സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉടമസ്ഥൻ

വിനോദ് വിയാർ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ! 

രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച കുറച്ച് മീനും വാങ്ങി വരുന്ന വഴി ആ വീടിന് മുന്നിലെത്തിയപ്പോൾ മണി നിന്നു. അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ല. അന്നെന്തോ! അതിനുശേഷമുള്ള വഴി മറന്നതുപോലെ അയാൾ ഗേറ്റിനടുത്തു ചെന്ന് അകത്തേക്ക് എത്തിനോക്കി. വീതിയിൽ തറയോട് പാകിയ വഴിക്കിരുവശവും ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. നിത്യപരിചിതമായ ഒരിടം കണ്ടതുപോലെ മണി പുഞ്ചിരിച്ചു. ഇളം പെയിൻ്റടിച്ച ഇരുനില വീടിൻ്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ തൂക്കിയിട്ടിരുന്ന കിളിക്കൂടിലേക്ക് അയാളുടെ നോട്ടം സ്വാഭാവികമായി എത്തി. അന്നുവരെ ഒന്നും കഷ്ടപ്പെട്ട് ഓർത്തെടുക്കാൻ ശ്രമിക്കാത്ത അയാൾ കിളിയുടെ പേര് പലപ്രാവശ്യം ഓർമ്മയിൽ തിരഞ്ഞു. അത്രയ്ക്കറിയാവുന്ന ആ പേര് അയാളുടെ നാക്കിൻ തുമ്പിൽ ഇക്കിളി പോലെ കുത്തുന്നുണ്ടായിരുന്നു. 

കൈയിലുള്ള താക്കോൽ ഒറ്റത്തവണ തിരിച്ച് ഗേറ്റ് തുറന്നു! സ്വന്തം വീട്ടിലേക്കെന്ന പോലെ ചെടികളെ തലോടി തലോടി മണി അകത്തേക്ക് നടന്നു. സന്തോഷത്തിൻ്റേതായ ഒരു വിങ്ങൽ അനുഭവിക്കുന്നു എന്ന് അയാളുടെ മുഖം വിളിച്ചുപറഞ്ഞു. പുരയിടത്തിൻ്റെ ഇരുവശത്തേക്കും അയാൾ നീളത്തിൽ നോക്കി മാറ്റമൊന്നുമില്ല എന്ന് ആശ്വസിച്ചു. കാർ പോർച്ചിൽ പലയിടത്തായി കിടന്നിരുന്ന ചെരിപ്പുകൾ പുറത്തെ സ്റ്റാൻഡിൽ വൃത്തിയായി അടുക്കിവെച്ചു. കാലങ്ങൾക്കു ശേഷം സ്വന്തം വീട് കാണുന്ന മുഖഭാവമായിരുന്നു അപ്പോൾ അയാൾക്ക്. 

കൃത്യം!!! താക്കോൽ ഒറ്റത്തവണ തിരിച്ചപ്പോൾ പ്രധാന വാതിലും തുറന്നു! ഇതാണ് തൻ്റെ വീടെന്ന് മണി ഉറപ്പിച്ചു. ഇതുവരെ പോയിരുന്നത് ശരിയായ വീട്ടിലേക്കായിരുന്നില്ല. പരിചയമില്ലാത്ത ഒരാളോടെന്ന പോലെയാണ് അവിടെയുള്ളവർ തന്നോട് പെരുമാറിയിരുന്നത്. മുറ്റത്ത് കെട്ടിയിരുന്ന കുഞ്ഞൻ പട്ടി തന്നെ കാണുമ്പോൾ മാത്രം ഒച്ചയിൽ കുരയ്ക്കുമായിരുന്നു. ഓർമ്മ തെളിച്ചെടുത്തപ്പോൾ ഇടയ്ക്കിടയ്ക്ക് മധുരയ്ക്ക് പോകുന്ന അയാൾ അവിടെ നിന്ന് കൊണ്ടുവന്ന കിളിയാണ് ബാൽക്കണിയിൽ തൂങ്ങുന്ന കൂട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞു. അന്നയാൾ അതിനെ വിളിച്ച പേര് മാൻമിഴി എന്നാണെന്ന് മനസ്സിലായപ്പോൾ രോമാഞ്ചം കൊണ്ട് ശരീരം ആകാശത്തിലേക്കുയരുന്ന അനുഭവമുണ്ടായി. മാൻമിഴീ… മണി ഉച്ചത്തിൽ വിളിച്ചു. ചിറകടിയൊച്ച അയാൾ തലയ്ക്ക് മീതെ നിന്ന് കേട്ടു. 

