സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാഴ്ചയുടെ സംവേദനത്തില്‍

ആകാംക്ഷ


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ കലാമാധ്യമമെന്ന നിലയില്‍ വളര്‍ന്നത് സിനിമയാണ്. മനുഷ്യന്റെ ദൃശ്യസങ്കല്പങ്ങളെ അടിമുടി മാറ്റി മറിച്ച സിനിമ, സാംസ്‌ക്കാരിക ജീവിതത്തിന്റെയും കലാജീവിതത്തിന്റെയും കരുത്തുറ്റ ദര്‍ശനമായി തീര്‍ന്നതും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ.

സിനിമ പറയുന്നതെന്ത്? പറയാത്തതെന്ത്? ഈ ചോദ്യം എല്ലാകാലത്തും ഉയര്‍ന്നുവന്നതാണ്. ജീവിച്ചുതീര്‍ന്ന വലിയ കാലദൈര്‍ഘ്യത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുഭവിപ്പിക്കുന്ന ഫാന്റസിയുടെ രൂപമാണ് സിനിമയില്‍ കണ്ടുവരുന്നത്. കാഴ്ചയുടെ സംവേദനത്തില്‍ കഥാപാത്രരൂപധാരണം നടക്കുന്നതോടൊപ്പം സ്വയം പീഡിതനുമാവുന്നു ഒരാള്‍. ആത്മരതിയില്‍ അയാള്‍ വിമലീകരിക്കപ്പെടുന്നു. മുന്‍പ് ഒന്നും അതുപോലെ ജീവിച്ചില്ലെങ്കിലും, ജീവിച്ച കഥാപാത്രമാകുന്നു അയാള്‍.

നിങ്ങള്‍ തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ പ്രധാനകഥാപാത്രങ്ങളാവുകയാണ്. കരഞ്ഞുപോയി എന്ന് സങ്കടം പറയും. നിങ്ങളെ കഥാപാത്രമാക്കാന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ടു സംവിധായകന്‍. നിങ്ങള്‍ കഥാപാത്രങ്ങളാവുന്നില്ലെങ്കില്‍ സിനിമ വിജയിച്ചു എന്നുവരില്ല. അതുകൊണ്ടു നായകനും നായികക്കും നമ്മുടെയത്രതന്നെ പ്രാധാന്യമുണ്ട്. അത്രതന്നെ സങ്കടവും സന്തോഷവും.

കാഴ്ചക്കാരനെ എപ്പോഴും ഹീറോയാക്കുന്ന മുന്തിയ സ്ഥാനമാണ് സിനിമ സമ്മാനിക്കുന്നത്. എന്തൊരായുസ്സാണ് ഈ കഥാപാത്രങ്ങള്‍ക്കുണ്ടാവുന്നത്. കാണികള്‍ പ്രധാനകഥാപാത്രത്തിന്റെ വേഷമണിയുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങളും യുവത്വം കൊണ്ട് സ്ഥിരതകൈവരിക്കുന്നവരും.

യുവത്വം നിലനിര്‍ത്തുന്നിടത്താണ് മുഖ്യധാര സിനിമ ശ്രദ്ധകൊടുക്കുന്നത്. യൗവ്വനത്തിന്റെ ചേരുവകള്‍ കലര്‍ന്ന പ്രമേയങ്ങളിലൂടെ വികസിക്കുന്നതാണ് കഥകളത്രയും. അറുപതും എഴുപതും വയസ്സുള്ള മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ വളര്‍ന്നുവന്ന ഈ യൗവ്വനാരാധനയുടെ സൂക്ഷ്മബിംബങ്ങളാണ്. അവര്‍ നല്ല നടന്മാരാണ്.നല്ല കാണികളുമാണ്. പക്ഷെ, ജനപക്ഷ സിനിമ അവരിലൂടെ അധികം വളര്‍ന്നിട്ടില്ല. ചിന്തയ്ക്കിടം നല്‍കുന്ന സ്വതന്ത്രസിനിമയുടെ സാധ്യതകള്‍ വേണ്ടത്ര പരീക്ഷിക്കപ്പെടാതെ പോയതിനും ഒരു പരിധിവരെ ഇവരൊക്കെ കാരണക്കാരാണ്. ജോണ്‍ അബ്രഹാം, അരവിന്ദന്‍, അടൂര്‍ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, പവിത്രന്‍, തുടങ്ങിയവരിലൂടെ മലയാള സിനിമയില്‍ പരീക്ഷിക്കപ്പെട്ട സാധ്യതകളെ കണ്ടില്ലെന്ന് നടിക്കുകയോ, ചെറുതാക്കുകയോ ചെയ്യുകയല്ല. മറിച്ച്‌, ജനപക്ഷ സിനിമയിലേക്ക് മലയാളി ചെറിയ കാല്‍വെപ്പ് മാത്രമേ വെച്ചിട്ടുള്ളു എന്നു പറയാനാണ്.

