കണക്കുകൾ നോക്കാതെ ,
ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴി
ക്കലുകളില്ലാതെ ,
ഞാനും നീയുമില്ലാതെ ,
വെറും മനുഷ്യർ മാത്രമാകാൻ കഴിയുന്നൊരു
സൗഹൃദമുണ്ടായിരുന്നെങ്കിലെന്ന്
ആഗ്രഹിച്ചിട്ടുണ്ടോ ?
നിന്നിലെ അപരന്റെ ഭ്രാന്തുകളുടെ
കൂടാരത്തിൽ ഒന്നിച്ചിരുന്ന്
പൊട്ടിച്ചിരിക്കാനും , തേങ്ങിക്കരയാനും
കഴിയുന്നൊരാൾ ….
തിരകളിലേക്കിറങ്ങി നടക്കുന്ന നിന്റെ
കാൽപ്പാടുകളെ മായ്ച്ച് തിരയായി
വന്ന് നിന്നെ മൂടിപ്പോകുന്നൊരാൾ …
തണൽത്തേടി അലയുന്ന നേരത്ത്
അരികിൽ കിളിർത്ത മരമായി
നിനക്കു മീതെ കുടയാകുന്നൊരാൾ ..
ഒന്നും മിണ്ടാനില്ലാതെ ശൂന്യതയിലേക്ക്
ചെവിയോർത്തിരിക്കുന്ന നിന്റെ
മുന്നിലേക്ക് കഥകളുടെ ഭാണ്ഡവുമായി വന്നെത്തുന്ന കൂട്ട് …
ആവി പറക്കുന്നൊരുകപ്പു ചായയുമായി അടുത്തെത്തി
ചാരിയിരുന്നു കുടിച്ചോളൂന്ന് പറഞ്ഞ്
തോളു ചായ്ച്ചുതരുന്ന സൗഹൃദം …
പരസ്പരം മിണ്ടാതെ വെറുതെ
വിരലുകൾ കോർത്ത് എത്രയോ
ദൂരമൊപ്പം നടക്കാൻ കഴിയുന്നൊരാൾ …
വഴിയരികിൽ പൂത്തുനിൽക്കുന്ന
കാക്കപ്പൂവിലും തൊട്ടാവാടിയിലും
ഇന്നും ബാല്യത്തിന്റെ കൗതുകങ്ങളുറങ്ങുന്നുണ്ടെന്നു
പറയുന്നൊരു സ്നേഹിതൻ…
മറന്നുപോയ മഴതണുപ്പിലേക്ക്
വീണ്ടുമൊരിക്കൽക്കൂടി കൈനീട്ടാൻ
ധൈര്യം തരുന്നൊരാൾ ..
എന്നോ നടന്നു തീർന്നിടവഴികളിൽ ഓർമകളുടെ പൊട്ടുകൾ തിരയാൻ വിളിക്കാതെ കൂട്ടുവരികയും,
വരണ്ടുപോയ പ്രണയച്ചാലുകളെ
കീറിയെടുത്ത് ഇനിയുമുറവകൾ
ബാക്കിയുണ്ടെന്നോർപ്പിക്കുകയും
ചെയ്യുന്നവൻ …
അങ്ങനെയൊരു സൗഹൃദം ….
കണക്കുകൾ നോക്കാതെ ,
ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴി
ക്കലുകളില്ലാതെ ,
ഞാനും നീയുമില്ലാതെ ,
വെറും മനുഷ്യർ മാത്രമാകാൻ കഴിയുന്നൊരു
സൗഹൃദം ആഗ്രഹിക്കുന്നില്ലേ
ഞാനും നീയും ?