സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രവാസവും സാഹിത്യവും

ഇ. സതീദേവി

മധ്യകാലഘട്ടത്തെതുടർന്ന് ലോകത്തുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയെന്നോണം സാഹിത്യത്തിലേക്ക് കടന്നു വന്ന ഒരു പ്രതിഭാസമാണ് പ്രവാസം. മനുഷ്യന്റെ അന്വേഷണ തൃഷ്ണ പുതിയ മാനങ്ങളെ തേടി പോവുകയും അത് പിന്നീട് സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രകടിതരൂപമായി വളരുകയും ചെയ്തു. ഇതിനെ തുടർന്ന് കോളനിവത്കരണവും യുദ്ധവും അസഹിഷ്ണുതയും മനുഷ്യരാശിയുടെ ശാപമായി തീർന്നു. യൂറോപ്പിൽ ഇക്കാലത്തുണ്ടായ അസ്വാസ്ഥ്യങ്ങൾ ലോകത്ത് വലിയ ചേരിതിരിവ് ഉണ്ടാക്കുകയും അഭയാർത്ഥിത്വവും യുദ്ധവും ഒരു തുടർച്ചയായി മാറുകയും 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മനുഷ്യന്റെ ചിന്താധാരകളെ ഉണർത്തുന്നതിനും മാനവികതയുടെ വിത്തു പാകുന്നതിനും അത് കാരണമായി.

മനുഷ്യസമൂഹത്തിന്റെ ചരിത്രപരമായ വസ്തുതകൾ അനുകൂലമോ പ്രതികൂലമോ ആണെന്നിരിക്കട്ടെ, അതെല്ലാം എപ്പോഴും കൂടുതൽ സമ്പർക്കപ്പെടുന്നത് സാഹിത്യത്തിലാണെന്ന് വരുന്നു. അതുകൊണ്ട് ഏതുകാലത്തെ സാംസ്കാരികതക്കും ആ കാലത്തിലെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും. അത് തന്നെയാണ് പുതിയ ദർശനങ്ങൾക്ക് വഴിവെക്കുന്നത്.

ദർശനങ്ങളിൽ രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ തലങ്ങൾ ഏറെ കാണുമെങ്കിലും അത് സാമൂഹികപരിണാമത്തിന് യഥോചിതം പ്രയോജനപ്പെടാൻ സമയമെടുത്തെന്ന് വരും. എന്നാൽ സാഹിത്യദർശനങ്ങൾ മനുഷ്യസമൂഹത്തെ അടിമുടി സ്വാധീനിക്കുകയും ഏറ്റവും ശുദ്ധമായ വിമലീകരണം പൊടുന്നനെ സാധ്യമാക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സാഹിത്യത്തിലൂടെ കടന്നു വരുന്ന മാനവികതയാണ്.
വ്യക്തിയെ സാമൂഹിക ജീവിതത്തിന്റെ പ്രധാന കണ്ണിയായി മാറ്റുന്നതും സാഹിത്യം തന്നെ. വർഷങ്ങൾക്ക് ശേഷം സാഹിത്യത്തിന്റെ സാംസ്കാരികതയ്ക്ക് അന്യവൽക്കരണമുണ്ടാക്കാതെ നിലനിൽക്കുന്ന ആത്മീയ ചിന്തകളുണ്ട്.