ബംഗാളില്‍ നിന്നുള്ള സത്യജിത്ത്‌റേ, ഋത്വിക്ഘട്ടക്, മൃണാള്‍സണ്‍ തുടങ്ങിയവരുടെ തുടര്‍ച്ചയില്‍ നിന്നാണ് നമ്മുടെ സിനിമ വളര്‍ന്നത്. അത് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാനവും. പഥേര്‍പാഞ്ചാലി, അപരാജിഥോ, അപൂര്‍സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങള്‍ ലോകനിലവാരത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും തിയേറ്റര്‍ ചരിത്രത്തില്‍ വലിയ സാധ്യതയായി മാറുകയും ചെയ്തിട്ടുണ്ട്. ലോകക്ലാസിക്ക് ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്ന് പഥേര്‍പാഞ്ചാലിയുണ്ടെന്നുള്ളതില്‍ നമുക്ക് അഭിമാനിക്കാം. ദാരിദ്ര്യവും വേദനയും ദുരന്തവും മരണവും വേട്ടയാടുന്ന മനുഷ്യന്റെ ഭൗതികജീവിതവും അതിന്റെ സമസ്യയും ഇത്ര ഭീകരമായി വരച്ചുകാട്ടിയ സിനിമകള്‍ നമുക്കധികമില്ല. സിനിമയെ വിനോദമായി പരിഗണിക്കുന്നവര്‍ക്ക് മനസ്സിലാവുന്ന ഭാഷ്യമല്ല അതിലുള്ളത് എന്നതൊരു സത്യവും.

വിനോദസിനിമകള്‍ വ്യവസായമായി മാറിയതുമുതല്‍ സിനിമ നമുക്ക് ജനപക്ഷമല്ലാതായി. ഒരേ പാറ്റേണില്‍ പ്രണയവും രതിയും വയലന്‍സും ജോക്കും നിറച്ച ലക്ഷക്കണക്കിന് ചിത്രങ്ങള്‍ ഇന്ന് വര്‍ഷം തോറും ലോകത്ത് റിലീസ് ചെയ്യുന്നുണ്ട്. അവയുണ്ടാക്കുന്ന തൊഴില്‍ സാധ്യതയ്ക്കപ്പുറം മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളെ ഉള്ളലിവോടെ അറിയാനും അവന്റെ അവബോധത്തില്‍ പുതിയ ലോകമുണ്ടാക്കാനും ഈ സിനിമകള്‍ക്കാവുന്നില്ല.

നമുക്ക് നല്ല ജനപക്ഷ സിനിമകള്‍ വേണം. ജനകീയ സിനിമകള്‍ ജനപക്ഷസിനിമകളല്ല. ജനപക്ഷ സിനിമകളധികവും സ്വതന്ത്രസിനിമകളാണ്. സ്വതന്ത്രസിനിമകള്‍ ജനകീയസിനിമകളുമല്ല. ജനകീയ സിനിമകള്‍ വരുമാനമുണ്ടാക്കുന്നത് കൊണ്ടു സര്‍ക്കാര്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമകളും പ്രൊഡ്യൂസര്‍മാരും സാങ്കേതികവിദഗ്ധരും എന്തിന് നടീനടന്മാരും വരെ അതിന്റെ പുറകിലാണ്. അത് സ്വാഭാവികവും. പക്ഷെ, നല്ല സിനിമകള്‍ കണ്ടെത്തി സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാന്‍ നിയുക്തരായ ചലച്ചിത്ര അക്കാദമി പോലുള്ള കലാകേന്ദ്രങ്ങള്‍ അതിന്റെ സങ്കല്‍പ്പത്തിനൊത്തുയരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മനസ്സിലാക്കിയിടത്തോളം അതുണ്ടാകുന്നില്ല. പിന്നെ, എങ്ങിനെ നമുക്ക് ജനപക്ഷസിനിമകളുണ്ടാവും?

