സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രാജലക്ഷ്മി: കാലത്തെ അതിജീവിച്ച അക്ഷരങ്ങൾ

സരള കൃഷ്ണ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത സർഗധനയായ എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി എന്നത് കേരളത്തിലെ സ്ത്രീകൾ സാമൂഹ്യപരമായി ധാരാളം അവശതകൾ അനുഭവിച്ച കാലമാണ്. പുരുഷമേധാവിത്വ സമൂഹത്തിന്റെ പീഡനങ്ങൾ ഏതു കാലഘട്ടത്തിലെയും എഴുത്തുകാരികൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. സ്ത്രീകൾ എഴുതുന്ന കഥകളെല്ലാം സ്വന്തം അനുഭവത്തിൽ നിന്നുള്ളവ ആയിരിക്കുമെന്ന ബോധമായിരുന്നു സമൂഹത്തിനു ണ്ടായിരുന്നത്. രാജലക്ഷ്മിയുടെ കഥകൾ ഒരിക്കൽ വായിച്ചു പോയാൽ വായിക്കുന്നവർ ഹൃദയത്തിലേറ്റുന്നത് ജീവിതം പേറുന്ന കഥകളാണ് അവ എന്നതുകൊണ്ടാണ്.
പോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലയാളത്തിലെ വ്യത്യസ്തമായ സ്ത്രീ ശബ്ദമായിരുന്നു മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്ത രാജലക്ഷ്മി. താനുൾപ്പെടുന്ന മധ്യവർഗ്ഗ സമൂഹത്തോട് അതിന്റെ നീതി ശാസ്ത്രത്തോട് രാജലക്ഷ്മി നിരന്തരം കലഹിച്ചു . അവർ ഒരു സമാധാന വാദിയായിരുന്നു. അകാരണമായ ഒരു വിഷാദ ഭാവം ഈ എഴുത്തുകാരിയെ ആവേശിച്ചിരുന്നു. പലപ്പോഴും പല കഥകളിലും ആത്മഹത്യാപ്രവണത അവർ പ്രദർശിപ്പിക്കുകയും ചെയ്തു. മലയാളസാഹിത്യത്തിലെ ഒരു പരിവർത്തന ഘട്ടത്തെ രാജലക്ഷ്മി പ്രതിനിധാനം ചെയ്തു. രൂപവും ഘടനയും ശൈലിയും അവർ പരീക്ഷണ വിധേയമാക്കി. അക്കാലത്ത് പൊതുവേ നിലനിന്നിരുന്ന റിയലിസവുമായി ഒത്തു പോകാതെ ബോധധാരാ രീതിക്ക് ആഴത്തിലുള്ള വിത്തുപാകി .
സാഹിത്യ ലോകത്തേക്ക് സ്ത്രീകൾ വളരെയൊന്നും കടന്നുവരാത്ത,എഴുത്തുകാരികളായ സ്ത്രീകളെ അംഗീകരിക്കാൻ വിമുഖത കാട്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് രാജലക്ഷ്മി എഴുതിത്തുടങ്ങിയത്. രാജലക്ഷ്മി എഴുത്തിലേക്ക് കടക്കുമ്പോൾ മലയാളത്തിൽ ലളിതാംബിക അന്തർജനവും സരസ്വതിയമ്മയും മാത്രമേ സ്ത്രീ എഴുത്തുകാരിൽ ശ്രദ്ധേയരായിരുന്നുള്ളൂ. രാജലക്ഷ്മിയുടെ മിക്ക കഥാപാത്രങ്ങളും സ്ത്രീകൾ ആയിരുന്നതിനാലും സ്ത്രീ മനസ്സിന്റെ വിഭിന്ന ഭാവങ്ങൾ ഏറെ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടതി നാലും എഴുത്തുകാരിയെന്ന നിലയിൽ പെട്ടെന്നുതന്നെ അവർ വായനക്കാരെ കീഴടക്കുകയായിരുന്നു. അവരുടെ ആഖ്യാന ശൈലിയിലെ സവിശേഷത പുതിയ തലമുറയ്ക്ക് സ്വീകാര്യവുമായിരുന്നു. അവരുടെ രചനകളിലൂടെ കടന്നുപോകുമ്പോൾ ഭാഷയുടെ ചാരുത നമ്മെ വല്ലാതെ ആകർഷിക്കും. ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ കോറിയിട്ടു എന്നതിനാലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഒരാൾ ഇത്രയും വ്യത്യസ്തമായി ചിന്തിച്ചു എന്നതിനാലും ചുരുങ്ങിയ കാലംകൊണ്ട് സാഹിത്യ ബോധമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അവർക്ക് സാധിച്ചു. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കും വിധം പിടിച്ചിരുത്തുന്ന ശൈലിയാണ് രാജലക്ഷ്മിയുടെ രചനകളുടെ സവിശേഷത.
