ഒരു പത്രം, അതിന്റെ വിവരണങ്ങളിലും റിപ്പോര്‍ട്ടുകളിലും പ്രവര്‍ത്തിക്കേണ്ടതില്ല, മറിച്ച് അത് ജിജ്ഞാസയുള്ള ആളുകള്‍ക്ക് വില്‍ക്കാന്‍മാത്രമുള്ളതാണ്. കൃത്യതയും സത്യസന്ധതയുമില്ലാത്തതുകൊണ്ട് അതിന് നഷ്ടപ്പെടുന്ന ബഹുമാനമല്ലാതെ മറ്റൊന്നുമില്ല.
-ബര്‍ണാഡ്ഷ.
ലോകത്ത് പത്രമാധ്യമങ്ങളുണ്ടാക്കിയ വിപ്ലവം ചരിത്രത്തിലുടനീളം ശ്രദ്ധിക്കപ്പെടുന്നവയാണ്. നമ്മുടെ വികസന അജണ്ടകളെല്ലാം മാധ്യമ സംസ്‌ക്കാരങ്ങളെ ആശ്രയിച്ച് നടപ്പിലാക്കപ്പെടുകയും വിഭാഗീയവത്ക്കരിക്കപ്പെടുകയും ചെയ്തവയാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ മുതല്‍ ലോകമഹായുദ്ധങ്ങള്‍ വരെ മാധ്യമ വിപ്ലവത്തിന്റെ കെടുകാര്യസ്ഥതയില്‍ സജീവമാവുകയും നിര്‍ജീവമാവുകയും ചെയ്തതായി കാണാം. മൂന്നു ശദാബ്ദങ്ങള്‍ക്കിടയില്‍ ലോകത്തുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്തുമ്പോള്‍ വംശീയ രാഷ്ട്രീയ മത-വര്‍ഗീയ വിദ്വേഷങ്ങളെന്നപോലെ അപകടകരമായി മാധ്യമങ്ങള്‍ക്കും മനുഷ്യനെ വിഭാഗീയമാക്കുന്നതില്‍ ഉത്തരവാദിത്വമുള്ളതായി കാണാം. മാധ്യമരാഷ്ട്രീയം അരികുവല്‍ക്കരിക്കപ്പെടുന്ന സാമൂഹ്യഘടനയെ നിര്‍മിക്കുന്നു. അവ ചരിത്ര നിര്‍മ്മിതിയോടൊപ്പം വ്യവസ്ഥാപിത കോര്‍പ്പറേറ്റുകളുടെ ആശാകേന്ദ്രങ്ങളുമാകുന്നു.
അതുകൊണ്ട് എന്തെഴുതണം എന്തെഴുതേണ്ട, എന്തുപറയണം എന്തുപറയേണ്ട എന്ന് തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളുടെ അവകാശമാണ്. പത്രധര്‍മ്മത്തിന്റെ അവകാശവാദങ്ങളൊന്നും അവിടെ വിലപ്പോവില്ല.
പത്രങ്ങള്‍ സാംസ്‌ക്കാരിക ദൂരന്തമാണെന്ന വാദം ഫാസിസത്തോളം തന്നെ തീവ്രമെങ്കിലും നമ്മുടെ സാമൂഹ്യഘടനയെ വ്യവസ്ഥ ചെയ്യുന്നതില്‍ പത്രങ്ങളുടെ
പങ്ക് മറച്ചു വയ്ക്കാനാവില്ല.
മലയാളത്തില്‍ പി.എന്‍ ദാസാണ് ഒറ്റ ദിവസം കൊണ്ടു മരിച്ചുപോകുന്ന പത്രധര്‍മ്മത്തിന്റെ അവിശുദ്ധത എന്താണെന്ന് ഉറക്കെ പറഞ്ഞത്. കേരളീയ സമൂഹം ആഴത്തിലറിയേണ്ട ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ വൈദ്യശസ്ത്രം മാസിക സമാനതകളില്ലാത്ത ആശയാവിഷ്‌ക്കാരങ്ങള്‍കൊണ്ട് സംവദിച്ചു. പി.എന്‍. ദാസിനെ അടുത്തറിയുന്ന സുഹൃത്തുക്കളും എഴുത്തുകാരും അതിന്റെ അനുരണനങ്ങള്‍ കൊണ്ട് എക്കാലവും ഉണര്‍ന്നിരുന്നു. കെ.ജി ശങ്കരപ്പിള്ള, ആഷാമേനോന്‍ എന്നിവരെല്ലാം അതിനെ തികഞ്ഞ ആദരവോടെ കണ്ടു. സൂക്ഷ്മമായി അറിഞ്ഞു.
