ഇതൊരു തുറന്നു പറച്ചിലാണ്;
തുടർന്ന് വായിക്കുവാനുള്ള ഒരു അസാമാന്യധൈര്യത്തെ ഞാൻ ക്ഷണിക്കുന്നു.
പ്രണയമെന്നത് രണ്ട് വ്യക്തികളെ
സംബന്ധിക്കുന്ന ഒരപൂർവ്വ കാലമത്രേ!
നിങ്ങളിൽ നിക്ഷിപ്തമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് മാത്രമേ പ്രണയം സാധ്യമാകൂ.
അലഞ്ഞലിയുന്ന കാറ്റിനെ പോലെ സ്വതന്ത്രമാക്കി പ്രണയത്തെ വിടുന്നവരോട് സ്നേഹത്തിൻ്റെ ഭാഷയിൽ ഞാനുരുവിടുന്നു.
“നിർത്തുക.. കാറ്റിനെ തൽക്ഷണം പിടിച്ചു വയ്ക്കുക!”
പ്രണയത്തിലകപ്പെട്ട എന്തിനോടുമാകട്ടെ,
ആ അംശത്തെ മാത്രം നിങ്ങൾ തൊടുമ്പോൾ നിങ്ങൾ മരിക്കുന്നു!
നിങ്ങൾക്കേറ്റവും ഭയമുള്ള വിഷാദത്തിലേക്കോ കരിംസർപ്പത്തിലേക്കോ മറ്റു സാധുജീവനുകളിലേക്കോ നിങ്ങളുടെ പ്രണയത്തെ പകുത്തു വിടുക!
ഒരു വിടുതലോടുകൂടിയുള്ള പ്രക്രിയയ്ക്കല്ലാതെ നിങ്ങളെ മോചിപ്പിക്കുവാൻ ഒന്നിനും സാധ്യമല്ല!
നിങ്ങൾ സ്വാതന്ത്ര്യ മാർജിച്ച് പ്രണയിക്കുമ്പോൾ അത് സ്വതന്ത്രതയെ തടവിലാക്കുക മാത്രം ചെയ്യുന്നു.
വന്യമായ തിരകളെ കുഞ്ഞോളങ്ങളായ് കെട്ടിയിടുവാനുള്ള കെൽപുണ്ടേൽ മാത്രം പ്രണയിക്കൂ.
അർത്ഥമില്ലാതെ അന്തരാത്മാവിൻ്റെയാത്മാവിനെ തീക്ഷ്ണമായി കാമിക്കുക!
ഒരിറ്റു വെളിച്ചം പോലും കടന്നുവരാത്ത കാനനഭംഗിയുള്ള എൻ്റെ പ്രണയത്തിലേക്ക് തീചൂടിനെ മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു.
അതെൻ്റെ ജല്പനങ്ങളേയും മൃദുവായ നിശ്വാസത്തെയും കെടുത്തുക മാത്രം ചെയ്യട്ടെ!
മൃതിക്കപ്പുറം എത്തി നോക്കുന്ന പുനർജനിയെ നൽക്കുന്ന പ്രക്രിയമാത്രം പ്രിയതരം!
മിശ്രണങ്ങളായ ധ്വനികൾക്കുള്ള സുന്ദരലയമാണ് ആസ്വാദ്യകരം;
എന്നിലെ മറ്റൊരെന്നെ, എൻ്റേതല്ലെന്ന് ഞാൻ വിശ്വസിച്ച അറ്റത്തേക്കുള്ള പ്രയാണം കണക്ക് എന്നെ തൊടുന്ന പ്രണയമേ.. നിന്നെ ഞാൻ മുറുക്കിപിടിക്കുന്നു!
അടയാതെയണയാതെ എന്നിലെ തീക്ഷ്ണതീയായി തുടരുക;
മറ്റൊരെന്നെയും നിന്നെയും വാർത്തെടുക്കുക, പരിണാമം സാധിക്കുക!