കുള്ള വഴി ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഒരു മുഖവുര ആവശ്യമില്ലാതെ പറയാന്‍ പറ്റുന്ന -വളരെ ലളിതമായ ജീവിതത്തിന്റെ സ്‌ത്രൈണതയെ മുറുകെ പിടിക്കുന്ന ഒരു സ്ത്രീ.2006 ആഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങി ആഗസ്റ്റ് 21ാം തിയ്യതി അവസാനിക്കുന്ന ഡയറി കുറിപ്പില്‍ പുതിയ കാലത്തിന് വിശേഷപ്പെട്ട എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ നാം നിരാശരായിരിക്കും. എന്നാല്‍ സുജയുടെ പക്ഷത്ത് നിന്ന് സ്ത്രീയെ കാണുമ്പോള്‍ ലോകത്തിലെ എല്ലാ സ്ത്രീയ്ക്കും ബാധകമായ ദുരന്തവും ദുഃഖവും ആത്മനൊമ്പരങ്ങളും വേര്‍തിരിച്ചറിയാന്‍ കഴിയുന്നു.
ഗഹനമായതൊന്നും അവര്‍ പറയുന്നില്ല. തന്റെ സൗകര്യങ്ങളില്‍ നിന്ന് കണ്ടതും കേട്ടതും അറിഞ്ഞതുമായ ജീവിതത്തിന്റെ നൈമിഷികതയെ ഓര്‍ത്തെടുക്കുകയാണ് സുജ. അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുന്ന സരസുവിനെ കണ്ടെത്തുന്നതിലൂടെയാണ് സുജ പുതിയൊരാളായി തീരുന്നത്. സരസു വൈരുദ്ധ്യം നിറഞ്ഞ ലോകത്തിന്റെ പുതിയ ചിത്രമാണ്. തന്റെ സ്വാതന്ത്യങ്ങളില്‍ നിന്ന് സരസുവിലേക്കുള്ള ദൂരം വലുതാണെന്നവര്‍ കണ്ടു. സരസുവിന്റെ ഉള്ളിലെ ക്രിയേറ്റിവിറ്റി പുതിയൊരു ജ്ഞനോദയമായി (Enlightenment) സുജയ്ക്ക് അനുഭവപ്പെട്ടു.
സുജ പറയുന്നു: ‘ഞാന്‍ സരസുവായി തീര്‍ന്നത് പോലെ. സരസു ഭൂമിയിലെ മഹാല്‍ ഭുതമാണ്. അവരുടെ അതിജീവനത്തിന്റെ ഭൂമിക മനസ്സാണ് . അതിനെ വെല്ലാന്‍ ഒരു താജ് മഹലിനും സാധ്യമല്ല.’ അതു കൊണ്ടവര്‍ സരസുവിനെ മുന്‍നിര്‍ത്തി ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചു.
സരസുവിന്റെ ഇച്ഛാശക്തിയുടെ ആര്‍ജ്ജവത്തെ ഭൂമിയിലെ മുഴുവന്‍ സ്ത്രീയുടെയും ദര്‍ശനമായി പുതുക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുകയാണ് ഇരുപത് മിനിട്ട് നീണ്ടുനില്‍ക്കുന്ന ഈ ഡോക്യൂമെന്ററിയില്‍. ഇതില്‍ സരസുവിന്റെ മനസ്സായി നിന്ന് സുജയ്ക്ക് സംസാരിയ്ക്കാന്‍ പറ്റുന്നു.
കവിതയില്‍, ‘ഞാന്‍ ആരാണ് ?’എന്നവര്‍ ഇടയ്ക്ക് ചോദിയ്ക്കുന്നുണ്ടു. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. അത് അവര്‍ തന്നെ പറയുന്നു: ‘ഞാന്‍ ഒന്നുമല്ല’.
