സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉന്മാദക്കടലിലേക്ക് ഒരാത്മസഞ്ചാരം

ജ്യോതി അനൂപ്

ഇന്ദുമേനോന്റെ യോഗിനി റിട്ടേൺസ് എന്ന കഥയുടെ വായനയില്‍ നിന്ന്‌ നക്ഷത്രങ്ങൾ വിരിഞ്ഞു നില്ക്കുന്ന ഏകാന്ത രാവുകളിൽ മഞ്ഞവെയിലൊളിച്ചുകളിക്കുന്ന തെളിവാർന്ന വൈകുന്നേരങ്ങിൽ മഴപ്പാറ്റകൾ പൊടിയുന്ന മഴത്തുമ്പികൾ പാറുന്ന ഈറനണിഞ്ഞ തണുത്ത സന്ധ്യാനേരങ്ങളിൽ !രാത്രിയുടെ അന്ത്യയാമങ്ങളിൽ അകലെയെവിടെയോ ഉയരുന്ന ഗന്ധർവ്വ ശീലുകൾ കേട്ടുകേട്ട് ………അതെ ! ആ നേരങ്ങളിലാണു ഞാൻ എന്നെ ഉന്മാദിനിയാക്കുന്ന കഥകൾ വായിക്കാറുള്ളത് !

ഇന്ദുമേനോന്റെ എഴുത്തുകളുടെ അനർഗളത, മാസ്മരിക ! നുണഞ്ഞ് തീർക്കുക തന്നെ വേണം. എങ്കിൽ മാത്രമെ അതൊരു അനുഭവമാവുകയുള്ളൂ.
വരികൾക്കുള്ളിലൊളിപ്പിച്ച നക്ഷത്രങ്ങളെ ഹൃദയത്തിലേറ്റാൻ അപ്പോൾ മാത്രമെ കഴിയുകയുള്ളൂ.

വാക്കുകളെഅമ്മാനമാടി ഭാവനയാൽ ഇന്ദ്രജാലം തീർത്ത് ചടുലവേഗത്തിൽ സഞ്ചരിക്കുന്ന ട്രപ്പീസ് കളിക്കാരിയെ ഓർമ്മിപ്പിക്കും ഇന്ദുമേനോന്റെ രചനാ വഴക്കങ്ങൾ പലപ്പൊഴും. അതിലെ രസമുകുളങ്ങളെ പഞ്ചേന്ദ്രിയങ്ങളാൽ ആവാഹിക്കാൻ പലദൂരങ്ങളിൽ പല വേഗങ്ങളിൽ സഞ്ചരിക്കേണ്ടിവരും ഒരു വായനക്കാരന് പലപ്പൊഴും . കവിത പോലെ അനർഗളമായി ഒഴുകാറുണ്ട് ഭാഷ. പക്ഷേ അവയെല്ലാം വായനക്കാരന് ഹൃദയത്തിലേക്ക് ഒരു ചിപ്പിയിലെ മുത്തെന്നപോലെ എടുത്തു വെയ്ക്കാൻ കഴിയുന്നുണ്ടോ എന്ന് ചിന്തിച്ചുപോകും കാരണം അത്രയേറെ പരത്തി പറയുന്ന ശൈലിയാണത്.

യോഗിനിയുടെ മടങ്ങിവരവ്
( YoGiNi ReTurNs)

