നിശ്വാസങ്ങളെ വായിക്കാൻ അറിയാമെന്ന് പറഞ്ഞ
ഏതോ ഒരു സ്വപ്നം
രാത്രിയുടെ ഇടനാഴിയിൽ
വന്നു നിൽക്കുന്നു,
എല്ലാം തെറ്റായി വായിച്ചെടുക്കുന്നു,
ഉടലിൽ ഉയിരില്ലേ എന്ന ചോദ്യം പോലെ കുത്തി നോവിക്കുന്നു,
കടൽത്തിരയിൽ തൊട്ട് പിന്നോട്ടോടുന്ന
ഉടുപ്പിടാത്ത കുട്ടിയാണ് ഞാനെന്ന്
സമ്മതിക്കാതെ സമ്മതിച്ച നിമിഷത്തെ തിരികെയെടുക്കുന്നു…
നിശ്വാസങ്ങളെ വായിക്കുക എന്നാൽ
ആത്മാവിന്റെ വിരലുകളിൽ ഒളിഞ്ഞിരിക്കുന്ന കുഞ്ഞു മറുകിനെ ചുംബിക്കുക എന്ന് കൂടിയാണെന്ന്
ഞാനും മറന്നു പോകുന്നു,!
എവിടെയോ രണ്ട് തിരകൾ കൂട്ടിമുട്ടുന്ന
ശബ്ദം ഉയരുന്നു,
ഞാൻ ശ്വസിക്കുന്നപോലെ….
എന്റെ മൗനം (ചിലപ്പോൾ നിന്റെ )
കുത്തിയൊലിക്കുന്ന അരുവികളുള്ള,
ആനക്കൂട്ടം മുറിച്ചുകടന്ന് പോകുന്ന,
വന്മരങ്ങളുടെ ഇലകൾ പെയ്യുന്ന,
വെളിച്ചം പാട്ടെഴുതിക്കൊണ്ടുറങ്ങി കിടക്കുന്ന,
പച്ചനിറത്തിലുള്ള (നമ്മുടെ മാത്രം കരിംപച്ച നിറത്തിലുള്ള )
കാടിന്റെ മൗനം പോലെയാണ്,
ഒരിക്കലും തെറ്റാത്ത താളത്തിൽ,
മുറിഞ്ഞു പോകാത്ത വരികളിൽ,
പേരിടാനാവാത്ത രാഗത്തിൽ,
അലിഞ്ഞുറഞ്ഞത്,
എന്നിട്ടും നാമതിനെ ‘മൗനം’ എന്ന് കളിയാക്കുന്നു!
പേടിക്കുന്നു!
One Response
Misree😘😘