ഈ ബോധത്തില്‍ നിന്ന് സ്വയം കാണാനും പറയാനും സുജയൊരുങ്ങുന്നു. തന്നിലേക്ക് നോക്കി സംസാരിക്കുന്ന ഒരാള്‍ക്ക് ലോകത്തിന് ആവശ്യമായ വിനയം കൈവരും. തന്റെ തന്നെ ആവിഷ്‌ക്കാരത്തിന്റെ പ്രാപ്തിയില്‍ കുറെ കൂടി ഉയര്‍ന്ന മാനസ്സിക തലത്തിലേക്ക് അവര്‍ എത്തിച്ചേരും.
മീരയും തെരേസയും റാബിയയുമെല്ലാം അങ്ങനെയൊരു മാനസ്സികതലത്തെ പുണര്‍ന്നിരുന്നു. അതു കൊണ്ടു അവരെ സുജ ഇഷ്ടപ്പെടുന്നു.
ഒരാള്‍ക്ക് മറ്റൊരാളുടെ ലോകത്ത് നിന്നു കൊണ്ട് പെരുമാറാനാവുമ്പോഴാണ് സത്യത്തെ ശരിയായി കാണാന്‍ പറ്റുന്നത്. സത്യം എല്ലാഴ്‌പ്പോഴും അതിന്റെ ഫല പ്രാപ്തിയില്‍ മനുഷ്യനെ തൃപ്തിപ്പെടുത്തുന്ന അനുഭവവും വിശ്വാസവുമാണ്. പൂര്‍ണ്ണമായി ഒരാള്‍ക്ക് അയാളെ കാണാനുള്ള വഴിയാണ്.
എന്നാല്‍ നമ്മുടെ കാലത്ത് ജീവിതത്തിലും എഴുത്തിലും കൂടുതല്‍ നാര്‍സിസ്റ്റുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. ആത്മാരാധനയില്‍ – നാര്‍സിക് എന്ന യുവാവ് തന്റെ മുഖം തെളിഞ്ഞ ജലാശയത്തില്‍ കണ്ട് മോഹിച്ച് അത് കിട്ടാനായി ശാഠ്യം പിടിക്കുകയും ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത കഥ ഓര്‍ക്കുമല്ലോ. നാര്‍സിസം ഒരു മനോ വൈകല്യമാണ്. സ്വന്തം ഗുണങ്ങളില്‍ മതി മറന്നു കൊണ്ടുള്ള ജീവിതം ഒരാളെ എന്തുമാത്രം തൃപ്തനാക്കും. ഈ ആത്മാരാധനയാണ് എഴുത്തിനെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഓരോ നിമിഷവും മനുഷ്യനവന്റെ ജീവിതം കൊണ്ട് പഴകുകയാണ് അല്ലെങ്കില്‍ പുതുക്കപ്പെടുകയാണ്. അടിസ്ഥാനപരമായ ഒരു സമസ്യ എപ്പോഴും മനുഷ്യനെ ചൂഴ്ന്നു നില്‍ക്കുന്നു. അപൂര്‍ണ്ണതയെ തൊട്ട് നടക്കാത്ത ഒരാളെയും നമുക്ക് കാണാനാവില്ല. ഈ അറിവാണ് സുജയെ സ്വയം ആവിഷ്‌ക്കരിക്കാന്‍ പ്രാപ്തമാക്കുന്നത് അതിലവര്‍ക്കൊരു സങ്കോചവുമില്ല. മീരയും റാമ്പിയയും തെരേസയും ചെയ്ത് പോലെ അവര്‍ തന്നെ സ്വയം തുറന്നുവയ്ക്കുകയാണ്. അത് തന്നിലേക്കുള്ള വഴിമാത്രമല്ല; എല്ലാ സ്ത്രീയിലേക്കുമുള്ള വഴിയാണ്. അത് വെറും വൈഷയികമായ ഒരു മാനത്തില്‍ അവസാനിക്കുന്നില്ല; സ്വാതന്ത്യത്തിലേക്കും ശക്തിയിലേക്കും വരുന്നു.
