
(ബദല്‍ മാധ്യമം…സംസ്‌ക്കാരം എന്ന വിഷയത്തെ ആസ്പദമാക്കി പി.എന്‍.ദാസ് കെ.ജി ശങ്കരപ്പിള്ളക്കയച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. എക്കാലത്തും
പ്രസക്തമായ ഈ കുറിപ്പ് വായനക്കാര്‍ക്ക് വേണ്ടി പുന:പ്രകാശനം ചെയ്യുകയാണ്.)
‘പ്രസക്തി’ ത്രൈമാസികയെപ്പറ്റി ഇന്നലെ വന്ന ദാസിന്റെ ചോദ്യങ്ങള്‍ വായിച്ച ഓര്‍മ്മയുമായാണ് ഇന്ന് ഞാന്‍ രാവിലെ നടക്കാനിറങ്ങിയത്. തണുത്ത കാറ്റ്, നേരിയ മഞ്ഞ്. കാറ്റ് പറഞ്ഞു നമ്മുടെ മഞ്ഞുകാലമായെന്ന്; പകല്‍ പരക്കുംമുമ്പ് കരിയില കൂട്ടിയിട്ട് തീകാഞ്ഞ ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്കും പണ്ട് നാട്ടിന്‍ പുറത്തെന്ന്. പട്ടാമ്പിപ്പുഴയില്‍ നിന്ന് നമ്മള്‍ രാവിലത്തെ കുളിയും കഴിഞ്ഞ് മടങ്ങിയ മഞ്ഞുനാളുകളിലെ കുളിര്. ദില്ലിയില്‍ രണ്ടോ മൂന്നോ തവണ കണ്ടിട്ടുള്ള കൊടുംമഞ്ഞുകാലത്തിന്റെ ഓര്‍മ്മ ഞാന്‍ അഭിമാനം പുരട്ടി ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. എന്തിനാണെന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഒരിലയില്ലാതെ മെലിഞ്ഞു നീണ്ട വിരലുകള്‍ ആകാശത്തേക്കുയര്‍ത്തിയാണ് ഉത്തരാഞ്ചലിലെ എല്ലുന്തിയ മരങ്ങള്‍ ധ്യാനികളാവുന്നത്. എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും മറവിമഴു അവയെ വെട്ടിവീഴ്ത്താത്തതെന്നും എനിക്കറിയില്ല. ഇളം മഞ്ഞു കാറ്റില്‍ ഇപ്പോള്‍ പ്രസക്തിയെപ്പറ്റി ദാസിന്റെ ചോദ്യങ്ങളും പുതിയ മഞ്ഞുകാലം പോയ മഞ്ഞുകാല ങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. സമയത്തിന്റെ സാമ്യങ്ങള്‍ രസകരമായി തോന്നുന്നു.
1971 ലാണ് ഞാന്‍ പട്ടാമ്പി കോളേജിലെത്തിയതും നാം പരിചയപ്പെട്ടതും. ചെറിയ മഞ്ഞ് വന്ന കാലത്തായിരുന്നു ഭാരതപ്പുഴയുടെ മണപ്പുറത്ത് അന്ന് നാം പാതിരാ വോളം, ചിലപ്പോള്‍ പുലരുവോളം, ഇരുന്നിട്ടുള്ളത്. ആശാനും ടാഗോറും ഇടശ്ശേരിയുമൊക്കെയൊത്ത് ‘ബ്ലോ അപ ്’ ‘മെക്കന്നാസ് ഗോള്‍ഡ്’, ‘ഡെവിള്‍സ് ഐ’യും ‘പഥേര്‍ പാഞ്ചാലി’ യും ‘സുവര്‍ണ്ണരേഖ’യും മറ്റും മറ്റും ചര്‍ച്ച ചെയ്ത്, നമ്മുടെ ചിമ്മിനിവിളക്കിനോട് നിലാവ് പറയുന്നുണ്ടായിരുന്നു, ചുവരുകള്‍ക്ക് വെളിയില്‍ തുറസ്സില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന്. പലവട്ടം പാടിപ്പോയി രാക്കിളി അന്ന് നമുക്ക് മീതെ തിളങ്ങുന്ന ഒരു ചിറകായമായി ഒരു മാത്ര നാമൊന്നു കണ്ടാലായി, പാളി മറയുന്ന ആ പാട്ടുമിന്നല്‍. അത്ര വിശുദ്ധവും അപൂര്‍വ്വവുമായതിനെയായിരുന്നു നാമന്ന് തേടിയിരുന്നത്. ആദര്‍ശാത്മകമായ ഒരു സ്വപ്നത്തിന്റെ അന്വേഷകരായിരുന്നു അന്ന് നാം. യുക്തിനെയ്ത്തുകളാണ് നമ്മുടെ ചിന്തകളെന്നായിരുന്നു നാമന്ന് സ്വയം കരുതിയത്. ആ ഇരുപ്പുകളിലെ നമ്മുടെ സംവാദങ്ങളില്‍ നിന്നാണ് യുവത്വത്തിന് ആത്മമിത്രമാകാവുന്ന ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം വന്നത്. വിപ്ലവകരമായ ഒരു വിശുദ്ധ ബദല്‍ മാധ്യമം.
