സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രതിഷ്ഠ

നസ്നിൻ സുൽഫത്ത് നാസ്സർ

പൊടുന്നനെയാണ് അങ്ങനെയൊരിച്ഛ പൊട്ടിയത്. സൈനബയോട പറയാൻ തോന്നിയില്ല. അതു വേണ്ട. അവൾ തല പൊതിഞ്ഞ് കണ്ണു താഴ്ത്തി വാങ്കിന്റെ നാദം കേൾക്കുമ്പോൾ നിസ്ക്കാര പായയിൽ കുനിഞ്ഞ് നിവർന്നു ദൈവത്തെ ദൈനംദിനം അഞ്ചുതവണ കാണുന്നവൾ. സൈനബ തൃപ്തയാണ്. അപ്പോൾ പിന്നെ തെരേസയോടായാലോ? അതു വേണ്ട. അവൾ പള്ളിയിൽ പോയി പാടി സ്തുതിച്ച് ഈശോയുടെ രക്തം വീഞ്ഞായി രുചിച്ച് ആ തൃപാദങ്ങൾക്കു കീഴെ മുട്ടുകുത്തി നിന്ന് ദർശിച്ച്… അവളും തൃപ്ത. പിന്നെയുള്ളത്… പിന്നെയാരുമില്ല. കൂടുതൽ ചിന്തിച്ച് ഉള്ളിലുള്ള ഇച്ഛ പകുത്തു നൽകാൻ നോക്കിയാൽ അതങ്ങു മറ്റാരിലൊക്കെയോ വഴുതിപ്പോകുമെന്ന് തോന്നി.
ഇതിപ്പൊ ഇത്രപെട്ടെന്നു പൊന്തിവരാൻ ഇതെന്താണാവോ. വനിതയ്ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. നൂറ്റാണ്ടുകളായി പതുങ്ങിക്കിടന്ന ഒരു മോഹം തികട്ടി തികട്ടി നെഞ്ചും കൂടു തകർത്തു മുകളിലേക്കിരച്ചുകയറുന്ന തുപോലെ. വനിതയുടെ ഉള്ളിലിപ്പോൾ നിറകവി ഞ്ഞൊഴുകുന്ന ഒരൊറ്റ മോഹമേയുള്ളൂ. ഒരു പ്രതിഷ്ഠ നടത്തണം. തന്റെ പുരുഷനെ ഒന്നു പ്രതിഷ്ഠിക്കണം. എല്ലാം മറിച്ചിട്ട് ഓടിത്തിമിർത്ത് ഒരു പ്രതിഷ്ഠ നടത്തി തിരിച്ചുവരണം. ഇഷ്ടമുള്ളപ്പോഴൊക്കെ പോയി ദർശിച്ച് സാഫല്യമടയണം. ഇതെന്തു ഭ്രാന്തൻ മോഹമാണ്! ഇതിപ്പൊ എങ്ങനെയൊന്നു നടത്തിയെടുക്കും. ആരോടു പറയും

.
അടുക്കളയിലെ പാത്രങ്ങൾ കഴുകി വെടിപ്പാക്കുമ്പോൾ വനിത മറ്റുള്ളവർ തന്റെ മോഹം ശ്രവിച്ചാലുള്ള ഭവിഷത്തുക്കളെക്കുറിച്ചോ ർത്തു നിന്നു. വാപൊളിച്ചു നില്ക്കുന്ന ചിറ്റ. നെറ്റി ചുളിച്ച് ചുണ്ടുകോട്ടുന്ന അമ്മായി. ചിരിയടക്കാൻ പറ്റാതെ കൈപൊത്തി മുന്നോട്ടായുന്ന അപ്പുറത്തെ മിനി. അങ്ങനെയങ്ങനെ അനേകം സ്ത്രീജനങ്ങൾ. ജോലിയെല്ലാമൊതുക്കി സുന്ദരിയും സുശീലയും കാമിനിയുമായി ഉള്ളിലുള്ള മൃദുഭാവം മുഖത്തു തേച്ചുമിനുക്കി വനിത കാത്തിരുന്നു. അപ്പോഴേക്കും പുരുഷനെത്തി. പൂമുഖ വാതില്ക്കൽ വനിതയുടെ സുസ്മിത വദനം തന്നിലെ ഭർത്താവിന്റെ നിർമ്മല സ്നേഹത്തെ ഒന്നുകൂടിയിളക്കി മറിച്ചു. അത്താഴത്തിനു ശേഷം അവൾ തന്റെ ഭ്രാന്തേച്ഛ പുരുഷനോടു പറയാതെ പറഞ്ഞു. വനിതയുടെ നിശ്ശബ്ദ ഭാവങ്ങൾ പുരുഷനു ഗ്രഹിച്ച് ഒത്തിരി ശീലമുണ്ടല്ലോ.