ഏത് സ്ത്രീയിലും മറഞ്ഞു കിടക്കുന്ന ഒരു ലോകമുണ്ട് സ്ത്രീയില്‍ ലോകത്തിനാവശ്യമായ സുഗന്ധമുണ്ടായിരിക്കും. പഴുതുകളില്ലാത്ത വിധം അവ നാം അടച്ചു വച്ചിരിക്കുന്നു. ഇതറിയുന്ന സുജ സ്ത്രീയിലെ ക്രിയേറ്റിവിറ്റിയുടെ സുഗന്ധത്തെ കണ്ടെത്തുകയാണ് തന്റെ കുറിപ്പില്‍.
അവര്‍ എഴുതുന്നു: എന്നെ തേടിയുള്ള യാത്രകളിലാണ് എന്റെ എഴുത്തിന്റെ ആരംഭം. എനിക്ക് വേണ്ടി മാത്രമുള്ള എഴുത്ത്.
ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്രയാണ് അവരെ എഴുത്തുകാരിയാക്കുന്നത്. പഠനം, ജോലി, വിവാഹം, വീട്, കുഞ്ഞുങ്ങള്‍, കുടുംബം – ഒരു സ്ത്രിക്ക് കിട്ടാവുന്ന വലിയ സൗകര്യങ്ങളെല്ലാം ജീവിതത്തിന്റെ ഭാഗമായതിന് ശേഷമാണ് അന്വേഷണത്തിന്റെ പ്രതിസന്ധികളിലേക്ക് അവര്‍ വന്നത്. എഴുത്തിന്റെ സര്‍ഗ്ഗാത്മകത ഈ അന്വേഷണണങ്ങളുടെ പ്രതിസന്ധിയുമായിരുന്നു.
സാധാരണ ജീവിതത്തില്‍ അസ്വാതന്ത്രൃങ്ങളാണ് എഴുത്തൂകാരെ കുഴക്കുന്നത്. സുജയുടെ കാര്യത്തില്‍ അതല്ല സംഭവിച്ചത്.
മനുഷ്യന്‍ ഭൗതിക സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ജീവിയല്ല: അര്‍ത്ഥ വ്യാഖ്യാനം കൊടുക്കാനാവാത്ത അപൂര്‍വ്വതകളുടെ ഒരു ഘടകം കൂടിയാണ്. ശാസ്ത്രലോകത്തിന് ഇഴപിരിയ്ക്കാന്‍ കഴിയാത്ത അലൗകികമായ ഒരു സത്ത ഓരോ മനുഷ്യ ജന്മങ്ങളിലുമുണ്ട്. ഓരോ സൃഷ്ടിയിലുമുണ്ട്.
സിദ്ധാര്‍ത്ഥ രാജകുമാരന്‍ എല്ലാ സൗകര്യങ്ങളില്‍ നിന്നുമാണ് ഒരു ദിനം യാത്രയാകുന്നത്. സുഖലോലുപതയില്‍ നിന്നാണ് കുമാരന്‍ ലോകത്തെ കാണാന്‍ ഇറങ്ങി പുറപ്പെടുന്നത്. ലോകമാണ് അദ്ദേഹത്തെ പുതിയൊരാളാക്കുന്നത്. നന്മയിലേക്കുള്ള മനുഷ്യന്റെ ഇത്തരത്തിലുള്ള ആത്മബോധം ഓരോ മനുഷ്യനിലുമുണ്ട്.
ഒരു കാലത്ത് ഇറാക്കിയന്‍ ജനതയെ മൂക്കു കയറിട്ട് നടത്തിച്ച സദ്ദാംഹുസൈന്‍ കൊലചെയ്യപ്പെടുന്നതിന്റെ അടുത്ത നിമിഷത്തില്‍ ധീരോദാത്തമായ പ്രവചനങ്ങള്‍ക്കൊപ്പം ശിശു സഹജമായ ഒരു നിര്‍മ്മലതയിലേക്ക് കഴുത്തു നീട്ടുന്ന രംഗം നാം കണ്ടു.