ഈ തരത്തിലുള്ള ആത്മീയതക്ക് ഒരുപാട് ഉദാഹരണങ്ങൾ കണ്ടെത്താം. 1844 ൽ ജർമനിയിൽ ജനിച്ച ഫെഡ്രിക്
നീത്ഷെ തത്വ ജ്ഞാനത്തിന്റെയും അസ്തിത്വവാദത്തിന്റെയും ഇടയിൽ നിന്നും ലോകത്തോട് സംസാരിച്ചത് ഇന്നും ഓർമ്മിക്കപ്പെടുന്നത് അതുകൊണ്ടാണ്. എല്ലാവിധ ആദർശങ്ങളോടും എന്നന്നേക്കുമായി വിടപറഞ്ഞ് പ്രകൃതി തത്വജ്ഞാനത്തിനും അസ്തിത്വവാദത്തിനും വേണ്ടി നീത്ഷെ ജീവിച്ചു. ജർമ്മൻ തത്വചിന്തകരിൽ അഗ്രഗണ്യനായി വളർന്ന ഫെഡ്രിക് നിത്ഷെ തൻെറ പ്രവചനങ്ങളിലൂടെ ലോകത്തെ ആകമാനം സ്വാധീനിക്കാൻ കഴിവുള്ള ഒരു പ്രതിഭാസമായി മാറി.
നീത്ഷെയുടേത് പ്രവാസ തുല്യമായ ജീവിതമായിരുന്നു. ദൈവം മരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച നീത്ഷെ എക്കാലവും മാനവികതയുടെ വക്താവായി അറിയപ്പെട്ടു . പ്രസിദ്ധമായ അദ്ദേഹത്തിന്റെ ” ദസ് സ്പേക്ക് സരാതുസ്ത്ര” എന്നകൃതി മനുഷ്യൻ്റെ അസ്തിത്വത്തെ ഊട്ടിയുറപ്പിക്കുന്ന മഹത്തായ വചനങ്ങളുടേതാണ്. സരാതുസ്ത്രയ്ക്ക് മുപ്പത് വയസ്സായപ്പോൾ അയാൾ വീടും അതിന്റെ അരുണവർണവും വെടിഞ്ഞ് മലകയറി. അവിടെ തന്റെ ആത്മാവും ഏകാന്തതയും മാത്രം കൂട്ടായി പത്ത് വർഷം ആസ്വദിച്ച് ജീവിച്ചു. പക്ഷെ അവസാനം മനം മാറി ഒരു ദിനം സൂര്യനൊപ്പം ഉണർന്നെണീറ്റു, സൂര്യന് നേരെ നിന്ന് അതിനോട് ഇപ്രകാരം പറഞ്ഞു:
“മഹാതാരമേ നിനക്ക് പ്രകാശിക്കാൻ ഒന്നുമില്ല എങ്കിൽ നിന്റെ ആഹ്ലാദമെന്ത്, പത്ത് വർഷമായി നീ എന്റെ ഗഹ്വരത്തിലേക്ക്കയറിവരുന്നു.
അല്ലയോ മഹാ പ്രകാശമേ ഞാൻ ഇതാ എൻ്റെ അധോയാനം തുടങ്ങുകയായി. മനുഷ്യനിലേക്ക് ഞാനിതാ ഇറങ്ങുന്നു.”

സരാതുസ്ത്രക്ക് വീണ്ടും മനുഷ്യനാവണം.പോയവരൊക്കെ ജീവിത്തിലിങ്ങനെ തിരിച്ചു വരുന്നവരാണ്. ഇതുപോലെ പ്രവാസത്തിന്റെ ആത്മീയ തലം മനുഷ്യനെ എപ്പോഴും തിരിച്ച് വിളിക്കുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ പാശ്ചാത്യ ലോകത്തുണ്ടായ ഇത്തരം തത്വചിന്തയുടെ തുടിപ്പുകളിൽ പ്രവാസത്തിന്റെ വേദനയും
ഉന്മാദവും ഉൾവിളികളുമുണ്ടായി. പിന്നീടത് ജർമൻസാഹിത്യദർശന
ങ്ങളിലുംറഷ്യൻ സാഹിത്യത്തിലും അതിവേഗം അത് വേരോടി. കുറെകൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ കൊളോണിയലിസത്തിന്റെ ശിശുവാണ് പ്രവാസമെന്ന് തോന്നിപോകും. കോളണിവാഴ്ചയെ തുടർന്ന് ലോകത്ത് എവിടെയൊക്കെ ജനത അവമതിക്ക പ്പെട്ടുവോ അവിടുത്തെ ശേഷിപ്പുകളിൽ നിന്നും സർഗാത്മകത ഉണ്ടായതായി കാണാം. അതിന്റെ പരിഛേദത്തിൽ പ്രവാസത്തിന്റെ രക്തവും മാംസവും ഉണ്ട്.