സ്വന്തം ജീവിതവും അറിയാവുന്നവരുടെ ജീവിതവും രാജലക്ഷ്മിക്ക് കഥാപാത്രങ്ങളായി. ഓരോ കഥയും ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ സ്ത്രീകളുമായി സാമ്യം അനുഭവപ്പെടുന്നവയാണ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ തളക്കപ്പെട്ട സ്ത്രീകളും കുടുംബമെന്ന വ്യവസ്ഥിതി അവർക്കുമേൽ അടിച്ചേൽപ്പിക്കുന്ന മാനസികസംഘർഷങ്ങളും രാജലക്ഷ്മിയുടെ കഥകളിലുണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഒരു വഴിയും കുറെ നിഴലുകളും’ ആയിരുന്നു ആദ്യ നോവൽ.’ ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ ബന്ധുക്കളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെതുടർന്ന് അപൂർണ്ണമായി അവസാനിപ്പിച്ചു. അടുത്തത് എന്ത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കാൻ ആ തലമുറയെ പ്രേരിപ്പിച്ച നോവലായിരുന്നു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന കൃതി.
ഏതുവിധേനയും ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നിന്ദയാ ക്കാനുമുള്ള തന്ത്രങ്ങളാണ് രാജലക്ഷ്മിയെ എഴുത്ത് നിർത്താനും പിന്നീട് ആത്മഹത്യ ചെയ്യാനും പ്രേരിപ്പിച്ചത്. പിമ്പേ വന്ന എഴുത്തുകാരികൾക്ക് വഴിതെളിക്കുക എന്ന കർമ്മമാണ് രാജലക്ഷ്മി നിർവ്വഹിച്ചത്. എന്നാൽ ആരോപണങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനുള്ള മനോബലം അവർക്ക് ഉണ്ടായതുമില്ല. വിദ്യാഭ്യാസമാണ് ഒരു വ്യക്തിക്ക് അവകാശബോധം ഉണ്ടാക്കി കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകം. വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയുള്ള ജോലിയും ഉണ്ടായിട്ടും സമൂഹത്തിന്റെ ആരോപണങ്ങളെ നേരിടാനുള്ള ശക്തി രാജലക്ഷ്മിക്ക് ഉണ്ടായില്ല. ഉന്നത മധ്യവർഗത്തിലെ വിദ്യാസമ്പന്നയും ഉദ്യോഗസ്ഥയുമായ സ്ത്രീ ആയിട്ടും സ്വന്തം ഇഷ്ടത്തിനനുസരിച്ച് കഥകളും നോവലുകളും എഴുതി ജീവിക്കാൻ സ്വാതന്ത്ര്യമില്ലാത്ത സാമൂഹ്യാവസ്ഥയാണ് രാജലക്ഷ്മിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം.
