ഹരി…
നീയൊഴുകുന്ന
പുല്ലാങ്കുഴല്‍ മൊഴികളില്‍
ഞാന്‍ തലചായ്ച്ചുറങ്ങവേ.
അരികിലമ്മ,
കനിവിന്‍ ചുളിവിരലാലെന്‍
മുടിയിഴയിലോര്‍മ പരതുന്നു.
ജലമുണങ്ങിയ
കല്‍പ്പടവിലൊരു തുള്ളി
മിഴിവെളിച്ചം തുളുമ്പുന്നു.
പകുതി ചാരിയ വാതിലില്‍
പകലിന്‍ വെയിലിളക്കങ്ങള്‍;
പദമൂന്നാതെ നടക്കും
കാറ്റിന്‍ കവിതമൂളിച്ചകള്‍.
ഹരീ ….
നീ തളിര്‍ക്കുന്ന
പുല്ലാങ്കുഴല്‍ വഴികളില്‍ ഞാന്‍
കനവണിഞ്ഞു നില്‍ക്കേ
കൈകളില്‍
പൂവിരല്‍ കോര്‍ത്തെന്‍ പ്രണയം
കുന്നുകള്‍ കയറുന്നു.
നിറയെ ആകാശം
ഇറുത്തെടുക്കാനരികിലെന്റെ
ഹൃദയനക്ഷത്രം.
ചുവടുതെന്നുന്നു,
കടല്‍പോലെ ജീവിതം
കാത്തിരുന്നു വിഴുങ്ങുന്നു.
പ്രണയത്തിരകളില്‍
വിരഹമിരമ്പുന്നു.
കടലിന്നാവേഗം
കവിതയും കടക്കുന്നു.
ഹരീ…
നീയരിഞ്ഞിട്ട
പുല്ലാങ്കുഴല്‍ക്കതിര്‍മണികളില്‍
കൊഴിഞ്ഞൊരോര്‍മകള്‍
വെയിലുകായുന്നു.
പതിച്ചും മെതിച്ചും
കുടഞ്ഞും പാറ്റിയും
പതിരുപോക്കുന്നു.
കിഴിച്ചിതോര്‍മ്മകള്‍
അളന്നെടുക്കുന്നു.
പറ നിറഞ്ഞോര്‍മ്മ
തുളുമ്പിപ്പോവുന്നു.
ഹരീ …
നീ പറത്തുന്ന
പുല്ലാങ്കുഴല്‍ച്ചിറകിലേറി ഞാന്‍
പറന്നുപോവുന്നു.
അളന്നൊരാകാശം
കുഴഞ്ഞുതാഴുമ്പോള്‍
വിജനമാമൊരു
തുരുത്തിലേകന്‍ ഞാന്‍.
നിലയറ്റ്
സമയമറ്റ്
ഇന്ദ്രിയങ്ങളറ്റ്
ഞാന്‍ കട പുഴകുന്നു.
ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ പകര്‍ന്നുന്നത് .