മലയാളി ഇന്ന് ഗൗരവമായി കാണുന്ന സിനിമ മലയാളിയുടേതല്ല, ഇതരഭാഷകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ളവയാണ്. കൊറിയ മുതല്‍ ജാപ്പാനിസും ലാറ്റിനമേരിക്കയുമൊക്കെ മലയാളിയുടെ തട്ടകത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. ഫിലിം ഫെസ്റ്റിവലിലെ വിനോദമൊഴിച്ചു നിര്‍ത്തിയാല്‍ നല്ലൊരുശതമാനം പേര്‍ സിനിമയുടെ കലാമൂല്യത്തെ ആഴത്തില്‍ അറിയാന്‍ ശ്രമിക്കുന്നവരാണ്. നമുക്ക് നല്ല കാണികളുമുണ്ട്. പലയാവര്‍ത്തി കാണാനാവുന്ന സിനിമകളും ഇതരഭാഷകളിലുണ്ട്. ലോകസിനിമയോളം തന്നെ ഇന്ത്യന്‍ സിനിമയില്‍ നമുക്ക് ലഭ്യമാകുന്ന കലാസൃഷ്ടികള്‍ വിലപ്പെട്ടവയാണ്. സംവിധായകരും മോശക്കാരല്ല.

ചെന്നൈ എക്‌സ്പ്രസ്, സിംബ, ദില്‍വാലെ തുടങ്ങിയ ചിത്രങ്ങളിലൂടെ കൊമേഷ്യല്‍ സിനിമയുടെ ചരിത്രത്തില്‍ വിളിപ്പേരുള്ള രോഹിത്ത് ഷെട്ടി 2019 ല്‍ ഇന്ത്യയിലെ മുന്‍നിര സംവിധായകനായിരുന്നു. കേട്ടാല്‍ അല്‍ഭുതം തോന്നും 300 മില്യന്‍ ഇന്ത്യന്‍ രൂപയുടെ മൊത്തം വരുമാനം അദ്ദേഹത്തെ തേടിവന്നത്രേ. അത് ബിസിനസ്സ്. പക്ഷെ, ആ ചിത്രങ്ങള്‍ക്കെല്ലാം അതിന്റേതായ സാധ്യതകളുമുണ്ടായിരുന്നു. പറഞ്ഞുവരുന്നത് അവ കൊമേഷ്യല്‍ ചിത്രങ്ങളെങ്കില്‍പോലും, കലാമൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തവയായിരുന്നു. അതുപോലെ, ചലച്ചിത്ര ഭാഷ്യത്തിന്റെ സാങ്കേതിക മികവും പ്രമേയ മികവും ഒത്തിണങ്ങിയ മണിരത്‌നം, ശ്യാംബെനഗല്‍, അനുരാഗ് കശ്യപ്, തുടങ്ങി മുന്‍നിര സംവിധായകരെപോലെ, സ്ത്രീ സംവിധായകരായ സോയ അക്ദര്‍, അപര്‍ണാസെന്‍, മീരാനായര്‍, മേഘ്‌നാഗുല്‍സര്‍, ദീപാമെഹറ്റ, ലീനായാദവും നന്ദിതദാസും വരെ ഇന്ത്യന്‍ സിനിമയെ പുതിയ പ്രവണതകളിലേക്ക് നയിച്ചവരാണ്.