ആധുനികതയുടേയും തീവ്രവാദത്തിന്റെയും ഗൂഢഗഹനതകളോടിണങ്ങിയതായിരുന്നു അന്ന് നഗരങ്ങളില്‍ കാമ്പസ്സിന്റെ പ്രതിഭ. സാര്‍ത്ര്, കമ്യൂ, കാഫ്ക, ഷെനെ, ബെക്കറ്റ്, ജോയ്‌സ്, പിക്കാസോ, വാന്‍ ഗോഖ,് ദാലി, ചാര്‍ലി ചാപ്ലിന്‍, ഹിപ്‌കോക്ക്, അന്റോണിയോണി, ബെര്‍ഗ്മാന്‍, കുറോസാവ, സത്യജിത് റേ, ഘട്ടക് , മ്യൂണാള്‍ സെന്‍, ചെ, കാസ്‌ട്രോ, മാവോ, ദെബ് ആഫ്രിക്ക, ലാറ്റിനമേരിക്ക, ചൈനയിലെ സാംസ്‌കാരിക വിപ്ലവം, ഫ്രാന്‍സിലെ സ്റ്റുഡന്റ് പവര്‍, ഹിപ്പിയിസം, എം.ടി., വിജയന്‍, മാധവിക്കുട്ടി, ബഷീര്‍, വി.കെ.എന്‍, കാക്കനാടന്‍, മുകുന്ദന്‍, എം.സുകുമാരന്‍, പട്ടത്തുവിള, കെ.സി.എസ് പണക്കര്‍, ചോളമണ്ഡലം, എം.വി.ദേവന്‍, നമ്പൂതിരി, സി.എന്‍. കരുണാകരന്‍, എം.ഗോവിന്ദന്‍, ഇ.എം.എസ്, വി.ടി, എന്‍കൗണ്ടര്‍, അമേരിക്കന്‍ റിവ്യൂ, പോയട്രി ലണ്ടന്‍, ബ്ലാക് ഓര്‍ഫ്യൂസ്, സമീക്ഷ, കേരളകവിത , അന്വേഷണം, യുഗരശ്മി, ഇങ്ക്വിലാബ്, ലിബറേഷന്‍, ജ്വാല, സ്ട്രീറ്റ്, യേശുദാസ്, ജയചന്ദ്രന്‍, എസ്. ജാനകി, എന്‍.എന്‍. പിള്ള, നസീര്‍, ഷീല, അടൂര്‍ഭാസി, എസ്. എഫ്.ഐ., കെ.എസ്.യു, ചരസ്സ്, ചാരുമജുംദാര്‍, കനുസന്ന്യാല്‍, നെക്‌സല്‍ബാരി എന്നിങ്ങനെയൊരു കൊളാഷ് ആയിരുന്നു അന്ന് കാമ്പസിലെ പ്രബുദ്ധമനസ്സ്. അതില്‍ വായിക്കാമായിരുന്നു അന്നത്തെ നമ്മുടെ മധ്യവര്‍ഗ്ഗ മനസ്സ്; അതിന്റെ അഭിരുചികളും ആഭിമുഖ്യങ്ങളും.