ഇത് ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും മാത്രം ഉടലെടുക്കുന്ന അംശമല്ല, ജൈവഘടനയിലെ അപൂര്‍വ്വതകളും കൂടി ഇതിന്റെ ഭാഗമാണ്. ഒരാളില്‍ അന്തര്‍ലീനമായ സിദ്ധിയോ, ജീനിന്റെ പ്രത്യേകതയോ, നിയോഗമോ ഒക്കെ ഇതിന് കാരണമാവാം. മനുഷ്യനറിയുന്നതും അറിയാത്തതുമായ പലകാരണങ്ങളും ഇതിന്റെ പിന്നിലുണ്ടാവും. പലതും ആപേക്ഷികവും അസംതുലിതവുമായിരിക്കുകയും ചെയ്യും. പ്രതിഭയെ നിര്‍ണ്ണയിക്കുമ്പോഴുള്ള ഇത്തരം സങ്കീര്‍ണ്ണതകള്‍ ഒന്നും ബാക്കിവെയ്ക്കാതെയാണ് സുജ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ജീവിതം മുഴുവന്‍ നിരര്‍ത്ഥകമാണെന്നോ അസംന്തുഷ്ടിയുടേതാണെന്നോ ഉള്ള വ്യാഖ്യാനമല്ല ഈ ആത്മഭാഷണത്തിന്റെ അടിസ്ഥാനം. മറിച്ച്, എല്ലാ സൗകര്യങ്ങള്‍ക്കിടയിലും മനുഷ്യനെ പിടിക്കൂടുന്ന വ്യാകുലതകളും പ്രശ്‌നങ്ങളും ഒരു ഭാഗത്ത,് അതുപോലെ പൊടുന്നനെ ജീവിതത്തിന് വന്നുപെടുന്ന സങ്കീര്‍ണ്ണത, ഹിംസാത്മകത, വെല്ലുവിളികള്‍ ……മറുഭാഗത്ത്.
സുജ തന്നെ പറയുന്നു:
‘ചെയ്യുന്ന കാര്യങ്ങളിലൊന്നും, ഉള്‍ച്ചേരാന്‍ കഴിയാത്തതിന്റെ
സന്തോഷിക്കാനാവാത്തതിന്റെ മത്സരിക്കാനാവാത്തതിന്റെ
അഭയം തേടിയ എല്ലാ സങ്കേതങ്ങളിലും അര്‍ത്ഥശൂന്യത തോന്നിയതിന്റെ
വേദനയും ഒറ്റപ്പെടലും അപമാനവും പേടിയും ഉള്ളില്‍ പേറി,
നിരാശപ്പെട്ടിരുന്ന നാളുകളില്‍ വീടിന്റെ ടെറസ്സില്‍, രാത്രിയില്‍ തനിച്ചിരുന്ന്,
ഒരു പാട് സമയം ദൈവത്തോട് സംസാരിക്കുമായിരുന്നു,
പലപ്പോഴും കണ്ണീരോടെ; ആഴത്തിലുള്ള സങ്കടമായിരുന്നു.
എന്തിന് എന്ന് ചോദിച്ചാല്‍ ഇപ്പോഴുമറിഞ്ഞുകൂടാ, ഉത്തരം.
അത് അങ്ങനെയായിരുന്നു; അത്രമാത്രം.
പിന്നീട് ദൈവത്തോടുള്ള ആ സങ്കടം പറച്ചിലാണ് എഴുത്തിലൂടെയായത്.’
ദൈവത്തിനുള്ള കത്തെഴുതാന്‍ സുജയെ പ്രാപ്തമാക്കുന്നത് നീല്‍ ഡൊണാള്‍ഡ് വാല്‍ഷ് ദൈവത്തിനെഴുതുന്ന കത്തുകളും അവയ്ക്ക് ദൈവം നല്‍കുന്ന മറുപടിയുമാണ് (Conversation with God- ) സത്യത്തില്‍ ഈ പുസ്തകത്തിന്റെ വായന അവരെ മാറ്റുകയായിരുന്നു.