സാമൂഹിക ജീവിതത്തിന്റെ ഉൾതുടിപ്പുകളിൽ നിന്നാണ് എല്ലാ ചിന്താ സാധാരകളും കടന്നു വരുന്നത്. സാഹിത്യത്തിൽ പ്രവാസത്തിന്റെ വരവും അതേ വഴികളിലൂടെ തന്നെ. സാമൂഹിക ജീവിതമാണ് പ്രവാസത്തെ ഊട്ടി ഉറപ്പിക്കുന്നത്. ഭാഷയിൽ ഏറ്റവും വലിയ ആത്മീയതയും ഭൗതികതയും സൃഷ്ടിച്ചത് പ്രവാസം തന്നെ. മറ്റ് പല സാഹിത്യരൂപങ്ങളിലും പ്രവാസത്തിന്റെ ആത്മാവ്‌ കാണുന്നുണ്ടെങ്കിലും നോവലിൽ അനുഭവപ്പെടുന്നത് പോലെ അനുഭൂതി പ്രധാനമായി മറ്റൊന്നിലും കാണുന്നില്ല.

നമ്മുടെ ഭാഷയിൽ നോവൽ ഒരു പുതിയ സാഹിത്യരൂപമായാണ് കടന്നുവന്നത്.പാത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ വാൾട്ടർ സ്കോട്ടിന്റെ അനുകരണമെന്നോണം പ്രത്യക്ഷപ്പെട്ട മാർത്താണ്ഡവർമ്മയുടെ ചുവട് പിടിച്ചാണ് നോവൽ സാഹിത്യ ചിന്ത മലയാളത്തിൽ സജീവമാകുന്നത്.

18 ഉം 19 ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിലുണ്ടായ സംഭവവികാസങ്ങളും യുദ്ധങ്ങളും മാനവരാശിയുടെ സങ്കീർണതയെവിളിച്ചോതുന്നവയായി
രുന്നു. ലോകോത്തരങ്ങളായ സാഹിത്യസൃഷ്ടികളത്രയും ഈ കാലഘട്ടത്തിന്റെ സന്തതികളാണ്. ദസ്തയേവ്സ്കിയുടെയും ടോൾസ്റ്റോയിയുടെയും വിക്ടർ യൂഗോയുടെയും രചനകൾ ലോകസാഹിത്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും നോവൽ സാഹിത്യശാഖയിൽ പുതിയ പ്രവണതകൾ പ്രത്യക്ഷപ്പെടുകയും ചെയ്തത് ഇക്കാലത്താണ്.

പ്രവാസത്തിന്റെ അന്ത:സംഘർഷങ്ങൾ ഇക്കാലത്താണ് സജീവമായി ലോകസാഹിത്യത്തിന്റെ ഭൂമികയിൽ പ്രത്യക്ഷപ്പെടുന്നത്.റഷ്യൻ ഭാഷയിലും ഫ്രഞ്ചിലും ഇംഗ്ലീഷിലുമാണ് നോവൽ അതിന്റെ സാധ്യതകൾ തുറന്നിട്ടത്.
ഒരു പക്ഷെ’ ഈ ഭാഷകളുടെ സാധ്യതകൾ തന്നെയാണ് നോവൽ പ്രസ്ഥാനത്തിന്റെ എല്ലാ വളർച്ചക്കും കാരണമായി തീർന്നതെന്നും പറയേണ്ടി വരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ബംഗാളിഭാഷയിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ട പ്രമുഖ കൃതികളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ നോവലുകൾ ഭാഷയിലും മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിലും എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയാം

പ്രവാസത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട ലാറ്റിൻ അമേരിക്കൻ കൃതികൾ ഇന്ന് നമുക്ക് സുപരിചിതമാണെങ്കിലും ( ഗബ്രിയേൽ കൃതികൾ)റഷ്യൻ ഭാഷയിൽ ദസ്തയോവ്സ്കിയുടെ രചനകൾ സൃഷ്ടിച്ചത്ര അനുഭൂതി പ്രധാനമായ ഒരു ലോകം മറ്റൊരു എഴുത്തുകാരനും കണ്ടെത്തി എന്ന് പറഞ്ഞുകൂടാ. പ്രവാസത്തിന്റെ ആന്തരിക ചോദനയിൽ നിന്നാണ് ദസ്തയോവ്സ്കിയുടെ മിക്ക കൃതികളും രൂപപ്പെട്ടത്. പ്രമേയപരമായി പ്രവാസത്തിന്റെ മൗലികത
അദ്ദേഹത്തിന്റെ രചനകളിൽ നേരിട്ട് കാണുന്നില്ലെങ്കിലും എഴുത്തുകാരന്റെ ചിന്തയിലും ഭാഷയിലുമുള്ള സ്ഫോടനാത്മകമായ ചലനങ്ങൾ അതിൽ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം. വ്യക്തി ഏതെങ്കിലും തരത്തിൽ അനുഭവിക്കുന്ന ഏകാന്തത പലപ്പോഴും സർഗ്ഗാത്മകതയായി തീരുന്നു .

എന്നാൽ ലോക സാഹിത്യത്തിൽ പ്രവാസത്തിന്റെ സാധ്യതകൾ അന്വേഷിക്കുമ്പോൾ വിക്ടർ യൂഗോവിന്റെ പാവങ്ങളെ
മറന്ന് സംസാരിക്കാനാവില്ല. നോവലിസ്റ്റ് സൃഷ്ടിച്ച ഷാങ് വാങ് ഷാൻ എന്ന കഥാപാത്രം ഒരു ജന്മം മുഴുവൻ തന്റെ ശത്രുക്കൾക്കും മിത്രങ്ങൾക്കുമായി മാറ്റിവെച്ച് അതിസാഹസികനായി മാറുന്ന ഒന്നു രണ്ട് ഭാഗങ്ങളുണ്ട്. ഒരു മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന കൊടും യാതനകളുടെ ആവിഷ്കാരത്തിലൂടെ യൂഗോ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്ന മനുഷ്യന്റെ വികാരവിക്ഷുബ്ധകളെയും സ്നേഹസമ്പർക്കങ്ങളെയും പ്രത്യക്ഷപ്പെടുത്തുന്നു. അനേകം കഥാപാത്രങ്ങളുള്ള ഈ നോവലിൽ പാരിസിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിച്ച് മരിച്ച മനുഷ്യന്റെ കണ്ണീരും ചോരയും കാണാം. ജീവിക്കാൻ വേണ്ടി പലായനം ചെയ്യുന്ന ഷാങ് വാങ്ഷാനിന്റെ മൂർത്തചിത്രം ഈ കൃതിയുടെ മൗലികതയാണ്‌. എഴുത്തുകാരനെന്ന നിലക്ക് പ്രവാസത്തിന്റെ പ്രക്ഷുബ്ധതകൾ യൂഗോവിനെയും വേട്ടയാടിയിരുന്നു.

സാഹിത്യം ജീവിതത്തിന്റെ പ്രതിഫലനമാണ്. എഴുത്തുകാരന്റെ മാനസിക തലം എന്താണോ സ്വീകരിക്കുന്നത്,അതാണ് പകർത്തപ്പെടുന്നത്. ടോൾസ്റ്റോയിയെ സംബന്ധിച്ചും ഇത് പറയാം. യുദ്ധവും സമാധാനവും, ഉയർത്തെഴുന്നേൽപ്പും, അന്നകരിനീന ഇവ എഴുതുന്ന കാലഘട്ടത്തിൽ ഗൃഹസ്ഥനായിരുന്ന് സ്വച്ഛത പൂണ്ട ഒരാളായിരുന്നില്ല.
ഭാര്യയുടെ അസ്വാസ്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ടോൾസ്റ്റോയിയുടെ ജീവിതാനുഭവങ്ങൾ പ്രവാസ തുല്യമായ വേദനയുടേതായിരുന്നു.