രക്തബീജ അസുരന്മാരുമായുള്ള യുദ്ധത്തിൽ രക്തം കുടിക്കാൻ ദുർഗാദേവി ചുമതലപ്പെടുത്തിയ അനുചരവൃന്ദമാണ് യോഗിനികൾ. അവർ സംഘമായി പറന്നു വരികയും വൃത്തമായി ഇരിക്കുകയും ചെയ്യുന്നു. യോഗിനികൾ പൊതുവെ മന്ത്രവാദിനികളും ആഭിചാരക്രിയകളും ശവാനുഷ്ഠാനങ്ങളും നടത്തുന്നവരായി വിവക്ഷിക്കപ്പെടുന്നു. എന്നാൽ 64 യോഗിനിമാർ ഋതുഭേദങ്ങളും കാലചക്രവുമാകുന്നു. ജനന മരണ ചാക്രിക പ്രവർത്തനവും അവരിലൂടെ തന്നെ. പ്രജ്ഞയുടെ സംരക്ഷകരാണവർ.ഇവരെ ഉപാസിക്കുന്നവർക്ക് മന്ത്രശക്തിയും സിദ്ധിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെട്ടതോടുകൂടി വൻ വിലയ്ക്ക് യോഗിനീ ശില്പങ്ങൾ വാങ്ങാൻ വിദേശികൾ തയ്യാറായി. തുടർന്ന് ക്ഷേത്രം തകർത്ത് പോലും കടത്താൻ തുടങ്ങി. ഇൻഡ്യയിലെ ശില്പചാതുര്യം തുളുമ്പുന്ന അനേകം ശില്പങ്ങൾ ബ്രിട്ടനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുണ്ട്. അത് തിരിച്ച് വാങ്ങാൻ ഇൻഡ്യയ്ക്ക് നിയമ തടസ്സങ്ങളുണ്ട്. എന്നാൽ ഇടം കയ്യിൽ ആയുധവും വലം കയ്യിൽ ബില്വ പഴവും പിടിച്ച് അരയന്നത്തിന്റെ പുറത്തിരിക്കുന്ന 1100 വർഷം പഴക്കമുള്ള വൃഷാനന യോഗിനി ഫ്രാൻസിൽ നിന്ന് മടങ്ങിവന്നത് ചരിത്രമാണ്. പാരീസിൽ പുരാവസ്തു ശേഖരം സ്വന്തമായുണ്ടായിരുന്ന സ്ക്രീംഫ് മരിക്കുന്നതിനു മുൻപേ ഭാര്യയെ പറഞ്ഞേല്പിച്ചതാണ് വൃഷാനന യോഗിനിയെ ഇൻഡ്യയ്ക്ക് തിരിച്ചേല്പിക്കണമെന്ന് . യോഗിനിയുടെ മടങ്ങിവരവ് ( റിട്ടേൺ ഓഫ് യോഗിനി ) എന്ന പേരിൽ വൃഷാനന യോഗിനിയുടെ പ്രതിമ ഇൻഡ്യയിലെ ഏറ്റവും വലിയ മ്യൂസിയമായ നാഷണൽ മ്യൂസിയത്തിൽ രാജകീയമായിത്തന്നെ പ്രദർശനത്തിന് വെച്ചു. വൃഷാനന യോഗിനിയുടെ മടങ്ങിവരവിനോടനുബന്ധിച്ച സംഭവമാകാം ഇങ്ങനെയൊരു കഥ അല്ല നോവലൈറ്റ് അനാവരണം ചെയ്യുന്നതിലേക്ക് കഥാകാരിയെ നയിച്ചതെന്ന് അനുമാനിക്കുന്നു.

ചിന്തകളുടെ തെളിച്ചത്താൽ തിളങ്ങുന്ന കണ്ണുകളുള്ള അവിശ്വാസിയായ കാമുകനായിരുന്ന കാലത്ത് സിമോൺ , മെറ്റിൽഡയ്ക്ക് എഴുതിയ പ്രണയ ലേഖനങ്ങളിലെ ചില വാചകങ്ങളാണിത് കവിത തുളുമ്പുന്നവ!

“ഒരു പെണ്ണിനെ പ്രേമിക്കുകയെന്നാൽ മരണംവരെ ഉൾക്കൈത്തുടുപ്പിൽ പ്രാണന്റെ ചൂടു നീരുറവ ഉരുക്കി പകർന്ന് അവളെ ഒരു മത്സ്യത്തെയെന്നപോൽ പുലർത്തുകയാണ്.”

“ഒരു യഥാർത്ഥ സ്ത്രീയെ പ്രണയിക്കുകയെന്നാൽ ഒരു മുഷു മത്സ്യത്തെ കൈവെള്ളയിലെ ഇത്തിരി ജലാശയത്തിൽ വളർത്തുന്നത് പോലെ കഠിനതരമാണ്”

“കൈവെള്ളയിലെ ഇത്തിരി പ്രേമജലാശയത്തിൽ അവൾ ഹൃദയത്തെ പ്രതി ശല്യമുയർത്തിയും ആത്മാവിനെ പ്രതി കലാപം കൊണ്ടും ഉടലിനെ പ്രതി ഭയന്നും നിന്നെപ്രതി സദാ പിറുപിറുത്തും കൊണ്ട് കലമ്പിക്കൊണ്ടിരിക്കും.”