വ്യവസ്ഥാപിതമായി പഠിപ്പിക്കപ്പെടുന്ന സത്യങ്ങളല്ല, ഒരോരുത്തരുടേയും സത്യങ്ങള്‍ എന്ന് അവര്‍ക്ക് ബോധ്യമാകുന്നു. ഇക്കാലത്ത് Conversation with God
എന്ന പുസ്തകം പലര്‍ക്കും അവര്‍ വായിക്കാന്‍ കൊടുത്തു. എന്നാല്‍ ആര്‍ക്കും അതൊരനുഭവമായില്ല.
‘ഓരോരുത്തരും തിരയുന്നതാണ് അവനവന് കിട്ടുന്നത്,’എന്ന് സുജയെഴുതുന്നത് അതുകൊണ്ടാണ്.
തുടര്‍ന്ന് സരസുവിന്റെ ആത്മകഥയായ ‘ഇതാണെന്റെ കഥയും ഗീതവും’ വായിക്കുന്നു. അഞ്ചാം വയസ്സില്‍ പോളിയോ വന്ന് ശരീരം തളര്‍ന്ന സരസു സ്വന്തം ജീവിതത്തെ വിളിക്കുന്നത് ഗീത മെന്നാണ്. ഇവിടെ സുജയുടെ മനസ്സ് പ്രവര്‍ത്തിക്കുന്നു. സുജ ചോദിക്കുന്നു: ‘അഴകും കഴിവും സമ്പത്തും സാമര്‍ത്ഥ്യവുമുള്ള നമ്മിലെത്ര പേര്‍ക്ക് ജീവിതത്തെ ഒരു പാട്ട് എന്ന് വിശേഷിപ്പിക്കാനാവും?’
ബാഹ്യാന്വേഷണങ്ങളുടേയും ബാഹ്യസമൃദ്ധികളുടെയും നിരര്‍ത്ഥകതയും ശൂന്യതയും സുജയ്ക്ക് ബോധ്യമായത് സരസുവിലൂടെയാണ്. സരസു പുതിയൊരു ജീവിതം സുജയ്ക്ക് നല്‍കുകയായിരുന്നു.
പിന്നീട് ഈ എഴുത്തുകാരിയുടെ ജീവിതം സരസുവിനെപോലുള്ള പലരുടെയും ജീവിതത്തിലേക്കുള്ള തീര്‍ത്ഥാടനമായിരുന്നു. കാലുകളുപയോഗിച്ച് ചിത്രം വരയ്ക്കുന്ന സ്വപ്ന, രണ്ടുകാലുകള്‍ക്കും സ്വാധീനമില്ലാതിരുന്നിട്ടും മറ്റുള്ളവരെ സഹായിക്കാന്‍ കര്‍മ്മരംഗം കണ്ടെത്തിയ റാബിയ – എല്ലാവരും സുജയ്ക്ക് പുനര്‍ജന്മം നല്‍കുകയായിരുന്നു.
ദുരിത പൂര്‍ണ്ണമായ തന്റെ ശൈശവകാല ഓര്‍മ്മകള്‍….. നിഷേധചിന്ത. ചില കാര്യങ്ങളോട് പൊരുത്തപ്പെടാനാവാത്ത അവസ്ഥ. ചില ധര്‍മ്മ സങ്കടങ്ങള്‍ … 2006 ആഗസ്റ്റ് 4ാം തിയ്യതി എഴുതിയ കുറിപ്പില്‍ സുജ പറയുന്നു:
”ദൈവത്തെ സംശയിക്കാന്‍, എനിക്കിടതന്നത് ദേവാലയങ്ങള്‍, എന്ന ദൈവ വിപണന കേന്ദ്രങ്ങള്‍ തന്നെയായിരുന്നു.”
”നന്നായി പഠിച്ചിട്ടും പാവപ്പെട്ടവളായതു കൊണ്ട് എന്റെ അദ്ധ്യാപകരായിരുന്ന ദൈവത്തിന്റെ മണവാട്ടികളുടെ എന്നോടുള്ള അവഗണനയും പുച്ഛവും പരിഹാസവും എന്നെ വേദനിപ്പിച്ചു.”