“പ്രതിഷ്ഠ. എനിക്കു പ്രതിഷ്ഠിക്കണം. എന്റെ പുരുഷനെ. പുതിയ പ്രതിഷ്ഠ. ഒരു സുന്ദര പ്രതിഷ്ഠ.”
തന്റെ ഇച്ഛയ്ക്കു ഭംഗം വരുന്നതൊന്നും പുരുഷൻ ചെയ്യില്ലെന്നു വനിതയ്ക്കു നന്നായറിയാം. പുരുഷനിഷ്ടമില്ലാത്തതൊന്നും വനിത ഇച്ഛിക്കാറുമില്ല.
“പ്രതിഷ്ഠയോ? കൊള്ളാം പെണ്ണെ!”
തന്റെ വനിതയുടെ പുതുപുത്തൻ ഭ്രാന്തിനെ കൗതുകത്തോടെ അയാൾ വരവേറ്റു. അവളെ അഭിനന്ദിച്ച് ഗർവ്വ് മനസ്സിലടക്കി ആഹ്ലാദത്തിമിർപ്പോടെ കൺപോളകൾ മുട്ടിച്ച് അയാൾ സമ്മതം മൂളി.


അന്നു രാത്രി അവൾ സ്വപ്നം കണ്ടു. സൂര്യനുദിച്ചു തീർന്നിട്ടില്ലാത്ത ആകാശം. എങ്ങും വൃക്ഷപൂരിതം. മുളംചെടികളുടെ കുളിർമയും അരുവികളുടെ മധുരനാദവും നിറഞ്ഞ ഒരു വനത്തിലൂടെ താൻ ഓടുന്നു. ഏതോ ഒരു വൃക്ഷത്തിനു കീഴിൽ പ്രതിഷ്ഠ നടത്തുന്നു. അപ്പോഴാണ് പ്രതിഷ്ഠയുടെ ഭാവം അവളറിഞ്ഞത്. ശൃംഗാരവും വാത്സല്യവും ഒക്കെ കൂടിക്കലർന്ന തന്റെ പുരുഷന്റെ മൃദുലഭാവം. അവൻ മൃദുലതയേകുന്ന മൂർത്തിയായി അങ്ങനെ പ്രതിഷ്ഠിക്കപ്പെടുന്നു. അവൾ മന്ത്രങ്ങളുരുവിടുന്നു. ഈ മൃദുലഭാവമൂർത്തിയെ വനം താണ്ടി ദർശിക്കു ന്നവളുടെ ചിന്തകളിലും വാക്കുകളിലും ചെയ്തികളിലും കൂടുതൽ സാന്ദ്രത കൈവരും. അങ്ങനെ പ്രതിഷ്ഠ നടത്തിക്കൊണ്ടിരിക്കെ മന്ത്രങ്ങൾ ഉറക്കെയുറക്കെ ഉരുവിട്ടുകൊണ്ടിരിക്കെ പുരുഷൻ തന്നെ തട്ടിവിളിച്ചു. അങ്ങനെ വനിതയ്ക്കു സ്വപ്നം മുഴുമിപ്പിക്കാനായില്ല.