വാങ്ങിയ മീൻ ഫ്രിഡ്ജിനുള്ളിലേക്ക് വെച്ച് ചുവന്ന വിരിയിട്ട നീളൻ സെറ്റിയിൽ മണി വന്നുകിടന്നു. നേരത്തേ ആരോ അവശേഷിപ്പിച്ച പരിചിതമായ മണം ശ്വസിച്ച് അയാളുടെ ഓർമ്മകൾക്ക് തിടംവച്ചു. ഉറക്കത്തിൻ്റെ പടവുകൾ കയറാൻ തുടങ്ങിയ ആ നിമിഷത്തിൽ അതൊരു സ്ത്രീയുടെ മണമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. 

പെണ്ണ് ചിരിക്കുകയായിരുന്നു. മുഖം വ്യക്തമല്ല. മൂടൽമഞ്ഞിൻ്റെ ഒരു ചേല അവൾ മുഖത്ത് ചുറ്റിയിരിക്കുന്നതു പോലെ തോന്നി. അതേ ബാൽക്കണി. പക്ഷേ കിളി കൂട്ടിലല്ല. പുറത്ത് അയാളുടെ മടിയിൽ ചിറക് കുടഞ്ഞു പതുങ്ങിയിരിക്കുന്നു. ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ ഒന്നും കാണുന്നില്ല. പൂന്തോട്ടവും വീതിയുള്ള വഴിയും ഗേറ്റും ഒന്നും. അട്ടിയട്ടിയായി മഞ്ഞ് വന്നുനിറയുന്നു. സൂചി കൊണ്ട് കുത്തുന്ന പോലെ തണുപ്പ് അയാളിൽ പരിശ്രമിക്കുന്നു. അവളുടെ മുഖമൊന്നു കാണാൻ അയാൾ കണ്ണുകൾ അടച്ച് തുറിച്ചു തുറന്നു. അറിയാൻ വയ്യ. മഞ്ഞ് കനം കൂട്ടി അയാളോട് മത്സരിച്ചു. ശരീരം ശരിക്കു കാണാം എന്നതാണ് ഒരാശ്വാസമായി അയാളിൽ കത്തിയത്. അഴകളവുകളെ തെറ്റിക്കുന്നതെങ്കിലും ആ ശരീരം അയാൾക്ക് അതിസുന്ദരമായി തോന്നി. ‘മാൻമിഴീ… ‘ അയാൾ നീട്ടി വിളിച്ചു. കിളി ചിറക് കുടഞ്ഞു. അവൾ അടക്കിച്ചിരിച്ചു. തണുപ്പിൻ്റെ പരിശ്രമത്തെ വെല്ലാൻ അവളെ അയാൾ മടിയിലേക്ക് പിടിച്ചിരുത്തി. നീരസത്തോടെ ചിറകടിച്ച് കിളി മറ്റൊരിടത്തേക്ക് മാറി. ശരീരങ്ങൾ കൂട്ടിയുരുമ്മി ചൂടുണ്ടാക്കാനുള്ള വ്യഗ്രതയിൽ അയാൾ അവളെ കഴിയുന്നിടത്തോളം ഇറുക്കിപ്പിടിച്ചു. അവളുടെ ചിരി വരുന്നയിടം കണക്കാക്കി മഞ്ഞിൻ്റെ മുഖമറയിലേക്ക് ചുണ്ടുകൾ വേഗത്തിലിറക്കി. ഹൗ! തീ കത്തിപ്പിടിച്ചതു പോലെ അയാൾക്ക് പൊള്ളി! മധുര മണിക്ക് ഉറക്കം ഞെട്ടി. 