ജനപക്ഷ സിനിമ

സിനിമ ചില സംവിധായകരിലൂടെ വേറിട്ട ജീവിതത്തിന്റേയും സംസ്‌ക്കാരത്തിന്റേയും സത്യസന്ധമായ ആവിഷ്‌ക്കാരവും ലക്ഷ്യവുമായി മാറുന്നുണ്ട്. സാമൂഹികവും പ്രസക്തവുമായ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് നിര്‍മിക്കുന്ന മഹത്തായ കലാസൃഷ്ടി എക്കാലവും ചര്‍ച്ചചെയ്യപ്പെടും. ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യശാസ്ത്രം ആഴത്തില്‍ മനസ്സിലാക്കിയ പ്രശസ്ത സിനിമ നിരൂപകന്‍ പ്രദീപ് ബിശ്വാസും ഏഷ്യന്‍ സിനിമയിലെ സ്‌പെഷലിസ്റ്റും പ്രശസ്ത നിരൂപകനുമായ റൂഡിഗര്‍ ടോമെസാക്കും വിലയിരുത്തിയ അഞ്ച് പ്രധാന സംവിധായകര്‍ ഇന്ത്യയിലുണ്ട്. ഗിരീഷ് കാസറവല്ലി, അപര്‍ണാസെന്‍, നന്ദിതദാസ്, സൊണാലി ബോസ്, ഷാന്‍ ഖട്ടൗ എന്നിവരാണവര്‍. സാമൂഹിക പരിതസ്ഥിതിയിലും പ്രാദേശിക താല്പര്യത്തിലും ശ്രദ്ധിക്കുന്ന അവരുടെ സിനിമകള്‍ ഇന്ത്യയില്‍ വകഭേദം വന്ന സിനിമാ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നു. ഗുലാബി ടാക്കീസ് എന്ന സിനിമയെ മുന്‍നിര്‍ത്തി ലാളിത്യത്തിന്റേയും സൂതാര്യമായ സത്യസന്ധതയുടെയും മാനുഷിക പ്രതിബദ്ധതയുടെയും അന്തസ്സായി ഗിരീഷ് കാസറവല്ലിയെ വിലയിരുത്തിയ പ്രദീപ് ബിശ്വാസിന്റെ ചോദ്യം നമ്മളും ആവര്‍ത്തിച്ചുപോകും. ഇതിലപ്പുറം എന്ത് കലയാണ് വേണ്ടത്‌?

അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ് മിസ്സീസ് അയ്യര്‍ എന്ന സിനിമ, മതമൗലിക വാദത്താല്‍ പ്രചോദിതമായ വര്‍ഗീയ കൂട്ടക്കൊലകളുടെ ഭീകരമുഖം എന്താണെന്ന് പ്രഖ്യാപിക്കുന്നു. ഒരു ബസ്സ് യാത്രയില്‍ കണ്ടു മുട്ടുന്ന രണ്ട് അപരിചിതരിലൂടെയാണ് കഥയാരംഭിക്കുന്നത്. കാണികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യനവസ്ഥയുടെ ചോരകിനിയുന്ന വേദനയിലേക്ക് കാണികളെ കൊണ്ടുപോകുന്നു. ഹിംസയുടെ ഞെട്ടിക്കുന്ന ഭീകരാന്തരീക്ഷം സിനിമയിലുടനീളമുണ്ട്. എന്നാല്‍ മനുഷ്യത്വത്തിന്റെ ഇളം തെന്നല്‍ ഇടയ്ക്ക് വന്ന് തലോടുമ്പോള്‍ നാം പുതിയൊരു ലോകത്തിലെത്തിപ്പെടുന്നു.റൂഡിഗര്‍ ടോമെസാക്കിന്റെ അഭിപ്രായത്തില്‍ നമുക്കും ഉറച്ചുനില്‍ക്കാം. നൂറ് വര്‍ഷത്തിലധികം സിനിമ സൃഷ്ടിച്ചതായി എനിക്ക് തോന്നുന്ന ഒരു ആത്മീയ ഭൂപ്രകൃതിയില്‍ അപര്‍ണാസെന്‍ സ്വതന്ത്രമായി നീങ്ങുന്നതായി തോന്നുന്നു.