”ദൈവത്തെ, മെഴുകുതിരികളിലും സ്വര്‍ണ്ണക്കൊടിമരങ്ങളിലും
പ്രസാദിക്കുന്ന ഒരു കോമാളിയാക്കി, മതങ്ങള്‍ ജനങ്ങള്‍ക്ക്
അവര്‍ക്കവകാശപ്പെട്ട ദൈവാനുഭവം നിഷേധിക്കുന്നു.”
”ദൈവാനുഗ്രഹത്താല്‍ ദൈവത്തെ അന്വേഷിക്കാന്‍
മതത്തിന്റെ ദൈവ ശൂന്യത എനിക്കു പ്രേരകമായി.”
2006 ആഗസ്റ്റ് 5ന് അവരെഴുതി:
‘ഞാന്‍ ഒരു ചിത്രമാണ്
നിറങ്ങളും രൂപങ്ങളും തീരുമാനിച്ചത് ചിത്രകാരന്‍’.
നമുക്ക് അവകാശപ്പെടാനാവാത്ത ഒരുപാട് സത്യങ്ങള്‍ ഭൂമിയിലുണ്ടെന്നും യഥാര്‍ത്ഥ ദൈവം എവിടെ എന്ന് അന്വേഷിക്കാനും മുകളിലെ നിഷേധത്തിന് കുറച്ചു കൂടി വ്യക്തമായ ഉത്തരമെന്ന നിലയില്‍ ‘ചിത്രകാരനെ’ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
സെന്‍ഭാഷണത്തിന്റെ പൊലിമയുള്ള സുജയുടെ ഈ വാക്കുകള്‍ നമ്മെ മെല്ലെ തൊടുന്നവയാണ്. ജീവിതം വേഷത്തിനും ഭാഷയ്്ക്കും അപ്പുറം ധ്വാനാത്മകമാണെന്നു അവര്‍ വിശ്വസിക്കുന്നു. സുജയുടെ ജീവിതത്തില്‍ സരസു സത്യസന്ധമായ ഒരനുഭവമാണ്. പച്ചയായ ഒന്നാണ്.
സരസു കടന്നു പോയ വഴികളും സുജ കടന്നു പോയ വഴികളും വൈരുദ്ധ്യം നിറഞ്ഞതാണെങ്കിലും അടിസ്ഥാനപരമായി ഒരേ ലക്ഷ്യത്തിന്റേതാണ്.സ്വയം തുറക്കലിന്റേതാണ് – അത് തിരിച്ചറിഞ്ഞതാണ് സുജയുടെ സര്‍ഗ്ഗാത്മകത.
ആളുകള്‍ സരസുവിനെ കണ്ട് പാവം എന്ന് സഹതപിക്കുമ്പോള്‍ സുജ അങ്ങനെ ചെയ്യുന്നില്ല.
സഹതപിയ്ക്കുന്നവര്‍ക്കപ്പുറം വളരുന്ന ലോകമുണ്ട് സരസുവില്‍ !
മനുഷ്യന്റെ സഹതാപം പലപ്പോഴും വലിയ നിരര്‍ത്ഥകതയാണ്. വലിയ സ്‌നേഹശൂന്യതയാണ്.
പെണ്ണിനും പ്രകൃതിയ്ക്കും സമര്‍പ്പിക്കപ്പെട്ട പുസ്തകമാണ് വെറുതെയൊരുവള്‍. സ്ത്രീയെയും പ്രകൃതിയേയും കൂടെപിറപ്പായി കരുതി അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ മനസിന്റെ സംവേദനം കൂടിയാണിത്.
ഹുക്കുവോക്കയുടെ ആത്മീയ സങ്കല്‍പ്പങ്ങളിലൂടെ വലിയൊരു സഞ്ചാരം തന്നെ സുജ നടത്തിയിരുന്നു. അതും ഈ പുസ്തകത്തിന്റെ വെളിച്ചമാവുന്നു.സുജയുടെ പ്രായത്തിനപ്പുറം ഒരറുപത് കൊല്ലം ജീവിച്ച സ്ത്രീയുടെ അനുഭവതീക്ഷ്ണത പറിച്ചു നടന്നു ഈ ദിനകുറിപ്പുകളില്‍. ഇതില്‍ ഒരു സ്ത്രീ അനുഭവിക്കാത്ത അംശങ്ങള്‍ വളരെ കുറവാണ്. ജീവിതത്തിന്റെ സൃഷ്‌ട്യോന്മുഖത ചോര്‍ത്തിക്കളയുന്ന സ്‌കൂളുകള്‍, പാരിസ്ഥിതികപ്രശ്‌നങ്ങള്‍, ജീവിതം, കുടുംബം എല്ലാം കുറെ ചോദ്യങ്ങളായി രൂപപ്പെടുന്നു എല്ലാത്തിലുമൊരു സ്വതന്ത്രചിന്തയുണ്ട്.