സാമ്പത്തിക ഘടകമാണ് എല്ലാ ചൂഷണ വ്യവസ്ഥയുടെയും അടിയിലെന്ന മാർക്സിയൻ ചിന്താഗതിയോട് രാജലക്ഷ്മിയുടെ അവസ്ഥ പൊരുത്തപ്പെടുന്നില്ല . സാമ്പത്തിക സ്വാതന്ത്ര്യമുള്ള വേണ്ടത്ര വിദ്യാഭ്യാസമുള്ള പാരമ്പര്യ മഹിമയുള്ള ഒരു കുടുംബത്തിലെ അംഗമാ യിരുന്നിട്ടുകൂടി ഒരു നോവൽ പാതിവഴിയിൽ പ്രസിദ്ധീകരിക്കാതെ തിരിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ പുരുഷാധിപത്യ സമൂഹം സമ്മാനിച്ചതാണോ? സാഹിത്യം ഉൽപ്പാദിപ്പിക്കാനുള്ള ഉപകരണങ്ങളിലേക്കും രീതികളിലേക്കും സ്ത്രീക്ക് പ്രവേശനം നിഷേധിക്കുന്നത് ലിംഗപരമായ അസമത്വമ ല്ലേ? ഈ നിലയ്ക്ക് ഇന്നും എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഇന്നും എവിടെയാണ്? ലിംഗ പരമായ പ്രശ്നങ്ങൾ,സമസ്യകൾ,മധ്യവർഗത്തിന്റെ വികാസപരിണാമങ്ങളുമാ യി ഇഴപി രിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളീയസമൂഹവും അതിന്റെ ഭൗതികാവസ്ഥയുമെല്ലാം രാജലക്ഷ്മിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ ആഖ്യാനങ്ങളിൽ ഊന്നൽ വീഴുന്നത് രണ്ട് ഘടകങ്ങളിൽ ആണ്. ഒന്ന് – സ്ത്രീ, രണ്ട്- എഴുത്ത് എന്ന സർഗ്ഗപ്രക്രിയ. ഈ രണ്ടിനെയും സംയോജിപ്പിച്ചു കൊണ്ടുപോകാൻ അവർ കഴിയുന്നത്ര ശ്രമിച്ചുനോക്കി. തന്റെ കാലത്തിനു മുമ്പേ നടന്ന ഈ എഴുത്തുകാരി തന്റെ തായ ഒരു വിനിമയ ശൈലി അതിവിദഗ്ധമായി ഉപയോഗിച്ചു. ലിംഗ സംവാദത്തെ ഭാഷാ സംവാദവുമായി കോർത്ത് കെട്ടാൻ വർഷങ്ങൾക്കുമുമ്പ് അവർക്ക് സാധിച്ചു. ‘മാപ്പ്’ എന്ന കഥ ഉദാഹരണം.
ഫൈനൽ ഇയർ ബിരുദ വിദ്യാർഥികളെ ലിട്ടൺ സ്ട്രാച്ചിയുടെ ഉപന്യാസം പഠിപ്പിക്കുകയായിരുന്നു ഇംഗ്ലീഷ് അധ്യാപികയായ രമ. ഉത്തമപുരുഷൻ ഏക വചനത്തിനു പകരമായി സ്ട്രാച്ചി പ്രയോഗിച്ച”the most disgusting of pronoun is”…. എന്ന വാക്യം അദ്ധ്യാപിക പറഞ്ഞു നിർത്തിയതും ‘she’ എന്നു വിളിച്ചു പറയുന്നു ഒരു വിദ്യാർത്ഥി.’ ഞാൻ’എന്ന ഭാവത്തെപ്പറ്റി വിസ്തരിച്ചു പറയാൻ തയ്യാറെടുത്തു ചെന്ന ഒരു അദ്ധ്യാപിക ക്കാണ് ഭാഷയിലെ ഏറ്റവും മോശമായ സർവ്വനാമ ശബ്ദത്തിനുദാഹരണമായി ‘ അവൾ’ എന്നു കേൾക്കേണ്ടി വന്നത്. അതു കേൾക്കേണ്ട താമസം ആ കുട്ടികളുടെ മുൻപിൽ കടലാസുപോലെ വെളുത്ത മുഖവുമായി അവൾ ഒരു നിമിഷം നിന്നു. എന്നിട്ട് മേശപ്പുറത്തു കിടന്ന പുസ്തകം എടുക്കുക പോലും ചെയ്യാതെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് കടന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ആ വിദ്യാർഥി കോളേജിൽനിന്ന് പുറത്തുമായി. മനക്കരുത്തി ല്ലാത്ത അദ്ധ്യാപികയിൽ അത് പ്രയാസകരമായ ചിന്തകൾ ഉണർത്തി എന്നാണ് രാജലക്ഷ്മിയുടെ കഥ വ്യക്തമാക്കുന്നത്.
തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ പാതിവഴിയിൽ നിർത്തി തിരിച്ചുവാങ്ങി കത്തിച്ചുകളയാൻ മാത്രം പ്രക്ഷുബ്ദമായിരുന്നു അവരുടെ മനസ്സ് . അതിന്റെ കോപ്പി എങ്കിലും എടുത്തു വെക്കണമായിരുന്നു എന്നാണ് മാതൃഭൂമി പത്രാധിപരായിരുന്ന എൻ.വി കൃഷ്ണവാരിയർ അവരുടെ ആത്മഹത്യക്ക് ശേഷം അഭിപ്രായപ്പെട്ടത്. ആ കൃതി ആകുമായിരുന്നു രാജലക്ഷ്മിയുടെ ഏറ്റവും മികച്ചത് എന്ന് പറയാവുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വളരെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കവിതകളും അവർ എഴുതിയത്. ” മൃത്യോ, അങ്ങയിൽ ഞാൻ ജീവിക്കാൻ തുടങ്ങിയിരുന്നു വെങ്കിൽ” എന്ന ‘കുമിള’യിലെ വരികൾ രാജലക്ഷ്മിക്ക് മരണത്തോടുള്ള ആഭിമുഖ്യമായി കാണാം.
കാലമെത്ര മാറി എന്നു പറഞ്ഞാലും ആ കാലഘട്ടത്തിൽ രാജലക്ഷ്മി ബാക്കിവെച്ച കഥാപാത്രങ്ങൾ ഈ കാലത്തോടും സംവദിക്കുന്ന താണ്‌. ജീവിതാനുഭവങ്ങൾ ക്ക് എവിടെയൊക്കെയോ സാമ്യം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നും അവരുടെ കഥകൾ വായനക്കാരെ ആകർഷിക്കുന്നു. മാറിയ സാമൂഹിക ചുറ്റുപാടിലും അവരുടെ കഥകൾ ഇന്നത്തെ തലമുറയോടും സംവദിക്കുന്നതിനു കാരണം മാനസിക ഭാവങ്ങൾക്ക് മാറ്റമില്ലാത്ത തു തന്നെയാണ് . അല്ലെങ്കിൽ അമ്പതുകളിലും അറുപതുകളിലും കാലത്തിനുമുമ്പേ ചിന്തിക്കാൻ രാജലക്ഷ്മിക്ക് സാധിച്ചു എന്നതുകൊണ്ടാണ്.
കാലം ഒഴുകി കൊണ്ടിരിക്കുമ്പോഴും രാജലക്ഷ്മി ബാക്കി വെച്ചിട്ട് പോയ വാക്കുകൾ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. സാഹചര്യം എത്ര ക്രൂരവും ആയിക്കോട്ടെ, അതിജീവിക്കാൻ, നിലനിൽക്കാൻ, വിജയിക്കാൻ ഒരു അവസരം എല്ലാ ജീവിതത്തിലും ഉണ്ട്. മരണത്തിലേക്ക് നടന്നു പോകാൻ പ്രേരിപ്പിക്കും വിധം മൃദുലമായിരുന്നു രാജലക്ഷ്മിയുടെ മനസ്സ്. എല്ലാവരുടെയും ഉള്ളിലുള്ള പ്രതിരൂപമാണ് രാജലക്ഷ്മി. അല്ലെങ്കിൽ ആരുടെ ഉള്ളിലാണ് അവർ അവശേഷിപ്പിച്ച കഥാപാത്രങ്ങൾ ഒരു വേദനയായി ഇല്ലാത്തത്.
വിദ്യാഭ്യാസം കഴിഞ്ഞാലും ഇല്ലെങ്കിലും സമൂഹം നിർണയിച്ചു വച്ചിരിക്കുന്ന വിവാഹപ്രായം എത്തിയാൽ പെൺകുട്ടിയുടെ ഭാവി സമൂഹത്തിന്റെ കൈകളിലാണ്. അവി വാഹിതയായി തുടരേണ്ടി വന്ന രാജലക്ഷ്മിക്ക്‌ എഴുത്തുകാരി എന്ന സമൂഹത്തിലെ സ്ഥാനം ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്നതാക്കി മാറ്റി. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ചുറ്റുപാടുകൾ അനുവദിക്കാതിരുന്നപ്പോൾ എത്രമാത്രം ജീവിതത്തെ സ്നേഹിച്ചുവോ അതേ തീവ്രതയോടെ അവർ ജീവിതത്തെ വെറുക്കുകയും ചെയ്തു.