“ഏകാന്തതയുടെ നൂറ് വർഷങ്ങൾ” എഴുതിയ ഗബ്രിയേൽ ഗാർസിയ മാർക്കസ് തന്റെ പുതിയ രചനക്കായി അജ്ഞാതവാസത്തിൽ നിന്നതായി പറയപ്പെടുന്നു. അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ ജനിച്ച ജയിംസ് ജോയ്സ് ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവൽ രചയിതാക്കളിൽ പ്രമുഖനാണ്. പാരീസിലും സൂറിജിലും ട്രിസ്റ്റിയിലും ജീവിച്ച ജയിംസ് , ജന്മദേശം വിട്ട് പോവാൻ നിർബന്ധിതനായ ഒരാളായിരുന്നു.ന അദ്ദേഹത്തിന്റെ വിമർശകർ ഒരിക്കൽ പറയുകയുണ്ടായി സ്വന്തം നഗരത്തെ ഒരിക്കൽ പോലും ഉപേക്ഷിക്കാത്ത ഒരാളാണ് ജയിംസ് എന്ന്.സ്വന്തം ദേശമായ അയർലണ്ടിൽ നിന്നുള്ള ഒറ്റപ്പെടൽ അദ്ദേഹത്തിന്റെ രചനാ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചതായി പറയപ്പെടുന്നു. ജയിംസിന്റെ സർഗാത്മക രചനകളിലൊന്നായ ‘യൂളിസസ്’ ആഗ്ലോ ഹങ്കറിയൻ സാമ്രാജ്യത്വത്തെ കുറിച്ചുള്ള മഹത്തായ ഒരു സർഗാത്മകരേഖയാണ്.(Encyclopedia Britannica vil:13,page291)

ദേശീയ വാദത്തിന്റെ പീഢന സ്വഭാവമാണ് ജയിംസ് ജോയിസിനെ ആഗോള പൗരനാക്കി മാറ്റുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ ജയിംസിന് ജീവിതകാലം മുഴുവൻ ഒരു ഭ്രഷ്ടനായി ജീവിക്കാനുള്ള നിയോഗമുണ്ടായി. ഡബ്ളിൻ നഗരത്തിന്റെ ആത്മാവ് എനിക്ക് തിരിച്ചറിയാനാവുമെന്ന് അഭിപ്രായപ്പെട്ട ജയിംസ് ആധുനിക നഗരത്തിന്റെ അസ്വസ്ഥതകളിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോകുന്നു. ജീവിതത്തിൽ അദ്ദേഹം ഉപേക്ഷിച്ച ഡബ്ളിൻ നഗരം കൃതിയിലൂടെ പ്രത്യക്ഷപ്പെടുകയായിരുന്നു.

ദേശീയതയുടെ ഇരയായിരുന്നു ജയിംസ് ജോയിസ് എങ്കിൽ മതമൗലിക വാദികളുടെ പീഡനങ്ങൾക്കും പുറത്താക്കലുകൾക്കും ഇരയായി കടന്നു വന്ന ബംഗ്ലാദേശ് എഴുത്തുകാരിയാണ് തസ്ലീമ നസ്രിൻ.സ്വന്തം ദേശം വിട്ട് പലായനം ചെയ്യേണ്ടി വന്നു അവർക്ക്. ലജ്ജ, വീണ്ടും ലജ്ജിക്കുന്നു ,ഫ്രഞ്ച് ലവ്വർ , എന്റെ പെൺകുട്ടികാലം , ദ്വിഖണ്ഡിത,കല്യാണി,അന്തസുള്ള നുണകൾ, യൗവ്വനത്തിന്റെ മുറിവുകൾ എന്നിവ യെഴുതിയ തസ്ലീമ നസ്റിൻ സ്വന്തം അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നായിരുന്നു സംസാരിച്ചത്. എല്ലാ വ്യവസ്ഥാപിത ധാരണകൾക്കും എതിരായിരുന്നു അവർ.സ്വന്തം കുടുംബത്തെ പോലും ചോദ്യം ചെയ്യാനുള്ള തന്റേടവും മനക്കരുത്തും ഉണ്ടായിരുന്ന തസ്ലീമ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രവാസിയായിരുന്നു.