“ഹയ്യോ! മണിയണ്ണാ… നിങ്ങൾ വന്നോ… ” 

കരച്ചിലും ചിരിയും കലർന്ന ഒച്ചയിലേക്കാണ് മണി ചാടിയെഴുന്നേറ്റത്. സെറ്റിക്ക് അഭിമുഖമായി നിൽക്കുന്ന സ്ത്രീയുടെ മുഖം അതിശയം കൊണ്ട് തുടിക്കുന്നതു പോലെ തോന്നി. ആ സമയം മഞ്ഞുമറ മാറി മുഖം ലഭിച്ച പെണ്ണിനെ മണി അവളിൽ കണ്ടു. അയാൾക്ക് അസ്വസ്ഥത തോന്നി. അതല്ല അവളുടെ മുഖമെന്ന് ഈർഷ്യയോടെ അയാൾ ഉറപ്പിച്ചു. 

“നോക്ക്… നോക്ക്…” അതിശയം ആവും വിധം പ്രസരിപ്പിച്ച് വാതിൽ കടന്നുവരുന്ന മറ്റുള്ളവരോട് ആ സ്ത്രീ ഒച്ചയിട്ടു. “മണിയണ്ണനെ കണ്ടോ…” മധ്യവയസ്കനും യുവാവും യുവതിയും രണ്ടുകുട്ടികളും അവരുടെ അത്ഭുതവലയത്തിലേക്ക് മന:പൂർവം കടന്നുനിന്നു. 

“ഇത്രയും നാൾ എവിടെയായിരുന്നു മണിയണ്ണാ…?” സ്ത്രീയ്ക്ക് ഒച്ച കൂടുകയായിരുന്നു. അവൾ അധികാരഭാവത്തിൽ അയാളുടെ അടുത്തേക്കുവന്നു.  

ആ നിമിഷത്തിൽ അതുവരെ കണ്ട പരിചിതമായതെല്ലാം മധുര മണിയിൽ നിന്ന് ആവിയായി പോയി. അപരിചിതമായ ഒരിടത്ത് ഒറ്റപ്പെട്ടവൻ്റെ വെപ്രാളം അയാളെ കീഴടക്കി. അടിമുടി കത്തിപ്പിടിച്ച ഒരാൾ വെള്ളത്തിൽ ചാടാൻ ഓടുന്നതു പോലെ മണി പുറത്തേക്ക് കുതിച്ചു. കാർപോർച്ചിലെത്തിയ അയാൾ വീടിൻ്റെ മറ്റൊരു വശത്തേക്കു പാഞ്ഞു. വഴിയറിയാതെ ചുറ്റി. മതിലിലേക്ക് വലിഞ്ഞുകയറുമ്പോൾ വാങ്ങിവന്ന മീൻ നഷ്ടപ്പെട്ട കാര്യം മാത്രം അയാൾ ഓർത്തു.  

മാൻമിഴി എന്നൊരു വാക്കുള്ളതായിപ്പോലും അറിയാത്ത അവസ്ഥയിലേക്ക് മതിൽ ചാടുമ്പോഴേക്കും മണി എത്തിയിരുന്നു. 

ഇനിയൊരു കാര്യം പറയാം. 

ശരിക്കും ആ വീടിൻ്റെ ബാൽക്കണിയിൽ കിളിക്കൂട് ഉണ്ടായിരുന്നില്ല; കിളിയും. 

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…