സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പൂക്കളുടെയും പെൺകുട്ടികളുടെയും ഭൂമി

സെറീന

      

1.

കരിഞ്ഞുണങ്ങിയ 

പൂക്കളുടെ ഉള്ളിൽ നിന്ന് 

ശേഖരിച്ചു വെച്ച വിത്തുകൾ 

വാക്കുകളെയും ദൈവത്തെയും  തൊടാൻ 

കൈവിറച്ച പെൺകുട്ടിയെ പോലെ 

കാറ്റും വെളിച്ചവും കടക്കാത്ത മൂലകളിൽ 

ജീവൻ്റെ ഒരടയാളവും തീണ്ടാതെ കിടന്നു. 

ഇരുട്ടിൽ നിന്ന് വെയിലിലേക്ക് 

നീളുന്നു ഉറുമ്പുകളുടെ ജാഥ 

മരണം തിന്നതിൻ്റെ  ബാക്കിയിൽ 

ജീവിതത്തെ ഊട്ടുന്നവരുടെ വലിയ നിര 

അവ ഞങ്ങളോട് സംസാരിക്കുന്നുണ്ടായിരുന്നു 

ശിക്ഷ തീരാനുള്ള വര്‍ഷങ്ങളെ

ദിവസങ്ങളാക്കി കൗണ്ട് ഡൗൺ 

ചെയ്യുന്ന ജീവ പര്യന്തം 

തടവുകാരനെയെന്ന പോലെ 

പ്രതീക്ഷയുടെ സൂത്രവാക്യങ്ങൾ 

ഞങ്ങളെ തൊട്ടു. 

ശസ്ത്രകിയാ മേശയില്‍ 

തെളിഞ്ഞ സ്റ്റീല്‍ കത്തിയുടെ മൂര്‍ച്ചയ്ക്ക് 

കാത്ത് കിടക്കുന്ന രോഗാതുരമായൊരു 

ശരീരത്തിൻ്റെ മടങ്ങിവരവ് പോലെ 

വേദനയിലൂടെ വേദനയുടെ നൂൽപ്പാലം 

കടക്കുന്ന മറ്റൊരു സൂത്രവാക്യം. 

കടന്നു പോകുന്നേരം 

പരസ്പരം മുഖം മുട്ടിച്ചു 

കൈമാറുന്ന അടയാളവാക്യത്തിൽ 

കൂട്ടമായിരിക്കുന്നതിൻ്റെയും  

കൂട്ടായിരിക്കുന്നതി ൻ്റെയും

മധുരത്തരികൾ പറ്റിപ്പിടിച്ചു. 

ഉറുമ്പുകളാകണമായിരുന്നു ഞങ്ങൾക്ക് 

ഉഷ്ണം ഒളിച്ചു കടത്തിയ 

മഴകളെ വീണ്ടെടുക്കണമായിരുന്നു 

ഉണങ്ങിയ പൂക്കളിൽ നിന്ന് 

വസന്തത്തെ വിരിയിക്കണമായിരുന്നു 

എല്ലാ കൊടുങ്കാറ്റുകളുടെയും 

ചുരുൾ നിവർത്തിയ കൊടിക്കൂറ പോലെ

തലമുടിയുടെ അലകൾ വിടർന്നു 

ലോകം കനത്തിൽ കറുപ്പിച്ചു 

കണ്ണെഴുതുകയാണെന്ന മട്ടിൽ 

കണ്ണാടികൾ തെളിഞ്ഞു 

എല്ലാ തീയും വാങ്ങി കറുക്കുന്ന

വിറകടുപ്പിൻ്റെ ചിമ്മിനിയുള്ള്

സൂര്യനിലേക്കു തുറന്നു. 

കുഴിഞ്ഞ കണ്ണുകളുടെയും 

കറുത്തു വരണ്ട തടങ്ങളുടെയും 

താഴ്‌വരകളിൽ നിന്ന് 

ലോകത്തെ കവിതയിലേക്ക് 

പരിഭാഷപ്പെടുത്തുന്ന വാക്കുകൾ

വിരൽ കോർത്തു പിടിക്കുന്നു,

ഭൂമി തിരണ്ടത് പോലെ

ഒരു പൂപ്പാടമുണ്ടാവുന്നു !

2.

അല്ലെങ്കിൽ തന്നെ 

എത്ര കാലമാണ് വേനലുകളെയിങ്ങനെ 

കയറൂരി വിടുക !

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…