എഴുത്തുകാരിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ നദാലി ഹൻ ദാൽ പ്രവാസത്തിന്റെ വലിയൊരു ഇരയാണ്. മറുനാട്ടിലൂടെയുള്ള നിലക്കാത്ത യാത്രയാണ്, പാലസ്തീൻ കവിയായ നദാലി ഹൻ ദാലിന്റെ ജീവിതം. ബത് ലേം ദമ്പതികളുടെ മകളായി ജനിച്ച നദാലി ജനിച്ച നാൾ തൊട്ട് പ്രവാസിയായി. അമേരിക്ക, യൂറോപ്പ് , കാനഡ, ബ്രിട്ടൺ കരീബിയ, ലാറ്റിനമേരിക്ക,അറബ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അവർ മാറി മാറി ജീവിതം നയിച്ചു. പ്രവാസം എന്ന വാക്കിന്റെഥ മുഴുവൻ സാധ്യതകളും മനസിലാക്കി നദാലി ഹൻ ദാൽ ഒരിക്കൽ പറഞ്ഞു . പ്രവാസം എന്നത് മറ്റൊരാളോട് വിവരിക്കാവുന്ന അവസ്ഥയല്ല, വീടില്ലാതിരിക്കുക എന്നത് ഒരു വേദനയാണ്. അത് നമ്മളോട് എപ്പോഴും നമ്മുടെ അസ്തിത്വത്തെപ്പറ്റി പറയുകയും ഓർമ്മിപ്പിക്കുകയും ചെയ്യും. പ്രവാസം അനുഭവിക്കുന്നവർക്കു മാത്രമെ അതിലെ വേദന മനസിലാവു. പ്രവാസവും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചുനടലും ലോകത്തെ നന്നായി കാണാനുള്ള അവസരവും നൽകിയിട്ടുണ്ട്. അതായത് മഹത്വവും മഹത്വമില്ലായ്മയും കാണാനുള്ള അവസരം.
യാത്രയിൽ നഗ്നപാദനായ ഒരു കുട്ടിയെ കാണുന്നു വെന്ന് കരുതുക . വരണ്ട ചുണ്ടുള്ള, ഇപ്പോൾ ആയിരം കഷ്ണങ്ങളായി ചിതറാൻ പോകുന്ന കണ്ണുള്ള ഒരു കുട്ടിയെ. ആ കുട്ടി വെള്ളത്തിനായി കേഴുന്നു. അത് നമ്മിൽ പ്രതിഫലിച്ചു കൊണ്ടിരിക്കും . ഈ ദൃശ്യം മനസിൽ വളർന്നു കൊണ്ടേയിരിക്കും.

ഇത്തരം അസംഖ്യം കാഴ്ചകൾ ഓർമ്മയിലുണ്ട്. എന്റെ കവിതകൾ ഈ പ്രവാസ കാഴ്ചകളാണ് . ശബ്ദ മുഖരിതമായ അവസ്ഥക്ക് മേൽ നിശ്ശബ്ദത പതിക്കുന്നതു പോലെ അത് അനുഭവപ്പെടുന്നു. പ്രവാസമാണ് എന്നിലെ കവിയെയും എഴുത്തുകാരിയെയും നാടകകൃത്തിനെയും ചലിപ്പിക്കുന്നത്

നദാലിയുടെ ഈ ശബ്ദം വേറിട്ടതാണ്. സ്വന്തം അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് അഗ്നിനാളങ്ങൾ പോലെ അവ തല നീട്ടുന്നു .എല്ലാ പ്രവാസിക്കുമുണ്ട് നനതായ വീക്ഷണങ്ങൾ. അവർ അസ്വാതന്ത്ര്യങ്ങൾക്കുള്ളിൽ ജീവിക്കുമ്പോഴും ആന്തരിക സ്വാതന്ത്ര്യത്ത ലക്ഷ്യമാക്കുന്നു.ഒരു പ്രവാസി എപ്പോഴും ആഗോള പൗരനാണ്. അയാൾക്ക് മാത്രമേ ആഗോള പൗരനാകാൻ പറ്റൂ .