പ്രണയിച്ച് പരിണയിച്ചവളെ ആദ്യ രാത്രിയിൽ തന്നെ വന്യമായ രതിയാൽ നിഷ്കരുണം കീഴ്പ്പെടുത്തിയവൻ! ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ ചതിക്കപ്പെട്ട പ്രണയത്തെ ഓർത്ത് നീറിപ്പിടഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നവളെ നോക്കി ആസക്തിയുടെ ഒടുക്കത്തെ ചിരി ചിരിക്കുന്നവൻ !

യുക്തിവാദിയായ് ചർച്ചാവേദികളിൽ തിളങ്ങിയ പുരോഗമനവാദിയിൽ നിന്ന് അന്ധവിശ്വാസിയിലേക്കുള്ള സിമോണിന്റെ പകർന്നാട്ടം ഉൾക്കൊള്ളാനാവാതെ പകച്ചു പോകുന്നു മെറ്റിൽഡ . അവന്റെ പട്ടു കമ്പളത്തിൽ രക്തം വീഴ്ത്തിയ 101 മത്തെ കന്യകയായിരുന്നു താനെന്നും ആ കമ്പളം പിന്നീട് ലക്ഷക്കണക്കിന് യൂറോയ്ക്ക് വിറ്റുപോയെന്നും ആദ്യ രാത്രിയിൽ താനനുഭവിച്ചത് ഒരു മാന്ത്രികകർമ്മത്തിന്റെ ഭാഗമായിരുന്നെന്നും അമരാന്റെയിൽ നിന്നറിഞ്ഞപ്പോൾ അവന്റെ ഉടൽ സ്പർശങ്ങളോരോന്നും ഓക്കാനമായ് അവളിൽ തികട്ടി വരുന്നു. പിന്നീടുള്ളതെല്ലാം അവനിൽ നിന്നുള്ള പിന്മടക്കങ്ങളായിരുന്നു തനിക്കെന്ന് അവൾ പറയുന്നു. എന്നാൽ 23 വർഷങ്ങൾക്കു ശേഷം മാത്രമാണ് സത്യത്തിൽ സിമോണായിരുന്നില്ല ചതിച്ചതും കൂടെ ജീവിച്ചതും എന്ന് അവളറിയുന്ന ആ സന്ദർഭം കഥയുടെ വഴിത്തിരിവാകുന്നു.

വന്യമായ രതി പീഡകൾക്കും ചതിക്കും മുന്നിൽ പകച്ചു പോകുന്ന എന്നാൽ മൃത്യു പോലെ തണുത്തു പോകുന്ന പെണ്ണിന്റെ ഉടലിന്റേയും മനസ്സിന്റേയും പ്രതിരോധത്തേയും പ്രതികാരത്തേയും അടയാളപ്പെടുത്തുന്നുണ്ടീ കഥ. സ്നേഹ ചതുപ്പുകളിലേക്ക് ആഴ്ന്നു പോകുന്ന പെണ്ണിന്റെ ,കാലം മായ്ക്കാത്ത തുടർച്ചയെ കാലഭേദങ്ങൾ മായ്ക്കാത്ത സമാനതയെ വെളിപ്പെടുത്തുന്നുണ്ട് !അശാന്തിയുടെ എഴുത്താണ് തന്റേതെന്ന് കഥാകാരിതന്നെ എവിടെയോ പറഞ്ഞതോർത്തു പോകുന്നു.

 കഥ അപ്രതീക്ഷിതവും അപൂർവ്വവുമായ ചില വഴിത്തിരിവുകൾ സൃഷ്ടിക്കുമ്പോൾ അവിശ്വസനീയതയോടെ വായിച്ച വരികളിലേക്ക് മടങ്ങിപ്പോയി കണ്ണുകൾ തെറ്റിദ്ധരിപ്പിച്ചതല്ലല്ലോയെന്ന് ഉറപ്പിക്കും ! പ്രണയം ചതിയായ് മാറിയതറിഞ്ഞ് തകർന്നു പോയ മെറ്റിൽഡയോട് തോന്നിയ സഹാനുഭൂതി പൊടുന്നനെ ഒരു ഞെട്ടലിലേക്ക് പരിവർത്തനംചെയ്യും , അവളറിയാതെ അവളെ വിവാഹം ചെയ്തതും ദീർഘകാലം സ്വന്തമാക്കിയതും യഥാർത്ഥത്തിൽ സിമോൺ അല്ലായിരുന്നുവെന്നറിയുമ്പോൾ ! 