പിറ്റേന്നു പ്രാതലുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ അവളിതു സൈനബയോടും തെരേസ യോടും പറയാൻ തന്നെ തീരുമാനിച്ചു. തൃപ്തകൾക്കും ആഗ്രഹങ്ങൾ കേട്ടുകൂടായെന്നില്ലല്ലോ. ഉച്ചയൂണു കഴിഞ്ഞ് വീടു പൂട്ടിയിറങ്ങി സൈനബയുടെ പക്കൽ തെരേസയേയും വിളിച്ചു വരുത്തി ഒരു നാലുമണി വർത്താനത്തിനു തുടക്കമിട്ടു. സൈനബയുടെ അലമാരിയിൽ പുതുതായി വന്ന ബുദ്ധവിഗ്രഹം കണ്ട് അന്തംവിട്ട് വനിത ചോദിച്ചു.
“നിങ്ങൾക്ക് ആൾരൂപങ്ങൾ വയ്ക്കാൻ പാടില്ലാലോ.”
സൈനബയുടെ നിസ്സംഗ കണ്ണുകൾ വനിതയെ മറികടന്നു ബുദ്ധനിലേക്കു പാഞ്ഞു.
“ആൾ രൂപങ്ങൾ മാത്രമല്ല… ജീവനുള്ള എന്തും.”
“അപ്പൊ ഇതെങ്ങനെ?”
“അയിനെനിക്കിഷ്ടാ…. ബുദ്ധനെ……. എപ്പോഴും കണ്ടുകൊണ്ടിരിക്കാല്ലോ…”
പറുദയിട്ടു മുടിമറച്ച സൈനബയിൽ വനിത തന്നെത്തന്നെ വീണ്ടും വീണ്ടും കണ്ടു. അവളുടെ പ്രിയപ്പെട്ട ബുദ്ധനെയും അവൾക്കിഷ്ടപ്പെട്ടു. തെരേസയ്ക്കും കാണുമല്ലെ ഇങ്ങനെ ചില ബുദ്ധയിഷ്ടങ്ങൾ! വനിതയ്ക്കു പ്രതിഷ്ഠ ഇച്ഛ തികട്ടി വരുന്നു. അവൾക്ക് പിന്നെ ഒന്നും പിടിച്ചു വയ്ക്കാനായില്ല. വെളുത്തു മുഴുമിപ്പിക്കാത്ത ആകാശവും, മുളം ചെടികളുടെ കുളിർമയും അരുവികളുടെ മധുരനാദവും നിറഞ്ഞ വനവും, പ്രതിഷ്ഠയും, മൂർ ത്തിയുടെ സാന്ദ്രഭാവവും ഒക്കെ അവളുടെ നാവിലൂടെ നിർത്താതെ ത്രസിച്ചുകൊണ്ടിരുന്നു. താടിയിൽ കൈയ്യും കുത്തിയിരുന്നു കേട്ടു രസിച്ച സൈനബയേയും തെരേസയേയും നോക്കി വനിത പൂർത്തീകരിക്കാത്ത
സ്വപ്നത്തിൽ കുറച്ചൊക്കെ മെനഞ്ഞു ചേർത്തു. പ്രതിഷ്ഠ കഴിഞ്ഞു തൃപ്തിയടഞ്ഞു തിരിച്ചിറങ്ങുന്ന തന്നിൽ കൊണ്ട് കഥനിർത്തി വനിത രണ്ടു തൃപ്ത കുതുകികളേയും നോക്കി.