ഇറാക്കിലെ പ്രശസ്തനായ എഴുത്തു കാരനാകുന്നു മഹമൂദ് സയ്യിദ്. അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്നു ഇദ്ദേഹം രാഷ്ട്രീയ കാരണങ്ങളാൽ സദ്ദാംഉസൈനിന്റെ ഭരണകാലത്ത് ആറ് തവണ ജയിലിൽ കിടന്നു. പിന്നീട് UAE വഴി അമേരിക്കയിലേക്ക്പലായനംചെയ്യുക
യും ഇറാക്കിന്റെ അസ്വസ്ഥതകളെ കുറിച്ച് ശക്തവും സുതാര്യവുമായ കഥകൾ എഴുതുകയും ചെയ്തു . അദ്ദേഹം എഴുതിയ പ്രസിദ്ധമായ ഒരു കഥയാണ് കയ്പ്പൻ പ്രഭാതം .

അമേരിക്കൻ ഉപരോധത്തിന്റെ അവസാന നാളുകളിൽ ഒരു സാധാരണ ഇറാക്കി കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് സൂചിപ്പിക്കുന്ന ഈ കഥ പ്രവാസത്തിന്റെ ദുരന്ത ചിത്രങ്ങളിലേക്ക് കൺതുറക്കുന്നു.(ദേശാഭിമാനി 2009 Page : 25 ) കയ്പ്പൻ പ്രഭാതം ആരംഭിക്കുന്നത് ഒരു കുഞ്ഞിന്റെ ചിരിയിൽ നിന്നാണ് ശിശുസഹജമായ നിർമ്മലതയെ ചിത്രീകരിച്ച് മുഹമൂദ് സയ്യിദ് ജീവിതത്തിലെ ഭീതി ജനകമായ ദാരിദ്ര്യത്തിന്റെ വേദനയിലേക്ക് കടന്നു വരുന്നു എല്ലാം വിറ്റ് പെറുക്കി ജീവിച്ച് ഇനി സ്വന്തം കിടാവിനെ മറ്റൊരു കുടുംബത്തിലെ ഒരു ഉമ്മയെ ഏൽപിക്കണമെന്ന അവസ്ഥ യിലെത്തുന്നു.കുഞ്ഞിനെ വിൽക്കാൻ വിസമ്മതിക്കുന്ന ഭാര്യയുടെ മുൻപിൽ അയാൾക്ക് ഒരു ചോദ്യമേഉണ്ടായിരു
ന്നുള്ളു.
“ഞാൻ വേണോ ? കിഡ്നി വിൽക്കണമോ ? “
ഒടുവിൽ ഭാര്യ ഭർത്താവിനോട് പറയുന്നു. നിങ്ങൾ ആശുപത്രിയിലേക്ക് പോവുകയാണെങ്കിൽ പിന്നീട് നമ്മൾ തമ്മിൽ ഒരിക്കലും കണ്ടു മുട്ടുകയില്ല. ഇങ്ങനെ കൊടും വറുതിയിൽ ജീവിക്കുമ്പോഴും ജീവിതത്തിന്റെ പാരസ്പര്യവും സ്നേഹവും അറിയുന്ന ദമ്പതികളുടെ കഥയിലൂടെ പുതിയ ഒരു പ്രമേയം മഹമൂദ് സയ്യിദ് അവതരിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെ അവന്റെ ഉമ്മ ഒന്ന് തുറിച്ചു നോക്കുന്നത് പോലും അയാൾക്ക് അസ്വാരസ്യം ഉണ്ടാക്കുന്നു. എല്ലാ വിഷമതകളിലും ദാമ്പത്യത്തിന്റെ സൗഖ്യം അവർ അനുഭവിക്കുന്നു. ഇറാക്കി ജനതയുടെ ഹൃദയവിശാലതയിൽ നിന്നാണ് ഈ കഥ പിറക്കുന്നത്. അവർ എല്ലാ കാലത്തും പ്രവാസികളായിരുന്നല്ലോ കുടിയേറുകയും കുടിയിറങ്ങുകയും ചെയ്ത ഒരു ജനത.
യുദ്ധവും പോരാട്ടങ്ങളും
കണ്ട് വളർന്ന ഒരു ജനത.
അവരുടെ ആന്തരികമായ ബലം ഒരു പക്ഷെ ഇത്തരം കെടുതികളിൽ നിന്ന് ഉടലെടുത്തതാവാം. മഹമൂദ് സയ്യിദ് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയത് തീർച്ചയായും പ്രവാസമാണ്.