” നുകരൂ നുകരൂ ജീവിതാസവം” എന്നാണ് പ്രിയ ശിഷ്യക്ക് അവർ ഓട്ടോഗ്രാഫിൽ കുറിച്ചു നൽകിയത്. രാജലക്ഷ്മിക്ക് എഴുത്തു തന്നെ ജീവിതമായിരുന്നു. യാതൊരുവിധ നിയന്ത്രണങ്ങൾക്കും വിധേയമാവാതെ ജന്മവാസനകൾക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർ സമൂഹവുമായി സമരസപ്പെടുമ്പോൾ സംഘർഷം അനുഭവിക്കേണ്ടിവരും. രാജലക്ഷ്മിയുടെ ജീവിതവും സ്വപ്നങ്ങളുമാ യിരുന്നു കഥകളായും നോവലുകളായും പുറത്തുവന്നത്.
രാജലക്ഷ്മിക്ക് എഴുത്തു തന്നെ ജീവിതമായിരുന്നു. കഥാപാത്രങ്ങൾ അനുഭവിക്കുന്ന വേദനയും സംഘർഷവും എല്ലാം രാജലക്ഷ്മിയുടെതു തന്നെയായിരുന്നു. പരിത:സ്ഥിതി സൃഷ്ടിച്ച സമ്മർദ്ദങ്ങൾക്ക് കീഴടങ്ങി ഭൗതികമോ ആത്മീയമോ ആയ കാരണങ്ങൾകൊണ്ട് ഒറ്റപ്പെടലും സംഘർഷവും അനുഭവിക്കുന്നവർ ആയിരുന്നു അവരുടെ കഥാപാത്രങ്ങൾ. എഴുതുക അല്ലെങ്കിൽ മരിക്കുക, ഈ രണ്ട് സാധ്യതകൾക്കു മുന്നിൽ മരിക്കുക എന്ന സാധ്യത കണ്ടെത്തിയതും സാമൂഹികമായി അവർ നേരിട്ട അരക്ഷിതാവസ്ഥ കൊണ്ടാണ്. തന്റെ ഇഷ്ടത്തിനും താൽപര്യത്തിനും മുൻഗണന നൽകി ജീവിക്കാൻ ആഗ്രഹിച്ച രാജലക്ഷ്മി അതിന് സാധിക്കാതെ വന്നപ്പോൾ ആത്മഹത്യയിലൂടെ സായൂജ്യം കണ്ടെത്തുകയായിരുന്നു.
എഴുതിയ വിരലിലെണ്ണാവുന്ന കഥകളിൽ ‘ആത്മഹത്യ’ എന്ന് പേരായ ഒന്നും ഉണ്ടായിരുന്നു. അതിലെ നീരജ എന്ന കഥാപാത്രം പറയുന്നു ” ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്റെയും. എന്നാൽ ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെക്കുന്നത് ഭീരുത്വമാ ണത്രേ. ഭീരുത്വമല്ല ധീരതയാണ്. അവരവർ വിചാരിച്ചത്പോലെയെല്ലാം നടക്കാതെ വരുമ്പോൾ ഉടനെ പോയങ്ങു മരിക്കുക. reverse face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടി പോകുക എന്ന് വെച്ചാൽ ഭീരുത്വം എന്ന് തന്നെ പറയും ഞാൻ. ” ഇങ്ങനെ പറഞ്ഞ് നീരജയുടെ കഥ അവസാനിപ്പിച്ച രാജലക്ഷ്മി മരിക്കുന്നതിന് മുമ്പ് സഹോദരിക്ക് ഇങ്ങനെ എഴുതി വെച്ചു. “കഥ എഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്ന് നോക്കി. അത് എന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവം ആകുമോ, ഞാൻ പോകട്ടെ.” കടന്നുപോയിട്ട് വർഷങ്ങളായെങ്കിലും അക്ഷരങ്ങളുടെ ലോകത്തിലൂടെ വായനക്കാരുമായി സംവദിച്ച് രാജലക്ഷ്മി ഇന്നും നമുക്കിടയിലുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…