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് അവരെ സ്വതന്ത്രമായി കണ്ടെത്താനുള്ള വഴി കാട്ടിക്കൊടുത്തു ഭാവി അവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. മാത്രമല്ല, ചിലപ്പോഴൊക്കെ നിഷേധങ്ങളോട് സമരസപ്പെടുന്ന ഒരു സാധാരണ സ്ത്രീയായി അവര്‍ സ്വയം കല്‍പ്പിക്കുന്നു; മാറുന്നു.
ചില നിഷേധത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്യവും വിവേകവുമുണ്ട്. അതേ സമയം തനിക്ക് ഇടത്താവളങ്ങളായിത്തീരുന്ന ദേവാലയങ്ങളെ നിഷേധിക്കുന്നുമില്ല. അതും തന്റൊരു സ്വാതന്ത്യത്തിന്റെ ഭാഗമാണ് എന്നവര്‍ കരുതുന്നു.മനുഷ്യരിലും പ്രകൃതിയിലും എല്ലാം ദൈവസാന്നിധ്യമറിയുന്ന മനസ്സ് അവര്‍ക്ക് കൂട്ടായി തീരുന്നു.
ആഗസ്റ്റ് 16ന് എഴുതിയ കുറിപ്പില്‍ സുജ പറയുന്നു:
സ്ത്രീയായി ജനിച്ചതില്‍ സന്തോഷവതിയാണ് ഞാന്‍.
സ്ത്രീത്വത്തിന്റെ കരുത്ത്, സൗന്ദര്യം, ഗൂഢത, വശ്യത, നിറവ് ….. എല്ലാം ഞാനാസ്വദിക്കുന്നു.
താഴ്‌വരകളും
സമതലങ്ങളും
കയറ്റിറക്കങ്ങളും
ഉറവുകളും
ആഴങ്ങളും ……..
സ്ത്രീക്ക്, പ്രകൃതിയെപ്പോലെ അവളില്‍ തന്നെ;
ശരീരത്തിലും മനസ്സിലും ഒരു പൂര്‍ണ്ണതയുണ്ട്.
സ്ത്രീ ശരീരം ചേതോഹരമെങ്കിലും
ഭാവപ്രധാനമായൊരു കവിത പോലെ
രൂപ പ്രധാനമെന്നതിനേക്കാള്‍,
ആന്തരികതയുടേതാണ് ഞാനദരിക്കുന്ന സ്ത്രീത്വം.
എന്നിലെ സ്ത്രീ, സ്വതന്ത്യയും ക്ഷമയും സഹിഷ്ണുതയും ഉള്ളവളുമാണ്.
എന്റെ ക്ഷമ, കണ്ണീരിന്റെയല്ല കരുത്തിന്റേതാണ്.
ഉപേക്ഷിക്കലിന്റേതല്ല, വീണ്ടെടുപ്പിന്റേതാണ്.
സ്വപ്ന,റാബിയ,മാരി,സരസു ഇവര്‍ക്കൊക്കെ പുറമെ മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ നോക്കുന്ന മീന്‍കാരി, സ്ത്രീ സഹിക്കേണ്ടവളാണെന്ന് വിശ്വസിച്ച്, ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റിട്ടും സുജയുടെ വീട്ടില്‍ സഹായിക്കാനെത്തുന്ന വേലക്കാരി; ഇവരൂടെയെല്ലാം ഓര്‍മ്മകളില്‍ സ്ത്രീയുടെ ശിഥിലതയല്ല കാണുന്നത്. അവരുടെ ആര്‍ജ്ജവത്തെയും കഴിവിനെയുമാണ്.