കുടിയേറ്റം സ്വയം പ്രതിനിധാനത്തിന്റെ കേന്ദ്രമാണെന്ന് അറിയുന്ന എഴുത്തുകാരനാണ് റുഷ്ദി. അദ്ദേഹത്തിന്റെ ജീവിതത്തിലും സാഹിത്യത്തിലും കുടിയേറ്റം സത്താപരമായ ഒരവസ്ഥയാണത്രെ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി ‘ലജ്ജ യുടെ കാലത്ത് നിരാധാരത ഒരു വലിയ വിഷയമായിരുന്നു.

ഇന്ത്യയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. പ്രവാസത്തിന്റെ ഏറ്റവും തീക്ഷ്ണമായ ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾ. ഇന്ത്യക്കാരനായി ജനിച്ച് സാഹചര്യങ്ങളാൽ മറ്റൊരു രാജ്യത്തേക്ക് മാറുകയായിരുന്നു അദ്ദേഹം. മുസ്ലിം മതമൗലികവാദികൾ വധഭീഷണി ഉയർത്തുകയും ജനിച്ച മണ്ണ് ഉപേക്ഷിക്കാൻ ഇടയാവുകയും ചെയ്തു. ഇന്ത്യൻ അവസ്ഥയെ പച്ചയായി നിരീക്ഷിക്കാൻ ഇതാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വയം ഭ്രഷ്ടരോ ബഹിഷ്കൃതരോ കുടിയേറ്റക്കാരോ ഒക്കെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ( വി. രാജകൃഷ്ണൻ 98 ( 124 ) അർദ്ധരാത്രിയുടെ സന്തതികൾ, ചെകുത്താന്റെ വചനങ്ങൾ, മുറിവിന്റെ അന്ത്യനിശ്വാസം, ലജ്ജ – ഇതത്രയും കുടിയേറ്റക്കാരായവരുടെ ധർമ്മ സങ്കടങ്ങളിലേക്ക് മിഴി തുറക്കുന്നു.

പ്രവാസത്തിന്റെ പരിപ്രേഷ്യങ്ങൾ സാഹിത്യത്തിലുണ്ടാക്കിയ അർത്ഥ തലങ്ങൾ ചെറുതല്ല. എഴുത്തുകാരനെ സമ്പൂർണ്ണനാക്കുന്നതിൽ പ്രവാസത്തിന്റെ സാമൂഹ്യശാസ്ത്രത്തിന് വലിയ പങ്കുണ്ട് “പ്രവാസി എഴുത്തുകാർ ഒരേ സമയം പുറത്തും സമൂഹത്തിനകത്തും ജീവിക്കുന്നവരാണ്. അവർ ഇരട്ട പരിപ്രേഷ്യത്താൽ അനുഗ്രഹീതരാണ്. പഴയ ലോകത്തെ കുറിച്ചും നിലവിൽ വരേണ്ടുന്ന പുതിയ ലോകത്തെ കുറിച്ചുമുള്ള വെളിപാടുകളാണ് അവരുടെ കൃതികൾ.” എന്ന് ജി. ആർ തനിജയും , ആർ കെ.ദവാനും ഒരു പഠനത്തിൽ വിലയിരുത്തുന്നു . ( 1992 : 232 )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…