നല്ല ഉഗ്രൻ ഭ്രാന്തുകൾ ഇനിയും കേൾക്കട്ടെയെന്നും പറഞ്ഞു സൈനബയും തെരേസയും പരസ്പരം നോക്കി കൈകൊട്ടി പൊട്ടിച്ചിരിച്ചു. സൈനബയ്ക്കു ബുദ്ധന്റെ വിഗ്രഹം ഒട്ടും ചേരില്ലെന്ന് വനിത കലിപൂണ്ടു ചിന്തിച്ചു. തൃപ്തകൾ! ഒരുമാതിരി തൃപ്തകൾ തന്നെ!
“എന്റെ വനിതേ……. നിനക്കീയുള്ള പ്രതിഷഠകളൊന്നും പോരായോ? ഇനിയെന്നാത്തിനാ പുതിയൊരെണ്ണം? നിന്റെ പുരുഷനെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ മതിയല്ലോ……. ഇങ്ങനൊരു ഭ്രാന്തി…”
തെരേസയുടെ ചുണ്ടുകൾക്കു വല്ലാത്ത കാഠിന്യമുണ്ടെന്നു വനിതയ്ക്കു തോന്നി. അവൾ തന്റെ പ്രതിഷ്ഠ ദർശിക്കട്ടെ. മൃദുലത കൈവരട്ടെ.
“ഇയ്യിത് കെട്ടിയോനോട് പറഞ്ഞോ… ഇന്റെ പൂതിയെ…?”
സൈനബ കുസൃതിച്ചിരി കലർത്തി ചോദിച്ചു.
“പറഞ്ഞു.”
“എന്നിട്ട്?”
“എന്നിട്ടെന്താ… നിശ്ശബ്ദ പുഞ്ചിരിതൂകി കിടന്നുറങ്ങി.”
“പാവം…… ഇതൊക്കെ കേട്ടു ചിരിക്കാതെ പിന്നെ!”
നാലുമണി അഞ്ചുമണിയിലേക്കു കറങ്ങിയെത്തി ആറിലേക്കിറങ്ങാൻ തുനിഞ്ഞപ്പോൾ തെരേസയും വനിതയും സ്വന്തം ഭവനങ്ങളിലേക്കു ചേക്കേറി. സൈനബ ഗെയ്റ്റടച്ചു പടിവാതിൽക്കൽ തിരിച്ചെത്തിയപ്പോൾ ബുദ്ധനും ഒരു ചെറിയ കൗതുകച്ചിരിയുള്ളതുപോലെ.
“ഭ്രാന്തിപ്പെണ്ണ്””……. എന്നും പറഞ്ഞ് വ്ളുഹ് എടുത്തു നിസ്ക്കാരപ്പായയിൽ കേറി കൈകെട്ടിയപ്പോൾ ബുദ്ധന്റെ ചിരി ഉറക്കെ കേൾക്കുന്നതുപോലെ….. വനിതയുടെ പ്രതിഷ്ഠ വീണ്ടും
നെഞ്ചിൽ നിന്നും വയറിലേക്കിറങ്ങി ഇക്കിളിപ്പെടുത്തുന്നതുപോലെ. അല്ലാ! അവളിപ്പൊ അങ്ങനെ ആഗ്രഹിച്ചതിലെന്താ തെറ്റ്? ബുദ്ധന്റെ ചിരി സൈനബയെ അലോസരപ്പെടുത്തി.
“ഇയ്യ് ചിരിക്കണ്ട… ഞങ്ങൾക്കു ചില പൂതിയൊക്കെ തോന്നും… പൂതി നിനക്കു പിടിക്കി ല്ലാലോ……”