 വ്യഭിചാരിയും ക്രൂരനും ലഹരിക്കടിമയുമായ മാനുവലായിരുന്നു അത്. പണത്തിനു വേണ്ടി സിമോണെന്ന ഇരട്ട സഹോദരനെ ചതിച്ചു കൊന്നവൻ ,അവന്റെകാമുകിയെ സ്വന്തമാക്കി അവന്റേതായതെല്ലാം അപഹരിച്ചവൻ. എല്ലാ പ്രതിനായകരെയും പോലെ സിമോണിനുമുണ്ട് മകന്റെ രോഗവും കടങ്ങളും മറ്റ് ന്യായീകരണങ്ങളും .

ഒരു സിനിമാ തിരക്കഥയെ ഓർമ്മിപ്പിക്കും വിധം വിവിധ കൈവഴികളിലൂടെ ഒഴുകുന്ന നദി പോലെ കഥ നീണ്ടു പോകുന്നു. അതിൽ പ്രണയവും രതിയും സംഘർഷങ്ങളും മയക്കുമരുന്ന് മാഫിയയും ദുരൂഹമായ കൊലപാതകങ്ങളും പ്രകൃതി വിരുദ്ധ ലൈംഗീകതയും ചതിയും കൊടും വഞ്ചനയും തന്ത്ര വിദ്യയും ആഭിചാരവും ആവാഹനവും പരകായപ്രവേശവും എല്ലാം നിറഞ്ഞു നില്ക്കുന്നു.

   പടരംപുല്ലു പോലെ പടർന്നു പോകുന്ന രചനാ ശൈലിയാണ് ഇന്ദു മേനോന്റെ കഥകൾ. പലതരം ഗന്ധങ്ങൾ അവരുടെ കഥാപരിസരങ്ങൾക്ക് ഭാവുകത്വം പകരുന്നു. കാട്ടുപഴങ്ങളുടെ , കന്യാ രക്തത്തിന്റെ ,കടൽ മണത്തിന്റെ ,ജലപ്പൂക്കളുടെ ,പാറയുടെ ,ഉപ്പിന്റെ , കടുകുപാടങ്ങളുടെ എല്ലാം അതിസൂക്ഷ്മ ഗന്ധങ്ങൾ കൊണ്ടതിൽ അനുഗുണമായ പശ്ചാത്തലമൊരുക്കുന്നു. 16 വയസ്സു മാത്രമുള്ള മൊറോക്കൻ സുന്ദരി യുസ്രയെ കൊന്ന് കെട്ടിത്തൂക്കിയ ചോളപ്പുരയ്ക്കുള്ളിലെ ചീഞ്ഞഴുകിയ പോപ്പിപ്പൂവിന്റെ ഗന്ധം പോലെ ഓരോ സൂഷ്മ ഗന്ധങ്ങളും പഞ്ചേന്ദ്രിയങ്ങളാവാഹിക്കുന്നു.

കഥാകാരിയിൽ പൂത്തുലഞ്ഞു കിടക്കുന്ന ഗൃഹാതുരമായ ഓർമ്മകളുടെ മഴക്കാടുകളിൽ നിന്ന് അടർന്നു വീഴുന്ന വർണ്ണനകൾ ചിലപ്പോഴെങ്കിലും വായനക്കാർക്ക് അപ്രാപ്യമായിപ്പോവാറുമുണ്ട്.

 പശുമുഖമുള്ള , പെണ്ണിന്റെ ഉടലുള്ള വൃഷാനന യോഗിനി . വിലപിടിപ്പുള്ള യോഗിനീ പ്രതിമ . ആയിരം വർഷം പഴക്കമുള്ള ഉഗ്രമൂർ ത്തി . കളവുകളെ സുതാര്യമാക്കാൻ കഴിവുള്ളത് !