ആധുനികതയിലെ അരാഷ്ട്രീയതയായിരുന്നു സൂക്ഷ്മമായി അതുന്നയിച്ച് സംസ്‌കാരവിമര്‍ശനത്തേയും വിയോജിപ്പിന്റെ രാഷ്ട്രീയത്തേയും സൗന്ദര്യ കലാപ ത്തേയുംകാള്‍ യുവാക്കളെ സ്വാധീനിച്ചത്. ഈ അരാഷ്ട്രീയത നൈരാശ്യമായും ഉദാസീനദാര്‍ശനികതയായും ക്രമവിരോധമായും ലഹരിപ്രിയമായും നവകൊളോണിയല്‍ വിധേയമായും യുവത്വത്തിലേക്ക് പടര്‍ന്നിരുന്നു. യുവാക്കളുടെ രാഷ്ട്രീയ സംഘടനകള്‍ക്ക് അനീതിക്കെതിരെ കലാപം ചെയ്യുന്നതില്‍ അനുഷ്ഠാനത്തിനപ്പുറം് താല്പര്യം മങ്ങിയിരുന്നു. പഴമയോട് നിര്‍ല്ലജ്ജസന്ധികളിലേര്‍പ്പെട്ട് പിന്നോട്ട് പായുന്ന സീനിയര്‍ പാര്‍ട്ടികളുടെ വാലോ വാളോ ആയിരിക്കുന്നതില്‍ രസിച്ച് അവ സ്വത്വവും സര്‍ഗ്ഗാത്മകതയും കെടുത്തിത്തുടങ്ങിയിരുന്നു. ഒരിക്കലും പൂക്കാതെ ആര്‍ത്ത് തഴച്ച് പടരുന്ന പഴങ്കഥയിലെ കാട്ടുവള്ളിപോലെ അവയുടെ റാലിരൂപം മാത്രം എന്നും വളര്‍ന്നുകൊണ്ടിരുന്നു. യുവാക്കളെ പ്രചോദിപ്പിക്കാത്ത പഴമയുടെ അഴിഞ്ഞ പേശികളായി ഗാന്ധിസത്തെ അധികാര രാഷ്ട്രീയം പൂജയിലേക്ക് തുരത്തിയിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്‍ക്കും തീവ്രവാദത്തിനും വളരാന്‍ അങ്ങനെ ഇടത് വലത് കാലാവസ്ഥ അനുകൂലമായിരുന്നു.
ദാസും നാരായണനും മോഹനനും നമ്പൂതിരിയും ഫല്‍ഗുനനുമൊക്കെ ചേര്‍ന്ന് അക്കാലത്ത് കോളേജില്‍ ഹ്യൂമനിസത്തിന് ഒരു വേദി സജീവമാക്കിയിരുന്നു. കാമ്പസ്സിന്റെ മുഖ്യധാര ജീവിതത്തില്‍നിന്ന് തികച്ചും മാറിയ ഒരിടമായിരുന്നു അത്. ഒരു ബദല്‍ ഇടം. ‘മനുഷ്യന്‍’ എന്നൊരു കയ്യെഴുത്ത് മാസിക മുടങ്ങാതെ നിങ്ങള്‍ ഇറക്കിയിരുന്നു. അതിലാണ് നിങ്ങളുടെയൊക്കെ എഴുത്തും മനസ്സും ഞാനാദ്യം കാണുന്നത്. മനുഷ്യകേന്ദ്രിതമായ ലോകവുമായി പൊരുത്തപ്പെടാന്‍ എത്ര പാട് പെടുന്നു മാനുഷിക കുലങ്ങള്‍ എന്ന തിരിച്ചറിവായിരുന്നു അന്ന് കാമ്പസിലും പുറത്തും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാധാരം. മനുഷ്യന്മാര്‍ എന്നൊരു ചിരിപ്പേര് വീണിരുന്നു നിങ്ങള്‍ക്കന്ന്. പതിവ് വിദ്യാര്‍ത്ഥി ബോധത്തിലേക്കാള്‍ കാലവും നാടും ലോകവും നിങ്ങളില്‍ കൂടുതല്‍ ഉണ്ടെന്ന് എനിക്കു തോന്നി. നിങ്ങളുടെ കൂടലുകളില്‍ കൂടാന്‍ എനിക്ക് താല്‍പര്യം തോന്നി. നാം കുന്നുകളിലേക്കും പുഴയിലേക്കും നടന്നു. ഉത്സവങ്ങളിലേക്കും തരിശുകളിലേക്കും നടന്നു. നാം പാരമ്പ ര്യത്തിലേക്കും ആധുനികതയിലേക്കും ഡിഡി കൊസാംബിയിലേക്കും ഗൗതമബുദ്ധനിലേക്കും നിക്കോളാസ് ഗിയന്റെ ‘ചെ’ കവിതകളിലേക്കും ബ്രെഹ്റ്റിന്റെയും നെരൂദയുടേയും പാസിന്റെയും ഹോചിമിന്റെയും കവിതകളിലേക്കും അയല്‍നേരുകളിലേക്കും മാവോയിസത്തിലേക്കും വസന്തത്തിന്റെ ഇടിമുഴക്കത്തിലേക്കും നടന്നു.