നിസ്ക്കാരം കഴിഞ്ഞ് ഖുർആനോതി മടക്കിവച്ച് ഭിത്തിയിലെ കണ്ണാടിയിൽ ഒന്നെത്തി നോക്കിയപ്പോൾ മുഖത്ത് ഒരു വല്ലാത്ത ഖനം. വനിതയുടെ പ്രതിഷ്ഠ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നതുപോലെ.
അന്നു പ്രാർത്ഥനാനേരം തേരേസയ്ക്കും അങ്ങനെ ചിലത് അനുഭവപ്പെടാതിരുന്നില്ല. വീട്ടിലെ സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് അവളത് തന്റെ കെട്ടിയോനോടു പൊട്ടിച്ചു.

“ഇച്ചായനറിയോ……… വനിതയ്ക്കൊരാഗ്രഹം…..”
വനിതയുടെ സ്വപ്നവും പ്രതിഷ്ഠയുമൊക്കെ അവൾ പറഞ്ഞുതീർത്ത് പൊട്ടിച്ചിരിച്ചപ്പോൾ തെരേസയുടെ ഇച്ചായൻ ചിരിച്ചില്ല. അദ്ദേഹം ഒന്നിരുത്തി ചിന്തിക്കുന്നപോലെ.
“എന്നാ ഇച്ചായാ…?”
“അല്ല… വനിതയുടെ ആഗ്രഹം എനിക്കിഷ്ടപ്പെട്ടേ…… പുരുഷനോടു എന്താല്ലെ സ്നേഹം, ബഹുമാനം, മതിപ്പ്, ആരാധന…”
“ഓ പിന്നെ….. വെറാർക്കും ഇതൊന്നുമില്ലല്ലോ……”
തെരേസ തിടുക്കത്തിൽ കുരിശുവരച്ചു അത്താഴമെടുത്തു വയ്ക്കുന്നതിനിടെ സൈനബയുടെ അലമാരിയിൽ കണ്ട പറയാതെപോയ ബുദ്ധയിഷ്ടം കണ്ണിലോടി. കൂടെ വനിതയുടെ പ്രതി ഷ്ഠയും നെഞ്ചിൽ നിന്നു വയറിലേക്കിറങ്ങി. …… വല്ലാത്ത ഭാരം.

പിറ്റേന്നു തന്നെ സൈനബയും തെരേസയും കണ്ടുമുട്ടി. പരസ്പരം നോക്കി കൺപോളകളടച്ചു സമ്മതം കാട്ടി വനിതയുടെ വീട്ടിലേക്കു വെളുത്ത ചട്ടയും കറുത്ത പറുദയുമായി ഇര ച്ചുകയറി.
“വനിതെ….. നിനക്കു പ്രതിഷ്ഠിക്കണോ?”
“പ്രതിഷ്ഠിക്കണം.”
“ശരിക്കും വേണോ?”
“വേണം.”
വനിതയ്ക്കു വല്ലാത്ത ആവേശം.
“അയിനു വനിതയ്ക്കു തന്ത്രിയാകാമോ?”
“പിന്നെന്താ… എനിക്കാകാം….. ഞാനാകും.”
“അയിനു നിനക്കു ദൈവചൈതന്യം വേണ്ടയോ?”
“പുരുഷ ചൈതന്യം?”
“അതെ….. പുരുഷനെ പ്രതിഷ്ഠിക്കുമ്പോൾ പിന്നെ പുരുഷ ചൈതന്യമല്ലാണ്ട്….”
“അതിച്ചിരി കിട്ടീട്ടുണ്ടാകുമല്ലോ…… പുരുഷന്റെ കൂടല്ലായിരുന്നോ ഞാൻ”.
“എന്നാലും… വൃതമെടുക്കണം. ചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിക്കണം. പണി യുണ്ട് മോളേ…”
“എന്താണ് മൂർത്തീഭാവം?”
“മൃദുലതയാണ്. ശൃംഗാരം, വാത്സല്യം എല്ലാംകൂടിച്ചേർന്ന്….”
“സംഗതി കട്ടിയാണ്”
“മൃദുല ചൈതന്യം അത്രകണ്ട് ആവാഹിക്കപ്പെട്ടില്ലങ്കിലോ….?
“ഞാൻ പ്രാണൻ വെടിയും”
“ഇയ്യെന്തിന് വെടിയണം?”
“അതെങ്ങനെയാ…… ത്രന്ത്രിക്കു വേണ്ടത്ര ചൈതന്യം ലഭിച്ചില്ലെങ്കിൽ തന്ത്രി പ്രാണൻ ബലിയർപ്പിച്ച് പ്രതിഷ്ഠ നടത്തും.”
“ഇയ്യ് ശരിക്കും വെടിയും?”
“വെടിയും.”
“പൂതി അത്രക്ക്ണ്ട്?”
“ണ്ട് “
സൈനബയും തെരേസയും പിന്നെ ഒന്നും ആലോചിച്ചില്ല.
“എന്നാപ്പിന്നെ നോമ്പ് നോറ്റോ….. “എല്ലാം കഴിഞ്ഞ് പാകാറാകുമ്പോ ഞങ്ങളു വരാം.”
“അതെ….. നിന്റെ മുളംകാട്ടിൽ ….”
“പ്രതിഷ്ഠിക്കാൻ …”