പണത്തിനു വേണ്ടി നടക്കുന്ന കൊലപാതകങ്ങൾ പീഡനങ്ങൾ കൊടും വഞ്ചനകൾ അധോലോക ബന്ധങ്ങൾ അന്ധവിശ്വാസങ്ങൾ !മെറ്റിൽഡ തന്നെ ഒടുവിൽ ആ പ്രതിമ ഉത്തരവാദിത്വപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നു. ജീവിക്കണമെന്ന് ആഗ്രഹിച്ചു നില്ക്കുന്ന അവസരത്തിൽ മാനുവലിനെ അവസാനിപ്പിച്ചു കൊണ്ട് അവൾ നീതി നടപ്പാക്കുന്നു.

ഹരിയും രവിയും; ഒരാൾ അച്ഛനെപ്പോലെ സൗമ്യനും മറ്റെയാൾ അമ്മയെപ്പോലെ ക്രുദ്ധനുമായ് പിറന്ന ഇരട്ട സഹോദരങ്ങൾ . രവി കറുപ്പിന്റേയും കഞ്ചാവിന്റേയും മയക്കത്തിൽ ഇരുട്ടിനെ പ്രേമിച്ച് സ്വയം ഭോഗിച്ച് നശിച്ചവൻ. 64 യോഗിനിമാരെക്കുറിച്ച് ഗവേഷണം നടത്തുന്ന രവിയെ കൊള്ളക്കാർ മുതലെടുക്കുന്നു.ബോധത്തിനും അബോധത്തിനുമിടയിലെ കടുത്ത വിഭ്രമത്തിൽ ലഖോരിയിലേക്ക് ചതിച്ചു കൊണ്ടുവന്നവന്റെ നെഞ്ചിലേക്കിറക്കിയ കത്തിയിൽ പിടയുന്ന ഹരി. യോഗിനിമാരുടെ താന്ത്രിക വിദ്യാരഹസ്യം മനസ്സിലാക്കുന്ന രവി .ധൂമവതി യോഗിനിയുടെ താന്ത്രികവിദ്യയാൽ പ്രാണനിൽ ബ്ലാത്തിൻ മത്സ്യത്തെ ആവാഹിക്കുന്നു. അവന്റെ ശ്വാസകോശങ്ങൾ ചെകിളപ്പൂക്കളാവുന്നു. അവൻ പാമ്പിനെപ്പോലെ പുളയുന്നു ! ഒടുവിൽ താന്ത്രിക യോഗിനിമാരുടെ മന്ത്രക്കളത്തിലെ ഒറ്റക്കല്ലിൽ മലർന്നു കിടക്കുന്ന രവിയെ കണ്ടെത്തുന്നു. അച്ഛൻ , അമ്മ, രാഗിണി, ഹരി, രവിയുടെ ഇരട്ടക്കുഞ്ഞുങ്ങൾ ആരും ബാക്കിയാവുന്നില്ല. ഒടുവിൽ ആരതിയുടെ ചോരയിൽ ചവുട്ടി വഴുക്കുമ്പോഴും അവളുടെ സാരിത്തലപ്പെടുത്ത് കുരുക്കിട്ടുകൊണ്ടവൻ പിറുപിറുക്കുന്നു തനിക്ക് നീല നിറമായാൽ മതി. കടലിന്റെ നീല നിറം !

സത്യത്തിൽ പാരീസിൽ നിന്നും മെറ്റിൽഡ വൃഷാനന യോഗിയെ കൈമാറിയത് ആർക്കായിരുന്നു ?ഇൻഡ്യയിലേക്ക് തിരിച്ചെത്തിയത് ആരുടെ കൈകളിലായിരുന്നു ? ധൂമാവതി യോഗിനിയെ കാണുവാനായി രവി 1000 കിലോമീറ്റർ തട്ടിപ്പുകാർക്കൊപ്പം സഞ്ചരിച്ച് ഒടുവിൽ അവർ അയാളെ അപായപ്പെടുത്താൻ ശ്രമിച്ചത് വൃഷാനനയോഗിനിയെ അയാൾ തിരിച്ചറിഞ്ഞ വിവരം പുറത്തറിയുമെന്ന് മനസ്സിലാക്കിയല്ലേ ? വായനക്കാർക്കുമുന്നിൽ ഇനിയും അഴിച്ചു നോക്കാനായി ചില അനുമാനങ്ങൾ അഴിയാക്കുരുകളായി ബാക്കിവെയ്ക്കുന്നത് മന:പൂർവ്വം തന്നെ .ദുരൂഹതകൾ ദുർഗ്രഹതകൾ ……! രവിയും മാനുവലും വൃഷാനന യോഗിനിയെ പിൻതുടരുംപോലെ വായനക്കാരനും കഥയുടെ ഉൾക്കടലിലേക്ക് ഒരു അന്തർവാഹിനിയിൽ തുഴഞ്ഞു കൊണ്ടേയിരിക്കുവാനായി നിർമ്മിച്ചത് !