2002 ല്‍ ഗൂജറാത്തിലുണ്ടായ വര്‍ഗീയ കലാപം പശ്ചാത്തലമാക്കി നന്ദിതദാസ് സംവിധാനം ചെയ്ത സിനിമയാണ് ഫിരാഗ്. കലാപത്തില്‍ 3000 ത്തോളം മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. വൃദ്ധരും കുഞ്ഞുങ്ങളും തെരുവില്‍ വലിച്ചെറിയപ്പെട്ടു. ലോകത്തെ നടുക്കിയ ഈ നരനായാട്ടിന്റെ യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കി നന്ദിതദാസ് നിര്‍മ്മിച്ച ഒരു ഫിക്ഷനാണ് ഫിരാഗ്‌. സാധാരണ മനുഷ്യരുടെ ഉത്ക്കണ്ഠയും വേവലാധിയും വരച്ചു കാട്ടുന്ന സിനിമ സംഘര്‍ഷത്തന്റെ നേരിട്ടുള്ള ദൃശ്യങ്ങളിലേക്കൊന്നും പോകുന്നില്ല. പക്ഷെ, ഭൂതകാല ജീവിതത്തിന്റെ അശാന്തിയെ മികച്ചനിലയില്‍ അവതരിപ്പിക്കുന്നുണ്ട്. വിജനതയില്‍ നിലയ്ക്കാത്ത നിലവിളിയുടെ ഓര്‍മ്മകള്‍ ശേഷിപ്പിച്ചുകൊണ്ട്, എക്കാലത്തെയും വലിയ മുറിവിന്റെ നീറ്റലിലേക്ക് നമ്മെ കൊണ്ടുപോകുന്നു. മനുഷ്യന്റെ വൈകാരിക യാത്രകളിലെ നിശബ്ദതയും ചലനങ്ങളും പ്രതിഫലിക്കുന്ന മുറികളിലൂടെയാണ് കഥയ്ക്ക് ജീവനുണ്ടാകുന്നത്. സിനിമയുടെ സാധ്യതയ്ക്ക് അടിവരയിട്ട് നന്ദിതദാസ് പറയുന്നു:’എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ അതില്‍ത്തന്നെ അവസാനിക്കുന്നില്ല. സ്വന്തം ഭയം, മുന്‍വിധികള്‍, അക്രമത്തോടുള്ള പ്രതികരണങ്ങള്‍ എന്നിവയെകുറിച്ച് ഒരു സംഭാഷണം ഇളക്കിവിടുന്നതിനുള്ള മാര്‍ഗമാണിത്’. മാനുഷിക ആഘാതങ്ങളുടെ ഗംഭീര രേഖ എന്ന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫിരാഗിനെ വിശേഷിപ്പിച്ചതില്‍ അതിശയോക്തിയില്ല. സിനിമ സംവിധായകന്റെ കലയാണെന്ന ആപ്തവാക്യത്തെ നന്ദിതദാസ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ചരിത്രത്തില്‍ ഉണങ്ങാത്ത മുറിവായി പടരുന്ന മതതീവ്രവാദത്തിന്റെ അഭിശപ്ത മുഹൂര്‍ത്ഥത്തെ വീണ്ടുമോര്‍മിപ്പിക്കുന്ന പ്രമേയം തന്നെ സോനാലിയുടെ അമു. 2004ല്‍ പുറത്തുവന്ന അമു, കൊല്ലുന്ന ജനക്കൂട്ടത്തിന്റെ മനശാസ്ത്രവും അതിന്റെ സൂക്ഷ്മ രാഷ്ട്രീയവും എന്താണൈന്ന് കണ്ടെത്തുകയാണ്. 1984 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രേരിതമായി അയ്യായിരത്തിലധികം നിരപരാധികളായ സിഖ് ന്യൂനപക്ഷര്‍ കൊലചെയ്യപ്പട്ടു. ചരിത്രത്തിലെ ഈ ഭ്രാന്ത് രാഷ്ടീയക്കാര്‍ നിശ്ചിതദൂരത്തുനിന്ന് പ്രകോപിപ്പിക്കുന്നവയാണെന്ന് കണ്ടെത്തുകയാണ് സിനിമ. കാജു എന്ന ഒരു ഇന്ത്യന്‍ യുവതിയുടെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ പ്രമേയം കടന്നുവരുന്നത്. യു.