പുഴക്കരയിലെ ഇരിപ്പ് നമ്മെ പുതുക്കുകയും ഒരു പുതിയ നിശ്ചയത്തിലേക്ക് ഉറപ്പിക്കുകയും ചെയ്തു. നടന്നിറങ്ങാവുന്ന, ആഴം കാണാവുന്ന, ഒരു തെളിയൊഴുക്കാ യിരുന്നു അന്ന് നമുക്ക് ചരിത്രം. പുഴക്കരയിലിരുന്ന് നാം കഥയും കവിതയും ചരിത്രവും രാഷ്ട്രീയവും തത്ത്വവിചാരവും പഴയ നാടന്‍ പൊതിച്ചോറ് പോലെ പങ്കിട്ടു. നമ്മില്‍ എപ്പോഴും തെളിഞ്ഞു നിന്നിരുന്നു കഴിക്കുന്ന വിഷവും പോഷകവും സംബന്ധിച്ച ചിന്ത. സ്വകാര്യമായി ഒരു ചെറിയ ലോകവൈദ്യനെ നാം ഉള്ളില്‍ കൊണ്ടു നടന്നു. സമകാലിക സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും തത്ത്വചിന്തയുടേയും സംസ്‌കാരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിലല്ലാ തെവിടെയും ഭാവി വിളയില്ലെന്ന് കാണുന്ന ഒരു കര്‍ഷകനേയും. സംസ്‌കാരത്തില്‍ ഒരു ബദല്‍ ആരോഗ്യപദ്ധതിയായിരുന്നു ‘ദീനം പിടിച്ച കഥ, കവിത ഒന്നും പ്രസി ദ്ധീകരിക്കുന്നതല്ല’ എന്ന പഥ്യ നിബന്ധനയുടെ സ്വപ്നം.
സാംസ്‌കാരികരംഗത്തെ വിപ്ലവ പ്രവര്‍ത്തനം എന്നാണ് പ്രസക്തിയെ സ്വയം നിര്‍വ്വചിച്ചിരുന്നത്. പുതിയ ഭാവുകത്വത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കമ്മ്യുണിസ്റ്റ് മാധ്യമങ്ങള്‍ ഇല്ലാത്തതിന് ഒരു പരിഹാരം. സിറ്റി കൊളോണിയല്‍ ആധികാരികതയ്ക്കകപ്പെട്ടു പോകുന്ന യുവത്വത്തെ ചരിത്ര/സര്‍ഗ്ഗാത്മക നൈതിക സന്ദര്‍വുമായി അന്വയിപ്പിക്കാനുള്ള പുറപ്പാട്, അസ്തിത്വവാദ മുള്‍പ്പെടെയുള്ള പുതിയ പാശ്ചാത്യതത്ത്വചിന്താ പദ്ധതികളുടെ സ്വാധീനത്തില്‍പ്പെട്ട യുവാക്കള്‍ അക്കാലത്തുന്നയിച്ച ദാര്‍ശനിക പ്രശ്‌നങ്ങള്‍ക്കോ ആധുനിക കലാദര്‍ശനത്തോട് ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കോ യാന്ത്രിക മാര്‍ക്‌സിസത്തിന്റെ വരട്ട്/വിരട്ട് ശാഠ്യസംജ്ഞകള്‍ ചൊല്ലിയാടുകയല്ലാതെ സൂക്ഷ്മമായും ഗൗരവമായും മറുപടി പറയാനുള്ള ത്രാണിയും പഴയ ചെറുമാധ്യമങ്ങള്‍ക്കില്ലായിരുന്നു. ബുര്‍ഷ്വാ സെന്റിമെന്റലിസത്തേയും തീവ്രവാദ രാഷ്ട്രീയത്തേയും തള്ളിപ്പറയാനാഗ്രഹിച്ച ‘പ്രസക്തി’ ഫലത്തില്‍ മാവോയിസ്റ്റ് നിലപാടുകളുടെ പ്രാധിനിത്യമായി. ആധുനികതയുടെ ഉള്ളില്‍നിന്ന് വന്ന ആധുനികതയുടെ സ്വയം വിമര്‍ശനങ്ങളായിരുന്നു അന്നത്തെ അന്വേഷണങ്ങളില്‍ ഏറെയും. നാം കെട്ടുപിണഞ്ഞു കിടക്കുന്ന ദൈനംദിന വറുതികളില്‍ നിന്നന്യമായ മറ്റൊരു സംസ്‌കാരം, ഭാവുകത്വം, നീതി പരിമിതികള്‍ക്കപ്പുറം സാധ്യതകളുടെ പറുദീസ, അസ്തിത്വവാദത്തിന്റെയോ ശൂന്യതാവാദത്തിന്റെയോ അരാജകവാദത്തിന്റെയോ യാന്ത്രികഭൗതികവാദത്തിന്റെയോ അല്ലാതൊരു വിമോചനമാര്‍ഗ്ഗം തുടങ്ങിയവയായിരുന്നു അന്നത്തെ നാം കൊതിച്ച തീരങ്ങള്‍. കാല്പനികമായിരുന്നു അതെന്ന് പറയാതറിയാമല്ലോ.