സിമോൺ / ഹരിശങ്കർ,
മാനുവൽ / രവിശങ്കർ , മെറ്റിൽഡ / ആരതി, അമരാന്റെ / രമണി മനുഷ്യന്റെ ദുഷ്കാമനകളുടെ തനിയാവർത്തനകളാണ് ഇവരിലൂടെ കാലഭേദമില്ലാതെ ദേശഭേദമില്ലാതെ ആവർത്തിക്കുന്നതെന്ന് കാണാം. നന്മയും തിന്മയും തുലനാവസ്ഥ പ്രാപിക്കുക എന്നത് പ്രകൃതിയുടെ പാഠമാണതിനാൽ നന്മയുടെ വിജയത്തിൽ മാത്രമെ ജീവിത പന്ഥാവുകൾ അവസാനിക്കൂ എന്ന് കാണിച്ചുതരുകയും ചെയ്യുന്നു കഥാന്ത്യം. എന്നാൽ ചിലയിടങ്ങളിൽ വല്ലാതെ പരത്തിപ്പറയുന്ന ശൈലിയും ഒരേ കഥാപാത്രസ്വഭാവങ്ങളെ ഒന്നിലേറെ വിളക്കിച്ചേർത്തതും കഥയ്ക്ക് ദുർഗ്രഹത കൈവരുത്തിയോ എന്ന് സംശയിക്കുന്നത് ഒരു പക്ഷേ എന്റെ വായനാ പരിമിതിയാകാം. എഴുത്തുകാരിക്ക് ആശംസകൾ

 1. ബഹുരൂപ
 2. താര
 3. നർമ്മദ
 4. യമുന
 5. ശാന്തി
 6. വാരുണി
 7. ക്ഷേമംകരി
 8. ഐന്ദ്രി
 9. വാരാഹി
 10. രണവീര
 11. വാനരമുഖി
 12. വൈഷ്ണവി
 13. വൈദ്യരൂപ
 14. ചർച്ഛിക
 15. വേതാളി
 16. ഛിന്നമസ്തിക
 17. ജ്വാലാ കാമിനി
 18. ഗഡവര
 19. കരാളിക
 20. സരസ്വതി
 21. വിരൂപ
 22. കാവേരി
 23. ബലുക
 24. നരസിംഹി
 25. വിരജ
 26. വികടാനന
 27. മഹാലക്ഷ്മി
 28. കൗമാരി
 29. കർഘരി
 30. വിന്ധ്യവാസിനി
 31. രതി
 32. യക്ഷിണി
 33. സർപ്പസ്യ
 34. വിനായകി
 35. വീരകുമാരി
 36. മാഹേശ്വരി
 37. ഗദാധരി
 38. കമനീയ
 39. അംബിക
 40. സ്തുതി
 41. ആഗ്നേയി
 42. കാളി
 43. ഉമ
 44. നാരായണി
 45. സമുദ്ര
 46. ബ്രാഹ്മണി
 47. ജ്വാലാമുഖി
 48. അതിഥി
 49. വായുവേഗ
 50. ചാമുണ്ട
 51. മുരഥി
 52. ചന്ദ്രകാന്തി
 53. ഗംഗ
 54. ധൂമാവതി
 55. സർവ്വമംഗള
 56. അജിത
 57. സൂര്യപുത്രി
 58. ഗാന്ധാരി
 59. വായുവീണ
 60. അഘോര
 61. ഭദ്രകാളി
 62. സുന്ദരി
 63. ശൂലിനി
 64. ഭദ്ര
  എന്നിവരാണ് 64 യോഗിനികൾ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…