
എന്റെ സ്വപ്നങ്ങളുടെ പറുദീസയിൽ
പടർന്നു പന്തലിച്ച വൃക്ഷമായിരുന്നു നീ
മുറിച്ചു മാറ്റിയിട്ടും വേരിൽ നിന്നും
വീണ്ടും വീണ്ടും മുളച്ചു പൊന്തുന്ന
തഴപ്പച്ചയുടെ ഓരത്തണലിൽ
ഞാനെന്റെ ഓർമ്മത്തളർച്ചകളെ
കിടത്തിയുറക്കട്ടെ.
ദിനരാത്രങ്ങളൊടുങ്ങിയ
സംവത്സരങ്ങൾക്കും യുഗങ്ങൾക്കുമപ്പുറം
ഒരു തമോഗോളമായ് തരിശായ ഭൂമിയിൽ
ജീവന്റെ ജലബിന്ദു ഇറ്റു വീഴുമ്പോൾ
മുളപൊട്ടി തിരി നീട്ടുമൊരു ചെടിയെ
തലോടും സൂര്യ രേണുവായ്
നീയെന്റെ അരികിലേക്ക് വരുന്നതെന്നാണ്?
രാജകൊട്ടാരത്തിലെ അന്ത:പ്പുരത്തിൽ നിന്നും
ആട്ടിയോടിക്കപ്പെട്ട കാമിനി
ഇന്ദ്രിയാഭിനിവേശങ്ങൾ വെടിഞ്ഞ്
പ്രാണൻ മുറുകെ പിടിച്ച്
ബുദ്ധശിഷ്യനെ കാത്തിരുന്ന പോലെയല്ല
കിരീടവും ചെങ്കോലുമില്ലാതെ
അമ്പാടിപ്പൈതലിന്റെ കുസൃതിയോടെ
ഈറത്തണ്ടുമായ് വരും ആട്ടിടയനെയോർത്ത്
ശ്യാമരാധ തപസ്സിരുന്ന പോലെയുമല്ല.
എഴുതി പൂർത്തിയാക്കാനാവാത്തൊരു
പ്രണയകാവ്യത്തിന്റെ
അവസാനത്തെ ഈരടികൾക്കായ്
പൊരുന്നിരിക്കുമൊരു പക്ഷിയെപ്പോലെ
ഇഹപരങ്ങളിൽ കാത്തിരിക്കുമെൻ
ദേഹമില്ലാത്ത ദേഹിതൻ
ആത്മദാഹം തീർക്കുവാൻ
അക്ഷരത്തെളിനീരുമായ്
നീ നീയായ് വരുന്നതെന്നാണ്?