കാഴ്ചയ്ക്കുമപ്പുറം
കാഴ്ചയ്ക്കുമപ്പുറം ഒരു കടലുണ്ട്.
നിന്റെ മനസ്സുപോലൊന്ന്
തിരകളെ ചുഴികളെ എണ്ണിത്തീർക്കാൻ കഴിയാത്തത് !
ഒരാകാശമുണ്ട് ,ദിനവും ജനിച്ചു മരിക്കുന്ന ഒരായിരം നക്ഷത്രങ്ങളുള്ളത് !
വെളിച്ചം വിരുന്നു വരാത്ത വിദൂരമായ വീഥികളുണ്ടവിടെ , പ്രണയം മരിച്ച പകൽ പോലത് നീണ്ടു കിടക്കുന്നു.
കണ്ണുവെട്ടിച്ചെന്റെ കൺമുൻപിലോളമെത്തി മറയും ചില കൊള്ളിമീൻ കുഞ്ഞുങ്ങൾ ,
ഹൃദയ ധമനികളെ പൊള്ളിക്കുമോർമ്മകൾ പോലെ
രണ്ടു കാലങ്ങളിലായി ഒരു നദിയൊഴുകുന്നു.
രാത്രിയും പകലും ചൂടും തണുപ്പും മഴയും മഞ്ഞും ഒരുപോലെ നുണഞ്ഞു കൊണ്ട് ,
നിന്റെ ഹൃദയംപോലെ അവസ്ഥാന്തരങ്ങളിൽ പതറാതെ !
ഒരുറക്കത്തിൽ മറന്നുപോകും
പേരറിയാത്ത ചില സുഗന്ധങ്ങൾ,
കാറ്റതിനെ കൊണ്ടുപോയതേതു വഴിയെന്നറിയാതെ മനസ്സുഴറുമ്പൊഴേക്കും പഞ്ചേന്ദ്രിയങ്ങൾക്കുമപ്പുറമത് പറന്നെത്തിയിരിക്കും !
എങ്കിലും ഒന്നു കണ്ണടച്ചാൽമതി ജാലവിദ്യക്കോപ്പുകളിലെ നീലക്കണ്ണാടിയിൽ
അരിക്കു പൊട്ടിയ ഓർമ്മകളുടെ
ശിലാലിഖിതങ്ങൾ വായിക്കുവാനെനിക്കു കഴിയും.
അവിടെ ആയിരം ലമണേഡു കുപ്പികളിൽ ചിരിച്ചിരിപ്പുണ്ടാവും തേടിയ സുഗന്ധങ്ങളെല്ലാം എന്നെയും കാത്ത് !
അലസവാഹിയായ് …
മുറിപ്പെടുത്തുന്നവരോട് ഹൃദയം പൊറുത്തു കൊള്ളട്ടെ .
കവിതയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട് ഓരോ തവണയും ഉയിർത്തെഴുനേറ്റുകൊള്ളാം !
മുറിവുകളെ നീറ്റുന്ന ഉപ്പുപരലുകൾ ഹൃദയനദിയിൽ അലിഞ്ഞുചേർന്ന് കദനഭാരങ്ങളുടെ കടലൊഴുക്കും !
മേഘവിസ്ഫോടങ്ങൾ പോലെ പെയിതിറങ്ങുന്ന ഗൃഹാതുരത്വ നോവുകളേ വിട ,
മൗനഗഹനതയിലേക്കൂർന്നിറങ്ങി ഓർമ്മയിലെ പരൽ മീനുകൾ തിരയുന്നവളെ തേടിവരാതിരിക്കുക.
പകരം ഏകാന്തതയെ പുല്കുവാനനുവദിക്കുന്നവർക്കു സ്വസ്തി !
ഓർമ്മകളുടെ ഒറ്റത്തുരുത്തിലെ ദിശാഫലകങ്ങളുടെ പീതവർണ്ണം
നിന്നിലേക്കുള്ള കടൽദൂരത്തെ ഓർമ്മിപ്പിക്കും !
ഊർവ്വരതയെ ചുംബിക്കുമ്പോൾ കൊടും തണുപ്പിന്റെ കടുംവളവുകൾ ഊഷരമാകും.
മനസ്സിലെ മധുഭാണ്ഡങ്ങൾ നിറയെ ഇത്തിരിപ്പോന്ന ആനന്ദ രേണുക്കളാണ്.
വരൂ ഈ സ്നേഹത്തണലിലിരുന്നാ ഭാണ്ഡമഴിക്കാം
അതിലുതിരുന്ന സരോദിൻ നാദം കൊറിക്കാം !
വെറുതെ ,വെറുതെ ഇത്തിരി പിണങ്ങാം
അലസവാഹിയാം കാറ്റിനൊപ്പമലയാം .
മന:മേഘങ്ങൾ പെയ്തിറങ്ങി ഹൃദയാകാശങ്ങൾ വാചാലമാകുമ്പോൾ ,
ഗതിവേഗങ്ങൾ പൊട്ടിച്ചിതറി കാഴ്ച മങ്ങുന്ന പകലുകളെ മായ്ച്ചു കളയാം .
പകരം പ്രകാശം പൊഴിക്കുന്ന മിഴികൾ കോർത്ത്
വാക്കുകളുടെ മുൾക്കാടുകളെ പൂവണിയിക്കാം !
ഉതിരും സുഗന്ധം നുണയാം .
നമ്മൾ തീർക്കുന്ന ഏകാന്ത സന്ധ്യയിലെ
ഗസൽ മഴയിൽ നനയാം !
One Response
ഈ കവിത നിരീക്ഷണം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.നല്ല തുടക്കം.