എസ് എയില്‍ പഠനം പൂര്‍ത്തിയാക്കിയ അവള്‍ സ്വന്തം നാട്ടിലേക്ക് വരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയ വളര്‍ത്തമ്മയുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് അവള്‍ എത്തുന്നത്. സ്വന്തം മാതാപിതാക്കള്‍ ഒരു പകര്‍ച്ചവ്യാധിയ്ക്ക് അടിപ്പെട്ട് മരിച്ചുവെന്ന് അവള്‍ വിശ്വസിച്ചു. വളര്‍ത്തമ്മ കെയയുടെ കുടുംബത്തില്‍ വന്നത് മുതലാണ് അവള്‍ ഒരു യഥാര്‍ത്ഥ കുടുംബാംഗമായി മാറിയത്. പക്ഷെ, നാട്ടിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറുന്നു .അവളുടെ പൂര്‍വകാലജീവിതം ഓര്‍മിക്കാന്‍ സഹായിക്കുന്ന സ്ഥലവും കാര്യങ്ങളും ട്രാക്ക് ചെയ്യാന്‍ ഒരു വീഡിയോ ക്യാമറയുടെ സഹായത്തോടെ അവള്‍ ശ്രമിക്കുന്നു. എന്നാല്‍ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്ന സ്ഥലം അവള്‍ക്ക് കണ്ടെത്താനാവുന്നില്ല. വളര്‍ത്തുകുടുംബം സംശയാസ്പദമായി പെരുമാറുന്ന ഒരു വിചിത്രമായ സന്ദര്‍ഭത്തില്‍ അവള്‍ പിടിക്കപ്പെടുന്നു. അവിശ്വാസ്യതയും നിന്ദ്യതയുമെല്ലാം കടന്നുവരുന്നു. പിന്നീട് മറ്റൊരു കുടുംബത്തിന്റെ സൗഹൃദത്തിലേക്ക് അവള്‍ പോകാനിടവരുകയും അതില്‍പിന്നെ സിഖുകാര്‍ക്കെതിരായ ഇരുണ്ട കാലത്തെ കുറിച്ച് അവള്‍ ഗവേഷണം നടത്തുകയും ചെയ്യുന്നു. 1984 ല്‍ പകര്‍ച്ചവ്യാധി വന്നു മരിച്ചതായി പറയുന്ന അവളുടെ അച്ഛനമ്മമാരുടെ ജീവചരിത്രം വെറും സാങ്കല്പികമെന്ന് മനസ്സിലാക്കുന്നു. മാതാപിതാക്കള്‍ക്ക് എന്തുസംഭവിച്ചു? അവര്‍കുറ്റവാളികളോ ഇരകളോ? ഇവിടെ സോനാലി പുതിയ ആശയം കൊണ്ടുവരുന്നു. അതിലേക്കുള്ളവഴി ശക്തനായ ഒരു രാഷ്ടീയക്കാരന്റെ മകന്‍ കബീറും കാജുമായുള്ള പ്രണയമാണ്. 1984 ല്‍ നടന്ന സംഭവവികാസങ്ങളില്‍ കബീറിന്റെ പിതാവിന്റെ പങ്കാളിത്തം സൂചിപ്പിക്കുന്നു. പിന്നീട് പ്രകോപിതയായ ഒരു കുട്ടിയുടെ മാനസ്സിക തലത്തിലേക്ക് കാജുമാറുന്നു. ‘അമു’ അവസാനിക്കുമ്പോള്‍ ഹിംസയുടെ ഒരു തുടര്‍ക്കഥയെ പുന:സ്ഥാപിക്കുകയും മാറാത്ത ഒരു ലോകത്തിന്റെ വികൃതമുഖം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഷാന്‍ ഖട്ടൗ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ‘ദി ഡാര്‍ക്ക് ഐ മസ്റ്റ് നോട്ട് നെയിം’ 2000- ല്‍ പുറത്തുവന്ന ഈ ചിത്രം ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് ഗ്യാസ് ദുരന്തത്തെ കുറിച്ചുള്ളതാണ്. ഭോപാല്‍ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളില്‍ ഒരാളാണ് ഇതിലെ വൃദ്ധന്‍. നഗരചരിത്രം പറയുന്നത് അദ്ദേഹമാണ്. വൃദ്ധന്റെ ഓര്‍മ്മകളിലൂടെ ക്യാമറ സഞ്ചരിക്കുന്നു. അവള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികരിലേക്കും പോകുന്നു. മള്‍ട്ടിനാഷണല്‍ കമ്പനിയും കാര്‍ബൈഡ് ദുരന്തത്തിന്റ ഇരകളും അവള്‍ക്കു മുമ്പാകെ ജീവിക്കുന്നു. കുടുംബം മുഴുവന്‍ നഷ്ടപ്പെട്ട സുനിലും, റസിയയും വേദനയുടെ വൈകാരിക തലത്തെ കൊണ്ടുവരുന്നു. ക്യാമറ ആശുപത്രിയിലേക്ക് നീങ്ങുന്നു. നീണ്ട ഇടനാഴികള്‍ …ശൂന്യമായ കിടക്കകള്‍…മനുഷ്യശിശുക്കളുടെയും ഭ്രൂണങ്ങളുടെയും കോര്‍പ്‌സ് ഗ്ലസ് പാത്രങ്ങളില്‍…വിധവകളുടെ കോളനി… വിലപിക്കുന്ന സ്ത്രീകള്‍..,അപ്പാര്‍ട്ടുമെന്റുകള്‍…ദൂഷ് പ്രവൃത്തികളുടെ ഇരയാക്കപ്പെട്ട ചിത്രങ്ങള്‍…അവരുടെ വേദനയെ സമാശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ജീവിതം നശിപ്പിച്ച അമേരിക്കക്കാര്‍ക്കെതിരെയും ഇരകളെ ഉപേക്ഷിച്ച സര്‍ക്കാറിനെതിരെയും അവരുടെ പ്രതിഷേധമുയരുന്നു.
2014-ല്‍ ഈ ഡോക്യുമെന്റി ഫിലിംമിനെ കുറിച്ച് നന്ദിത രാംനാഥ് എഴുതി: ‘ഗ്രഹത്തിലെ ഏറ്റവും മോശം ജോലി സ്ഥല ദുരന്തങ്ങളിലേക്ക് കാവ്യാത്മകവും ദാര്‍ശനികവുമായ സമീപനം സ്വീകരിക്കാന്‍ ധൈര്യപ്പെട്ടു ഷാന്‍ ഖട്ടൗ.’ അറുപത്താറ് മിനിറ്റുള്ള ഡോക്യുമെന്റിയില്‍ ഷാന്‍ ഖട്ടൗ ഇരകളുടെ സാക്ഷ്യങ്ങളും നഗരത്തിന്റെ ഭൂതകാല ഓര്‍മ്മകളും സന്നിവേശിപ്പിച്ച് ചരിത്രമുണ്ടാക്കുന്നു. അര്‍ജന്റീനന്‍ കവി ജോര്‍ജ് ലൂയിസ് ബോര്‍ഹസിന്റെ സുപ്രസിദ്ധ കവിതയുടെ തലക്കെട്ടാണ് സിനിമയുടെ പേര്. ‘അവബോധജന്യമായ ഇടത്തില്‍ നിന്നത്രേ’ഡോക്യുമെന്റി നിര്‍മ്മിച്ചത്. അതുകൊണ്ട് ഇരിട്ടിന് പേര്‍ പറയരുതെന്ന് ബോര്‍ഹസിനെ പോലെ അവരും വിശ്വസിക്കുന്നു. ജനപക്ഷ സിനിമകളുടെ വഴി അടഞ്ഞിട്ടില്ലെന്ന പ്രഖ്യാപനമാണ് ഈ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്നത്.

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…