തലശ്ശേരി ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിലെ കേരളകവിതാസമ്മേളനം കവിയരങ്ങു കണ്ടുപിടിച്ചത് പിന്നെയാണ്. ഓളവും തീരവും, സ്വയംവരവും, ജനകീയ സംസ്‌കാരികവേദിയും, പ്രേരണയും, സമസ്യയും, പോസ്റ്റര്‍ കവിതയും, തെരുവ് നാടകവും, പീഡനകാലവും, അടിയന്തരാവസ്ഥയും, സൈലന്റ്‌വാലിയും, ജനാധിപത്യാവകാശസംരക്ഷണനിയമവും, സ്ത്രീമുന്നേറ്റങ്ങളും, നവ സാമൂഹ്യപ്രസ്ഥാനങ്ങളും, ജനനീതി വേദികളും, മനുഷ്യാവകാശകമ്മീഷനും വന്നത് പിന്നെയാണ്. പ്രതിസംസ്‌കാരത്തിന്റെ ബദല്‍ വസന്തം വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

ആധുനികതയ്ക്കുള്ളില്‍ നിന്ന് അതിന്റെ യൂറോ കേന്ദ്രിത മാനവികതയോടും വ്യക്തിവാദത്തോടും വിഷാദോപാസനയോടും പ്രതിരോധരഹിതമായ കീഴടങ്ങലിനോടും ദാര്‍ശനികമായ ഉദാസീനതകളോടും തിരുത്തല്‍വാദത്തെ കമ്മ്യൂണിസമായി കരുതിയ ആന്റി കമ്മ്യൂണിസത്തോടും സാംസ്‌കാരികരംഗത്തെ അവയുടെ ആട്ടപ്രകാരളോടും കലഹിക്കുന്ന ഒരു ലോകപക്ഷ ബദലിലായിരുന്നു ‘പ്രസക്തി’ യില്‍ അന്ന് നാം അര്‍ത്ഥവും വീറും വശ്യതയും കണ്ടത്. വിയോജിപ്പിന്റേയും കലാപത്തിന്റെയും മാവോയിസ്റ്റ് ഗോത്രത്തോടും പുതിയ ഇടതുപക്ഷ ഭാവുകത്വത്തോടുമുള്ള മൈത്രി അന്ന് തികച്ചും സ്വാഭാവികമായ ഒരിണക്കമായിരുന്നു. ഒളിവി ലെങ്കിലും വഴികളുണ്ടായിരുന്നു അതിലേക്കന്ന്.
ആധുനികതയില്‍ നിന്ന് അരാഷ്ടീയതയെ ഒഴിപ്പിച്ചു വിടാനായി എന്നതാണ്. ‘പ്രസക്തി ‘യുടെ പ്രാഥമികനേട്ടം. രാഷ്ട്രീയത്തിലേക്കുള്ള പുതിയ കവിതയുടെ ഭാവുകത്വപരിണാമം അത് സാധ്യമാക്കി. അത് പില്ക്കാലകവിതാചരിത്രം മുഖ്യ പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളും യാഥാസ്ഥിതികാഭിരുചിയുടെ എരകപ്പുല്ല് വളരുന്ന പുഴയോരങ്ങളായി വീണ്ടും മാറി. പല പ്രശ്‌നകേന്ദ്രങ്ങളുള്ള പുതിയ പ്രതിരോധ സംസ്‌കാരരംഗത്ത് ഇച്ഛാശക്തിയുള്ള ബദല്‍ മാധ്യമങ്ങള്‍ വളരുന്നത് പ്രതീക്ഷ നല്‍കുന്നു.