ഒരാള്‍ എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് പി എന്‍ ദാസിന്റെ കുറിപ്പുകള്‍ ഉത്തരങ്ങളാവുന്നു. ആവശ്യമില്ലാത്ത ഒരൊറ്റപദംപോലും ലോകത്തിന് അദ്ദേഹം നല്‍കുന്നില്ല. അത് തികച്ചും തത്വചിന്താപരവും ആത്മീയവും മാനവികവുമായിരുന്നു. അതിന്റെ ഭാഷ മനുഷ്യനെ നിശബ്ദം ആശ്വസിപ്പിക്കുകയും അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സമ്പര്‍ക്കമായി. ഇത്ര പോസിറ്റീവായി ഒരു ജേണലിനെ മലയാളത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഒരു ലിറ്റില്‍ മാഗസിനായിരുന്ന വൈദ്യശസ്ത്രം ഇരുപതുകൊല്ലം കൊണ്ട് നമ്മുടെ മുഖ്യധാര മാധ്യമ സംസ്‌ക്കാരത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കിടയില്‍ പുതിയ ആകാശമുണ്ടാക്കി. ഉള്‍വെളിച്ചം കൊണ്ടു മനുഷ്യരാശിക്ക് പുതിയ ദിശാബോധം നല്‍കി. ഖലീല്‍ ജിബ്രാന്റെ കവിതപോലെ ആത്മീയ ലാവണ്യംകൊണ്ടവ തണലായി. ചിന്തയുടെ സ്വച്ഛതയില്‍ അവ ആരോഗ്യത്തിന്റെ സംസ്‌ക്കാരവും സംസ്‌ക്കാരത്തിന്റെ ആരോഗ്യവുമായി. അതില്‍ മതങ്ങളും ദര്‍ശനങ്ങളും വിചാരണ ചെയ്യപ്പെട്ടു. ചികിത്സക്ക് ബദല്‍ വഴികള്‍ അന്വേഷിച്ചു.സാഹിത്യ സാംസ്‌ക്കാരിക ജീര്‍ണതയ്‌ക്കെതിരെ ശബ്ദിച്ചു. ഒടുവില്‍ സര്‍ഗാത്മകതയ്ക്ക് ഒരു സാനിറ്റോറിയം പണിയാന്‍ അത് ആവശ്യപ്പെട്ടു.
എന്നാല്‍, ലോകമറിയേണ്ട വലിയ ചോദ്യങ്ങളും ചിന്തകളുമായി വൈദ്യശസ്ത്രം വന്നപ്പോള്‍, ആ പത്രഭാഷ്യത്തെ കണ്ടില്ലന്ന് നടിക്കുകയും മൗനം കൊണ്ടതിനെ തമസ്‌ക്കരിക്കുകയും ചെയ്തിരുന്നു നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍.
മലയാളിക്ക് സുപരിചിതമല്ലാത്ത ആശയാവിഷ്‌ക്കാരങ്ങളുമായാണ് വൈദ്യശസ്ത്രം വന്നത്. മറ്റൊരു മാസികയിലും കാണാത്ത ചിന്തയും വെളിച്ചവും അത് പ്രകാശിപ്പിച്ചു. ഒന്നുറപ്പിച്ച് പറയാം മാധ്യമലോകത്തിന്റെ വിശേഷം കാര്യമായി ശ്രദ്ധിച്ചവര്‍ മാത്രം വൈദ്യശസ്ത്രത്തോടൊപ്പം നിന്നു.
മാധ്യമ രാഷ്ട്രീയം
ലോകത്ത് വളരെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാര്‍ മാധ്യമലോകത്തിന്റെ വിശേഷം കാര്യമായി ശ്രദ്ധിച്ചവരായിരുന്നു. ബര്‍ണാഡ്ഷ, ഹെമിംഗ്‌വേ, ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്വേ മാര്‍ക്വസ്, മലയാളത്തില്‍ നമ്മുടെ പ്രിയപ്പെട്ട എം.ടി.വാസുദേവന്‍നായര്‍- പലരും ജീവിതോപാധിയായി പത്രപ്രവര്‍ത്തനത്തെ സ്വീകരിച്ചവര്‍. മാധ്യമരാഷ്ട്രീയം നന്നായറിഞ്ഞ എല്ലാപ്രതിഭകളും പിന്നീടതിനെ നിഷേധിക്കുന്നതായി കണ്ടുവരുന്നു. ഇതില്‍ ജോര്‍ജ് ബര്‍ണാഡ്ഷയുടെ ചിന്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധീരമായ നീക്കമായിരുന്നു. സ്വതന്ത്രമാധ്യമപ്രവര്‍ത്തനങ്ങളുടെ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടായിരുന്നത്രെ ഷായുടെ സമീപനങ്ങളത്രയും. ഇക്കാലത്ത് ഹെര്‍ബര്‍ട്ട് അസ്‌ക്വിത്തിന്റെ സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ അരങ്ങേറുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അദ്ദേഹത്തിനെതിരായി വരുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ പ്രശസ്ത രചനയായ കോമണ്‍ സെന്‍സ് എബൗട്ട് ദി വാര്‍ (1914)പ്രസിദ്ധീകരിക്കപ്പെടുന്നത് ഇക്കാലത്താണ്.
ജനാധിപത്യത്തിന്റെ അടിത്തറ സ്വതന്ത്രമാധ്യമങ്ങളിലാണെന്ന് വിശ്വസിച്ച ഷാ വിമര്‍ശനാത്മക പത്രപ്രവര്‍ത്തനത്തിന്റെ നെടും തൂണായി അറിയപ്പെടുന്നു.
ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമറിഞ്ഞ യുവത്വത്തിന്റെ സ്വപ്‌നമായിരുന്നു ‘പ്രസക്തി’. രണ്ടുലക്കം മാത്രം പുറത്തിറങ്ങിയ പ്രസക്തി നിര്‍ഭാഗ്യവശാല്‍ നിരോധിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ചിന്തിക്കുമ്പോള്‍ ആ നിരോധനത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന് നാം അല്‍ഭുതപ്പെടും. അന്നും ആ തലമുറ ഈ ചോദ്യം ചോദിച്ചതാണ്. എന്തൊരുമഹായുവത്വമായിരുന്നു അതെന്ന് ആരെയും അമ്പരപ്പിക്കുന്ന അന്വേഷണങ്ങള്‍ കൊണ്ടു ‘പ്രസക്തി’ പ്രസക്തമാകുന്നു. വസന്തത്തിന്റെ ഇടിമുഴക്കം എന്ന സംജ്ഞ രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ പ്രകീര്‍ത്തനമോ ആദര്‍ശമോ ആയി ചെറുതാക്കി കൂടാ. യൗവ്വനത്തിന്റെ തീക്ഷ്ണമായ വികാരപ്രകടനവും ഒപ്പം മനുഷ്യസ്‌നേഹവും അത് മുന്നോട്ട് വയ്ക്കുന്നു. പ്രസക്തിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. എത്ര കാല്‍പ്പനികമാണെങ്കില്‍പോലും അതുമുന്നോട്ടുവച്ച മാനവികത ഒരു സ്വതന്ത്രമനസ്സുകൊണ്ടു വായിച്ചുതീര്‍ക്കുമ്പോള്‍ ഇപ്പോഴും പ്രസക്തമാകുന്നു.
ഈ ദ്വൈ മാസികം പൂറത്തിറങ്ങി അരനൂറ്റാണ്ടിനോടടുക്കുമ്പോള്‍ മാറി പോയ ജീവിതസാഹചര്യമാണ് നമ്മുടെ മുമ്പിലുള്ളത്. അത് സമ്പൂര്‍ണമോ തികഞ്ഞതോ ആണെന്ന ധാരണ ആര്‍ക്കുമില്ല. എന്നാല്‍, അത് വെച്ചുപുലര്‍ത്തിയ പ്രതീക്ഷയില്‍ ജീവിതമുണ്ടായവരുണ്ട്. ഇന്ന് മലയാളത്തിന്റെ സ്വത്വമായിമാറിയ എഴുത്തുകാരുണ്ട്. കെജിഎസ്, സച്ചിദാനന്ദന്‍, ബി.രാജീവന്‍, എന്‍.എസ് മാധവന്‍, ഡി.വിനയചന്ദ്രന്‍, ടി.ആര്‍, പി.എന്‍ ദാസ്(ദീപാങ്കുരന്‍), എന്നിവരോടൊപ്പം ലോകത്തിലെ അറിയപ്പെടുന്ന കവികളും ചിന്തകരും രാഷ്ടീയ നേതാക്കളുംപറയുന്നതെന്താണെന്ന് കേട്ടു
രാഷ്ട്രീയം, കല, സാഹിത്യം, തത്വചിന്ത എന്നിവയെ മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിയ ‘പ്രസക്തി’ ആധുനികതയുടെ ശബ്ദമായിരുന്നു.
യഥാര്‍ത്ഥ ആധുനികത എന്താണെന്ന് ജോണ്‍ ബെര്‍ഗര്‍ തന്റെ Art and revolution എന്ന പ്രബന്ധത്തില്‍ വിലയിരുത്തുന്നുണ്ട്. അത് ഉദ്ധരിച്ചുകൊണ്ടാണ് പ്രസക്തിയുടെ രണ്ടാം ലക്കം പുറത്തിറങ്ങുന്നത്.
‘കലയില്‍ ഒരു പുതിയ ശൈലി ഉയരുന്നു. സമൂഹപരിവര്‍ത്തനത്തിന്റെ പുതിയ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാനായി. ഈ കലാശൈലി അതിരുകളില്ലാത്തതും അനന്തസാധ്യതകളിലേക്ക് തുറക്കപ്പെട്ടതുമായിരിക്കും. ഈ കല ഗുണപരമായിത്തന്നെ ആധുനികമായിരിക്കും. അത് സ്വയം പുതിയതായതുകൊണ്ടുമാത്രമല്ല, അതിന് പുതിയ ഉള്ളടക്കത്തെ ഏറ്റുവാങ്ങാന്‍ കഴിയുന്നതുകൊണ്ടുകൂടി.’
അങ്ങനെ ആധുനികതയില്‍ മാധ്യമ രാഷ്ട്രീയത്തിന്റെ ദിശാബോധത്തെ വെളിപ്പെടുത്തിക്കൊണ്ട് ‘പ്രസക്തി-‘ ചര്‍ച്ച ചെയ്യപ്പെട്ടു.