എന്തിനാണ് ഞാൻ കാത്തിരിക്കുന്നത്
വെളളക്കുതിരപ്പുറത്ത് വന്ന്
ഒരു സ്വപ്‌നനഗരിയിലേക്ക്
അയാള്‍
എന്നെ
കൂട്ടിക്കൊണ്ടുപോകാനോ
വാസ്തവത്തില്‍
എനിക്ക്
അയാളുടെ കയ്യില്‍നിന്നും
കടിഞ്ഞാണ്‍ പിടിച്ചെടുക്കണം.
പോരാ
എൻ്റെ ഗര്‍ഭപാത്രവാതില്‍ക്കല്‍
അഹോരാത്രമുള്ള അയാളുടെ കാവല്‍
അവസാനിപ്പിക്കണം.
എന്നിലേക്കെത്താനുളള വാതിലുകളെല്ലാം
അടച്ചുകളഞ്ഞാല്‍
അയാളെന്തുചെയ്യുമെന്നാണ്
ഒതുങ്ങിമടങ്ങിയ
തൂവലുകളെക്കുറിച്ചു
കവിതയെഴുതുമായിരിക്കും
എല്ലാം നശിപ്പിച്ചുകളയുമെന്ന്
ഭീഷണി മുഴക്കുമായിരിക്കും
എന്തുവന്നാലും
എൻ്റെ
ശരീരത്തിലേക്കുള്ള
സ്വപ്‌നപാതകളെല്ലാം
കൊട്ടിയടക്കേണ്ട സമയമായിരിക്കുന്നു.
തീര്‍ച്ച.
മൊഴിമാറ്റം- പി.ഹരികുമാര്‍