സൈനബയുടെയും തെരേസയുടെയും സ്നേഹം വനിതയുടെ കണ്ണു നനയിച്ചു. പ്രതിഷ്ഠ കഴിഞ്ഞാലുടൻ താൻ രണ്ടുപേർക്കും മൃദുലത വാരിക്കോരി നല്കുവാൻ മൂർത്തിയോടു കെഞ്ചുമെന്ന് വനിത തീരുമാനിച്ചുറപ്പിച്ചു.
അങ്ങനെ വൃതമെടുത്തു. മനസ്സിലെ കാടും മേടും വെട്ടിത്തെളിച്ച്, കളപറിച്ച് ശുദ്ധിയാക്കി മന്ത്രങ്ങളുരുവിട്ട് തപസ്വിനിയായി പുരുഷനെ മനസ്സിലാവാഹിച്ച് പ്രതിഷ്ഠയ്ക്കു വെമ്പൽ കൊണ്ടു.
“ഇത്രയും മതിയാകും…… തപസ്വിനിയാണ്…. അതിശുദ്ധ”
വനിത സൈനബയോടും തെരേസയോടും ഉറപ്പിച്ചു പറഞ്ഞു.
“എന്നാപ്പിന്നെ നീ ഒരുദിവസം പറ…… നമുക്ക് പോകാം…..”

അങ്ങനെ ആ ശുഭദിനം വന്നു. വനിതയുടെ സ്വപ്നത്തിലേതുപോലെ…. ഉദിച്ചുതീരാത്ത സൂര്യന്റെ കീഴെ അവർ മൂന്നുപേർ പുരുഷനെയും മനസ്സിൽ ചുമന്ന് തണുത്തിരുണ്ട മുളംകാടു കേറി.
കുറേനടന്നു ഒരു വഴിയെത്തിയപ്പോൾ വനിതയ്ക്കൊരു തോന്നൽ. എന്തോ ഒന്ന് കാലുകളെ തളർത്തുന്നതുപോലെ. പെട്ടെന്ന് കാലുകൾക്കിടയിലൂടെ ഒരൊഴുക്കനുഭവപ്പെട്ടു. വനിത പൊടുന്നനെ സ്തംഭിച്ചു….. വഴിയിൽ അവശയായിരുന്നു കാര്യം പറഞ്ഞു.
“അള്ളാ….. വൃതോക്കെ വെറുതെയായി.”
“ഇതിപ്പൊ അപ്രതീക്ഷിതായിട്ടാ….”
“അശുദ്ധിയായല്ലൊ”
“ചുമ്മാ ഇവളുടെ ഒരോ ഭ്രാന്തും കേട്ട്”
തെരേസയ്ക്കു സഹിച്ചില്ല.
പക്ഷെ വനിത തോൽക്കാൻ തയ്യാറല്ല.
“ഒന്നൂല….. ഞാൻ പ്രതിഷ്ഠിക്കും…”
വനിത കലിപൂണ്ടു. “ഇങ്ങനെയാ…?”
“ആ ഇങ്ങനെ!”
“ഇങ്ങനെ പറ്റോ?”
“എന്താ പറ്റാണ്ട്? ” മൃദുലതയാണു മൂർത്തീഭാവം. ഇതാണു വൃതം. ഇതുതന്നെ വൃതം.” “അത്ര തന്നെ…” സൈനബയും കലിപൂണ്ടു.
“എന്നാ പിന്നെ അങ്ങനെ തന്നെ…..” തെരേസയും കലിതുള്ളി ശരി വച്ചു.