ജീവിതത്തെ വീണ്ടെടുക്കുന്ന ഒരു പ്രക്രിയ ഇവരിലെല്ലാമുണ്ട്. ഒരു പക്ഷെ പുരുഷനു പോലും അസാധ്യമായ കഠിനതയെയാണ് ഇവരെല്ലാം പ്രതിനിധീകരിക്കുന്നത്. അത് സുജയെ പുതുക്കി പണിയുകയും ചെയ്യുന്നു.
സ്വപ്നങ്ങളിലൂടെയും വേദനകളിലൂടെയും മനസ്സിനെ അലയാന്‍ വിട്ട് സ്വന്തം കാമനകളിലൂടെ ഇരൂപത്തിയൊന്നു ദിവസം അടയിരുന്നതിന്റെ സര്‍ഗ്ഗാത്മക ധന്യതയാണ് സുജയുടെ ‘വെറുതെയൊരുവള്‍?’
എഴുതി തുടങ്ങി ഓരോ ദിവസം കഴിയും തോറും എന്തിനെഴുതുന്നു എന്ന് സംശയിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്ത നിമിഷങ്ങള്‍. ശരീരത്തിന്റെ ഇളം ചൂട് പകര്‍ന്ന് ഒരുതള്ളക്കോഴി മുട്ട വിരിയിക്കുന്ന ജാഗ്രതയോടെ ഈ പുസ്തകം സുജ എഴുതി പൂര്‍ണ്ണമാക്കി.
വെറും ഇരുപത്തി ഒന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എഴുതി തീര്‍ത്ത ആത്മകഥാകുറിപ്പുകളുടെ കാവ്യരൂപമാണിത്. തന്റെ ശൈശവം മുതല്‍ പ്രകൃതിയോട് ഇണങ്ങി യും കലഹിച്ചും നടന്ന ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ അസാധാരണമായ അനുഭവത്തിന്റെ ഭാഷ്യം കൂടിയാണിത്. പ്രകൃതിയില്‍ തുടങ്ങി മനുഷ്യലോകത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെ നടത്തുന്ന കരുണാര്‍ദ്രമായ യാത്ര.
ബാല്യം, വിദ്യാഭ്യാസം, ജോലി, ദാമ്പത്യം, പ്രണയം, ജീവിതം, കുഞ്ഞുങ്ങള്‍, കുടുംബം, മണ്ണ്, പരിസ്ഥിതി, രാഷ്ട്രീയം, മതം, എഴുത്ത് ,അന്വേഷണം എന്നിവയില്‍ പൊരുത്തപെടാവുന്നതും ആവാത്തതുമായ അനുഭവങ്ങള്‍……. എല്ലാത്തിനെയും സഹാനുഭൂതിയോടെ നോക്കി കാണുമ്പോഴുള്ള അനുഭൂതിജന്യമായ നിമിഷങ്ങള്‍. സ്വന്തം ആവിഷ്‌ക്കാരത്തിന്റെ പുതിയൊരു രൂപം. മലയാളികള്‍ അത്രകണ്ടു പരിചയമില്ലാത്ത കാവ്യാത്മകമായ ആത്മകഥ.
സുജ കടന്നുവരുന്നത് കാഞ്ഞിരപ്പള്ളി ഗ്രാമത്തില്‍ നിന്നാണ്. ജേര്‍ണലിസം പൂര്‍ത്തിയാക്കി മദ്രാസില്‍ കുറച്ച് കാലം ഏഷ്യാനറ്റില്‍ ജോലി ചെയ്തു. തുടര്‍ന്ന് ജോലിരാജിവെച്ച് തിരുവനന്തപുരത്ത് വന്നു. ഭര്‍ത്താവ്: വിനു അബ്രഹാം. രണ്ട് കുട്ടികള്‍്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഐ.എ.എസ്സ്. കോളനിയില്‍ താമസം.