അങ്ങനെ വീണ്ടും വനമദ്ധ്യം ലക്ഷ്യം വച്ച് ഉൾക്കാടുകൾ കയറി സ്വപ്നത്തിലേതെന്ന പോലെ ഒരു വൃക്ഷച്ചുവടു കണ്ടെത്തി പ്രതിഷ്ഠ നടത്താൻ അവർ തീരുമാനിച്ചു.
സൈനബയും തെരേസയും കൈകോർത്തു ഒരു മതിലുപോലെ വനിതയെ വളഞ്ഞു നിന്നു.
“വിഗ്രഹമെവിടെ?”
അവൾ ബാഗിൽ നിന്നും ഒരു സുന്ദര പുരുഷ വിഗ്രഹമെടുത്തു.
വനിത മന്ത്രങ്ങളുരുവിട്ടു.
സൈനബയും തെരേസയും ആകാംക്ഷയോടെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
“ചൈതന്യം പകർന്നോ?”
“ഇല്ല…”
“എന്നാ ഇനിയും മന്ത്രിക്കണം…..”
വനിത സർവ്വശക്തിയുമെടുത്ത് കാലുകളിലൂടെ ഒഴുകുന്ന ചുമന്ന പുഴ ഗൗനിക്കാതെ ഈ ലോക ഗോളത്തിലെ എല്ലാ വെളിച്ചത്തെയും മനസ്സിൽ ധ്യാനിച്ച്…
“ഇനിയും പോരാ…..” “പ്രാണൻ വെടിയേണ്ടിവരും.” “വെടിയാം….””
“യ്യ്… ശരിക്കും വെടിയും?”
“വെടിയും…..
“പൂതി അത്രക്ക്ണ്ട്?”
“ണ്ട്”
സൈനബയും തെരേസയും ഒരുനിമിഷം ഒന്നു വേവലാതി കൊണ്ട് പരസ്പരം നോക്കി. “സ്വപ്ന സാക്ഷാത്ക്കാരമാണു പ്രധാനം.”
വനിത ബാഗിൽ നിന്നും കത്തിയെടുത്ത് മുറുകെ പിടിച്ചു. സൈനബയും തെരേസയും കണ്ണുകളമർത്തിയടച്ച് കൈകൾ കോർത്തു….. കഴുത്തറ്റ വനിതയുടെ രക്തം കാലുകളിലൂടെ ഒഴുകിച്ചേർന്ന് വിഗ്രഹത്തെ പ്രകാശിപ്പിച്ചു. സൈനബയും തെരേസയും ആ പ്രഭാവത്തിൽ കണ്ണുകൾ തുറന്ന് പുരുഷ പ്രതിഷ്ഠ നടത്തി. വനിതയുടെ ഇച്ഛപോലെ തന്നെ പ്രതിഷ്ഠ സ്മരിച്ച് കാലാകാലങ്ങളിൽ തിരിച്ചുവന്ന് ദർശനം നടത്തി സാഫല്യമണയാൻ അവർ രണ്ടു പേരും തിരിച്ചു കാടിറങ്ങി. പ്രതിഷ്ഠയിലെ മൂർത്തീഭാവം ദർശനങ്ങളെയും കാത്ത് കൊടുംവനത്തിൽ വേരുറച്ച് ദൃഷ്ടി നീട്ടി കാത്തിരുന്നു. സൈനബയുടെ അലമാരയിലെ ബുദ്ധൻ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.


One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…